12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

വസ്ത്രധാരണം വിലക്കുകളും അതിവാദങ്ങളും

പി കെ മൊയ്തീന്‍ സുല്ലമി


വസ്ത്രംകൊണ്ട് അല്ലാഹു പ്രധാനമായും ഉദ്ദേശിക്കുന്നത് ഗുഹ്യാവയവങ്ങള്‍ മറക്കുക എന്നതാണ്. അല്ലാഹു അരുളി: ‘ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു’ (അഅ്റാഫ് 26). പുരുഷന്മാര്‍ മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറക്കേണ്ടതാണെന്ന് നബി(സ)യുടെ ചര്യ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം.
‘നബി(സ) ഒരിക്കല്‍ ജുര്‍ഹുദിന്റെ(റ) അരികിലൂടെ നടന്നുപോയി. അപ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു. ജുര്‍ഹുദേ, നിന്റെ തുടകള്‍ നീ മറക്കുക. നിശ്ചയമായും തുട ഔറത്തില്‍ പെട്ടതാകുന്നു’ (അഹ്‌മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്നുഹിബ്ബാന്‍, ഹാകിം).
പ്രവാചകന്‍ പറഞ്ഞു. ‘മുട്ട് പൊക്കിളിന്റെ ഇടയിലുള്ള ഭാഗം ഔറത്തില്‍ പെട്ടതാകുന്നു’ (ഹാകിം, മുസ്തദ്റക്). നബി(സ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചു. ‘തുട ഔറത്തില്‍ പെട്ടതാണ്'(തിര്‍മിദി). പ്രസ്തുത ഹദീസുകളെ വിലയിരുത്തിക്കൊണ്ട് ഇബ്നുഹജര്‍(റ), ഇമാം നവവി(റ) പ്രസ്താവിച്ചതായി ഉദ്ധരിച്ചു: ‘ബഹുഭൂരിപക്ഷം പണ്ഡിതന്മാരും തുട ഔറത്താണെന്ന അഭിപ്രായക്കാരാണ്’ (ഫത്ഹുല്‍ബാരി 2/201).
മുഖവും മുന്‍കൈകളും ഒഴിച്ച് സ്ത്രീകളുടെ മറ്റെല്ലാ ഭാഗങ്ങളും ഔറത്തില്‍ ഉള്‍പ്പെടും എന്നതാണ് ഇസ്‌ലാമിക വീക്ഷണം. ‘അവരുടെ അഴകില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും തന്നെ അവര്‍ വെളിപ്പെടുത്തരുത്’ (നൂര്‍ 31). അവര്‍ക്ക് വെളിപ്പെടുത്താന്‍ അനുവദനീയമായ പ്രത്യക്ഷ ഭാഗങ്ങള്‍ അവരുടെ മുഖവും മുന്‍കൈകളുമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിഭാഗവും രേഖപ്പെടുത്തിയത്.
‘ആഇശ(റ)യുടെ സഹോദരി അസ്മാഅ് നബി(സ)യുടെ അരികെ ഒരു നേര്‍ത്ത വസ്ത്രം ധരിച്ചുകൊണ്ട് വന്നപ്പോള്‍ നബി(സ) അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞുകൊണ്ട് മുഖത്തേക്കും മുന്‍കൈകകളിലേക്കും ചൂണ്ടി ഇപ്രകാരം പറഞ്ഞു: ‘സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ ഈ രണ്ട് ഭാഗമല്ലാത്ത (മുഖവും മുന്‍കൈകളും) മറ്റെല്ലാ ഭാഗങ്ങളും മറക്കേണ്ടതാണ്’ (അബൂദാവൂദ്)
ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ് ഇഹ്റാമില്‍ പ്രവേശിച്ച സ്ത്രീകളോടുള്ള നബി(സ)യുടെ കല്‍പനയാണ്. ലോകത്ത് ഏറ്റവുമധികം അന്യപുരുഷന്മാര്‍ സംഘടിക്കുന്ന വേളയാണല്ലോ ഹജ്ജും ഉംറയും. എന്നാല്‍ ഹജ്ജിനും ഉംറക്കും ഇഹ്റാമില്‍ പ്രവേശിച്ച സ്ത്രീകള്‍ തങ്ങളുടെ മുഖവും മുന്‍കൈകളും മറക്കാന്‍ പാടില്ല. നബി(സ) പറഞ്ഞു: ‘ഇഹ്റാമില്‍ പ്രവേശിച്ച സ്ത്രീ മുഖം മറക്കാനോ കയ്യുറകള്‍ ധരിക്കാനോ പാടില്ല’ (ബുഖാരി).
സ്ത്രീകള്‍ക്ക് മുഖവും മുന്‍കൈകളും അന്യപുരുഷന്മാര്‍ക്കിടയില്‍ വെളിപ്പെടുത്താം എന്നതിന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അവലംബമാക്കിയ തെളിവുകള്‍ മേല്‍ പറഞ്ഞ നബിവചനങ്ങളാണ്. സ്ത്രീകള്‍ക്ക് അന്യപുരുഷന്മാര്‍ക്കിടയില്‍ നിന്ന് മുഖവും മുന്‍കൈകളും വെളിപ്പെടുത്താമെന്ന് അഹ്‌ലുസ്സുന്നയുടെ ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഇബ്നുകസീര്‍ (തഫ്സീര്‍ 3:283), ഇമാം നവവി (ശറഹുമുസ്‌ലിം 9:210) ശറഹുല്‍ മുഹദ്ദബ് (3:167), ഇബ്നുജരീറുത്ത്വബ്‌രി (തഫ്സീര്‍ ജാമിഉല്‍ബയാന്‍ 17:261) ഖുര്‍തുബി (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 6:152) ഇമാം നസഫി (തഫ്സീര്‍ മദാരിക് സൂറത്തുന്നൂര്‍ 31ാം വചനത്തിന്റെ തഫ്സീര്‍), ഇബ്നുതൈമിയ്യ (മജ്മൂഉ ഫതാവാ 22:115) ഇബ്നുഹജറില്‍ അസ്ഖലാനി (ഫത്ഹുല്‍ ബാരി 2:478) എന്നിവര്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് ഔറത്ത് മറക്കുന്ന വിധത്തിലുള്ള ഏത് വസ്ത്രവും ധരിക്കാവുന്നതാണ്. ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന് അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. വെള്ള വസ്ത്രം ധരിക്കല്‍ സുന്നത്താണ്. നബി(സ) പറഞ്ഞു: ‘നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. അതാണ് നിങ്ങളുടെ വസ്ത്രങ്ങളില്‍ ഏറ്റവും ഉത്തമമായത്. അതില്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ ജനാസ പൊതിയുകയും ചെയ്യുക’ (അബൂദാവൂദ്, തിര്‍മിദി).
നബി(സ) സ്ഥിരമായി ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കാറുണ്ടായിരുന്നില്ല. ഇമാം ഗസ്സാലി(റ) പറയുന്നു: ‘നബി(സ) ചിലപ്പോള്‍ തലപ്പാവിന്റെ താഴെ തൊപ്പി ധരിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ തലപ്പാവ് ഉണ്ടാകില്ല. ചിലപ്പോള്‍ തലയില്‍ നിന്നു തൊപ്പിയും ഊരിവെക്കാറുണ്ടായിരുന്നു. നബി(സ) തനിക്ക് ലഭിക്കുന്ന ജുബ്ബയോ ഷര്‍ട്ടോ മുണ്ടോ തുണിയോ ധരിക്കാറായിരുന്നു പതിവ്. പച്ച (നിറമുള്ള) വസ്ത്രത്തോട് നബി(സ)ക്കു താല്‍പര്യമായിരുന്നു. എന്നാല്‍ നബി(സ) അധികവും ധരിച്ചിരുന്നത് വെള്ള വസ്ത്രമായിരുന്നു’ (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:372).
‘ചിലപ്പോള്‍ നബി(സ) തലയിലെ തൊപ്പി ഊരിയെടുത്ത് നമസ്‌കാരത്തിന് മറയാക്കുമായിരുന്നു. എന്നിട്ട് അതിനുനേരെ തിരിഞ്ഞ് നമസ്‌കരിക്കുമായിരുന്നു. ചിലപ്പോള്‍ തലയില്‍ തലപ്പാവ് പോലുമുണ്ടായിരുന്നില്ല.’ (ഇഹ്‌യാ ഉലുമിദ്ദീന്‍ 2:275)
നബി(സ)ക്ക് ചുവപ്പ് നിറമുള്ള വസ്ത്രവും ഇഷ്ടമായിരുന്നു. ‘ബറാഉബ്നു ആസിബ്(റ) പ്രസ്താവിച്ചു. തീര്‍ച്ചയായും നബി(സ)യെ ഒരു ചുവന്ന വസ്ത്രത്തില്‍ ഞാന്‍ കണ്ടു. അതിനെക്കാള്‍ സുന്ദരനായി അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടേയില്ല’ (ബുഖാരി, മുസ്‌ലിം)
അബൂറുംസത്ത്(റ) പറയുന്നു: ‘നബി(സ)യെ രണ്ട് പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതായി ഞാന്‍ കാണുകയുണ്ടായി'(അബൂദാവൂദ്, തിര്‍മിദി). നബി(സ)യുടെ തലപ്പാവിന്റെ നിറം കറുപ്പായിരുന്നു. ജാബിര്‍(റ) പ്രസ്താവിച്ചു: ‘നബി(സ) മക്കാ വിജയദിവസം മക്കയില്‍ പ്രവേശിച്ചത് കറുത്ത തലപ്പാവ് ധരിച്ചുകൊണ്ടായിരുന്നു’. (മുസ്‌ലിം).
അബൂസഈദ് പ്രസ്താവിച്ചു: ‘നബി(സ) കറുത്ത തലപ്പാവ് ധരിച്ചിരുന്നതായി ഞാന്‍ കണ്ടു’. (മുസ്‌ലിം). അദ്ദേഹത്തില്‍ നിന്നുതന്നെയുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ‘നബി(സ) കറുത്ത തലപ്പാവ് ധരിച്ചുകൊണ്ട് ജനങ്ങളോട് ഖുതുബ നിര്‍വഹിച്ചു’ (മുസ്‌ലിം) എന്നും കാണാം.
എന്നാല്‍ തലപ്പാവും തൊപ്പിയുമെല്ലാം ഷര്‍ട്ടുപോലെ ഒരു വസ്ത്രം മാത്രമാണ്. അത് ധരിക്കുന്നതില്‍ പ്രത്യേകിച്ച് ഒരു പുണ്യവുമില്ല. അത് അല്ലാഹു അനുവദിച്ച അഴകിന്റെ ഒരു വസ്ത്രം മാത്രമാണ്. അത് ധരിച്ചതിന്റെ പേരില്‍ ഒരാളെ ആക്ഷേപിക്കുകയോ പുകഴ്ത്തുകയോ ചെയ്യേണ്ടതില്ല. തലപ്പാവിന്റെ പോരിശയെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമോ നിര്‍മിതങ്ങളോ ആണ്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘ബദ്റില്‍ ഇറങ്ങിയ മലക്കുകളുടെ അടയാളം വെള്ള നിറത്തിലുള്ള തലപ്പാവായിരുന്നു’. ഈ ഹദീസിനെ സംബന്ധിച്ച് ജലാലുദ്ദീനുസ്സുയൂഥി രേഖപ്പെടുത്തി: ‘ഈ ഹദീസിന്റെ പരമ്പരയില്‍ അബൂമാലികിന്റെ പുത്രന്‍ അമ്മാര്‍ എന്ന വ്യക്തിയുണ്ട്. ഇമാം അസ്ദി(റ) അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്’ (അല്‍ഹാവീലില്‍ ഫതാവാ 2/13).
രണ്ട്, ‘തലപ്പാവ് ധരിച്ചുകൊണ്ടുള്ള നമസ്‌കാരം തലപ്പാവില്ലാതെ നമസ്‌കരിക്കുന്നതിനെക്കാള്‍ 70 മടങ്ങ് പ്രതിഫലമുണ്ട്’ (ഇബ്നുഹജറില്‍ ഹൈതമി(റ). ഈ ഹദീസിനെക്കുറിച്ച് രേഖപ്പെടുത്തിയത് ‘ഈ വിഷയത്തില്‍ വന്ന ഒന്നും തന്നെ സ്വഹീഹ് അല്ല'(ഫതാവല്‍കുബ്റാ 1/116). മൂന്ന്, ‘വെള്ളിയാഴ്ച ദിവസം തലപ്പാവ് ധരിക്കുന്നവര്‍ക്കുവേണ്ടി മലക്കുകള്‍ പ്രാര്‍ഥിക്കും’ (ത്വബ്റാനി)
ഈ ഹദീസിനെക്കുറിച്ച് ജലാലുദ്ദീനുസ്സുയൂഥി രേഖപ്പെടുത്തി: ‘ഈ ഹദീസിന് യാതൊരു അടിസ്ഥാനവുമില്ല. ഈ ഹദീസ് നുണയനും ഹദീസ് നിര്‍മാതാവുമായ അയ്യൂബുബ്നു മുദ്‌രികി എന്ന വ്യക്തിയില്‍ നിന്നാണെന്ന് ഇമാം അസ്ദി(റ) പ്രസ്താവിച്ചിരിക്കുന്നു’ (അല്ലആലി 2/27). നാല്: ‘തലപ്പാവ് ധരിക്കണം. അത് മലക്കുകളുടെ അടയാളമാണ്’ (ബൈഹഖി). ഇബ്നു ഹജറില്‍ ഹൈതമി രേഖപ്പെടുത്തി: ‘ഈ ഹദീസ് നിര്‍മിതമാണ്’ (തുഹ്ഫാ 3/49). അഞ്ച്, പള്ളിയില്‍ തലപ്പാവ് ധരിച്ചവര്‍ക്കുവേണ്ടി മലക്കുകള്‍ പാപമോചനം നടത്തും’ (ഖത്വീബ്). ഈ ഹദീസിനെ സംബന്ധിച്ച് ഇമാം ദഹബി(റ) രേഖപ്പെടുത്തി, ‘ഇത് നിര്‍മിതമായ ഹദീസാണ്’ (മീസാനുല്‍ ഇഅ്തിദാല്‍ 4/375). ആറ്: ‘നിങ്ങള്‍ തലപ്പാവ് ധരിക്കണം. അത് വിവേകം വര്‍ധിപ്പിക്കും’ (ത്വബറാനി). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍(റ) രേഖപ്പെടുത്തി: ‘ഈ ഹദീസ് ഇമാം ബുഖാരി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു’ (ഫത്ഹുല്‍ബാരി 10/273).
ഒരു മുസ്‌ലിമിന് ഇസ്‌ലാമിക നിയമം പാലിച്ചുകൊണ്ട് ഏത് വസ്ത്രവും ധരിക്കാം. നീളന്‍ ജുബ്ബയും ഇറക്കം കുറഞ്ഞ തുണിയും /പാന്റ്‌സുമാണ് ഇസ്ലാമിക വേഷം എന്ന ധാരണ ശരിയല്ല. ഓരോ സമൂഹവും സ്വീകരിക്കുന്ന വസ്ത്ര രൂപങ്ങളില്‍ , ഭക്തിയില്‍ അധിഷ്ഠിതമായ വസ്ത്രസങ്കല്‍പ (ലിബാസു തഖ്‌വ ) മാണ് മുസ്ലിമിന് ഉണ്ടാകേണ്ടത്. ഉമറിന്റെ(റ) ഷര്‍ട്ട് നീളം കൂടിയതിന്റെ പേരില്‍ ജനങ്ങള്‍ ചോദ്യം ചെയ്തിരുന്നതായി കാണാം. ‘നബി(സ)യുടെ ഷര്‍ട്ടിന്റെ കൈകള്‍ നീളം കുറഞ്ഞവയായിരുന്നു’ (ഇബ്നുമാജ, സാദുല്‍മആദ് 1/140). ഏത് വസ്ത്രവും ധരിക്കാം. പക്ഷെ ഇസ്‌ലാമിക വസ്ത്രമാണെന്ന് പറയരുത്. കാരണം ഇസ്‌ലാം ഒരു പ്രത്യേക വസ്ത്രം പറഞ്ഞിട്ടില്ല.
എന്നാല്‍ ചില വസ്ത്രങ്ങള്‍ ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. ‘അബ്ദുല്ലാഹിബ്നു അംറ് (റ) പ്രസ്താവിച്ചു: നബി(സ) എന്നില്‍ മഞ്ഞച്ചായം മുക്കിയ രണ്ട് വസ്ത്രങ്ങള്‍ കണ്ടു. അപ്പോള്‍ ചോദിച്ചു. ഈ വസ്ത്രം ധരിക്കാന്‍ കല്‍പിച്ചത് നിന്റെ ഉമ്മയാണോ?’ (മുസ്‌ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ‘തീര്‍ച്ചയായും ഇത് കാഫിറുകളുടെ വസ്ത്രമാണ്. അത് ധരിക്കരുത്’. (അബൂ ദാവൂദ്, നസാഈ)
‘നബി(സ) പറഞ്ഞതായി അബൂമൂസല്‍ അശ്അരി(റ) പ്രസ്താവിച്ചു: എന്റെ സമുദായത്തില്‍പെട്ട പുരുഷന്മാര്‍ക്ക് പട്ടും സ്വര്‍ണവും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (തിര്‍മിദി). ‘പുരുഷന്മാരുടെ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും സ്ത്രീകളുടെ വസ്ത്രം ധരിക്കുന്ന പുരുഷന്മാരെയും അല്ലാഹുവിന്റെ റസൂല്‍(സ) ശപിച്ചിരിക്കുന്നു’ (അബൂദാവൂദ്).
അതുപോലെ, വസ്ത്രം ധരിക്കുന്നതില്‍ പുരുഷന്മാര്‍ മനസ്സിലാക്കേണ്ട മറ്റൊരു ഗൗരവപ്പെട്ട വസ്തുത ഇതാണ്. ‘നബി(സ) പറഞ്ഞു: വസ്ത്രം നെരിയാണിക്ക് താഴെ അഹങ്കാരത്തോടെ വലിച്ചിഴക്കുന്നവന്റെ നേരെ അല്ലാഹു നോക്കുക പോലും ചെയ്യുന്നതല്ല'(ബുഖാരി, മുസ്‌ലിം). അത്തരക്കാരെ അല്ലാഹു ശ്രദ്ധിക്കുകയില്ല എന്നതാണ് മേല്‍ പറഞ്ഞതിന്റെ താല്‍പര്യം. വസ്ത്രം വലിച്ചിഴച്ച് നമസ്‌കരിക്കുന്നവന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുന്നതല്ലെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x