ഇസ്‌ലാമിലെ വസ്ത്ര സങ്കല്പം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീയെയും നബി(സ) ശപിച്ചിരിക്കുന്നു. (നസാഈ)
വസ്ത്രം മാനവ സംസ്‌കാരത്തിന്റെ ഭാഗമാണ്. നഗ്നത മറയ്ക്കാനും ശരീരത്തെ സംരക്ഷിക്കുന്നതിനും അലങ്കാരത്തിനുമാണ് വസ്ത്രങ്ങള്‍. ഒരാളുടെ സംസ്‌കാരം നിലനിര്‍ത്തുന്നതും മാന്യത അടയാളപ്പെടുത്തുന്നതുമായിരിക്കണം വസ്ത്രധാരണം.
”ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ, അതാണ് കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിച്ച തെളിവുകളില്‍ പെട്ടതത്രെ അത്” (7:26) എന്ന ഖുര്‍ആന്‍ വചനത്തിലൂടെ ഒരാളുടെ ധര്‍മ ബോധത്തെയും വ്യക്തിത്വത്തെയും വസ്ത്രധാരണവുമായി ബന്ധിപ്പിച്ചിരിക്കുന്നതായി കാണാം.
സമൂഹത്തിന്റെ സുരക്ഷിതത്വത്തെ നശിപ്പിക്കുകയും സദാചാര ബോധത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന യാതൊരു വസ്ത്ര ധാരണരീതിയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മില്‍ സൃഷ്ടിപ്പിലും പ്രകൃതത്തിലും വ്യത്യസ്തതകള്‍ ധാരാളമുണ്ട്. ജൈവികമായ കാര്യങ്ങളില്‍ നിലനില്ക്കുന്ന ഈ വൈജാത്യങ്ങള്‍ കൊണ്ടുതന്നെ സ്ത്രീ പുരുഷ സമത്വം എന്ന ആശയത്തിന് പ്രസക്തിയില്ല. മറിച്ച് രണ്ടും വ്യത്യസ്തമായി കാണുകയും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയുമാണ് ബുദ്ധിയുള്ളവരുടെ ലക്ഷണം.
വേഷ വിധാനത്തിലും ഈ വ്യത്യസ്തതകള്‍ നിലനില്‍ക്കേണ്ടത് സമൂഹ സുരക്ഷയ്ക്കും സുസ്ഥിതിയ്ക്കും അനിവാര്യമത്രെ. ലൈംഗിക സദാചാരം നിലനിര്‍ത്തുന്നതില്‍ വേഷവിധാനത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. പുരുഷന്‍ പുരുഷന്റെയും സ്ത്രീ സ്ത്രീയുടെയും വേഷം സ്വീകരിച്ചുകൊണ്ടുതന്നെ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മുന്നേറാന്‍ കഴിയുമെന്നതിന് ചരിത്രം സാക്ഷിയാണ്. ശുഭാപ്തി വിശ്വാസവും ആത്മധൈര്യവും ചോര്‍ന്നുപോവാതെ തന്നെ അവര്‍ക്ക് അവരുടെ കര്‍മമണ്ഡലങ്ങളില്‍ തെളിഞ്ഞുനില്ക്കാന്‍ കഴിയുന്നതിന് വേഷമാറ്റം ആവശ്യമേ അല്ല.
ഓരോ സൃഷ്ടിക്കും അതിന്റേതായ രൂപവും പ്രകൃതവുമുണ്ട്. അതുള്‍ക്കൊണ്ട് അതിന്നനുസരിച്ച് ജീവിക്കുക എന്നതാണ് ഏറ്റവും ഭംഗി. ഒരു സ്ത്രീ പുരുഷവേഷം ധരിച്ചു എന്നതുകൊണ്ടോ ഒരു പുരുഷന്‍ സ്ത്രീ വേഷം ധരിച്ചു എന്നതുകൊണ്ടോ യാതൊരു പുരോഗതിയും സമൂഹത്തിന് നേടാനില്ല. മാത്രവുമല്ല, സ്ത്രീ പുരുഷ ബന്ധത്തിലെ അതിരുകള്‍ ഇല്ലാതാക്കുന്നത് മാനവ സംസ്‌കൃതിയുടെ അധ;പ്പതനത്തിലേക്ക് നയിക്കുന്ന കാര്യവുമാകുന്നു.
അല്ലാഹു നല്‍കിയ പ്രകൃതിയെ മാറ്റിമറിക്കാനുള്ള ശ്രമം ക്രമരഹിതമായ ഒരു സമൂഹ സൃഷ്ടിക്ക് മാത്രമേ ഉപകരിക്കൂ. സ്ത്രീ പുരുഷനില്‍ നിന്നും പുരുഷന്‍ സ്ത്രീയില്‍ നിന്നും പലനിലയ്ക്കും വ്യത്യസ്തമാണെന്നിരിക്കെ, വസ്ത്ര ധാരണത്തെ ഏകീകരിച്ചുകൊണ്ട് ഈ വ്യത്യസതയെ മറികടക്കാന്‍ ശ്രമിക്കുന്നത് അപക്വവും അബദ്ധജഡിലവുമായ തീരുമാനമേ ആവുകയുള്ളൂ. അത് ദൈവകാരുണ്യത്തില്‍ നിന്നും വിദൂരമാക്കപ്പെടുന്നതും ദൈവകോപത്തിന് ഇടയാക്കുന്നതുമായ കാര്യമാണെന്നത്രെ ഉപര്യുക്ത നബിവചനം വ്യക്തമാക്കുന്നത്.