ബ്രാഹ്മണ കുടുംബത്തില്‍ നിന്ന് ശൈഖുല്‍ ഇസ്‌ലാം പദവിയിലേക്ക്
ഡോ. യാസിര്‍ ഖാദി /വിവ. ടി ടി എ റസാഖ്
ലോകത്ത് അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനായിരുന്നു ഇക്കഴിഞ്ഞ അറഫാദിനത്തില്‍ (2020 ജൂലൈ 30) വിടപറഞ്ഞ ശൈഖ് ഡോ. മുഹമ്മദ് ദിയാഉര്‍റഹ്മാന്‍ അല്‍അസ്മി. ഇന്ത്യയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് ഇസ്‌ലാം സ്വീകരിക്കുകയും സഊദി അറേബ്യയില്‍ പഠനം നടത്തുകയും സഊദി പൗരത്വം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം ഹദീസ് പഠന, ഗവേഷണ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനാണ്. മദീനയില്‍ ശൈഖിന്റെ ശിഷ്യനായിരുന്ന ഡോ. യാസിര്‍ ഖാദി നടത്തിയ അഭിമുഖം
ജനനം, ഇസ്‌ലാം മതത്തിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങാം.
ഞാനൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. എന്റെ മേല്‍ ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങള്‍ വഴി അല്ലാഹു എനിക്ക് ഇസ്‌ലാം മതത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കി. 1960-ല്‍ എന്റെ പതിനാറാം വയസ്സിലാണ് ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ചത്. ഇസ്‌ലാം മതത്തിലേക്ക് എന്നെ നയിച്ചു എന്ന് മാത്രമല്ല ഖുര്‍ആനും ഹദീസും പഠിക്കാനുള്ള സൗഭാഗ്യവും നല്‍കി. ഈ സമയം വരെയും ഞാന്‍ ഖുര്‍ആനിന്റേയും ഹദീസിന്റേയും വിജ്ഞാനീയങ്ങളില്‍ എന്റേതായ സേവനങ്ങള്‍ അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു. ഈ വിഷയങ്ങളില്‍ ഇരുപതോളം ഗ്രന്ഥങ്ങള്‍ എഴുതാന്‍ കഴിഞ്ഞു. അവസാനമായി പ്രസിദ്ധീകരിച്ചത് സ്വഹീഹായ ഹദീസുകളുടെ സമാഹാരമാണ്. പന്ത്രണ്ട് വാല്യങ്ങളുള്ള ഈ ശേഖരത്തില്‍ പ്രാമാണികമായ 16,800 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നു. നബിയില്‍ നിന്നുദ്ധരിക്കപ്പെട്ട പ്രാമാണികമായ എല്ലാ ഹദീസുകളും ഉള്‍ക്കൊള്ളുന്ന ഇത്തരമൊരു ബൃഹത് ശേഖരം ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമാണ്. അല്ലാഹു എനിക്ക് ചെയ്ത അനുഗ്രഹം ചൂണ്ടിക്കാണിക്കാനാണിത്രയും സൂചിപ്പിച്ചത്. ഞാന്‍ രക്ഷിതാവിനോടേറെ കടപ്പെട്ടവനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പതിനെട്ട് വാല്യങ്ങളിലായി അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പണിപ്പുരയിലാണ്.
ഹിന്ദു പശ്ചാത്തലത്തില്‍ നിന്ന് വന്ന താങ്കള്‍ ഇത്തരം മഹത്തായ ഒരു കര്‍മത്തില്‍ വിജയിച്ചു എന്നത് അത്ഭുതം തന്നെയാണ്.
ഇത് അല്ലാഹുവിന്റെ അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല. ഈ അനുഗ്രഹം എന്റെ മേല്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു പക്ഷേ ഡോക്ടറോ എഞ്ചീനിയറോ മറ്റോ ആയേനെ. അന്ന് മറ്റേതൊരു ബിരുദവും എടുക്കാന്‍ എനിക്ക് കഴിയുമായിരുന്നു. പക്ഷേ അറബി ഭാഷ പഠിക്കണം. അതിലൂടെ ഖുര്‍ആന്‍ മനസ്സിലാക്കണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട് ഖുര്‍ആനിനെയും ഹദീസിനെയും പല ഭാഷകളിലൂടെ ലോകത്തിന് പരിചയപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു.
അക്കാലത്തെ സാമുദായിക സാഹചര്യം പരിഗണിക്കുമ്പോള്‍ പതിനാറു വയസുള്ള ഒരു ഹിന്ദു ബാലന്‍ ഇസ്‌ലാമിനെ കണ്ടെത്തുന്നു. ആ സാഹചര്യം വിശദീകരിക്കാമോ?
എനിക്ക് വായിക്കാന്‍ കിട്ടിയ ഒരു പുസ്തകമാണ് തുടക്കം. സത്യധര്‍മം എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. അതിലെ ആദ്യ വചനം ”തീര്‍ച്ചയായും ദൈവത്തിന്റെയടുത്ത് മതം എന്നത് ഇസ്‌ലാമാണ്” എന്നായിരുന്നു. ഈ വചനം എന്നെ ഏറെ ചിന്താകുലനാക്കി. ഇതെങ്ങനെ അംഗീകരിക്കും? മറ്റു മതങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമൊന്നും ദൈവത്തിന്റെയടുത്ത് സ്ഥാനമില്ലേ. നിങ്ങള്‍ ഏത് പാത സ്വീകരിച്ചാലും ദൈവത്തിലെത്തും എന്നാണല്ലോ ഗീതയിലെ കൃഷ്‌ണോപദേശം. ”നീ ഏത് പാത പിന്തുടര്‍ന്നാലും ദൈവത്തിലേക്കെത്തും, എങ്കിലും നീ എന്നെ പൂജിക്കുക, നീ അന്തിമമായി എന്നിലെത്തും” എന്ന് ഗീത പറയുമ്പോള്‍ ഖുര്‍ആന്‍ പറയുന്നു ഇസ്‌ലാം മാത്രമാണ് സ്വീകാര്യമെന്ന്.
ഈ ആശയം എന്നെ അസ്വസ്ഥനാക്കി. ഇതെങ്ങനെ ശരിയാവും. ഹിന്ദു അധ്യാപകരുമായും പണ്ഡിതന്മാരുമായും ഞാനീ വിഷയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഹിന്ദു വിശ്വാസത്തെ എനിക്ക് വിവരിച്ച് തരാന്‍ ഞാന്‍ അവരോടാവശ്യപ്പെട്ടു. അങ്ങനെ ഇസ്‌ലാമിന്റെ ഈ സിദ്ധാന്തത്തെ ഖണ്ഡിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ അവരുടെ വിവരണങ്ങളില്‍ ഞാന്‍ തൃപ്തനായില്ല. ഇസ്‌ലാമിനെ കുറിച്ച് വായിച്ചു കൊണ്ടിരിക്കെ തന്നെ ഞാന്‍ ഹിന്ദു മതത്തെ കുറിച്ചും പഠിച്ചു കൊണ്ടിരുന്നു.
ഇസ്‌ലാമിനെ ഖണ്ഡിക്കുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്ക് ഒന്നുരണ്ട് മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ ചില പ്രതികരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും എന്റെ ലക്ഷ്യം ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രാമാണികമായി ഇസ്‌ലാമിനെ എതിര്‍ക്കുക എന്നതായിരുന്നു. ഞാന്‍ ഹിന്ദു പണ്ഡിറ്റുകളെ സമീപിച്ചു. മറുവശത്ത് മുസ്‌ലിം ഉലമാക്കളുടെ വിശദീകരണങ്ങള്‍ തേടി. താരതമ്യ പഠനം നടത്തവേ എനിക്കൊരു കാര്യം മനസ്സിലായി. അതായത് ഹിന്ദു മതം പുരാവൃത്ത വിജ്ഞാനീയങ്ങളാണ്. ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനുള്ള ശ്രേഷ്ഠതയോ അക്കാദമികമായ പ്രാമാണികതയോ ഹിന്ദുമതത്തിനില്ല. അവിടെ നിങ്ങള്‍ക്ക് ഏക ദൈവത്തില്‍ വിശ്വസിക്കാം, ലക്ഷക്കണക്കിന് ദൈവത്തില്‍ വിശ്വസിക്കാം, ഒന്നിലും വിശ്വസിക്കാതിരിക്കാം. വിശ്വസിച്ചാലും ഇല്ലെങ്കിലും അയാള്‍ ഹിന്ദുവായിരിക്കുകയും ചെയ്യും.
രാമ, കൃഷ്ണ കഥകളിലേക്ക് വന്നാല്‍ അവിടെയും ഇത് തന്നെയാണ് സ്ഥിതി. അതും പുരാണ കഥകളാണ്. ഹിന്ദു പണ്ഡിറ്റുകളോട് ഞാനീ കഥകളെ കുറിച്ച് സംസാരിച്ചപ്പോള്‍ അവരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇതൊന്നും ചരിത്ര യാഥാര്‍ഥ്യങ്ങളല്ല എന്നെനിക്ക് ബോധ്യമായി. അതേസമയം ഞാന്‍ ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിക്കാനാരംഭിച്ചു. ആറോ ഏഴോ മാസം ഇത് തുടര്‍ന്നു. ഇതിനിടെ ഹിന്ദിയിലുള്ള ഖുര്‍ആന്‍ പരിഭാഷ പഠിക്കാനും അവസരം കിട്ടി. അങ്ങനെ എപ്പോഴാണെന്നറിയില്ല, ഇസ്‌ലാമാണ് എനിക്കുത്തമം എന്ന ഒരു ദൈവീക മാര്‍ഗദര്‍ശനമുണ്ടായി എന്ന് പറയാം. അങ്ങനെ ഹിന്ദു മതത്തോട് വിട പറഞ്ഞു.
ജീവന്‍ അപകടത്തിലാണെന്ന് തോന്നിയിരുന്നോ?
അതെ. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ എന്റെ നാട്ടില്‍ ഇങ്ങനെ ഒരു മതപരിവര്‍ത്തനം ഉണ്ടായതായി കാണാന്‍ കഴിയില്ല. പ്രത്യേകിച്ചും ഒരു ഹിന്ദു മുസ്‌ലിമായ സംഭവം പുതിയതായിരുന്നു. ഞാന്‍ എത്തിയ സ്ഥലങ്ങളൊന്നും സുരക്ഷിതമായിരുന്നില്ല. അങ്ങനെ ഞാന്‍ തെക്കേ ഇന്ത്യയിലേക്ക് കടന്നു. അവിടെ തമിഴ്‌നാട് ഉമറാബാദില്‍ ജാമിഅത്തു ദാറുസ്സലാമില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷം പഠനം നടത്തി അറബി ഭാഷയില്‍ വ്യുല്‍പത്തി നേടി. ശേഷം 1966-ല്‍ മദീനാ യൂണിവേഴ്‌സിറ്റിയിലെത്തി.
അന്ന് ശൈഖ് ഇബ്‌നുബാസും ശൈഖ് ശന്‍ഖീത്വിയും ഉണ്ടായിരുന്നല്ലോ അവിടെ
അതെ. അവിടെ ശരീഅ കോളേജില്‍ നാലു വര്‍ഷം പഠിച്ചു. 1971-ല്‍ ശരീഅ ഡിഗ്രി കരസ്ഥമാക്കി. പഠനം പൂര്‍ത്തിയാക്കിയവരെ അന്ന് സഊദിയില്‍ മാത്രമല്ല യൂറോപ്പിലും അമേരിക്കയിലുമൊക്കെ ജോലിക്കായി അയച്ചു കൊണ്ടിരുന്ന കാലമായിരുന്നു. പക്ഷേ എനിക്കു പഠനം തുടരാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു. അങ്ങനെ ഞാന്‍ മക്കാ ഉമ്മുല്‍ ഖുറായില്‍ മാസ്റ്റേഴ്‌സിന് ചേര്‍ന്നു.
താങ്കളുടെ മാസ്‌റ്റേഴ്‌സ് തീസീസ് എന്തായിരുന്നു?
അബൂഹുറയ്‌റ(റ)ക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു എന്റെ വിഷയം. മൂന്നോ നാലോ വര്‍ഷം മാത്രം പ്രവാചകനോടൊപ്പം താമസിച്ച അബൂഹുറയ്‌റ എങ്ങനെയാണ് 5370-ഓളം ഹദീസുകള്‍ നിവേദനം ചെയ്തത് എന്ന വിമര്‍ശകരുടെ ചോദ്യത്തെയാണ് ഞാന്‍ നേരിട്ടത്. ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന ഇത്രയും എണ്ണം ഹദീസുകള്‍ യഥാര്‍ഥത്തില്‍ വ്യത്യസ്ത മത്‌നുകളല്ല, മറിച്ച് വ്യത്യസ്ത സനദുകളാണ് എന്ന് ഞാന്‍ സമര്‍ഥിച്ചു. അബൂഹുറയ്‌റ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം വ്യത്യസ്ത നിവേദകപരമ്പരകളാണ് (ഒരേ ആശയമുള്ള ഹദീസ് വ്യത്യസ്ത പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെടുമ്പോള്‍ ഹദീസ് പണ്ഡിതന്‍മാര്‍ ഓരോ പരമ്പരയും വ്യത്യസ്ത ഹദീസായിട്ടാണ് ഗണിച്ചുവരുന്നത്).
ഞാന്‍ ആറ് സ്വഹീഹുകളും ഇമാം അഹ്മദിന്റെ മുസ്‌നദും മറ്റു ഗ്രന്ഥങ്ങളും പഠന വിധേയമാക്കിയ ശേഷം അബൂഹുറയ്‌റയുടെ ഹദീസുകള്‍ ശേഖരിച്ചു വര്‍ഗീകരിച്ചു. മേല്‍ മാനദണ്ഡപ്രകാരം, യഥാര്‍ഥത്തില്‍ 1500 ഹദീസുകളാണ് അദ്ദേഹത്തില്‍ നിന്നുദ്ധരിക്കപ്പെട്ടത് എന്ന് ഈ പഠനത്തില്‍ നിന്ന് മനസ്സിലായി. കൂടുതല്‍ കണിശമായി പഠിച്ചാല്‍ പരമാവധി 500 ഹദീസുകള്‍ കൂടി അദ്ദേഹം ഉദ്ധരിച്ചതായി കണ്ടേക്കാം. ഏതായാലും ഒരു സാഹചര്യത്തിലും അത് 2000-ത്തില്‍ കവിയില്ല. ഈ 2000 ഹദീസുകളെ മൂന്ന് നാല് വര്‍ഷക്കാലത്തേക്ക് ഭാഗിക്കുക. അഥവാ, ഏകദേശം ആയിരം ദിനങ്ങളില്‍ 2000 ഹദീസുകള്‍ എന്ന് കണക്കാക്കാം. അപ്പോള്‍ ശരാശരി ഒരു ദിനം രണ്ട് ഹദീസുകള്‍ കേട്ടുപഠിച്ചു എന്ന് കിട്ടുന്നു. എനിക്കു മുമ്പ് ആരും ഇത്തരം പഠനങ്ങള്‍ നടത്തിയിട്ടില്ല.
ബുദ്ധിപൂര്‍വ്വമായ ഒരു പഠനം, എന്നാല്‍ എളുപ്പം മനസിലാവുന്ന യുക്തി!
ഒരു സ്വഹാബി, ദിവസം മുഴുവന്‍ പ്രവാചകനോടൊത്ത് കഴിയുന്ന ഒരു സ്വഹാബി. താങ്കള്‍ ഇത്രയും ഹദീസുകള്‍ നിവേദനം ചെയ്തതെങ്ങനെ എന്ന് ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ജനങ്ങള്‍ കൃഷിയിലും കച്ചവടത്തിലും വ്യാപൃതരായി നടന്നപ്പോള്‍ ഞാന്‍ ദിവസം മുഴുവന്‍ നബിയുടെ അടുത്തായിരുന്നു എന്നായിരുന്നു. അപ്പോള്‍ അല്‍ഭുതപ്പെടുത്തുന്ന കാര്യം ദിവസം രണ്ട് ഹദീസ് മാത്രമേ ഉണ്ടായുള്ളു എന്നതാണ്.
എന്റെ ഈ പ്രബന്ധം പണ്ഡിതന്‍മാര്‍ക്കിടയില്‍ വളരെ പ്രസിദ്ധി നേടി. അത് പുകഴ്ത്തപ്പെട്ടു. അതിന്മേല്‍ പണ്ഡിത പ്രഭാഷണങ്ങളുണ്ടായി, അബൂഹുറയ്‌റ ആരോപണങ്ങള്‍ക്ക് മറുപടി എന്ന നിലയില്‍ ടി വി പ്രോഗാമുകള്‍ നടന്നു.
മാസ്റ്റേഴ്‌സ് പൂര്‍ത്തീകരിച്ച ശേഷം കുറച്ച് കാലം റാബിത്വയില്‍ ജോലി നോക്കി. പിന്നീട് അവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ പി എച്ച് ഡി പഠനത്തിനായി അല്‍ അസ്ഹറിലേക്ക് പോയി.
അക്കാലത്ത് അവിടെ മറ്റു ഇന്ത്യക്കാര്‍ ഉണ്ടായിരുന്നോ?
അന്ന് അവിടെ പന്ത്രണ്ട് പേരുണ്ടായിരുന്നു.
ഹദീസ് പഠനത്തില്‍ താല്‍പര്യം ജനിച്ചെതെങ്ങനെയാണ്?
മക്കയില്‍ ഉമ്മുല്‍ ഖുറായില്‍ മാസ്റ്റേഴ്‌സിന് അപേക്ഷിക്കുമ്പോള്‍ എനിക്ക് മൂന്ന് പരിഗണനകളായിരുന്നു നല്‍കപ്പെട്ടത്. തഫ്‌സീര്‍, ഹദീസ്, അഖീദ എന്നിവ. ഞാന്‍ ഖുര്‍ആന്‍ ഹാഫിദ് അല്ലാത്തത് കൊണ്ട് തഫ്‌സീര്‍ ഒഴിവാക്കി. അഖീദയാവട്ടെ ബൃഹത് വാല്യങ്ങള്‍ തന്നെ എഴുതപ്പെട്ടുകിടക്കുന്ന വിഷയമാണ്. ആ ശാഖയില്‍ എനിക്കിനി എന്താണ് സംഭാവന ചെയ്യാന്‍ കഴിയുക? എന്നാല്‍ ഹദീസ് പഠനം പ്രവാചകനുമായി കൂടുതല്‍ അടുക്കാനുള്ള അവസരമായി ഞാന്‍ കണ്ടു. അങ്ങനെ ഹദീസ് പഠനം എനിക്കൊരാവേശമായി മാറി. പ്രവാചക വിധികള്‍ (അഖ്ദിയത്തു റസൂല്‍) എന്നതായിരുന്നു എന്റെ പി എച്ച് ഡി പ്രബന്ധം.
പി എച്ച് ഡി പൂര്‍ത്തീകരിച്ച ശേഷം?
എനിക്ക് റാബിത്വയില്‍ ഉയര്‍ന്ന തസ്തികയില്‍ മാനേജ്മന്റ് ജോലിയാണ് ഉണ്ടായിരുന്നത്. പക്ഷേ അധ്യാപനത്തിലായിരുന്നു എനിക്ക് താല്‍പര്യം, അതുവഴി പ്രബോധന രംഗത്തെത്തുക എന്നതും എന്റെ താല്‍പര്യമായിരുന്നു. അപ്രകാരം റാബിത്വയില്‍ നിന്ന് രാജിവെച്ച് മദീനയിലേക്ക് മടങ്ങി. 25 വര്‍ഷത്തോളം ഞാനവിടെ അധ്യാപനം നടത്തി.
ഞാന്‍ പഠിക്കുമ്പോള്‍ താങ്കളുടെ അവസാന അധ്യാപന വര്‍ഷമായിരുന്നില്ലേ?
അതെ. കാലാവധി നീട്ടാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നില്ല. കാരണം സ്വഹീഹ് ഹദീസുകള്‍ സമ്പൂര്‍ണമായി സമാഹരിക്കുക എന്നത് മനസ്സില്‍ എറെക്കാലമായുണ്ടായിരുന്ന ആഗ്രഹമായിരുന്നു. ശിഷടകാലം അത്തരമൊരു പദ്ധതിയിലേക്കാണെന്റെ ശ്രദ്ധ തിരിഞ്ഞത്.
പലപ്പോഴായി ഞാന്‍ നേരിട്ട ചോദ്യങ്ങളാണ് എന്നെ അതിലേക്ക് നയിച്ചത്. നിങ്ങള്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നു. പക്ഷേ, ഏത് ഹദീസ് ഗ്രന്ഥമാണ് സുന്നത്തിന്റെ സമാഹാരം? പ്രാമാണികവും സമഗ്രവുമായ ഹദീസ് സമാഹാരമേതാണ്? എനിക്ക് അതിനൊരൊറ്റ വാക്കാല്‍ മറുപടി പറയാനില്ലായിരുന്നു. കാരണം അങ്ങനെ പ്രാമാണികവും സമ്പൂര്‍ണവുമായ ഒരൊറ്റ ഹദീസ് സമാഹാര ഗ്രന്ഥം ഉണ്ടായിരുന്നില്ല.
താങ്കള്‍ ഇമാം ബുഖാരിയുടെ ആശയവും അദ്ദേഹത്തിന്റെ ഗ്രന്ഥമായ അല്‍ജാമിഉ സ്വഹീഹുല്‍ മുക്തസര്‍ (പ്രാമാണികമായ ഹദീസുകളുടെ സമാഹാരം) ഒരു മാതൃകയായി സ്വീകരിച്ചുകൊണ്ട് പ്രാമാണിക ഹദീസുകളുടെ സമ്പൂര്‍ണ്ണ സമാഹാരം എന്ന ആശയത്തെ പ്രയോഗവല്‍ത്കരിച്ചു എന്ന് പറയാം.
അതെ, ബുഖാരിയുടെ ആശയം തന്നെ, പക്ഷേ അത് മറ്റു ഹദീസുകള്‍ക്കും ബാധകമാക്കി.
എത്ര ഹദീസ് സ്രോതസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.
അഞ്ചാം നൂറ്റാണ്ട് വരെ എഴുതപ്പെട്ട 170-ഓളം ഹദീസ് സ്രോതസുകള്‍ എല്ലാം പഠിച്ചു. അതില്‍ നിന്ന് പ്രാമാണികമായവ മാത്രം തെരഞ്ഞെടുത്തു. അവയ്ക്ക് വിഷയ സൂചികകള്‍ നല്‍കി ക്രമീകരിച്ചു.
(രണ്ടാം ബുഖാരി എന്നറിയപ്പെടുന്ന പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസിറുദീന്‍ അല്‍ബാനി യെ കുറിച്ചുള്ള ചോദ്യത്തിന് ശൈഖിന്റെ മറുപടി ഇപ്രകാരമായിരുന്നു: അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. തുടര്‍ന്ന് അദേഹം ഇമാം മാലിക് നടത്തിയ ഈ പ്രസ്താവന ഉദ്ധരിച്ചു: ഏതൊരാളുടെ വാക്കിലും തള്ളേണ്ടതും കൊള്ളേണ്ടതും ഉണ്ടാവും, (നബിയെ ഉദ്ദേശിച്ച്) ഈ ഖബറിന്റെ ഉടമയുടേതല്ലാതെ.)
അവലംബം
(1) അല്‍ മുജ്തമഅ് ഓണ്‍ലൈന്‍
(2) ശൈഖ് ഉറുദുവില്‍ എഴുതിയ ജീവചരിത്ര കുറിപ്പുകള്‍ (unanews Urdu)
(3) ഇന്റര്‍വ്യൂ (https://youtu.be/y2ZIykyv8o)
(4) https://youtu.be/I2eRg9K6Ybw
പ്രധാന കൃതികൾ

ഹദീസ് വിജ്ഞാനീയത്തില്‍ വിസ്മയമായ ഇന്ത്യന്‍ പണ്ഡിതന്‍
ഉത്തര്‍ പ്രദേശിലെ ബലറിയ ഗഞ്ച്ല്‍ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ശൈഖിന്റെ ജനനം. 1955 കാലഘട്ടത്തില്‍ അസംഗറിലെ ശിബ്‌ലി കോളജിലായിരുന്നു വിദ്യാഭ്യാസം. ഒരു ഒഴിവുകാലത്ത് നാട്ടില്‍ വന്നപ്പോള്‍ തന്റെ ഒരു മുസ്‌ലിം സുഹൃത്ത് ജുനൈദിന്റെ നിര്‍ബന്ധ പ്രകാരം ഡോ. അയ്യൂബ് എന്നയാളെ കാണാന്‍ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ പോയി. അദ്ദേഹം സമ്മാനിച്ച സത്യധര്‍മം (ദീനുല്‍ഹഖ്, ശൈഖ് അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹമ്മാദ് അല്‍ഉമര്‍) എന്ന കൃതിയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ചെറുപ്പം മുതലേ വായനയില്‍ തല്‍പരനായിരുന്നു ശൈഖ്.
ഖാജാ ഹസന്‍ നാസ്മിയുടെ ഖുര്‍ആന്‍- ഹിന്ദി പരിഭാഷയാണ് വലിയ സ്വാധീനം ചെലുത്തിയത്. കോളജിലെ ഒരു അധ്യാപകന്‍ നടത്തിയ ഖുര്‍ആന്‍ സ്റ്റഡിസര്‍ക്കിളില്‍ പങ്കെടുക്കാന്‍ തുടങ്ങി. വായനയില്‍ മൗദൂദിയുടെ കൃതികളും ഉള്‍പെട്ടു. ഇസ്‌ലാമിന്റെ വെളിച്ചം നേരത്തേ എത്തിയെങ്കിലും അത് പരസ്യപ്പെടുത്തിയില്ല. കുടുംബത്തിലെ ഇളയ സഹോദരിമാരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ തടസ്സപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് വലിയ ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഖുര്‍ആനിലെ ”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍’
കോളജ് ജീവിതകാലത്ത് അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടിയുടെ ജീവിതരീതികളില്‍ മാറ്റങ്ങള്‍ കണ്ടതോടെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വീട്ടുകാര്‍ കല്‍ക്കട്ടയിലായിരുന്ന അച്ഛനെ വിവരമറിയിച്ചു. ഉടന്‍ നാട്ടിലെത്തിയ അച്ഛന്‍ മകനെ പിന്തിരിപ്പിക്കാന്‍ പല മാര്‍ഗങ്ങളും തേടി. ബാധ ഒഴിപ്പിക്കല്‍ നടത്തി. കല്‍ക്കട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയും സമാനമായ ചില മുസ്‌ലിം കൂട്ടുകെട്ടുകളും കര്‍മനിഷ്ഠകളും പിന്തുടരുന്നതായി മനസ്സിലാക്കിയ അച്ഛന്‍ ഞെട്ടിപ്പോയി. തുടര്‍ന്ന് അലഹാബാദിലെ ഒരു ബന്ധുവീട്ടിലേക്കയച്ചു. അവിടെ ഹിന്ദു പണ്ഡിറ്റുകളെയും പൂജാരികളെയും ഏര്‍പ്പെടുത്തി ഏറെ ഗുണദോഷിച്ചു. ഫലമില്ലെന്ന് കണ്ടപ്പോള്‍ നീ ഇസ്‌ലാമിലേക്ക് പോവരുത് അവരെക്കാള്‍ നല്ലത് ക്രിസ്ത്യാനികളാണ്. നിര്‍ബന്ധമെങ്കില്‍ ഇസ്‌ലാമിനു പകരം ക്രിസ്ത്യാനിറ്റി തെരഞ്ഞെടുക്കണമെന്ന് ഉപദേശിച്ചു.
ഞാന്‍ മുസ്‌ലിംകളെ കണ്ടല്ല, ഇസ്‌ലാമിനെ മനസ്സിലാക്കിയാണ് മടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാറ്റമില്ലെന്ന് കണ്ടപ്പോള്‍ തിരികെ വീട്ടിലയച്ചു. അവിടെ തടങ്കലിലിട്ടു. വീട്ടുകാര്‍ പല സമര്‍ദതന്ത്രങ്ങളും പ്രയോഗിച്ചു. കരഞ്ഞും വിളിച്ചും ഉപവാസസമരം വരെ നടത്തി. പക്ഷേ മനസ്സിളകിയില്ല. അവസാനം ബന്‍കിറാമിനെ അവര്‍ അവന്റെ വഴിക്കുവിടുകയായിരുന്നു.
അവസാന കാലത്ത് മസ്ജിദുന്നബവിയില്‍ സ്ഥിരമായി ക്ലാസുകള്‍ നടത്തിയിരുന്ന ശൈഖിന്റെ മയ്യത്ത് നമസ്‌ക്കാരവും അതേ പള്ളിയില്‍ തന്നെ നടന്നു. ശേഷം നിരവധി സ്വഹാബികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബഖീഉല്‍ ഗര്‍കദില്‍ മറവ് ചെയ്യപ്പെട്ടു`