9 Sunday
May 2021
2021 May 9
1442 Ramadân 26

ഡോ. വി കുഞ്ഞാലി ഓര്‍മയായി

എ നൂറുദ്ദീന്‍ എടവണ്ണ


എടവണ്ണ: പ്രമുഖ ചരിത്ര പണ്ഡിതനും ഇസ്‌ലാഹി നേതാവുമായ ഡോ. വി കുഞ്ഞാലി സാഹിബ് ഓര്‍മയായി. അക്കാദമിക രംഗത്തും ഇസ്്‌ലാഹീ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക നവീകരണ മേഖലകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കേരള സ്‌കോളേഴ്‌സ് അസംബ്ലി വൈസ് പ്രസിഡന്റും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സിലറും ജില്ലാ ഭാരവാഹിയുമായിരുന്നു. ഐ എസ് എമ്മിന്‍െ വിദ്യാഭ്യാസ ഘടകമായ ‘പീസ്’ ഡോ. കുഞ്ഞാലി സാഹിബ് ചെയര്‍മാനും സാദിഖലി ചെര്‍പ്പുളശ്ശേരി കണ്‍വീനറുമായിരുന്ന കാലഘട്ടത്തില്‍ നടത്തിയിരുന്ന ‘ക്യാച്ച് ദ യംഗ്’ പ്രോഗ്രാം വിദ്യാഭ്യാസ ജാഗരണത്തിന് വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിനും സമൂഹത്തിനും ഗുണകരമായ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്ന ഒരു വിദ്യാഭ്യാസ വിചക്ഷണനും ചരിത്ര പണ്ഡിതനുമായിരുന്നു.
മഞ്ചേരി ശരീഅ കോളജിന്റെ സ്ഥാപനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. എടവണ്ണ ഇസ്‌ലാഹീ സെന്റര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് എന്നിവയുടെ കേന്ദ്രമായ ഇസ്്‌ലാമിക് ഗൈഡന്‍സ് ട്രസ്റ്റിന്റെ ഉപാധ്യക്ഷന്‍, അല്‍വത്വന്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് മഞ്ചേരി ഉപാധ്യക്ഷന്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹിസ്റ്ററി വിഭാഗം തലവന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, എടവണ്ണപ്പാറ, മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി, കര്‍ഷക മാസിക പത്രാധിപ സമിതിയംഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്്‌ലാമിക് ചെയര്‍, സി എച്ച് ചെയര്‍ വിസിറ്റിംഗ് പ്രഫസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
മരിടൈം ട്രഡീഷന്‍സ് ഓഫ് മിഡീവല്‍ മലബാര്‍, സൂഫിസം ഇന്‍ കേരള ഒര്‍ജിന്‍ എര്‍ളി ഗ്രോത്ത് ആന്റ് റിലേഷന്‍ വിത്ത് സൂഫ് മുവ് മെന്റ് ഇന്‍ സൗത്ത് ഇന്ത്യ എന്നീ ശ്രദ്ധേയമായ കൃതികള്‍ രചിച്ചിട്ടുണ്ട്. മുസ്‌ലിം കമ്യൂണിറ്റിസ് ഇന്‍ കേരള ടു 1798 എന്നത് അദ്ദേഹത്തിന്റെ പി എച്ച് ഡി തിസീസ് ആയിരുന്നു. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യപികയും മലപ്പുറം ഈസ്റ്റ് ജില്ലാ എം ജി എം പ്രസിഡന്റുമായ ചിന്ന ടീച്ചറാണ് ഭാര്യ.
കര്‍മനൈരന്തര്യം കുഞ്ഞാലി സാഹിബിന്റെ ഒരു പ്രത്യേകതയായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും ഖുര്‍ആന്‍ പഠനത്തിന് അദ്ദേഹം സമയം കണ്ടെത്തി. 1996 മുതല്‍ എടവണ്ണയില്‍ ആരംഭിച്ച് ക്യു എല്‍ എസിലെ പഠിതാവായിരുന്നു അദ്ദേഹവും ഭാര്യയും. മഞ്ചേരി എയ്‌സ് സ്‌കൂളില്‍ നടക്കുന്ന ഖുര്‍ആന്‍ ഗവേഷണ പഠനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x