19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

മുസ്‌ലിം സ്ത്രീ വക്കം മൗലവിയുടെ കാഴ്ചപ്പാടില്‍

ഡോ. ടി കെ ജാബിര്‍

കേരളത്തില്‍ ‘മുസ്‌ലിം സ്ത്രീ’ ഒരു പൊതു ചര്‍ച്ചാ വിഷയമാകുന്നത് നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മുസ്‌ലിം സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി അറിയപ്പെടുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ രചനകളില്‍ ‘നാരിനരാഭിചാരി’ യില്‍ തുടങ്ങി ഈ സംവാദം ഉണ്ട്. 1912-ന് മുന്‍പായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം ജനസാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ ഏറ്റവും പ്രസിദ്ധനായ സ്വദേശാഭിമാനി വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി (1873-1932) ‘മുസ്‌ലിം സ്ത്രീ’ എന്ന വിഷയം ഗൗരവമായി തന്നെ സമീപിച്ച പണ്ഡിതനാണ്.
വക്കം മൗലവിയുടെ കാലഘട്ടം പൊതുവില്‍ എല്ലാ സ്ത്രീകളുടേതും പോലെ മുസ്‌ലിം സ്ത്രീകളുടേതും ദുരിതസമാനമായിരുന്നു. ഒരു മത-സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്ന നിലയില്‍ തന്നെ പ്രവര്‍ത്തന മേഖലയിലെ പത്രപ്രവര്‍ത്തനം തന്നെയാണ് മുസ്‌ലിം സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉപയോഗിച്ചത്. നിരവധി ലേഖനങ്ങള്‍ തത്‌വിഷയസംബന്ധമായി മുസ്‌ലിം, അല്‍ഇസ്‌ലാം, ദീപിക എന്നീ ജേര്‍ണലുകളില്‍ അദ്ദേഹം എഴുതുകയുണ്ടായി. മതസംബന്ധമായ വിഷയങ്ങള്‍ മാതൃഭാഷയാണെങ്കിലും മലയാളത്തില്‍ എഴുതുന്നത് മതനിന്ദയായി അന്ന് കണ്ടിരുന്നുവെന്ന് വക്കം മൗലവി എഴുതുന്നുണ്ട്.
പക്ഷെ, മലയാള ഭാഷയില്‍ മുസ്‌ലിം എന്ന ജേര്‍ണല്‍ പത്ത് വര്‍ഷത്തോളം മൗലവി നടത്തി (1906-1916). അത് മുസ്‌ലിം സമുദായത്തിന്റെ ഒരു ന്യൂനപക്ഷത്തില്‍ മാത്രമേ എത്തിയിരുന്നുള്ളൂ എന്നതിനാല്‍ 1918-ല്‍ അല്‍ ഇസ്‌ലാം എന്ന അറബി മലയാളം മാസിക തുടങ്ങി. കാരണം, പരിമിതമായ തോതില്‍ സ്ത്രീകള്‍ക്ക് അറബി മലയാളം വശമുണ്ടായിരുന്നു. ഏതൊരു സമുദായ വിഭാഗത്തിനും സാമൂഹ്യമായ അഭിവൃദ്ധി കൈവരിക്കണമെങ്കില്‍ ആ വിഭാഗത്തിലെ സ്ത്രീകളുടെ നില ഗൗരവതരമായ നിലയില്‍ പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം തിരിച്ചറിയുകയുണ്ടായി.

പര്‍ദാ സമ്പ്രദായം അന്നും ഇന്നും
പര്‍ദാ സമ്പ്രദായം അന്നും കേരളത്തില്‍ ഉണ്ട് എന്നത് കൗതുകകരമായി തോന്നാം. എന്നാല്‍ അന്ന് ഇന്നത്തെ പോലുള്ള മുഖം മൂടുന്ന, മുഴുനീളമുള്ള കറുത്ത വസ്ത്രമല്ല പര്‍ദ. അത് ഗൃഹാന്തര്‍വാസ (അന്ത:പുര) സമ്പ്രദായമായിരുന്നു. അതേസമയം കേരളത്തിന് പുറത്ത് പല നാടുകളിലും പര്‍ദാ വസ്ത്രധാരണമെന്ന രീതിയില്‍ മുഖം മൂടിയോട് കൂടി നിലനിന്നിരുന്നു. ”ഹിജാബ് അല്ലെങ്കില്‍ മുഖം മൂടുന്ന വസ്ത്രധാരണം മുസ്‌ലിം സ്ത്രീകള്‍ വെളിയില്‍ സഞ്ചരിക്കുമ്പോള്‍ അനാവശ്യമായി പുരുഷന്‍മാരുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ കാലാനുസരണം ഇസ്‌ലാം മതപണ്ഡിതന്മാര്‍ നിര്‍ദേശിച്ചതാണ്” – ഈ ആചാരമെന്ന് വക്കം മൗലവി തന്റെ മുസ്‌ലിം ജേര്‍ണലില്‍ എഴുതുന്നുണ്ട്. ഇവ പ്രവാചക പാരമ്പര്യത്തിലോ ആദ്യകാല അനുയായികളിലോ ഉണ്ടായിരുന്നതല്ല എന്നും അത് സാര്‍വകാലികമെന്നോ സാര്‍വലൗകീകമെന്നോ ഏതെങ്കിലും പണ്ഡിതര്‍ പറഞ്ഞതായി സ്ത്രീശാക്തീകരണ സംബന്ധമായി വക്കം മൗലവി എഴുതിയ നിരവധി ലേഖനങ്ങളില്‍ ഒരിടത്തും കാണാനാകുന്നില്ല.
പര്‍ദാ സംസ്‌കാരം കൊണ്ടുവന്നത് പേര്‍ഷ്യക്കാരാണ്, അത് ഇന്ത്യയിലും തുര്‍ക്കിയിലും വരുന്നത് പേര്‍ഷ്യന്‍ സംസ്‌കാര സ്വാധീനത്തില്‍ നിന്നുമാണ് എന്ന് വക്കം മൗലവി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തേതുപോലെ തന്നെ വക്കം മൗലവിയുടെ കാലഘട്ടത്തിലും പാശ്ചാത്യ ലോകത്ത് നിന്നും അല്ലാതെയും പര്‍ദാ സമ്പ്രദായത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പര്‍ദ (അന്തഃപുര ജീവിതം) സമ്പ്രദായത്തെക്കുറിച്ച് 1918 മെയ് മാസത്തിലെ അല്‍ ഇസ്‌ലാം ജേര്‍ണലില്‍ അന്നത്തെ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഉദ്ധരിച്ച് നല്‍കിയത് ഇതാണ്: ”സ്ത്രീകളെ വേര്‍തിരിച്ചു താമസിപ്പിക്കുന്ന നടപടി സ്ത്രീ പുരുഷന്മാര്‍ക്കുണ്ടായിരിക്കേണ്ട ബന്ധത്തെ സംബന്ധിച്ചു പൗരസ്ത്യ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമാകുന്നു. അതുകൊണ്ട് അതിന്റെ ആരംഭത്തെ ഇസ്‌ലാം മതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പ് അന്വേഷിക്കേണ്ടിയിരിക്കുന്നു.”
പ്രസ്തുത പര്‍ദാ സമ്പ്രാദയത്തിന്റെ മറ്റൊരു സുപ്രധാന കാരണം സ്ത്രീകളുടെ സൗന്ദര്യം പലപ്പോഴും രണ്ടുപേര്‍ക്കു തമ്മിലും രണ്ട് ഗോത്രങ്ങള്‍ക്കു തമ്മിലും രണ്ടു സംഘക്കാര്‍ക്കു തമ്മിലും മാത്രമല്ല, രണ്ടു സമുദായക്കാര്‍ക്കു തമ്മിലും വലുതായ ശണ്ഠകള്‍ ആണെന്ന് വക്കം മൗലവി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ സീതയും ഈജിപ്തില്‍ ക്ലിയോപാട്രയും അതത് രാജ്യങ്ങളുടെ ചരിത്രത്തില്‍ ഇത്രമാത്രം ഭേദഗതിക്ക് കാരണമായിട്ടുണ്ടെന്നുള്ളതിന് തന്നെ ചരിത്രം ദൃഷ്ടാന്തമാകുന്നു എന്ന് വക്കം മൗലവി പറയുന്നു. രാഷ്ട്രീയപരമായ കാരണമാണ് ആ പര്‍ദാ സമ്പ്രദായത്തിന് കാരണമെന്ന് വ്യക്തമാകുന്നു. ആധുനിക – ജനാധിപത്യ ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ആണത്.
പ്രസ്തുത സമ്പ്രദായത്തെ വക്കം മൗലവി വിമര്‍ശിക്കുന്നത് നോക്കുക: ”അധികാര ശക്തിയോട് കൂടിയ പ്രഭുക്കന്മാരും ദുര്‍വൃത്തന്‍മാരായ ധനവാന്‍മാരും പര്‍ദാ നടപടിയെ അന്യഥാ വിനിയോഗിക്കുകയാണെങ്കില്‍ അതിന്റെ ദോഷത്തെ ഇസ്‌ലാം മതത്തില്‍ ആരോപിക്കേണ്ടതില്ല.”
ഈ സമ്പ്രദായം അടിമത്വത്തിന് സമാനമായി അദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്. ”സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അടിമത്വം അല്ല. സ്വാതന്ത്ര്യം ആണ് ഇസ്‌ലാം നല്‍കുന്നത്. ഇസ്‌ലാമിന്റെ സ്വാതന്ത്ര്യത്തിനും സമഭാവനയ്ക്കും സാഹോദര്യത്തിനും അതിന്റെ ഉത്ഭവകാല ഗണനയില്‍ ഉത്കൃഷ്ടമായ ഇടം നല്‍കി” എന്നതാണ് വക്കം മൗലവിയുടെ ഒരു കാഴ്ചപ്പാട്.
ഇവിടെ കാലിക പ്രസക്തമായ ഒരു വിഷയം വക്കം മൗലവി വിവരിക്കുന്നത് ഇപ്രകാരമാണ്: ”മനുഷ്യ ചരിത്രത്തിന്റെ ആരംഭകാലം മുതല്‍ അസ്വാതന്ത്ര്യകളായി സ്ഥിതി ചെയ്തിരുന്ന സ്ത്രീകള്‍ക്ക് (ഇസ്‌ലാം) പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു. മനുഷ്യരുടെ അവകാശങ്ങളില്‍ അവരുടെ വര്‍ഗ വ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ അഗണ്യമാണെന്ന് അത് സ്ഥാപിച്ചു. ഇസ്‌ലാം മതവിശ്വാസികളെന്ന് ഭാവിക്കുന്ന ചില രാജാക്കന്‍മാരും ഭരണകര്‍ത്താക്കളും തങ്ങളുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി ഇസ്‌ലാം മതനിയമത്തെ പിഴച്ചതിന് ഇസ്‌ലാം ഉത്തരവാദിയാകുന്നതല്ല.”
മുസ്‌ലിം സ്ത്രീകളുടെ സാമൂഹ്യ സ്ഥിതി എന്തായിരിക്കണം എന്നതിനെ വക്കം മൗലവി വീക്ഷിക്കുന്നത് കാണുക: ”ഇസ്‌ലാം മതപ്രകാരം ഒരു സ്ത്രീയുടെ ജീവിതരീതിയെ നിശ്ചയിക്കുന്നതിനു നവാബുമാരുടെയും പാഷമാരുടെയും കൊട്ടാരത്തിലെ അന്തപ്പുരത്തിലെ സ്ഥിതിയെ അല്ല പ്രധാനമായി നോക്കേണ്ടത്. ഇസ്‌ലാം മതത്തില്‍, ആരംഭ കാലത്ത് മുസ്‌ലിം സ്ത്രീകള്‍ മതനിയമങ്ങളും വ്യവഹാര കാര്യങ്ങളും പരിശീലിക്കുകയും യുദ്ധക്കളത്തില്‍ പുരുഷന്‍മാരെ ശുശ്രൂഷിക്കുകയും ശത്രുക്കള്‍ക്ക് നേരെ സൈന്യങ്ങളെ നയിക്കുകയും ചെയ്തിരുന്നു.”
മുസ്‌ലിം സ്ത്രീ ശാക്തീകരണത്തിന് നിലവിലുണ്ടായിരുന്ന അന്നത്തെ കാഴ്ചപ്പാടിനെ വക്കം മൗലവി ഖണ്ഡിക്കുന്നുണ്ട്. അന്നത്തെ വാദം ഇതാണ്: ”സ്ത്രീകളെ മാളികയുടെ മുറികളില്‍ താമസിപ്പിക്കരുത്, അവര്‍ക്ക് കൈയെഴുത്ത് പഠിപ്പിക്കരുത്, അവര്‍ക്ക് നൂല്‍ നൂല്‍ക്കലും സൂറത്തുന്നൂറും പഠിപ്പിച്ച് കൊടുക്കുവിന്‍.”
ദുര്‍ബലങ്ങളായ ഇത്തരം ഹദീസ് വചനങ്ങളെ ഹദീസ് പണ്ഡിതനായിരുന്ന അല്‍ അല്ലാമത്ത് സിബ്ഗത്തുല്ലയുടെ വിശദമായ ഹദീസ് പരിശോധനയിലൂടെ 1918-ല്‍ കേരളത്തില്‍ സ്ത്രീകളെ എഴുത്ത് പഠിപ്പിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി, വക്കം മൗലവി. അല്‍ഇസ്‌ലാം മാസികയിലൂടെയായിരുന്നു ഇത്.
(‘വക്കം മൗലവിയുടെ ചിന്തയും എഴുത്തും’ എന്ന പഠനത്തില്‍ നിന്ന്)

3.8 5 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x