19 Friday
April 2024
2024 April 19
1445 Chawwâl 10

അബ്രഹാം കരാറും പശ്ചിമേഷ്യയുടെ ഭാവിയും

ഡോ. ടി കെ ജാബിര്‍

കോവിഡ് മഹാമാരിയുടെ ദുരന്തപൂര്‍ണമായ വ്യാപനത്തിനിടയില്‍ ഒരു വന്‍ രാഷ്ട്രീയ മാറ്റത്തിന് പശ്ചിമേഷ്യ വേദിയാകുകയുണ്ടായി. ആഗസ്ത് 13-ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഗള്‍ഫ് രാഷ്ട്രമായ യു എ ഇയും പശ്ചിമേഷ്യയിലെയും ലോകത്തിലെയും ഏക ജൂതരാഷ്ട്രമായ ഇസ്‌റാഈലും തമ്മില്‍ ഔദ്യോഗികമായ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. ജൂത- ക്രൈസ്തവ- മുസ്‌ലിം പാരമ്പര്യത്തില്‍ വരുന്ന വിശുദ്ധ വ്യക്തിയായ അബ്രഹാമിന്റെ (ഇബ്‌റാഹീം) നാമധേയത്തിലാണ് പ്രസ്തുത കരാര്‍. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ നിര്‍ണയിക്കാന്‍ ശേഷിയുള്ള നിര്‍ണായക കരാറാണിത്. അറബ്- മുസ്‌ലിം ലോക രാഷ്ട്രീയത്തിന് മേല്‍ പാശ്ചാത്യ ആംഗ്ലോ- സാക്‌സണിക ലോകം നേടിയ മറ്റൊരു രാഷ്ട്രീയ വിജയം കൂടിയാണ് ഈ കരാര്‍.
ഇതിന്റെ ദുരന്തപൂര്‍ണമായ പശ്ചാത്തലമെന്താണെന്നാല്‍ തദ്ദേശീയരായ ഫലസ്തീന്‍ ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ വരെ ഉന്‍മൂലനം ചെയ്തുകൊണ്ടുള്ള ‘ആധുനിക- നവോത്ഥാന- പുരോഗമന ജനാധിപത്യ’ ത്തിന്റെ ഇരുണ്ട വശമാണ് ഇവിടെ തെളിഞ്ഞ് വരുന്നത്. ആധുനികതയുടെ മാനവ വിമോചന സങ്കല്പങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന് മാത്രമല്ല, ആധുനിക ലോകരാഷ്ട്രീയ ബലതന്ത്രങ്ങളില്‍ ഇടപെടാനാകാത്ത മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം കൂടിയാണിത്.

ഇസ്‌റാഈല്‍ രാജ്യം, ഇസ്‌റാഈല്‍ രാഷ്ട്രം:ചരിത്രം, വര്‍ത്തമാനം
ജൂതര്‍ക്കും ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും ദിവ്യപുരുഷനാണ് പുരാതന മെസോപൊട്ടോമിയയില്‍ ജനിച്ച അബ്‌റഹാം എന്ന ചരിത്ര വ്യക്തിത്വം. അദ്ദേഹത്തിന്റെ എട്ടു മക്കളില്‍ സാറയെന്ന ഭാര്യയിലുണ്ടായ ഒരു മകനാണ് ഇസ്ഹാഖ്. ഇസ്ഹാഖിന്റെ രണ്ടു മക്കളില്‍ ഒരാളാണ് യാക്കോബ് (ഇസ്‌റായേല്‍ എന്നും പേരുണ്ട്). അബ്‌റഹത്തിന്റെ ഹാജറ (ഹാഗര്‍) എന്ന ഭാര്യയിലുണ്ടായ ഒരു മകനാണ് ഇസ്മാഈല്‍. ഇസ്മാഈലിന്റെ വംശപരമ്പരയിലാണ് പ്രവാചകന്‍ മുഹമ്മദ് വരുന്നത്. യാക്കോബിന്റെ പരമ്പരയിലാണ് മോസ്സസ്സും ജീസസ് ക്രൈസ്റ്റും ജനിച്ചത്.
യാക്കോബിന്റെ സന്താന പരമ്പയില്‍ നിന്നുള്ളവരാണ് പുരാതന ഈജിപ്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് വിഭാഗം ഇസ്‌റായേലികള്‍. മേല്‍ പ്രസ്താവിച്ച മൂന്ന് മത വിഭാഗങ്ങള്‍ക്കും പൊതുവായ വംശപരമ്പരയാണ് ഉള്ളതെങ്കിലും ജൂതര്‍ മോസ്സസിന് ശേഷമുള്ളവരെയും ക്രൈസ്തവര്‍ ജീസസിന് ശേഷമുള്ള മുഹമ്മദ് നബിയെയും അംഗീകരിക്കുന്നില്ല. മുസ്‌ലിംകള്‍ ഇവരെല്ലാം തങ്ങളുടെ വിശുദ്ധ പ്രവാചകരെന്ന് വിശ്വസിക്കുന്നു.
ഇന്നത്തെ ഇസ്‌റാഈല്‍ ആയ പ്രദേശം അയ്യായിരത്തോളം വര്‍ഷം ഫലസ്തീന്‍ എന്നും കാനാന്‍ ദേശമെന്നും അറിയപ്പെടുന്ന പ്രദേശമാണ്. മുന്‍പ് പരാമര്‍ശിച്ച യാക്കോബിന്റെ പരമ്പരയിലെ പന്ത്രണ്ട് വിഭാഗം ഇസ്‌റായേലികളുടെ ദാവീദ് എന്ന രാജാവാണ് ബി സി 1000-ല്‍ ആദ്യമായി ഇസ്‌റയേല്‍ എന്ന രാജ്യം ഈ പ്രദേശത്ത് സ്ഥാപിക്കുന്നത്. ബി സി 932-ല്‍ സോളമന്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ ഇസ്‌റയേല്‍ രണ്ടായി പിളര്‍ന്നു. അത് ഇസ്‌റയേല്‍ എന്നും ജൂദിയ എന്നുമുള്ള പേരിലാണ് ഉണ്ടായത്. അതിലെ ഇസ്‌റയേലിനെ ബി സി 721-ല്‍ അസീദിയക്കാര്‍ തകര്‍ത്തു. ബി സി 587-ല്‍ ജൂദിയയെ ബാബിലോണിയക്കാരും തകര്‍ത്തു, ജൂതരെ ഇല്ലാതാക്കി. ബി സി 538-ല്‍ പേര്‍ഷ്യന്‍ രാജാവായ സിറസ്സ് ഫലസ്തീന്‍ കീഴടക്കിയപ്പോള്‍ ഏകദേശം 5000 ജൂതരെ ഫലസ്തീനിലേക്ക് തിരികെ വരാന്‍ അനുവദിച്ചു. ബി സി 332-ല്‍ ഗ്രീക്ക് അധീനതയിലായി ഫലസ്തീന്‍.
ബി സി 166-ല്‍ ഗ്രീക്കുകാര്‍ക്ക് മേല്‍ അധികാരം സ്ഥാപിച്ച് ജൂതര്‍ മക്കാബി (ങമരരമയലല) എന്ന രാജ്യം സ്ഥാപിച്ചു. താമസിയാതെ സിറിയന്‍ രാജാവായ അന്തിയോക്കസ് സി ഡറ്റ്‌സ് ബി സി 134 ല്‍ തന്റെ അധീനതയിലാക്കി. തുടര്‍ന്ന് ബി സി 63-ല്‍ റോമാസാമ്രാജ്യത്തിന്റെ കീഴിലായി ഫലസ്തീന്‍. അക്കാലഘട്ടത്തിലാണ് ഇവിടെ യേശുക്രിസ്തു ജനിക്കുന്നതും പ്രദേശം വീണ്ടും വിശുദ്ധ പ്രദേശമാകുന്നതും. തുടര്‍ന്ന് ജൂതരുടെ ഒരു പ്രതിഷേധത്തിനോടുള്ള പ്രതികാരമായി ടൈറ്റസ് എന്ന റോമന്‍ സൈന്യാധിപന്‍ ജറൂസലം തകര്‍ക്കുകയും ജൂതരെ അന്നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ ചരിത്രപരമായി ജൂതര്‍ ലോകത്തിന്റെ നാനാഭാഗത്തേക്കും ഫലസ്തീനില്‍ നിന്നും ചിതറിപ്പോകുകയായിരുന്നു. (Diaspora)
അതിന് ശേഷം 19-ാം നൂറ്റാണ്ടിന്റെ അര്‍ധശതകം വരെ ഫലസ്തീനില്‍ തിബെരിയസ്, സഫാദ് എന്നീ സ്ഥലങ്ങളില്‍ ആയി ആയിരത്തില്‍ താഴെ മാത്രം ജൂതരാണ് ഉണ്ടായിരുന്നത്. മുസ്‌ലിം ഭരണം ആരംഭിക്കുന്നത് എ ഡി 638-ല്‍ ഖലീഫ ഉമര്‍ റോമാസാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്നും മോചിപ്പിക്കുമ്പോഴാണ്. എ ഡി 1099-ല്‍ ആരംഭിച്ച കുരിശുയുദ്ധത്തോടെ യൂറോപ്യര്‍ ഫലസ്തീന്‍ കൈയടക്കിയെങ്കിലും 1187-ല്‍ നീണ്ട ദശകങ്ങളുടെ കുരിശുയുദ്ധങ്ങള്‍ക്ക് ഒടുവില്‍ കുര്‍ദിഷ് സൈന്യാധിപനായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബ് മുസ്‌ലിം ഭരണം ഫലസ്തീനില്‍ പുനസ്ഥാപിച്ചു. യൂറോപ്യന്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ അന്ന് തദ്ദേശീയരായ ക്രൈസ്തവര്‍ അയ്യൂബിയോടൊപ്പം പോരാടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.
1517-ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ ഫലസ്തീന്‍ കൈയടക്കി. 1917-ല്‍ ഒന്നാം ലോകമഹായുദ്ധത്തിനിടയില്‍ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിനൊടുവില്‍ ബാല്‍ഫര്‍ ഡിക്ലറേഷനിലൂടെ ബ്രിട്ടന്‍ അധീനതയിലാക്കി ഇവിടം.
ലോകത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന് കീഴടങ്ങാത്ത വന്‍ശക്തിയായിരുന്നു ഓട്ടോമന്‍കാര്‍. നിരവധി നൂറ്റാണ്ടുകള്‍ പിന്നിട്ട ഓട്ടോമന്‍ സാമ്രാജ്യം യുദ്ധതന്ത്രങ്ങളില്‍ പിഴവ് പറ്റി ദുര്‍ബലമായി, ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും രഹസ്യമായ കൈക്‌സ് പിക്കോ (ട്യസല െജശരീ)േ കരാറില്‍ തങ്ങളുടെ പ്രദേശങ്ങള്‍ ഇരുവര്‍ക്കുമായി വിഭജിക്കേണ്ട ദുരവസ്ഥയിലെത്തിയിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ പരാജിത സഖ്യത്തിലായിരുന്നു തുര്‍ക്കിയുണ്ടായിരുന്നത്.

ജൂതര്‍:കാല്പനികതകള്‍,വസ്തുതകള്‍
ജൂതരെക്കുറിച്ച് ഒട്ടേറെ കാല്പനികതകള്‍ ലോകത്തുണ്ട്. മുസ്‌ലിംകളുടെ ഹദീസുകളിലും അവയുണ്ട്. യഥാര്‍ഥത്തില്‍ ഇവയെല്ലാം വിഷയത്തെ ചരിത്രപരതയില്‍ നിന്നും വായിച്ചെടുക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. അടുത്തയിടെ സോഷ്യല്‍ മീഡിയയിലെ മുസ്‌ലിം മതപ്രഭാഷകന്റെ മൂഢത്വവും അതില്‍ നിന്നുണ്ടാവുന്നതാണ്. ജൂതരുമായി പ്രവാചകന്‍ മുഹമ്മദിന് അടുത്ത ബന്ധമുണ്ടായിരുന്നു. വേദഗ്രന്ഥത്തിന്റെ ആളുകള്‍ എന്നാണ് ജൂതരെയും ക്രൈസ്തവരെയും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.
ജൂതര്‍ ഒരൊറ്റ സമൂഹമാണ്, തികഞ്ഞ യോജിപ്പിലും പുരോഗതിയിലുമാണ് ജൂത രാഷ്ട്രം എന്ന് കേരളത്തില്‍ പോലും ആളുകള്‍ വിശ്വസിക്കുന്നു. ജൂതെര മാതൃകയാക്കണം എന്ന് സംഘ്പരിവാര്‍ പലപ്പോഴും രഹസ്യമായും പരസ്യമായും പറയാറുണ്ട്. അവര്‍ അതിശക്തരായ രാഷ്ട്രമാണെന്നും സകല അറബ് രാഷ്ട്രങ്ങളെയും ഒറ്റയ്ക്ക് നേരിടുന്നു അവരെന്നും തുടങ്ങിയ കാല്പനികതകള്‍ വ്യാപകമാണ്. എന്നാല്‍ വസ്തുതകള്‍ അതിന്റെ മറുവശമാണ് പറയുന്നത്. അമേരിക്കയുടെ സൈനിക സഹായത്തിലുള്ള ആത്മവിശ്വാസമാണ് ഇസ്‌റയേല്‍ ശക്തമായ രാഷ്ട്രമെന്ന് തോന്നിപ്പിക്കുന്നത്.
അഷ്‌ക്കനാസി, സെഫാര്‍ദി, തീവ്രയാഥാസ്ഥിതികര്‍ എന്നിങ്ങനെയുള്ള വിഭാഗീയതകള്‍ സജീവമാണ് ഇസ്‌റയേലില്‍. ഈ വിഭാഗങ്ങള്‍ക്കടിയിലുള്ള പരസ്പര ശത്രുതയുടെ അത്രയും പുറത്തുള്ള മറ്റുള്ളവരോട് പോലുമില്ല എന്ന് ഡോവ് വാക്‌സ്മാന്‍ പറയുന്നു. സെക്കുലര്‍ ജൂതരും തീവ്രയാഥാസ്ഥിതികരും തമ്മില്‍ കടുത്ത ഭിന്നിപ്പിലാണ് ഉള്ളത്. അതിന്റെ പേരില്‍ ഇസ്‌റയേല്‍ പതാക കത്തിച്ച സംഭവങ്ങള്‍ വരെയുണ്ട് ഇസ്‌റയേലില്‍. അതായത് ആധുനികതയും മതയാഥാസ്ഥികതയും തമ്മിലുള്ള സംഘര്‍ഷം.
തങ്ങളുടെ വിദേശ നയങ്ങളെക്കുറിച്ച് ഇസ്‌റയേലുകാര്‍ അജ്ഞരാണ്. ആ വിഷയം, അവര്‍ സംവദിക്കാറേയില്ല എന്നും വാക്‌സ്മാന്‍ എഴുതുന്നു. തങ്ങളുടെ ജൂത പാരമ്പര്യം ഏതാണ്, സ്വത്വം എന്താണ്, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി ഇവയൊക്കെയാണ് അവരുടെ വിഷയങ്ങള്‍.

പശ്ചിമേഷ്യ:രാഷ്ട്രീയവും അബ്രഹാം കരാറിന്റെ ഭാവിയും
ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടീഷ് സാമ്രാജ്യം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ശൂന്യമായ ആയിടത്തേക്ക് അമേരിക്കന്‍ സാമ്രാജ്യത്വം സ്ഥാനമുറിപ്പിച്ചു. പഴയ രൂപത്തിലുള്ള നേരിട്ടുള്ള നിയന്ത്രണങ്ങളല്ല അമേരിക്ക നടപ്പിലാക്കിയത്. പരോക്ഷമായ നിയന്ത്രണങ്ങളായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ദേശീയതാബോധം വളര്‍ന്നതോടെയായിരുന്നു ഇത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായതോടെ തങ്ങളുടെ വിധേയരായ, ആജ്ഞാനുവര്‍ത്തികളെ രാജാക്കന്മാരായും ശൈഖുമാരായും സുല്‍ത്താന്‍മാരായും മിലിട്ടറി സ്വേച്ഛാപധികളായും നിലനിര്‍ത്തിപ്പോന്നു. അമേരിക്കയുടെ സഹായത്തോടെ 1938-ല്‍ എണ്ണ കണ്ടെത്തിയതോടെ സുഊദി അറേബ്യ മേഖലയിലെ ഒരു ശക്തിയായി മാറി.
അറേബ്യന്‍ ഉപദ്വീപിലെ രാജ്യങ്ങള്‍ എണ്ണപ്പണത്തിലൂടെ സമ്പന്ന ശക്തികളായപ്പോള്‍ സ്ഥാപിച്ചതാണ് 1981-ലെ ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജി സി സി), ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍, യു എ ഇ തുടങ്ങിയവരിലെ നായകത്വം സുഊദിക്ക് തന്നെയാണ്. ഈ സംഘത്തിലെ ഒരാള്‍ ഇസ്‌റയേലുമായി ബന്ധം സ്ഥാപിക്കുന്നത് ഫലത്തില്‍ എല്ലാവരുമായും ബന്ധമുണ്ടാകുന്നതിന് തുല്യമാണ്. ജി സി സിയില്‍ എല്ലായിടത്തും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. ജി സി സിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഖത്തറില്‍ അത് കൂടുതലായുണ്ട്. ഖത്തറിന്റെ ഇസ്‌ലാമിസ്റ്റുകളുമായിട്ടുള്ള അടുപ്പമായിരിക്കാം ഒരു കാരണം. ഇസ്‌റേയേലുമായി ഔദ്യോഗിക ബന്ധമില്ലാതിരുന്നെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അനൗദ്യോഗികമായി വര്‍ഷങ്ങളായിട്ട് ബന്ധമുണ്ട്. കാരണം ജി സി സിയുടെ അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഈജിപ്ത് 1979-ലും ജോര്‍ദാന്‍ 1994-ലും ബന്ധം സ്ഥാപിച്ചിട്ടുള്ളത് ഇവര്‍ക്ക് സഹായകമായിരുന്നു.
ഈ കരാറിലൂടെ പ്രതിസന്ധിയിലാകുന്ന ഒരു രാഷ്ട്രം ജി സി സിയുടെ ഉറ്റ സുഹൃത്തായ പാകിസ്താനായിരിക്കും. പാകിസ്താന്റെ പാസ്‌പോര്‍ട്ടില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത് അത് ഇസ്‌റയേലിലേക്കുള്ള ഒരു രേഖയല്ല എന്നതാണ്. ഇനി ക്രമേണ അത് തിരുത്തേണ്ടി വരും. കാരണം, പാകിസ്താന്റെ വലിയ സാമ്പത്തിക സ്രോതസ്സ് ജി സി സിയാണ്.
ഇറാനും സിറിയയും ലബനാനും അടങ്ങുന്ന റഷ്യന്‍ – ചൈനീസ് ബന്ധത്തിലുള്ള ശീഅ ബ്ലോക്കാണ് ഈ കരാര്‍ കൊണ്ട് പ്രതിസന്ധിയിലാകുന്നത്. സുന്നീ രാഷ്ട്രങ്ങളുമായുള്ള ഒരു സംഘര്‍ഷ ഭീഷണി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇസ്‌റയേല്‍ ആണവ രാഷ്ട്രമായതുകൊണ്ട് ഇറാന്‍ ഇനി എത്രയും വേഗം ആണവായുധം നിര്‍മിക്കാന്‍ ശ്രമിക്കും. കാരണം, ഒരു ‘ശീഅ ആണവ ശക്തി’ യിലൂടെ മാത്രമേ ശാക്തിക സന്തുലനം സാധ്യമാകൂ. റഷ്യയും ചൈനയും ഇതിനായി കൂടുതല്‍ സഹായം നല്‍കിയേക്കാം.
1979-ല്‍ ഇസ്‌റായേലുമായി ബന്ധം സ്ഥാപിച്ച ഈജിപ്തിന്റെ ക്യാമ്പ് ഡേവിഡ് കരാര്‍ കൊണ്ടെത്തിച്ചത് അന്നത്തെ പ്രസിഡന്റ് അന്‍വര്‍ സാദാത്തിന്റെ ജീവത്യാഗത്തിലായിരുന്നു. കരാറിന് എതിരായി നിന്ന ഇസ്‌ലാമിക ഭീകര സംഘടനയായ ഇസ്‌ലാമിക് ജിഹാദ് സാദാത്തിനെ കൊലപ്പെടുത്തുകയായിരുന്നു. 1995-ല്‍ ഫലസ്തീനുമായുള്ള ഓസ്‌ലോ സമാധാനക്കരാറിന്റെ പേരില്‍ അന്നത്തെ ഇസ്‌റയേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനെ ജൂത തീവ്രവാദി കൊലപ്പെടുത്തിയതും ലോകത്തെ ഞെട്ടിച്ചു. സമാധാന കരാര്‍ സംഘര്‍ഷത്തിന് കാരണമാകുകയായിരുന്നു. ഇപ്പോഴത്തെ ‘അബ്‌റഹാം കരാര്‍’ സമാധാന കരാറല്ല എന്ന പ്രത്യേകതയുമുണ്ടിവിടെ.
‘അബ്‌റഹാം കരാര്‍’ കേരളത്തിലും പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. കാരണം കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിം സമൂഹവും ഇടതുപക്ഷവുമെല്ലാം ഫലസ്തീന്‍ രാഷ്ട്രീയാവകാശപ്പോരാട്ടങ്ങളില്‍ ഉള്ളതിനാല്‍ ഇനി മുതല്‍ ഫലസ്തീന്‍ സ്വയം നിര്‍ണയ വാദത്തിനും അവകാശങ്ങള്‍ക്കും നല്‍കിവന്ന പിന്തുണ നിശബ്ദമായിപ്പോകും. കാരണം, ജി സി സിയെ പിണക്കിക്കൊണ്ടുള്ള രാഷ്ട്രീയം കേരളത്തിലോ ഇന്ത്യയില്‍ പോലുമോ സാധ്യമല്ലാതായിട്ടുണ്ട്. ധാരാളം ഇന്ത്യന്‍ വ്യവസായികളുടെ പ്രവര്‍ത്തന മേഖല ഗള്‍ഫ് രാഷ്ട്രങ്ങളാണ്. ഫലസ്തീന്‍ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങള്‍ നിശബ്ദമാകുമ്പോള്‍ സംഭവിക്കുന്നത് സാമ്രാജ്യത്വത്തിന്റെ അന്തിമ വിജയമാണ് ഇവിടെ ദര്‍ശിക്കാനാവുന്നത് എന്നതാണ്.
1948-ല്‍ ഇസ്‌റയേല്‍ സ്ഥാപിച്ചപ്പോള്‍ തുടങ്ങിയ ഫലസ്തീന്‍ അവകാശപ്പോരാട്ടങ്ങള്‍ തീവ്രരൂപം ആര്‍ജിച്ചതാണ് പശ്ചിമേഷ്യയിലെ വിവിധ തീവ്രവാദ സംഘടനകള്‍. അവര്‍, തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ മതപ്രമാണങ്ങളുടെ പിന്തുണ കണ്ടെത്തുന്നത് പ്രദേശത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ തുരങ്കം വയ്ക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്ക് സഹായകമാകുന്നുണ്ട്. അതിലെ വലിയ രാഷ്ട്രീയ ദുരന്തം തീവ്രവാദ സംഘടനകളും മതപണ്ഡിതരും തിരിച്ചറിയാതെ പോകുന്നു. ഈ കരാര്‍ നിലവില്‍ വന്ന ശേഷവും ഗസ്സയിലും വെസ്റ്റ്ബാങ്കിലും നിരവധി ആക്രമണങ്ങള്‍ ഇസ്‌റയേല്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ വിഷയങ്ങളെ ചര്‍ച്ച ചെയ്യാന്‍ പോലുമാകാതെ ആത്മവിശ്വാസം നഷ്ടപ്പെട്ടവരായിരിക്കുന്നു മുസ്‌ലിം ലോകം.
‘അബ്‌റഹാം കരാര്‍’ നിലവില്‍ വന്നതോടെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആത്മാവില്‍ തൊട്ട് സംസാരിച്ചത് മുസ്‌ലിം ലോകത്ത് നിന്നല്ല. ലംക്‌സംബര്‍ഗിലെ രാഷ്ട്രീയ നേതാവായ ഴാങ്ങ് ഏസല്‍ബോണായിരുന്നു. ”സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും സുരക്ഷയ്ക്കു വേണ്ടിയും നിങ്ങളുടെ സ്വന്തം സഹോദരന്‍മാരെ നിങ്ങള്‍ക്ക് ഉപേക്ഷിക്കാനാകില്ല. കുറേക്കാലമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ യാതൊരു മുന്‍ഗണനയും ഫലസ്തീന് നല്‍കാറില്ല. ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീന്‍- ഇസ്‌റയേല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ വേണ്ടത്. അതില്ലാതെ മേഖല സമാധാനം കൈവരിക്കില്ല” -ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ ശബ്ദം ഒറ്റപ്പെട്ടുപോകുന്നതാണ് ഈ കാലത്തെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി.
References:
1. Dov Waxman, The Israeli Palestinian Conflict: What Everyone Needs to know (2019)
2. Dov Waxman, The pursuit of peace and the crisis of Israeli identity (2006)
3. Khalid El. Sheikh, Do you know: 100 facts on Palastine (1980)
4. Khalid El Sheikh, Zionism: A Tale of Terror (1969)
5. Hamid Datrashi, Post Orientalism: Knowledge & Power in Time of Terror (2010)
6. Dale F Eickelman, The Middle East: An Antropological Approach (1989)

ജൂതരും മുസ്‌ലിംകളും:മൈത്രിയും ശത്രുതയും

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ജൂതരും മുസ്‌ലിംകളും കടുത്ത ശത്രുതയിലാണ്, അതൊരു ആധുനിക രാഷ്ട്രീയ നിര്‍മിതിയാണ്. എന്നാല്‍ നൂറ്റാണ്ടുകളോളം മിത്രതയില്‍ ജീവിച്ച രണ്ടു മതവിഭാഗങ്ങളാണ് ഇവര്‍. അതിന് വസ്തുനിഷ്ഠമായ ചരിത്രവസ്തുതകള്‍ സാക്ഷ്യം പറയുന്നു. ഈ ശത്രുത നിര്‍മിച്ചത്, സഹസ്രാബ്ദത്തിലേറെ അറബ് മുസ്‌ലിംകള്‍ (ക്രൈസ്തവരും) താമസിച്ചിരുന്ന ഫലസ്തീന്‍ അമേരിക്കയും ബ്രിട്ടനും ജൂതരുടെ പൗരാണിക ഓര്‍മകളുടെ പേരില്‍ 1948-ല്‍ ജൂതര്‍ക്കായി ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയാണ്. അതിനായി അവര്‍ പ്രോത്സാഹിപ്പിച്ച മുദ്രാവാക്യമായിരുന്നു ‘ആളില്ലാത്ത നാട് നാടില്ലാത്ത ആള്‍ക്കാര്‍ക്ക്’ എന്നത്. എന്നാല്‍ ടൈറ്റസ് ജൂതരെ ഫലസ്തീനില്‍ നിന്ന് ചിതറി തെറിപ്പിച്ച ശേഷം ജൂതര്‍ ലോകത്തിന്റെ നാനാഭാഗത്ത് വ്യത്യസ്ത തൊഴില്‍ ചെയ്ത് സമാധാനത്തില്‍ ജീവിച്ചിരുന്ന സമുദായമാണ്. ആ ചിതറി പോകലില്‍ ഇന്ത്യയില്‍ വരെ ജൂതരെ അഭയം തേടാന്‍ പ്രേരിപ്പിച്ചു. കൊച്ചിയില്‍ വരെ ഇതുണ്ടായത് റോമന്‍, സ്പാനിഷ് കത്തോലിക്ക സത്തിന്റെ റീക്വണ്‍ക്വസ്റ്റിനെ തുടര്‍ന്നാണ്.
യൂറോപ്പിലെത്തിയ ജൂതര്‍ നൂറ്റാണ്ടുകള്‍ കഴിയവേ ക്രൂരമായ, നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയരായി. ലോകത്ത് വേറൊരിടത്തും ഒരു ജനതയും ജൂതരെപ്പോലെ ആക്രമിക്കപ്പെട്ടിട്ടില്ല. ഇത് യൂറോപ്പ് ജ്ഞാനോദയവും നവോത്ഥാനവും വ്യവസായവല്‍ക്കരണവും ദേശരാഷ്ട്ര രൂപീകരണവും മതേതര സ്ഥാപനവും മാനവിക മോചനവും തുടങ്ങി വന്‍ സാമൂഹ്യ – സാംസ്‌കാരിക കുതിച്ചു ചാട്ടങ്ങള്‍ക്കിടയായപ്പോഴും തുടര്‍ന്ന് പോന്നു എന്നതാണ് ദു:ഖകരമായ വസ്തുത.
ജൂതരെ യൂറോപ്പില്‍ അടിമുടി അപരരാക്കുകയായിരുന്നു വംശത്തിന്റെ പേരില്‍. അസംഖ്യം കൂട്ടക്കൊലകള്‍ റഷ്യയിലും ജര്‍മനിയിലും പോളണ്ടിലും നടന്നിട്ടുണ്ട്. ജൂതന്മാര്‍ അപരിഷ്‌കൃതരും നീചരും വഞ്ചകരുമായിരുന്നു യൂറോപ്പിന്. സാഹിത്യത്തിലും സാമൂഹ്യസങ്കല്പങ്ങളുടെയും ഭാഗമായിത്തന്നെ അത് വളര്‍ന്ന് വന്നിട്ടുണ്ട്. ഷേക്‌സ്പിയര്‍ കൃതികളിലും ഫ്രഞ്ച് ചിന്തകനായ വോള്‍ട്ടയറുടെ എഴുത്തുകളിലും ഇത് കാണാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യ നടത്തിയത് ജര്‍മനിയില്‍ വച്ച് ജൂതരെയായിരുന്നു എന്നത് ഇന്ന് വളരെയധികം പറയപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. ഏകദേശം 60 ലക്ഷം ജൂതരെ വ്യത്യസ്ത രീതിയില്‍ കൊല ചെയ്തു ഹിറ്റ്‌ലറുടെ ഉദ്യോഗസ്ഥര്‍ എന്ന് വിലയിരുത്തപ്പെടുന്നു.
ഈ വിഷയത്തെക്കുറിച്ച് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഇസ്‌റയേല്‍ പഠന വിഭാഗം തലവനായ ഡോവ് വാക്‌സ്മാന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”രണ്ടാം ലോക യുദ്ധാനന്തരം ഹോളോക്കോസ്റ്റ്‌നേക്കുറിച്ചുള്ള ചരിത്രപഠനം (ഒശേെീയശീഴൃമുവ്യ) വളര്‍ന്ന് വരികയുണ്ടായി. അതില്‍ വ്യക്തമായത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ജര്‍മനിയില്‍ നടന്ന നാസികളുടെ ജൂത കൂട്ടക്കൊലയെക്കുറിച്ച് അറിവുണ്ടായിരുന്നു. പക്ഷെ, അവര്‍ ജൂതരെ സഹായിക്കാനായി ഫലത്തില്‍ ഒന്നും ചെയ്തില്ല.”
1941 മുതല്‍ 1945 വരെയാണ് ഹിറ്റ്‌ലര്‍ നേതൃത്വം നല്‍കിയ ഹോളോക്കാസ്റ്റ് നടപ്പിലായത്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഇടപെടലില്‍ ഇത് തടയാമായിരുന്നു എന്ന് ചുരുക്കം. പക്ഷെ എങ്ങനെയാണ് തടയാനാകുക? ജൂതരുടെ രക്തക്കറ പറ്റാത്ത ഏത് യൂറോപ്യന്‍ രാജ്യത്തെയാണ് കണ്ടെത്താനാവുക? ഉണ്ടെങ്കില്‍ അത് വളരെ തുച്ഛമായിരിക്കും.
ജൂതരെ അവരുടെ പുരാതന ചരിത്രത്തിലെ ഓര്‍മയില്‍ നിന്ന് സ്വന്തമായി രാഷ്ട്രം സ്ഥാപിക്കാന്‍ സഹായിച്ചതാണ് ജൂത-മുസ്‌ലിം ശത്രുതാ നിര്‍മിതിയുടെ അടിസ്ഥാനം. ഇസ്‌റയേല്‍ രാഷ്ട്ര രൂപീകരണാനന്തരം, ആദ്യമായി ആ രാഷ്ട്രത്തെ അംഗീകരിച്ചതും നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയതും യു എസ് ആണ്. അന്നു മുതല്‍ സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ പിന്തുണ അമേരിക്ക നല്‍കിവരുന്നു, ഇന്നുവരെയും.
ചുരുക്കത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പശ്ചിമേഷ്യയെന്ന തന്ത്രപ്രധാന ഭൂപ്രദേശം നിയന്ത്രിക്കാനുള്ള ഒരു മിലിട്ടറി എക്സ്റ്റന്‍ഷന്‍ യൂണിറ്റാണ് ഇസ്‌റയേല്‍ എന്ന് കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഹമീദ് ദബാശി പറയുന്നു. യു എന്‍ സുരക്ഷാ സമിതിയില്‍ ഉപയോഗിക്കാവുന്ന വീറ്റോ പവര്‍ അമേരിക്ക ആകെ ഉപയോഗിച്ചിട്ടുള്ളത് 83 തവണയാണ്. അതില്‍ 43-ഉം ഇസ്‌റയേലിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. മേഖലയില്‍ റഷ്യ ഇടപെടാതിരിക്കുക എന്ന തന്ത്രം കൂടി അമേരിക്കന്‍ പിന്തുണയ്ക്ക് പിന്നിലുണ്ട്. അമേരിക്കയുടെ സൈനിക- സാമ്പത്തിക ശക്തിക്ഷയം ഭാവിയില്‍ തീര്‍ച്ചയായും ഇസ്‌റയേലിന്റെ അതിജീവനത്തെ ബാധിക്കും.
ഇനി ജൂതരുടെയും മുസ്‌ലിംകളുടെയും മിത്രതാ വസ്തുതകള്‍ പരിശോധിക്കാം. ജൂതരും മുസ്‌ലിംകളും തമ്മില്‍ ചരിത്രത്തില്‍ ക്രൈസ്തവരുമായുള്ളതിനേക്കാളും ബന്ധമുണ്ട് എന്നതാണ് ശ്രദ്ധേയമായ സംഗതി. നരവംശ ശാസ്ത്രപരമായി നിരവധി സമാനതകള്‍ ഇരുവര്‍ക്കുമിടയിലുണ്ട്. ഇരു വിഭാഗത്തിന്റെയും വേദഗ്രന്ഥമായ തോറയിലും ഖുര്‍ആനിലും ഏകദേശം സമാനമായ ഉള്ളടക്കമാണുള്ളത്. ജ്യുയിക് തിയോളജിയുമായി സംവദിച്ചാണ് ഇസ്‌ലാമിക് ഫിലോസഫി വളര്‍ന്ന് വന്നത്. യൂറോപ്പില്‍ ജൂതര്‍ കൂട്ടക്കൊലക്കിരയായി നാടു വിടേണ്ടി വന്നപ്പോള്‍ മിക്കപ്പോഴും അഭയം നല്‍കിയത് മുസ്‌ലിം ഭരണകൂടങ്ങളായിരുന്നു, പ്രത്യേകിച്ചും ഓട്ടോമന്‍ സാമ്രാജ്യം.
ഇസ്‌റയേലിന് പുറത്ത് ഏറ്റവുമധികം ജൂതര്‍ ജീവിക്കുന്ന മുസ്‌ലിം രാഷ്ട്രം ഇന്ന് അറബ് രാഷ്ട്രമായ മൊറോക്കോയായിരിക്കും. 1948-ല്‍ ഇസ്‌റയേല്‍ സ്ഥാപിക്കുന്ന സമയത്ത് ലക്ഷക്കണക്കിന് ജൂതര്‍ നൂറ്റാണ്ടുകളോളം ജീവിച്ചിരുന്നു അവിടെ. യൂറോപ്യന്‍ ജൂതന്‍മാരുടെ ജീവിതത്തേക്കാള്‍ സാംസ്‌കാരിക സമന്വയവും സാമൂഹ്യ ഇഴയടുപ്പവും ഉണ്ടായിരുന്നത് പശ്ചിമേഷ്യയിലായിരുന്നു എന്ന് അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റായ ഡേല്‍ എഫ് ഐക്കെല്‍മാന്‍ പറയുന്നു.
രണ്ടാം ലോക യുദ്ധാനന്തരം മൊറോക്കോയിലെ ജൂതരെ നാടുകടത്താന്‍ ശ്രമിച്ചു. ഫ്രഞ്ച് കൊളോണിയല്‍ ശക്തികളുടെ പദ്ധതിയെ തടയുകയും ജൂതര്‍ പരമ്പരാഗത തദ്ദേശീയരാണെന്നും അന്നാട്ടില്‍ തന്നെ ജൂതര്‍ക്ക് താന്‍ സംരക്ഷണം നല്‍കുമെന്നും പ്രഖ്യാപിച്ചതടക്കം മൊറോക്കോ സുല്‍ത്താനായിരുന്നു എന്നും ഐക്കല്‍മാന്‍ എഴുതുന്നുണ്ട്. ജൂതരുടെ പരമ്പരാഗത ശത്രുക്കള്‍ മുസ്‌ലിംകള്‍ ആയിരുന്നോ എന്ന വിഷയം ഗവേഷണമര്‍ഹിക്കുന്ന ഒരു മേഖലയാണ്.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x