2 Monday
December 2024
2024 December 2
1446 Joumada II 0

മൊറോക്കന്‍- ഇസ്‌റാഈല്‍ ബന്ധവും പ്രാദേശിക രാഷ്ട്രീയ പ്രതിസന്ധികളും

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്

ഫലസ്തീന്‍ സ്വാതന്ത്യ മോഹത്തിനേറ്റ മറ്റൊരു പ്രഹരമാണ് ഇസ്‌റാഈല്‍- മൊറോക്കൊ സ്വാഭാവീകരണ ബന്ധം. കൂടാതെ ആഫ്രിക്കന്‍ യൂണിയനിനുള്ളില്‍ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കാനും ഈ നീക്കം വഴിഴൊരുക്കുമെന്നതില്‍ സംശയമില്ല. പടിഞ്ഞാറന്‍ സഹാറ വിഷയത്തില്‍ മൊറോക്കൊയുടെ പുനര്‍ പ്രവേശത്തെക്കുറിച്ചു ആഫ്രിക്കന്‍ യൂണിയനില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസങ്ങളുടലെടുത്തത്. ഫലസ്തീന്‍ സ്വാതന്ത്ര്യത്തില്‍ നിന്നുള്ള പിന്മാറ്റം എന്നതിനൊപ്പം ആഫ്രിക്കന്‍ യൂനിയനിന്റെ പരമാധികാരത്തിനും ഐക്യത്തിനുമെതിരെയുള്ള നീക്കം കൂടിയാണത്.
നാലായിരം മൈലുകള്‍ക്കപ്പുറമുള്ള മൊറോക്കൊയുടെ ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം മൊറോക്കൊയുടെ പ്രാദേശിക താത്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. വര്‍ഷങ്ങളായി ഇരു രാഷ്ട്രങ്ങളും രഹസ്യമായി നല്ല നയതന്ത്ര ബന്ധമാണ് സൂക്ഷിക്കുന്നത്. യാതൊരു തടസ്സവുമില്ലാതെ ഇസ്‌റാഈലി ടൂറിസ്റ്റുകള്‍ മൊറോക്കോ സന്ദര്‍ശിക്കാറുണ്ട്. പ്രസക്തമായ പ്രാദേശിക രാഷ്ട്രീയ പ്രതിസന്ധികളും ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുമില്ല. പുതിയ നയതന്ത്രബന്ധം പരസ്യ ഇടപാടുകളായി മാറുന്നു എന്നതു മാത്രമാണ് വ്യത്യാസം. 1986-ല്‍ അന്നത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസിനെ ക്ഷണിച്ചു വരുത്തി ഇസ്‌റാഈലുമായി ചര്‍ച്ചകള്‍ക്കു ആരംഭം കുറിച്ച ആദ്യ മൊറോക്കന്‍ രാജാവ് ഹസന്‍ രണ്ടാമനാണ്.
പടിഞ്ഞാറന്‍ സഹാറ പ്രദേശങ്ങള്‍ക്കു മേലുള്ള മൊറോക്കൊയുടെ അവകാശവാദത്തെ അമേരിക്ക അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകുന്നതാണ് ഈ നയതന്ത്ര നടപടിയുടെ പ്രധാന ലക്ഷ്യം. മുന്‍ സ്പാനിഷ് കോളനിയായിരുന്ന ഈ മേഖല പതിറ്റാണ്ടുകളായി മൊറോക്കൊയുടെ അധീനതയിലാണ്.
യു എന്നും മറ്റു അന്താരാഷ്ട്ര സംഘടനകളും ഈ മേഖലയെ ‘സ്വയം ഭരണാധികാര രഹിത മേഖല’ എന്നാണ് വിളിക്കാറുള്ളത്. ഈ മേഖലയില്‍ ഹിതപരിശോധന നടത്താന്‍ യു എന്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ യൂണിയനിന്റെയും യു എന്നിന്റെയും ആവശ്യം നിരാകരിക്കുകയാണ് മൊറോക്കൊ ചെയ്തത്.
യു എന്‍ ചാര്‍ട്ടര്‍ പതിനൊന്നാം അധ്യായമനുസരിച്ചു തദ്ദേശവാസികള്‍ക്കു സ്വയം ഭരണാധികാരമില്ലാത്ത മേഖലയാണിത്. 1976-ല്‍ പോലിസാരിയോ എന്ന ദേശീയ വിമോചന പ്രസ്ഥാനം ഈ മേഖലയിലെ ചില പ്രദേശങ്ങള്‍ പിടിച്ചെടുത്തു സഹ്‌റാവീ അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്ഥാപിച്ചിരുന്നു. ആഫ്രിക്കന്‍ യൂണിയനും എന്‍പതോളം രാഷ്ട്രങ്ങളും സഹ്‌റാവീ റിപ്പബ്ലിക്കിന്റെ അധികാരത്തെ അംഗീകരിച്ചിട്ടുണ്ട്.
1973-75 കാലങ്ങളില്‍ സോവിയറ്റു യൂനിയന്റെ പിന്തുണയോടെ സ്പാനിഷ് കൊളോണിയല്‍ ശക്തിയെ ചെറുത്ത പൊലിസാരിയോ ഫ്രന്റ് മൊറോക്കന്‍ സൈന്യത്തെയും അധിനിവേശ ശക്തിയായാണ് പരിഗണിക്കുന്നത്. 1975-91 കാലങ്ങളില്‍ മൊറോക്കോയുമായി പൊരുതിയ പൊലിസാരിയോക്കു അല്‍ജീരിയയുടെ പിന്തുണയും ലഭിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ മൊറോക്കന്‍ സൈന്യം തെക്കുപടിഞ്ഞാറന്‍ സഹാറയില്‍ ആക്രമണം നടത്തിയതോടെ 1991 മുതല്‍ ഇരു കക്ഷികള്‍ക്കിടയില്‍ നിലനിന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതായ സാഹചര്യത്തില്‍ അമേരിക്കന്‍ മധ്യസ്ഥതയിലുള്ള പുതിയ നയതന്ത്രനീക്കം പ്രാദേശിക പശ്ചാത്തലം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ്. ഇസ്‌റാഈലുമായുള്ള പുതിയ ചങ്ങാത്തം പൊലിസാരിയോ ഫ്രന്റുമായുള്ള സംഘര്‍ഷത്തിനു ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ നയതന്ത്ര ഇടപാടുകളില്‍ അവസാന വാക്ക് രാജാവ് മുഹമ്മദ് ആറാമന്‍ ആയതിനാല്‍ പ്രധാന ഭരണ കക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡ് ആശയബന്ധമുള്ള ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നിരവധി ചോദ്യങ്ങള്‍ നേരിടുന്ന അവസ്ഥ സംജാതമായി. പി ജെ ഡിയും മറ്റു പാര്‍ട്ടികളും രാജാവിന്റെ നീക്കത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പടിഞ്ഞാറന്‍ സഹാറക്കുമേലുള്ള പരമാധികാരത്തിനു ഇസ്‌റാഈലുമായുള്ള ചങ്ങാത്തത്തിന്റെ ആവശ്യമില്ല എന്നാണ് അവരുടെ നിലപാട്. രാജാവിനും പാര്‍ലിമെന്റിനുമിടയില്‍ അസ്വാരസ്യങ്ങള്‍ക്കും പുതിയ വിവാദം കാരണമാകും.
യു എസ്, ഇസ്‌റാഈല്‍, യു എ ഇ, അറബ് രാഷ്ട്രങ്ങളെ ഇസ്‌റാഈലുമായി നയതന്ത്രബന്ധം ആരംഭിക്കാന്‍ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യത്തില്‍ വടക്കാഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ പ്രധാന ശക്തികളിലൊന്നായ അല്‍ജീരിയ റഷ്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇടതുപക്ഷ സംഘടനയായ പൊലിസാരിയോയുമായുള്ള റഷ്യയുടെ ബന്ധവും പ്രാദേശിക രാഷ്ട്രീയത്തില്‍ മോസ്‌കോയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
പൊതുവെ ഫലസ്തീന്‍ അനുകൂല സമീപനം സ്വീകരിക്കുന്ന അല്‍ജീരിയ അറബ് രാഷ്ട്രങ്ങളുടെ പുതിയ രാഷ്ട്രീയ പ്രവണതകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇസ്‌റാഈല്‍- മൊറോക്കോ ബന്ധത്തിലൂടെ വടക്കാഫ്രിക്കന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്താന്‍ സിയോണിസ്റ്റു രാഷ്ട്രത്തിനു സാധിക്കുമെന്നത് തീര്‍ച്ചയാണ്. സ്വാഭാവികമായ പ്രാദേശിക രാഷ്ട്രീയ സന്തുലനം സൂക്ഷിക്കാന്‍ വേണ്ടി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ അല്‍ജീരിയ തയ്യാറാകാനാണ് സാധ്യത. ആയിരക്കണക്കിനു പടിഞ്ഞാറന്‍ സഹാറ നിവാസികള്‍ ജയിലിലടക്കപ്പെടുകയും കൊല്ലപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്തിട്ടുണ്ട്. മൊറോക്കൊയുടെ അധിനിവേശത്തെത്തുടര്‍ന്നു പകുതിയിലധികവും അല്‍ജീരിയയിലാണ് അഭയം തേടിയത്. അതിനാല്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ മൊറോക്കോ- അല്‍ജീരിയന്‍ പ്രാദേശിക പ്രതിസന്ധിക്കു സാധ്യതയൊരുക്കാനിടയായേക്കും.
യു എ ഇയും ബഹ്‌റൈനും പ്രാദേശിക ശാക്തിക സന്തുലനവും സാമ്പത്തിക നേട്ടവും ലക്ഷ്യം വെച്ചാണ് ഇസ്‌റാഈല്‍ ബന്ധത്തിനു തയ്യാറായതെങ്കില്‍ സുഡാന്‍ പ്രധാനമായും അമേരിക്കയുടെ ഭീകരവാദ പട്ടികയില്‍ നിന്ന് രക്ഷപ്പെടാനാണ് നയതന്ത്ര മാറ്റത്തിന്നായി മുന്നോട്ടു വന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പശ്ചിമേഷ്യന്‍ വടക്കാഫ്രിക്കന്‍ പ്രാദേശിക രാഷ്ട്രീയത്തില്‍ ഇസ്‌റാഈലിനു അപ്രമാദിത്വം നേടിക്കൊടുക്കുന്നതില്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ തന്നെ മത്സരിക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. അതിനുമപ്പുറം ഈ കരാറുകളിലൂടെ ഫലസ്തീനിന് ഇസ്‌റാഈല്‍ തുടരുന്ന കൂട്ടക്കുരുതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പോലും ഈ രാജ്യങ്ങള്‍ക്കു സാധിക്കാതെ പോകുന്നു എന്നത് വസ്തുതയാണ്.

Back to Top