ഗ്രീക്ക് മുസ്‌ലിംകള്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍
ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്
ഗ്രീസിലെ ഇസ്‌ലാമിന്റെ സാന്നിധ്യവും മുസ്‌ലിംകളുടെ ജീവിത സാഹചര്യവും സംഘര്‍ഷ ഭരിതമായ ചരിത്ര സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. നൂറ്റാണ്ടുകളിലായി ഉസ്മാനീ ഖിലാഫത്തിന്റെ കീഴിലായിരുന്നു ഗ്രീസ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ഉസ്മാനീ ഖിലാഫത്തില്‍ നിന്ന് സ്വാതന്ത്യം നേടിയ ബാല്‍ക്കന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷമായി മാറി.
ഖിലാഫത്തിന്റെ അധീനതയിലായിരുന്നപ്പോള്‍ ബാല്‍കന്‍ പ്രദേശങ്ങള്‍ക്കു ‘മില്ലതുഘടന’ എന്ന ഉസ്മാനികളുടെ സവിശേഷമായ അധികാര വികേന്ദ്രീകരണ സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വയംഭരണാധികാരം ലഭിച്ചിരുന്നു. പിന്നീട് ഗ്രീക് രാഷ്ട്രത്തിന്റെ രൂപീകരണത്തോടെ (1829-31) ഓര്‍തഡോക്‌സ് ക്രിസ്ത്യാനിറ്റിക്ക് ഗ്രീസില്‍ ആധിപത്യം ലഭിച്ചു. കാതലിക് ക്രിസ്ത്യാനികള്‍, യഹൂദര്‍, മുസ്‌ലിംകള്‍ എന്നിവര്‍ ന്യൂനപക്ഷമായി മാറി. തെസലിയ (1881), ക്രീറ്റ്, എപിറസ്, മാസിഡോനിയ (1913), ത്രേസ് (1920), ദൊദികാനിസ് (1947) എന്നീ പ്രദേശങ്ങളും കൂടി ഗ്രീസിലേക്കു ചേര്‍ക്കപ്പെട്ടതോടു കൂടി മുസ്‌ലിംകള്‍ പ്രധാന ന്യൂനപക്ഷമായി മാറി.
1923-ല്‍ നടന്ന ലുസാനെ കരാറിലൂടെ നല്ലൊരു ശതമാനം ഗ്രീക്ക് മുസ്‌ലിംകള്‍ ആധുനിക തുര്‍ക്കിയിലേക്കു മാറ്റപ്പെട്ടതിനാല്‍ ഗ്രീസില്‍ മുസ്‌ലിം ജനസംഖ്യ ഗണ്യമായ തോതില്‍ കുറവുവന്നു. ഗ്രീക് പൗരത്വം, അഭയാര്‍ഥി പദവി എന്നീ രണ്ടു വിഭാഗങ്ങളായാണ് ഗ്രീസില്‍ മുസ്‌ലിംകള്‍ ജീവിക്കുന്നത്. ഭൂരിപക്ഷം മുസ്‌ലിംകളും സുന്നി വിഭാഗത്തിലുള്ളവരാണ്. ഒരു ചെറിയ ന്യൂനപക്ഷം അലവി ബെക്തഷീ അനുയായികളാണ്.
തുര്‍ക്കിക്കു പുറമെ അറബ് രാജ്യങ്ങള്‍, ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, ബംഗ്ലാദേശ്, ആഫ്രിക്കന്‍ വന്‍കര എന്നിവിടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം ഗ്രീസിലെ മുസ്‌ലിം ജീവിതത്തില്‍ വൈവിധ്യത്തിനു വഴിയൊരുക്കിയിട്ടുണ്ട്. 1990-കളില്‍ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ച, പശ്ചിമേഷ്യയില്‍ കുര്‍ദിഷ് പ്രദേശങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, കൂടാതെ കിഴക്കന്‍ യുറോപ്യന്‍ പ്രദേശങ്ങളിലെ തന്ത്രപ്രധാന സ്ഥാനമായി ഗ്രീസിന്റെ മാറ്റം എന്നിവയെല്ലാം ഗ്രീസിലേക്കുള്ള അഭയാര്‍ഥി പ്രവാഹം അധികരിക്കാന്‍ കാരണമായി.
ഗ്രീക്ക് മൈഗ്രന്റ് ഫോറം, പാകിസ്താനി കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍, ത്രേസിലെ യൂനിയന്‍ ഓഫ് തുര്‍കിഷ് ടീച്ചഴ്‌സ്, ദക്ഷിണ ഗ്രീസിലെ അസോസിയേഷന്‍ ഓഫ് മുസ്‌ലിംസ് എന്നിവയെല്ലാം കുടിയേറ്റ മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ബംഗ്ലാദേശ്, പാകിസ്താന്‍ മുസ്‌ലിം അസോസിയേഷനുകള്‍ പോലുള്ള കുടിയേറ്റ മുസ്‌ലിം സംഘടനകളുണ്ടെങ്കിലും ഗ്രീക് മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന്നായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അഭാവം ശ്രദ്ധേയമാണ്.
കുടിയേറ്റ മുസ്‌ലിംകള്‍ക്കിടയില്‍ അറബി, തുര്‍ക്കിഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളില്‍ പ്രസിദ്ധീകരണങ്ങള്‍ സജീവമാണ്. ബള്‍ഗേറിയയില്‍ നിന്നുള്ള സെര്‍ബിയന്‍ ഭാഷ സംസാരിക്കുന്ന പൊമാക് സ്ലാവ് മുസ്‌ലിംകള്‍ ഗ്രീസിലെ സവിശേഷ വിഭാഗമാണ്. ഗ്രീസിലെ മൂന്നാമത്തെ മുസ്‌ലിം വിഭാഗമാണ് 36% ത്തോളം വരുന്ന റോമ ജിപ്‌സികള്‍. ഭൂരിഭാഗം റോമ മുസ്‌ലിംകളും തുര്‍കിഷ് സംസാരിക്കുന്നവരാണെങ്കിലും ചെറിയൊരു ന്യൂനപക്ഷം റൊമാനി ഭാഷ സംസാരിക്കുന്നവരാണ്.
1913-ലെ ഏതന്‍സ് സന്ധി പ്രകാരം മതസ്വാതന്ത്ര്യവും അവകാശങ്ങളും നിയമത്തിനു മുമ്പില്‍ തുല്യ പദവിയും മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നു ഉറപ്പു നല്‍കിയിരുന്നു. എങ്കിലും ത്രെസില്‍ മാത്രമേ ഒരു പരിധി വരെയെങ്കിലും മുസ്‌ലിംകള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കുന്നുള്ളൂ എന്നത് ഗ്രീക് മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളിയാണ്. ഏതന്‍സിലെ മുസ്‌ലിംകള്‍ക്കായി ഖബറിസ്ഥാന്‍ പോലും അനുവദിച്ചിട്ടില്ല. മൈലുകള്‍ക്കപ്പുറമുള്ള ത്രെസിലെ ഖബറിസ്ഥാനാണ് അവര്‍ ഉപയോഗിച്ചു വരുന്നത്.
ഗ്രീക്ക് പൗരന്‍മാരല്ലാത്ത കുടിയേറ്റ മുസ്‌ലിംകള്‍ക്കു രാഷ്ട്രീയാവകാശങ്ങളില്ലാത്തതും ഗൗരവമാര്‍ന്ന വിഷയമാണ്. 1989-93 കാലങ്ങളില്‍ തുര്‍കിഷ് സ്വത്വം ഉയര്‍ത്തിക്കാട്ടി ചില മുസ്‌ലിംകള്‍ സ്വതന്ത്രരായി മത്സരിച്ചു പാര്‍ലിമെന്റിലെത്തിയത് ഗ്രീക്ക് രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിനു തിരി കൊളുത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സ്വതന്ത്ര സ്ഥാനാര്‍ഥിക്കോ ഗ്രീക്ക് പാര്‍ലിമെന്റ് പ്രവേശത്തിനു ദേശീയമായി മൂന്ന് ശതമാനത്തിലധികം വോട്ടു വേണമെന്നു നിയമ ഭേദഗതി വരുത്തിയത് ന്യൂനപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ദോസ്തു ലുക് എശിലിക് ബാരിഷ് പാര്‍ട്ടിസി എന്ന പാര്‍ട്ടിക്കു മാത്രമേ ഈ കടമ്പ കടക്കാന്‍ ഇതുവരെ സാധിച്ചിട്ടുള്ളൂ. മുസ്‌ലിംകള്‍ക്കായി മുഫ്തി പദവി അനുവദിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ആവിഷ്‌കാര പ്രവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍ ഇല്ലാത്ത ഗ്രീസ് വരുംകാലങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കു സാക്ഷിയാകുമെന്നതില്‍ സംശയമില്ല. 1990-കളില്‍ ഗ്രീസിലെ വിദ്യാഭ്യാസ പദ്ധതി പരിഷ്‌കരിക്കപ്പെട്ടതോടെയാണ് മുസ്‌ലിംകള്‍ക്കു ന്യൂനപക്ഷ പദവി ലഭിച്ചതെന്നു ഹെര്‍മ ജിന്‍ കോയും എലിസബത് സോലോതുഖിനയും (Islam at the EU Border: Muslim Minorities in Greece and Bulgaria) അഭിപ്രായപ്പെടുന്നു.
മൂന്ന് ലക്ഷത്തോളം മുസ്‌ലിംകളാണ് ഏതന്‍സില്‍ താമസിക്കുന്നത്. ഖിലാഫത്തില്‍ നിന്നും സ്വാതന്ത്ര്യം തേടാനായുള്ള 1821-ല്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ഗ്രീസിലെ മസ്ജിദുകളെല്ലാം തകര്‍ക്കപ്പെട്ടു (Konstantinos Tsitselikis The Legal Status of Islam in Greece).. ഒരു ലക്ഷത്തി അമ്പതിനായിരം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഗ്രീസിലെ ത്രെസില്‍ മാത്രമാണ് ഗവണ്‍മെന്റ് അനുവദിച്ച മസ്ജിദുകള്‍ നിലനില്‍ക്കുന്നത്.
1890 മുതല്‍ ഏതന്‍സില്‍ ഔദ്യോഗിക മസ്ജിദ് നിര്‍മാണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും നടന്നില്ല. ഗ്രീസിലെ ഒട്ടുമിക്ക മസ്ജിദുകളും പൂട്ടുകയോ മറ്റുപയോഗങ്ങള്‍ക്കായി മാറ്റിവെക്കുകയോ ചെയ്തു. പ്രസിദ്ധമായ സിസ്താരാകിസ് മസ്ജിദ് ഗ്രീക് ഫോള്‍ക് ആര്‍ട്ട് മ്യൂസിയമാക്കി മാറ്റപ്പെട്ടിരുന്നു.
1978-ല്‍ ഏതന്‍സില്‍ മസ്ജിദ് നിര്‍മിക്കാന്‍ സഊദി അറേബ്യ തയ്യാറായപ്പോള്‍ ഗ്രീക്ക് പ്രധാനമന്ത്രി കോണ്‍സ്റ്റാന്റിനോസ് കറാമാന്‍ലിസ് സമ്മതം മൂളിയെങ്കിലും പദ്ധതി നടപ്പിലാക്കിയില്ല. 2004-ലെ ഒളിമ്പിക്‌സ് മത്സര പശ്ചാത്തലത്തില്‍ ഗ്രീസിലെ ന്യൂനപക്ഷ വിരുദ്ധ സമീപനം ചര്‍ച്ചയായെങ്കിലും കാര്യമായ പ്രതിഫലനങ്ങളൊന്നും തന്നെയുണ്ടായില്ല. 2006-ല്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ മനുഷ്യാവകാശ കമീഷണര്‍ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നു ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് നിയമം പാസാക്കുകയും പതിനഞ്ചു മില്യന്‍ യൂറോ വകയിരുത്തുകയും ചെയ്‌തെങ്കിലും അടുത്ത പത്തു വര്‍ഷത്തേക്കു ഒന്നും സംഭവിക്കുകയുണ്ടായില്ല.
മസ്ജിദു നിര്‍മാണത്തിനായി നീക്കിവെച്ച ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അതില്‍ ഒമ്പതു ലക്ഷം മാത്രം ഉപയോഗിച്ചു പഴയൊരു നാവിക താവളത്തെ 350 വിശ്വാസികളെ മാത്രം ഉള്‍ക്കൊള്ളിക്കുന്ന മസ്ജിദായി പരിവര്‍ത്തിപ്പിക്കുകയാണുണ്ടായത്.
2019 സപ്തംബറിലാണ് ഗ്രീസില്‍ ആദ്യ മസ്ജിദ് നിര്‍മ്മിക്കാനുള്ള ഭരണകൂടാനുമതി ലഭിച്ചത്. ഗ്രീസിന്റെ തലസ്ഥാനത്തു മസ്ജിദ് അനുവദിക്കുന്നതിനെതിരെ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഓര്‍ത്തഡോക്‌സ് ചര്‍ച്ചും ഗ്രീക്ക് ദേശീയവാദികളുടെ എതിര്‍പ്പും ഈ മസ്ജിദ് നിര്‍മാണത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. മിനാരങ്ങളോ ഖുബ്ബയോ ഇല്ലാതെയാണ് ഇത് നിര്‍മ്മിക്കപ്പെടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും നിസ്‌കാരസ്ഥലം ഒരുക്കിയാണ് ഇവര്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു പോരുന്നത്.
ഏജിയന്‍ ദ്വീപ് അടക്കമുള്ള പ്രദേശങ്ങളിലെ മുസ്‌ലിംകളെ തുര്‍ക് ന്യൂനപക്ഷം എന്നു തുര്‍ക്കി വിശേഷിപ്പിക്കുന്നത് ഗ്രീസ് അംഗീകരിക്കാറില്ല. 1974-ല്‍ തുര്‍ക്കി ഗ്രീസിനെ ആക്രമിച്ച സാഹചര്യത്തില്‍ ഗ്രീസ് മുസ്‌ലിംകളെ ‘തുര്‍കിഷ് ന്യൂനപക്ഷം’ എന്നു തുര്‍ക്കി പ്രയോഗിച്ചതു ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം രൂക്ഷമാകാന്‍ ഇടവരുത്തി. ഗ്രീക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയുടെ കേന്ദ്രമായി കരുതപ്പെട്ടതിനാല്‍ അയാസോഫിയ വിഷയവും ഗ്രീസ്- തുര്‍ക്കി ബന്ധത്തില്‍ പോറലേല്‍പിച്ചിട്ടുണ്ട്.
വായുമാര്‍ഗം, കടല്‍മാര്‍ഗം, കിഴക്കന്‍ മെഡിറ്റനേറിയന്‍ മേഖല, 1974-ലെ തുര്‍കിയുടെ കയ്യേറ്റവും സൈപ്രസ് വിഭജനവും, തുര്‍കിഷ് സൈപ്രസിന്റെ രൂപീകരണം ഇങ്ങനെ സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഭിന്ന ചേരിയിലാണ്.
ഗ്രീക്ക് മുസ്‌ലിംകള്‍ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അതിനാല്‍ തന്നെ മികച്ച വിദ്യാഭ്യാസത്തിനും വ്യാപാരത്തിനുമായി തുര്‍ക്കിയിലേക്കുളള പലായനത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. ഈ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുതിയ തലമുറ ഗ്രീക്ക് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധതക്കെതിരെ രംഗത്തുവരുന്നുണ്ട്.
തുര്‍ക്കിയുടെയും ഗ്രീസിന്റെയും വിദേശ നയ വിവാദങ്ങള്‍ക്കിടയില്‍പ്പെട്ടു കിടക്കുകയാണ് ത്രേസിലെ മുസ്‌ലിംകള്‍. എങ്കിലും പുതിയ തലമുറ മനുഷ്യാവകാശങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമായി പൊരുതുകയാണിപ്പോള്‍. സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ തുര്‍ക്കിയുടെ സ്വാധീനം ഗ്രീക്ക് മുസ്‌ലിംകള്‍ക്കെതിരെ പ്രതിലോമ സമീപനം വര്‍ധിക്കുന്നതിലേക്കു നയിക്കുന്നുണ്ട്. മീഡിയയുടെയും ഗ്രീക്ക് ദേശീയവാദികളുടെയും തുര്‍ക്കി വിരുദ്ധതയും ഇസ്‌ലാമോഫോബിയയും ദിനംപ്രതി വര്‍ധിക്കുന്നത് ഭീതിയുണര്‍ത്തുന്നതാണ്.
സങ്കീര്‍ണമായ പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ ഗ്രീസിലെത്തുന്ന അഭയാര്‍ഥികളോടുള്ള അവരുടെ ക്രൂരമായ നയവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തീവ്ര ദേശീയവാദിയും തുര്‍കിഷ് വംശവിരുദ്ധരുമായ ദി ഗോള്‍ഡന്‍ ഡൗന്‍ പാര്‍ട്ടിയുടെ ഇലക്ഷന്‍ വിജയം ഗ്രീസിലെ വംശീയതയും ഇസ്‌ലാംഭീതിയും എത്‌നിക് ദേശീയതയുടെ വളര്‍ച്ചയും പ്രകടമാക്കുന്നുണ്ട്.`