19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

അല്‍ബേനിയന്‍ മുസ്‌ലിം ജീവിതം കമ്യൂണിസ്റ്റ് അനന്തര കാലത്ത്

ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്

യൂറോപ്പിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ അല്‍ബേനിയയുടെ ചരിത്രവും വര്‍ത്തമാനവും സംഘര്‍ഷഭരിതമാണ്. ഉസ്മാനീ ഖിലാഫത്തിന്റെ അധികാര പരിധിയില്‍ നിന്നും സ്വതന്ത്രമായ ശേഷം സ്വതന്ത്രവും സമാധാനപരവുമായ മത-സാമൂഹിക ജീവിതം നയിക്കാന്‍ അല്‍ബേനിയക്കാര്‍ക്കു സാധിക്കുന്നില്ല എന്നതാണ് വസ്തുത. എഴുപത് ശതമാനത്തോളം മുസ്‌ലിംകളും മുപ്പത് ശതമാനം ക്രിസ്ത്യാനികളും മറ്റു മതസ്ഥരും അധിവസിക്കുന്ന ഈ രാഷ്ട്രത്തില്‍ വിവിധ ചരിത്ര ഘട്ടങ്ങളിലായി ഏകാധിപത്യ ഭരണകൂടങ്ങളെ അതിജയിക്കേണ്ടി വന്നിട്ടുണ്ട്.

ഇസ്‌ലാം വ്യാപനം
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അല്‍ബേനിയയില്‍ ഇസ്‌ലാം കടന്നുവരുന്നത്. ഉസ്മാനീ സൈനിക പര്യടനം അല്‍ബേനിയയില്‍ ഇസ്‌ലാം വ്യാപനത്തിന് തുടക്കം കുറിച്ചു. അല്‍ബേനിയയുടെ വടക്കന്‍ പ്രദേശങ്ങളില്‍ റോമന്‍ കത്തോലിക്കന്‍ പ്രതിരോധം ശക്തമായതിനാല്‍ അവിടങ്ങളില്‍ ഇസ്‌ലാം വ്യാപനം ഏറെ വൈകിയാണ് സംഭവിച്ചത്. പതിനേഴാം നൂറ്റാണ്ടോടുകൂടി അല്‍ബേനിയയില്‍ ഇസ്‌ലാം ഭൂരിപക്ഷ മതമായി മാറി.
ബല്‍ഗേറിയ, സെര്‍ബിയ, വെനേഷ്യനുകള്‍, നോര്‍മനുകള്‍ തുടങ്ങി ബാല്‍ക്കന്‍ പ്രദേശങ്ങള്‍ അടക്കിവാണ പ്രാദേശിക ശക്തികള്‍ അല്‍ബേനിയന്‍ സാംസ്‌കാരിക പൈതൃകത്തെയും ഭാഷയെയും തകര്‍ത്തുകളയുമെന്ന അല്‍ബേനിയന്‍ വംശജരുടെ ഭീതി ഇസ്‌ലാമാശ്ലേഷത്തിലേക്കു നയിച്ചുവെന്നു ഫത്മീര്‍ ഷേഹു നിരീക്ഷിക്കുന്നു. (The Influence of Islam on Albanian Culture, 2011)
മില്ലതു വ്യവസ്ഥയെന്ന ഉസ്മാനികളുടെ ബഹുസ്വരമായ ഭരണസംവിധാനം അല്‍ബേനിയയിലും അസാധാരണ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതര മതവിശ്വാസികളോടും സംസ്‌കാരങ്ങളോടുമുള്ള ഉസ്മാനികളുടെ സഹിഷ്ണുത അല്‍ബേനിയയില്‍ ഇസ്‌ലാം വ്യാപനം ദ്രുതഗതിയിലാക്കിയെന്നത് വസ്തുതയാണ്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ തദ്ദേശീയമായ മറ്റു കാരണങ്ങളും ഇസ്‌ലാം വ്യാപനത്തിലേക്കു നയിച്ചിരുന്നു. ഖിലാഫത്തിനുള്ള നികുതിയില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമായി ഇസ്‌ലാമാശ്ലേഷത്തെ ചിലര്‍ കണ്ടതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോമന്‍ കത്തോലിക്കന്‍ സഭയുടെ അല്‍ബേനിയന്‍ ക്രിസ്ത്യാനികളോടുള്ള അവഗണനയും ഇസ്‌ലാം വ്യാപനത്തിലേക്കു നയിച്ചിട്ടുണ്ട്. അല്‍ബേനിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക ചിഹ്നങ്ങളും ക്രിസ്തീയ സാംസ്‌കാരിക പൈതൃകവും ഇടകലര്‍ന്നു കിടക്കുന്നു.
പൗരസ്ത്യ ദേശങ്ങളുടെ ചാരത്തു സ്ഥിതി ചെയ്യുന്ന അല്‍ബേനിയയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇസ്‌ലാമിക വ്യാപനത്തിനു സഹായിച്ചിട്ടുണ്ട്. ഉസ്മാനീ ഭരണകാലത്തു തുര്‍ക്കിഷ്, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ അല്‍ബേനിയന്‍ സാഹിത്യ സംഭാവനകളുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉഥ്മാനീ ഖിലാഫത്തിന്റെ അധികാര സംരക്ഷണത്തില്‍ സുപ്രധാന പങ്കുവഹിച്ച കോപ്രുലു കുടുംബം അല്‍ബേനിയന്‍ വംശജരാണ്.

ഖിലാഫത്തിന്റെ പതനശേഷം

1912-ല്‍ ഖിലാഫത്തിന്റെ അധികാര പരിധിയില്‍ നിന്നും സ്വതന്ത്രമായ അല്‍ബേനിയയില്‍ എഴുപത് ശതമാനം മുസ്‌ലിംകളും മുപ്പത് ശതമാനം ക്രിസ്ത്യാനികളുമായിരുന്നു. സ്വാതന്ത്ര്യാനന്തരം അഹ്‌മെത് മുഹ്തര്‍ സോഗോലി എന്ന സോഗ് രാജാവിന്റെ ഭരണത്തില്‍ (1924-1939) അല്‍ബേനിയ സെകുലര്‍ രാഷ്ട്രമായി മാറി. 1929-ല്‍ സോഗ് രാജാവ് ഇസ്‌ലാമിക നിയമം നിര്‍ത്തലാക്കുകയും കമാല്‍ അത്താതുര്‍കിന്റെ മാതൃകയില്‍ സിറ്റ്‌സര്‍ലാന്‍ഡിന്റെ നിയമപ്രകാരം സിവില്‍ കോഡ് രൂപപ്പെടുത്തുകയും ചെയ്തു. സ്വാഭാവികമായും പുതിയ ഭരണനയങ്ങള്‍ അല്‍ബേനിയയില്‍ ഏകാധിപത്യ ഭരണം ആരംഭിക്കുന്നതിലേക്കു നയിച്ചു.

1939-1944 കാലങ്ങളിലെ ഇറ്റാലിയന്‍ ജര്‍മന്‍ അധിനിവേശ ഘട്ടത്തില്‍ അല്‍ബേനിയന്‍ മുസ്‌ലിംകള്‍ ഭീതിത സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. മുസോളിനിയുടെ അധിനിവേശം (1939-1943) മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇറ്റലി ശ്രമിക്കുകയുണ്ടായി. 1943-ല്‍ ജര്‍മ്മന്‍ നാസികള്‍ അല്‍ബേനിയ അധീനപ്പെടുത്തിയപ്പോള്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ അധികരിച്ചിരുന്നു. അധിനിവേശ ശക്തിക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിച്ച മുസ്‌ലിംകള്‍ നിരവധി ജൂതരെ നാസി ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ സംഭവങ്ങള്‍ യാദ് വാശേം, ദി വേള്‍ഡ് ഹോളോകാസ്റ്റ് റിമമ്പറന്‍സ് സെന്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്യൂണിസ്റ്റ് ഭരണഘട്ടം
രണ്ടാം ലോക യുദ്ധപശ്ചാത്തലത്തില്‍ അല്‍ബേനിയയില്‍ കമ്യൂണിസ്റ്റുകള്‍ക്കു ജനകീയത ലഭിക്കുകയും 1944-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം സ്ഥാപിക്കുകയും ചെയ്തു. അന്‍വര്‍ ഹോജയുടെ (മരണം 1985) നേതൃത്വത്തില്‍ നാലു പതിറ്റാണ്ടു കാലത്തെ സോഷ്യലിസ്റ്റ് ഭരണം അല്‍ബേനിയന്‍ മതസമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണ കാലവും കൂടിയായിരുന്നു. നിരവധി മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടു. ധാരാളം മതപണ്ഡിതര്‍ അറസ്റ്റു ചെയ്യപ്പെടുകയും മതസ്വാതന്ത്ര്യം തടയപ്പെടുകയും ചെയ്തു. 1992-ല്‍ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനം വരെ ഈ സാഹചര്യം നിലനിന്നു.
ഒരു മതത്തെയും അംഗീകരിക്കുന്നില്ലെന്നും ശാസ്ത്രീയവും ഭൗതികവാദപരവുമായ ലോകവീക്ഷണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നാസ്തികത വ്യാപിപ്പിക്കുന്നതിനെ പിന്തുണക്കുമെന്നും ഭരണഘടനയിലെ 37-ാം ആര്‍ടിക്കിളില്‍ ഉള്‍പ്പെടുത്തിയിരുന്നു. നവജാത ശിശുക്കള്‍ക്കു മത പ്രാധാന്യമുള്ള നാമീകരണം തടയാനായി ഭരണകൂടം പേരുകളുടെ ഡിക്ഷനറിപോലും പ്രസിദ്ധീകരിച്ചിരുന്നു. മസ്ജിദുകളിലേക്കുള്ള പ്രവേശം തടയപ്പെടുകയും ക്രമേണ അവ അടച്ചിടുന്ന സാഹചര്യം രൂപപ്പെടുത്തുകയും ചെയ്തു. മിക്ക മസ്ജിദുകളുടെയും മിനാരങ്ങള്‍ തകര്‍പ്പെട്ടു. മതവിശ്വാസം പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കുന്നവര്‍ക്കു പത്തു വര്‍ഷം വരെയെങ്കിലും ജയില്‍ ശിക്ഷ ലഭിക്കുമെന്ന നിയമം കൊണ്ടുവന്നു. മുസ്‌ലിം ജീവിതത്തിന്റെ സാധാരണ പദപ്രയോഗങ്ങളായ മാഷാ അല്ലാഹ്, ഇന്‍ഷാ അല്ലാഹ് എന്നിവ പോലും പൊതുയിടങ്ങളില്‍ ഉച്ചരിക്കാന്‍ അവര്‍ ഭയപ്പെട്ടുവെന്നു അര്‍ബന്‍ കുല്ലോലി എഴുതുന്നു.(Proselytization in Albania by Middle Eastern Islamic Organizations, 2009)
അല്‍ബേനിയന്‍ സമൂഹത്തില്‍ മതസ്വാധീനം ഇല്ലാതാക്കുന്ന കാമ്പയിനിന്റെ ഭാഗമായി നിരീശ്വരവാദ പ്രചാരണ പരിപാടികള്‍ കമ്യൂണിസ്റ്റുകള്‍ അനുസ്യൂതം തുടര്‍ന്നു. മതസാഹിത്യങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കപ്പെട്ടു. സകലവിധ ഭരണകൂട സംവിധാനങ്ങളെയും മതവിരുദ്ധതയുടെ വ്യാപനത്തിനായി അവര്‍ ഉപയോഗിച്ചിരുന്നു.
പൂര്‍ണ നാസ്തിക സമൂഹത്തിന്റെ സംസ്ഥാപനം എന്നത് അന്‍വര്‍ ഹോജയുടെ ലേബര്‍ പാര്‍ട്ടിയുടെ പ്രധാന നയങ്ങളിലൊന്നായിരുന്നു. ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിന്റെ മറപിടിച്ചു അന്‍വര്‍ ഹോജ അല്‍ബേനിയന്‍ മതവിശ്വാസികള്‍ക്കെതിരെ നടത്തിയ യുദ്ധം നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമായി. മനുഷ്യമനസ്സുകളെ വിഷമയമാക്കുന്നു എന്നാരോപിച്ചു നിരവധി മത സ്ഥാപനങ്ങള്‍ കമ്യൂണിസ്റ്റുകള്‍ തകര്‍ത്തുകളഞ്ഞു. ഇക്കാലയളവില്‍ അനേകം മതപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തു. ആദ്യത്തെ നാസ്തിക രാജ്യം എന്ന പദവി അവര്‍ സ്വയം സ്വീകരിച്ചു.
അലവി, ബെക്തഷീ, സുന്നീ വിഭജനം രൂക്ഷമാകുന്ന തരത്തിലുള്ള നയങ്ങളാണ് കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിച്ചത്. മതവിരുദ്ധ നയങ്ങള്‍ ഊര്‍ജിതമാക്കിയ കമ്യൂണിസ്റ്റ് ഭരണകൂടം സാമൂഹികയിടങ്ങളില്‍ നിന്നും മതസാന്നിധ്യത്തെ ഇല്ലാതാക്കാനുള്ള നടപടികള്‍ കൈകൊണ്ടു. സ്വകാര്യയിടങ്ങളില്‍ മാത്രം മതാചാരങ്ങള്‍ പ്രകടിപ്പിക്കണമെന്ന നയം നടപ്പിലാക്കാന്‍ തുടങ്ങി. ഭരണഘടനയുടെ പതിനെട്ടാം ആര്‍ട്ടിക്കിളില്‍ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെങ്കിലും മതവിശ്വാസികളുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘാടനം നിരോധിച്ചു. 1945 മുതല്‍ ഹജ്ജ് തീര്‍ഥാടനം പോലും നിരോധിക്കപ്പെട്ടിരുന്നു.
മസ്ജിദുകള്‍, ചര്‍ച്ചുകള്‍, സൂഫി കേന്ദ്രങ്ങള്‍ എന്നിവ പൊതു ആവശ്യങ്ങള്‍ക്കായി വകയിരുത്തപ്പെട്ടു. ഭൂരിപക്ഷം മസ്ജിദുകളും തകര്‍ത്തെങ്കിലും 18-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട എദ്ഹം ബെയ് മസ്ജിദ് സാംസ്‌കാരിക പൈതൃകമായി സൂക്ഷിച്ചു. വിദേശ മുസ്‌ലിം പ്രതിനിധികള്‍ക്കു ആരാധനക്കായി ഈ മസ്ജിദ് ഒരുക്കിയിരുന്നെങ്കിലും തദ്ദേശീയര്‍ക്കു പ്രവേശനം നിരോധിച്ചിരുന്നു. മറ്റു മസ്ജിദുകളും ചര്‍ച്ചുകളും സൂഫി കേന്ദ്രങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി വകയിരുത്തപ്പെട്ടു.
കമ്യൂണിസ്റ്റ് ഭരണം മുസ്‌ലിം സാമൂഹിക ജീവിതത്തെയും സാംസ്‌കാരിക പൈതൃകത്തെയും തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി മുസ്‌ലിം അസ്തിത്വത്തിന്റെ സാമൂഹിക പ്രാതിനിധ്യത്തില്‍ ഗണ്യമായ കുറവുവന്നു. ജനസംഖ്യയില്‍ മുപ്പതു ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനു ഉന്നത സാമൂഹിക സ്ഥാനം ലഭിക്കുന്നത് യൂറോപ്യന്‍ ഭൗമ രാഷ്ട്രീയത്തിന്റെ പശ്ചാത്തലവും മുസ്‌ലിം വിരുദ്ധതയും രാഷ്ട്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ടാണെന്ന് അയ്ദിന്‍ ബാബുന നിരീക്ഷിക്കുന്നുണ്ട്. (Albanian National Identity and Islam in the Post Communist Era, 2012)

കമ്യൂണിസ്റ്റ് പതനവും രാഷ്ട്രീയ മാറ്റങ്ങളും

1985-ല്‍ ഏകാധിപതി അന്‍വര്‍ ഹോജയുടെ മരണത്തിനു ശേഷം മതസ്വാതന്ത്യത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ ദുര്‍ബലമാകാനാരംഭിച്ചു. തലസ്ഥാന നഗരിയായ തിരാനയില്‍ സ്ഥാപിച്ചിരുന്ന അന്‍വര്‍ ഹോജയുടെ പ്രതിമ തകര്‍ക്കപ്പെട്ടത് കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു. അതേ വര്‍ഷം മത സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1990-ല്‍ സ്ഥാപിതമായ ദി ഡെമോക്രാറ്റിക് പാര്‍ട്ടി (ഡി പി) അല്‍ബേനിയയിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായി മാറി. കമ്യൂണിസ്റ്റ് വിരുദ്ധത ശക്തമായ അല്‍ബേനിയയില്‍ സുന്നീ നേതാക്കളുടെ പിന്തുണ ‘ഡി പി’ക്ക് സഹായകമായി വര്‍ത്തിച്ചു. 1992-ലെ ഇലക്ഷനില്‍ ഭൂരിപക്ഷം ലഭിക്കാന്‍ മുസ്‌ലിം നേതൃത്വത്തിന്റെ രാഷ്ട്രീയ പിന്തുണ പ്രധാന കാരണമായി.
സാലി ബെരിഷയുടെ നേതൃത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിശ്വാസികളുടെ മതാസ്തിത്വം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളെ അനുകൂലിച്ചു. 1991-ല്‍ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി കരാറുണ്ടാക്കി. ഇക്കാലയളവില്‍ തന്നെ ഒ ഐ സിയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഒ ഐ സി അംഗത്വം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഭരണഘടനാവിരുദ്ധവും അല്‍ബേനിയയുടെ യൂറോ അറ്റ്‌ലാന്റിക് സ്വഭാവത്തെ ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്ന് സോഷ്യലിസ്റ്റുകള്‍ വാദിച്ചിരുന്നു.
കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനശേഷം സഊദി അറേബ്യ, കുവൈത്ത് അടക്കം അറബ് രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായവും വിദ്യാഭ്യാസ സംരംഭങ്ങളും അല്‍ബേനിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക ഉണര്‍വ്വ് ലഭിക്കാന്‍ ഹേതുവായി. മുസ്‌ലിം ജീവിത പരിസരങ്ങളില്‍ റമദാന്‍, പെരുന്നാളുകള്‍, നൗറൂസ് ആഘോഷങ്ങള്‍ എന്നിവയെല്ലാം വീണ്ടും സജീവമാകാനാരംഭിച്ചു.
1992-ല്‍ മാറിയ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒ ഐ സിയുടെ അംഗമായിത്തീര്‍ന്ന അല്‍ബേനിയക്ക് സഊദി അറബ്യയെ പോലുള്ള രാഷ്ട്രങ്ങളില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ തന്നെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കും അല്‍ബേനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഊദി അറേബ്യക്ക് പുറമെ ഈജിപ്ത്, തുര്‍ക്കി, മലേഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഉന്നത പഠനത്തിനായി പോയിത്തുടങ്ങി. ഈ പ്രവണതകള്‍ രാഷ്ട്രത്തില്‍ ഇസ്‌ലാമിക ഉണര്‍വിനു സഹായകമായി വര്‍ത്തിച്ചു. അതിനുമപ്പുറം രാജ്യത്തെ ഇസ്‌ലാമിക മാനങ്ങളില്‍ വൈവിധ്യം രൂപപ്പെടാനും ഈ യാത്രകള്‍ വഴിയൊരുക്കിയിട്ടുണ്ട്.
1923 മുതല്‍ അല്‍ബേനിയന്‍ മുസ്‌ലിം ജീവിതത്തെ നിയന്ത്രിക്കുന്ന സ്വതന്ത്ര സംഘടനയാണ് മുസ്‌ലിം കമ്യൂണിറ്റി ഓഫ് അല്‍ബേനിയ (എം സി എ). 1991-ല്‍ അല്‍ബേനിയന്‍ മുസ്‌ലിം കമ്യൂണിറ്റിയുടെ അസ്തിത്വം അംഗീകരിക്കപ്പെട്ടതോടെ ഹാഫിസ് സബ്‌രി കോചി ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തിജാനീ ത്വരീഖതിന്റെ ശൈഖും അല്‍ബേനിയന്‍ മുഫ്തിയുമായിരുന്ന ഹാജി ഹാഫിസ് സബ്‌രി കോചിയെ (1921-2004) അന്‍വര്‍ ഹോജ 23 വര്‍ഷം കാരാഗൃഹത്തിലടച്ചിരുന്നു. മുസ്‌ലിം കമ്യൂണിറ്റി മുപ്പത്തിയൊന്നു മുഫ്തി പദവികള്‍, ഏഴു പ്രധാന മതസ്ഥാപനങ്ങള്‍, ബദര്‍ സര്‍വകലാശാല എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നു (ജോച്ചെന്‍ ടോപ്‌ഫെര്‍, മുസ്‌ലിംസ് ലോ ആന്റ് റിലീജ്യസ് ഫ്രീഡം ഇന്‍ അല്‍ബേനിയ, 2019)

ഹാഫിസ് സബ്‌രി കോചിയുടെ മരണശേഷം ഹാജി സലീം മൂച, സ്‌കെന്ദര്‍ ബ്രുചാജ് എന്നിവര്‍ ഗ്രാന്റ് മുഫ്തികളായി നിയമിക്കപ്പെട്ടു. നിലവില്‍ ബുജാര്‍ സ്പാഹിയു ആണ് ഗ്രാന്റ് മുഫ്തി. 1993-ല്‍ തിരാനയില്‍ സംഘടിപ്പിക്കപ്പെട്ട ആറാം ലോക ബെക്തഷീ സമ്മേളനം ശീഈകളുടെ പുനര്‍സംഘാടനത്തിനു നാന്ദികുറിച്ചു. ശീഈ- സുന്നി വിഭജനം പ്രകടമായ അല്‍ബേനിയയില്‍ ബെക്തഷീ ത്വരീഖതു മുഖേന മുസ്‌ലിം ജനതയില്‍ സ്വാധീനം ചെലുത്താന്‍ ശീഈകള്‍ ശ്രമിക്കുന്നുണ്ട്. അല്‍ബേനിയന്‍ മുസ്‌ലിംകള്‍ നിരവധി പത്രങ്ങളും വിവിധ സഹകരണ സംഘങ്ങളും സ്ഥാപിച്ചു. 1996-ല്‍ അല്‍ബേനിയന്‍ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക വ്യവഹാരങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ റമീസ് സെകാജിന്റെ നേതൃത്വത്തില്‍ അല്‍ബേനിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ആന്‍ഡ് സിവിലൈസഷന്‍ സ്ഥാപിച്ചു. അല്‍ബേനിയന്‍ അസ്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ വായിക്കുക എന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്.

സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യം
1992-97 കാലത്തെ സാലി ബെരിശയുടെ ഭരണം അവസാനിപ്പിച്ചു അധികാരത്തിലേറിയ സോഷ്യലിസ്റ്റു പാര്‍ട്ടി (എസ് പി) കമ്യൂണിസ്റ്റ് ഭരണശൈലി വീണ്ടുമേറ്റെടുത്തു. പുതിയ ഭരണകൂടം ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തി. 1997-ല്‍ ഇറാനില്‍ നടന്ന ഒ ഐ സി കോന്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. എങ്കിലും സാമ്പത്തിക സഹായം പ്രതീക്ഷിച്ചുകൊണ്ടു ഇസ്‌ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്കുമായുള്ള ബന്ധം നിലനിര്‍ത്തി. മുസ്‌ലിം രാഷ്ട്രങ്ങളുമായ ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറം മറ്റൊരു വിധ ഇടപാടുകള്‍ക്ക് സോഷ്യലിസ്റ്റുകള്‍ തയ്യാറായില്ല. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനാണ് അവര്‍ ആഗ്രഹിച്ചത്. ഡെമോക്രാറ്റിക് ഭരണകൂടം മുഖേന രൂപപ്പെട്ട ഇസ്‌ലാമിക അവബോധത്തെ ഇല്ലാതാക്കാന്‍ കാമ്പയിന്‍ തന്നെ സോഷ്യലിസ്റ്റുകള്‍ ആരംഭിച്ചു. രാജ്യത്തു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒട്ടുമിക്ക അറബ് ഇസ്‌ലാമിക സ്ഥാപനങ്ങളും അടച്ചുപൂട്ടി. സോഷ്യലിസ്റ്റു പാര്‍ട്ടി പൊതുജന വ്യവഹാരങ്ങളില്‍ ഇസ്‌ലാം വിരുദ്ധത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. കമ്യൂണിസ്റ്റ് വിദ്യാഭ്യാസ സംവിധാനത്തിലൂടെ കടന്നു വന്ന മുഖ്യധാര ബുദ്ധിജീവികള്‍ അല്‍ബേനിയയുടെ യൂറോപ്യന്‍ ഉദ്ഗ്രഥനത്തിനും ജനാധിപത്യ വാഴ്ചക്കും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമായാണ് ഇസ്‌ലാമിനെ വീക്ഷിക്കുന്നത്.
നൂറ്റാണ്ടുകളോളം അധികാരംവാണ ഉസ്മാനി ഖിലാഫത്തിന്റെ ചരിത്രപശ്ചാത്തലവും ഇസ്‌ലാം വിരുദ്ധതയെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്നു. മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള തീവ്രവാദവും ഉസ്മാനീ ചരിത്രപശ്ചാത്തലത്തെക്കുറിച്ച വികല ചിത്രവും സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ പ്രസക്ത പാഠ്യവിഷയങ്ങളാണ്. 9/11 നു ശേഷം ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ അമേരിക്ക തുടക്കമിട്ട മുസ്‌ലിംവേട്ടയില്‍ അല്‍ബേനിയയും പങ്കുവഹിച്ചു. ഭരണകൂടത്തിന്റെ അസാധാരണ നിരീക്ഷണത്തിനു വിധേയമാകുന്നതില്‍ മുസ്‌ലിം സമൂഹത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷ മുസ്‌ലിം രാഷ്ട്രമാണെങ്കിലും അധികാരികളുടെ ഇസ്‌ലാം ഭീതി അല്‍ബേനിയയില്‍ ഭീകരമായ സാമൂഹികരാഷ്ട്രീയ സാഹചര്യം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കിടയിലും ബെക്തശികള്‍ക്കിടയിലും കൂടുതല്‍ സ്വാധീനമുണ്ട്. ഗ്രീസ്, മാസിഡോണിയ പോലെ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത് എന്നു ഇന മെര്‍ജനോവ നിരീക്ഷിക്കുന്നു. (Religion in Post Communist Albania, 2004) മുസ്‌ലിം ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാറില്ല. അതിനാല്‍ തന്നെ പലപ്പോഴും ഇസ്‌ലാം ഭീതി വളര്‍ത്തുന്നതില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പങ്കും ശ്രദ്ധേയമാണ്.
മുസ്‌ലിം രാഷ്ട്രങ്ങളില്‍ സഊദി അറേബ്യയും തുര്‍ക്കിയും നടത്തുന്ന സോഫ്റ്റ് പവര്‍ നയതന്ത്ര ഇടപെടലുകള്‍ അല്‍ബേനിയന്‍ മുസ്‌ലിംകള്‍ക്കിടയിലും ദൃശ്യമാണ്. ദിയാനെതും തുര്‍ക്കിയുടെ പ്രധാന ചാരിറ്റി സംഘടനയായ തുര്‍ക്കിഷ് കോഓപ്പറേഷന്‍ ആന്‍ഡ് കോഓര്‍ഡിനേഷന്‍ ഏജന്‍സിയും (ടി ഐ കെ എ) നടത്തുന്ന സാമ്പത്തിക സഹായ സഹകരണങ്ങളും സഊദി അറേബ്യയുടെ ഇടപെടലുകളും അല്‍ബേനിയയില്‍ ഊര്‍ജിതപ്പെട്ടിട്ടുണ്ട്. സഊദി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ സ്വാഭാവികമായും സലഫി വീക്ഷണം അല്‍ബേനിയയില്‍ പ്രചരിപ്പിക്കുന്നതില്‍ നേതൃത്വം വഹിച്ചു. പ്രമുഖ പണ്ഡിതനും അല്‍ബേനിയന്‍ വംശജനുമായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയുടെ (1914-1999) സലഫി ചിന്താധാരക്കു അല്‍ബേനിയയില്‍ സവിശേഷ സ്ഥാനമാണുള്ളത്. ഉസ്മാനി തുര്‍ക് പാരമ്പര്യമുള്ള സൂഫി ത്വരീഖത്തുകളുടെയും സാന്നിധ്യം അല്‍ബേനിയന്‍ മുസ്‌ലിം സമൂഹത്തില്‍ നിരവധി മതസംവാദങ്ങള്‍ക്കു സാഹചര്യമൊരുക്കുന്നുണ്ട്. സ്വാഭാവികമായും സൂഫീ വീക്ഷണത്തിന് മേല്‍ക്കയ്യുള്ള മുസ്‌ലിം കമ്യൂണിറ്റി ഓഫ് അല്‍ബേനിയയെ അംഗീകരിക്കാന്‍ സലഫികള്‍ തയ്യാറായിട്ടില്ല. എം സി എ പിളര്‍ന്നു രൂപം കൊണ്ട ദി ലീഗ് ഓഫ് അല്‍ബേനിയന്‍ ഇമാംസ് ഈ വീക്ഷണം പുലര്‍ത്തുന്ന സംഘടനയാണ്. ഈ വിഭാഗം തുര്‍ക്കിയുടെ ഇസ്‌ലാമിക സമീപനത്തെ എതിര്‍ക്കുന്നു. സലഫിധാരയുടെ സാന്നിധ്യത്തെ ‘അറബ് ഇസ്‌ലാമിന്റെ സ്വാധീനം’ എന്ന രീതിയിലാണ് വീക്ഷിക്കപ്പെടുന്നത് എന്ന് അല്‍ത്തിന്‍ റജിമി എഴുതുന്നു(Albanian Muslims Grapple with Religious Identity, 2010)
അല്‍ബേനിയന്‍ രാഷ്ട്രീയ മണ്ഡലത്തിലെ ഒട്ടുമിക്ക നേതാക്കളും സെകുലരിസത്തിന്റെ പ്രാധാന്യത്തെ മുസ്‌ലിംകളോടു ഇടക്കിടെ ഉണര്‍ത്താറുണ്ട്. 2005-ല്‍ പ്രസിഡന്റ് ആല്‍ഫ്രെഡ് മൊയ്‌സു പൊള്ളയായ മതമാണ് ഇസ്‌ലാം എന്നു പ്രസ്താവിച്ചത് കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതാണ്. ഇസ്‌ലാമിന്റെ ഭരണകൂട ഭാഷ്യം നടപ്പിലാക്കാന്‍ എം സി എയും ഉപയോഗപ്പെടുത്താറുണ്ട്. അറോള്‍ദ എല്‍ബസാനിയുടെ പഠനത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിം ജീവിതത്തെയും ജനാധിപത്യവല്‍ക്കരിക്കാനുള്ള അല്‍ബേനിയന്‍ ഭരണകൂടങ്ങളുടെ വ്യഗ്രതയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് (State
organised Religion and Muslims Commitment to Democracy in Albania, 2016).
1991-ല്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയില്‍ അല്‍ബേനിയയുടെ സെക്കുലര്‍ രാഷ്ട്രപദവി , മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം എന്നിവ എഴുതി ചേര്‍ത്തിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മതസ്വാതന്ത്ര്യം ഇപ്പോഴും വിവാദവിഷയമാണ്. മതപരിവര്‍ത്തനം അല്‍ബേനിയന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇസ്‌ലാം വ്യാപനം അല്‍ബേനിയന്‍ സമൂഹത്തിന്റെ ഉന്നമനത്തിനു സഹായകമാകുമെന്നു പ്രമുഖ എഴുത്തുകാരന്‍ ഇസ്മാഈല്‍ കാദറെ നിരീക്ഷിക്കുന്നു. എന്നാല്‍ ലെഫ്റ്റിസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ ദിനപത്രം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നു ആവശ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.
മസ്ജിദ്, ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നിര്‍മാണവും പുനര്‍ സംഘാടനവും അല്‍ബേനിയന്‍ മുസ്‌ലിംകളുടെ പ്രധാന വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്നു. അല്‍ബേനിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായതിനാലാണ് തുര്‍ക്കിയെപ്പോലെ യുറോപ്യന്‍ യൂണിയന്‍ അംഗത്വം ലഭിക്കാത്തതിന്റെ പ്രധാന കാരണമെന്ന നീരീക്ഷണം നിലനില്‍ക്കുന്നുണ്ട്. അല്‍ബേനിയന്‍ മുസ്‌ലിംകളുടെ വിശ്വാസ വീക്ഷണ വൈജാത്യങ്ങളെയും ശൈലികളെയും അവമതിക്കുന്ന തരത്തില്‍ നിരവധി രചനകളും പുറത്തിറങ്ങുന്നുണ്ട്. 2008-ല്‍ മിറാന്‍ഡ വിക്കെഴ്‌സ് എഴുതിയ ഇസ്‌ലാം ഇന്‍ അല്‍ബേനിയ എന്ന കൃതിയുടെ ഉള്ളടക്കത്തെ നിശിതമായി വിമര്‍ശിക്കുന്ന ദി മുസ്‌ലിം ഫോറം ഓഫ് അല്‍ബേനിയയുടെ പ്രസ്താവന ശ്രദ്ധേയമാണ്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും മുസ്‌ലിംകള്‍ക്കുപോലും മതസ്വാതന്ത്ര്യം സമാധാനപരമായി അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്നത് ഗൗരവമാര്‍ന്ന വിഷയമാണ്.

2.3 4 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x