വെട്ടുകിളികള്‍
ഡോ. പി എം മുസ്തഫ കൊച്ചിന്‍
”ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ മറ്റു ചില ഭാഗങ്ങള്‍ വ്യാഖ്യാനിക്കുന്നു” (അല്‍ഖുര്‍ആന്‍ യുഫസ്സിറു ബഉ്ദുഹു ബഉ്ദാ) എന്നത് ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിന്റെ (ഉലൂമുത്തഫ്‌സീര്‍) തത്വങ്ങളില്‍ ഒന്നാണ്. ഖുര്‍ആന്‍ വ്യക്തത വരുത്തല്‍ (ബയാനുല്‍ഖുര്‍ആന്‍) ബാധ്യത അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു മുഹമ്മദ് നബി(സ)യോട് പറയുന്നു: ”നീ ഖുര്‍ആനില്‍ ധൃതിപിടിച്ച് നിന്റെ നാവ് ചലിപ്പിക്കേണ്ടതില്ല. അതിനെ സമാഹരിക്കലും അതിനെ വായിച്ചുതരലും നമ്മുടെ കടമയാണ്. ആകയാല്‍ അത് നാം വായിച്ച് തന്നാല്‍ അതിന്റെ വായനയെ നീ അനുധാവനം ചെയ്യുക. പിന്നെ അത് വിവരിച്ചുതരികയെന്നതും നമ്മുടെ കടമയാണ്.” (74:16-19). ഇതിനെ അടിവരയിടുന്ന രൂപത്തില്‍ സൂറതുല്‍ബഖറയില്‍ പറയുന്നു: ”ജാഗ്രത പുലര്‍ത്താനായി അല്ലാഹു അവന്റെ ആയത്തുകളെ ജനങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊടുക്കുന്നു.” (2:187)
വെട്ടുകിളിയും ഉയിര്‍ത്തെഴുന്നേല്പും
ഖുര്‍ആനിലെ 101-ാം അധ്യായം ആരംഭിക്കുന്നത് ഒരു സാങ്കേതിക പദംകൊണ്ടാണ്. ”അല്‍ഖാരിഅ; എന്താണ് അല്‍ഖാരിഅ? അല്‍ഖാരിഅ എന്നാല്‍ എന്ത് എന്ന് നിനക്ക് തിരിയുമോ?” (ഖാരിഅ 1-3). മുട്ടിയലയ്ക്കുന്ന ഘോരശബ്ദമെന്നോ ഭയങ്കരസംഭവമെന്നോ അല്‍ഖാരിഅയ്ക്ക് ഭാഷാര്‍ഥം പറയാമെങ്കിലും തൊട്ടുടനെയുള്ള വാക്യങ്ങളില്‍ തന്നെ അല്ലാഹു ആ സാങ്കേതിക സംജ്ഞയെ ഒരു നാളെന്ന് നിര്‍വചിക്കുന്നുണ്ട്. ”മനുഷ്യന്‍ ചിതറിയ പാറ്റകള്‍ (ഫറാശ്) പോലെയും കുന്നുകള്‍ കടഞ്ഞ കമ്പിളിരോമങ്ങള്‍ പോലെയും ആയിത്തീരുന്ന നാളാണത്.” (101:4,5)
പാറ്റകള്‍ക്ക് പൊതുവായി ഉപയോഗിക്കുന്ന ഫറാശ് എന്ന പദത്തെ അല്ലാഹു തന്നെ വെട്ടുകിളിക്ക് പ്രത്യേകമായി ഉപയോഗിക്കുന്ന ജറാദ് എന്ന വാക്കുകൊണ്ട് സൂറത്തുല്‍ഖമറിലൂടെ കൃത്യതയും വ്യക്തതയും വരുത്തുന്നുണ്ട്. ”ദൈ ന്യതമുറ്റിയ ദൃഷ്ടികളുമായി കല്ലറകളില്‍ നിന്ന് പരന്ന് ചിതറിയ വെട്ടുകിളികളെന്ന പോലെ മനുഷ്യര്‍ പുറപ്പെട്ടുവരും” (54:7). സംഖ്യാധിക്യവും ഛിന്നഭിന്നമായ ഗമനാഗമനവും സ്വന്തം കാര്യം നോക്കലും അന്ത്യനാളിലെ മനുഷ്യാവസ്ഥയെ ഉപമിക്കുന്ന വെട്ടുകിളികളിലും നമുക്ക് കാണാം. ഇത്തരം അവസ്ഥകള്‍ വ്യക്തമാക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ താഴെ കൊടുക്കാം.
”അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറെെടുന്നതാണ്. അവരുടെ കര്‍മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായി” (99:6)
”കുഴിമാടങ്ങള്‍ ചിതറിക്കപ്പെടുമ്പോള്‍.” (82:4). ”അവന്‍ അറിയുന്നില്ലേ? കുഴിമാടങ്ങളിലുള്ളത് ചിതറിക്കപ്പെടുമ്പോള്‍.” (100:9)
”കാഹളത്തില്‍ ഊതപ്പെട്ടാല്‍, അന്ന് അവര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ പരസ്പരം അന്വേഷിക്കുകയുമില്ല” (23:101). ”അസ്സ്വാഖാ വന്നെത്തിയാല്‍, അതായത് മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും സഹധര്‍മിണിയെയും മക്കളെയും വിട്ടോടിപ്പോകുന്ന നാള്‍. അവരില്‍ ഓരോ മനുഷ്യനും തനിക്ക് പര്യാപ്തമാവുന്ന കാര്യം അന്ന് ഉണ്ടായിരിക്കും.” (80:33-37)
‘ആകാശം ഉരുകിയ ലോഹം പോലെയും കുന്നുകള്‍ കടഞ്ഞ കമ്പിളിരോമം പോലെയും ആവുന്ന നാള്‍. ഒരു ആത്മമിത്രവും മറ്റൊരു ആത്മമിത്രത്തോട് യാതൊന്നും അന്വേഷിക്കുകയില്ല. അവര്‍ക്ക് പരസ്പരം കാണിച്ചുകൊടുക്കപ്പെടും. തന്റെ മക്കളെയും സഹധര്‍മിണിയെയും സഹോദരനെയും തനിക്ക് അഭയമായ തന്റെ കുടുംബത്തെയും ഭൂമിയിലെ മുഴുവന്‍ ഭൂവാസികളെയും മോചനമൂല്യമായി നല്‍കിക്കൊണ്ട് ആ നാൡല ശിക്ഷയില്‍ നിന്ന് മോചനം തേടുകയും എന്നിട്ട് അവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന് കുറ്റവാളി മോഹിക്കും.” (70:8-14)
”നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചപോലെ തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഏകാകിയായി വന്നെത്തിയിരിക്കുന്നു” (6:94). ”ഉയിര്‍ത്തെഴുന്നേല്പ് നാളില്‍ അവന്റെയടുക്കല്‍ അവര്‍ ഓരോരുത്തരും ഏകാകിയായി വരുന്നതാണ്” (19:95). ”അന്ത്യസമയം വരിക തന്നെ ചെയ്യും. അതിന് യാതൊരു സംശയവുമില്ല. കുഴിമാടങ്ങളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുകയും ചെയ്യും” (22:7)
വെട്ടികിളി ശിക്ഷാബാധ
മൂസാ(അ)യുടെ കാലത്ത് ഫിര്‍ഔനും സമൂഹത്തിനും നേരെ വ്യക്തമായ ദൃഷ്ടാന്തം അല്ലാഹു അയച്ചിരുന്നതില്‍ വെട്ടുകിളികളുമുണ്ടായിരുന്നു. അതിനെ സംബന്ധിച്ച് രിജ്‌സ് എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. (7:134, 135). ബാധ എന്നര്‍ഥമാണ് അതിനുള്ളത്. ശിക്ഷ എന്നര്‍ഥം വരുന്ന പദം അദാബ് ആണ്. അതിന്റെ ഒരിനമാണ് രിജ്‌സ്. ബാധയാലുള്ള ശിക്ഷ (അദാബുന്‍ മിന്‍ രിജ്‌സ്) എന്ന ഖുര്‍ആനിക പ്രയോഗം (34:5, 45:11) നമ്മെ ബോധ്യപ്പെടുത്തുന്നു. മാത്രമല്ല, പിശാച് ബാധയെപ്പറ്റി രിജ്‌സുശൈത്വാന്‍ (8:11) എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുമുണ്ട്. ശിക്ഷയുടെ വിവിധ രീതികളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ നിങ്ങളുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ (അദാബ്) അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്ന കക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കാനും പീഡനം (ബഉ്‌സ്) അനുഭവിപ്പിക്കുകയും ചെയ്യാന്‍ ശേഷിയുള്ളവനാണ് അവന്‍ (അല്ലാഹു).” (6:65)
ഖുര്‍ആന്‍ പറയുന്നു: ”ജലപ്രളയം, വെട്ടുകിളികള്‍, പേനുകള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹന്ത നടിച്ചു. കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു. ബാധ (രിജ്‌സ്) അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മൂസാ, നിന്റെ സംരക്ഷകന്‍ നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്കുവേണ്ടി അവനോട് നീ പ്രാര്‍ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ബാധ (രിജ്‌സ്) നീ അകറ്റിത്തരുന്നപക്ഷം നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയും ഇസ്‌റാഈല്‍ സന്തതികളെ നിന്നോടൊപ്പം ഞങ്ങള്‍ അയച്ചുതരുന്നതുമാണ്. എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ അവരില്‍നിന്നും ബാധ (രിജിസ്) നാം അകറ്റിക്കൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു” (7:133-135). ആകാശത്തുനിന്നുള്ള ബാധ (രിജ്‌സ്) യായി മൂസാ(അ)യുടെ കാലത്ത് ഉണ്ടായി(2:59, 7:162). അതുപോലെ ലൂത്വ് നബി(അ)യുടെ കാലത്തും ഉണ്ടായിട്ടുണ്ട് (29:34)
അല്ലാഹുവിന്റെ അദൃശ്യസൈന്യം
ഇഹലോകത്തെ അല്ലാഹുവിന്റെ ശിക്ഷാസൈന്യമാണ് വെട്ടുകിളികള്‍ എന്ന് ധ്വനിപ്പിക്കുന്ന ഹദീസുകളും പ്രബലമല്ല. ഖുര്‍ആനിന്റെ പ്രസ്താവനകളുമായാണ് ആ ഹദീസുകള്‍ ഏറ്റുമുട്ടുന്നത്. ”നിന്റെ സംരക്ഷകന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് (ഖുര്‍ആന്‍) മനുഷ്യര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടാണ്” (74:31) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അല്ലാഹുവിന്റെ സൈന്യങ്ങളെ അവന്‍ മാത്രമേ അറിയുകയുള്ളൂ എന്നും അവ അദൃശ്യമാണെന്നും ഖുര്‍ആനില്‍ നിന്ന് മസ്സിലാകുന്നുണ്ട്.
ഹിജ്‌റ അഞ്ചാം വര്‍ഷം ഖന്‍ദഖ് (അഹ്‌സാബ്) നാളില്‍ (40:30) അദൃശ്യ സൈന്യങ്ങളെ കൊണ്ട് അല്ലാഹു സത്യവിശ്വാസികളെ അനുഗ്രഹിച്ചു. ”സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ നാം ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെ അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം ഓര്‍ക്കുക.” (33:9)
ഹിജ്‌റ എട്ടാംവര്‍ഷം ഹുനൈന്‍ നാളില്‍ (9:25) അദൃശ്യ സൈന്യങ്ങളെ ഇറക്കി സത്യനിഷേധികളെ അല്ലാഹു പരീക്ഷിച്ചതിനെക്കുറിച്ച് പറയുന്നു: ”നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു.” (തൗബ 26)
ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി മേഖലകളില്‍ വെട്ടുകളി ശല്യമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ വീടിന്റെ വാതിലുകളും ജനലുകളും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഡല്‍ഹിയില്‍ പൈലറ്റുമാര്‍ക്ക് എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇതിനെ ദൈവിക ശിക്ഷയായി വ്യാഖ്യാനിക്കുന്നത് എത്രമാത്രം ശരിയാണ്?!
വെട്ടുകിളി ബൈബിളില്‍
ബൈബിള്‍ പഴയനിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ വെള്ളത്തെ രക്തമാക്കിത്തീര്‍ത്തത് ഒന്നാം ബാധയായും തവളശല്യം രണ്ടാം ബാധയായും, ചെള്ള് ശല്യം മൂന്നാം ബാധയായും ഈച്ചശല്യം നാലാം ബാധയായും കല്ലുമഴ ഏഴാം ബാധയായും വെട്ടുകിളിശല്യം എട്ടാം ബാധയായും പരാമര്‍ശിക്കുന്നു.
പത്താമധ്യായത്തില്‍ വെട്ടുകിളി ബാധയെ പരാമര്‍ശിക്കുന്നതിന്റെ രത്‌നച്ചുരുക്കം ഇതാണ്: സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കാനായി, ഫിര്‍ഔന്‍ തന്റെ പ്രജകളായ ഈജിപ്ഷ്യരെ ആരാധനാ സ്വാതന്ത്ര്യത്തില്‍ വിട്ടയക്കാന്‍ വിസമ്മതിച്ചാല്‍ വെട്ടുകിളി ശല്യമുണ്ടാക്കും. മുമ്പില്ലാത്ത രൂപത്തില്‍ കനത്ത വെട്ടുകിളിക്കൂട്ടത്തെ ചുടുകാറ്റ് കൊണ്ടുവരും. അങ്ങനെ ഈജിപ്ഷ്യന്‍ ഭൂമി മൂടി, നാട് കറുത്തിരുണ്ട് വീടുകള്‍ നിറഞ്ഞു, സസ്യങ്ങള്‍ തിന്നൊടുക്കി, വൃക്ഷങ്ങളില്‍ ഇലയും കായും അവ തിന്നുതീര്‍ത്തു. ഒടുവില്‍ മൂസായുടെ (മോസസ്) പ്രാര്‍ഥനാഫലമായി പടിഞ്ഞാറന്‍ കാറ്റ് വെട്ടുകിളികളെ പറപ്പിച്ച് ചെങ്കടലില്‍ ഇട്ട് നശിപ്പിച്ചു (പുറപ്പാട് 10:1-19, വാക്യങ്ങളുടെ സംഗ്രഹം)
ഭാവിയില്‍ അതുപോലൊരു വെട്ടുകിളിക്കൂട്ടം ഉണ്ടാവുകയില്ല എന്ന പ്രവചനവും ബൈബിള്‍ നടത്തിയതായി കാണുന്നു. ”മിസ്വര്‍ (ഈജിപ്ത്) മുഴുവനും വെട്ടുകിളികള്‍ വ്യാപിച്ചു, മിസ്‌രികളുടെ (ഈജിപ്ഷ്യരുടെ) അതിര്‍ത്തികളിലെല്ലാം അത് വ്യാപിച്ചു. അത് കനത്ത വെട്ടുകിളിക്കൂട്ടമായിരുന്നു. അത്ര കനത്ത വെട്ടുകിളിക്കൂട്ടം അതിന് മുമ്പുണ്ടായിട്ടില്ല. ഇനി അതുപോലെ ഉണ്ടാവുകയുമില്ല.” (പുറപ്പാട് 10:14)
വെട്ടുകിളി ആഹാരമെന്ന നിലയില്‍
അല്ലാഹു ശവവും രക്തവും നിഷിദ്ധമാക്കിയിട്ടുള്ളതാണ് (2:173, 5:3). അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത് (6:121) എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അറവ് നടത്താത്തവയും ശവത്തെയും ആഹരിക്കാന്‍ പാടില്ല. എന്നാല്‍ നിഷിദ്ധമാക്കപ്പെടാത്ത ശവങ്ങളില്‍ പെട്ടതാണ് ചത്ത വെട്ടുകിളികള്‍. അറവ് നടത്താതെ വെട്ടുകിളിയെ ചത്തതാണെങ്കിലും ആഹരിക്കാന്‍ അനുവാദമുണ്ട്. വെട്ടുകിളിക്കൂട്ടങ്ങളില്‍ ഓരോന്നിനെയും അറുക്കുന്നത് ശ്രമകരമായതിനാലാവും ഈ ഇളവ്.
അബൂ അബ്ദിര്‍റഹ്മാന്‍ എന്ന വിളിപ്പേരുള്ള അബ്ദുല്ലാഹിബ്ന്‍ ഉമര്‍(റ) (മരണം ഹി.74) നബി(സ) പ്രസ്താവിച്ചതായി പറയുന്നു: ”നമുക്ക് രണ്ടിനം ശവങ്ങളും, രണ്ടിനം രക്തങ്ങളും അനുവദിക്കപ്പെട്ടിരിക്കുന്നു. രണ്ടിനം ശവങ്ങള്‍ വെട്ടുകിളിയും മത്സ്യവുമാണ്. രണ്ടിനം രക്തങ്ങള്‍ കരളും പ്ലീഹയുമാണ്.” (ഇമാം നവവിയുടെ ബുലൂഗുല്‍ മറാമില്‍ നിന്ന് ഉദ്ധരണം)
ബൈഅത്തുര്‍റിദ്‌വാനിലും ഹുദൈബിയാ സന്ധിയിലും, ഖൈബര്‍ ഉള്‍പ്പെടെ ഏഴു യുദ്ധങ്ങളിലും മുഹമ്മദ് നബി(സ)യോടൊപ്പം പങ്കുകൊണ്ട അബൂമുആവിയാ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുല്ലാഹിബ്ന്‍ അബീ ഔഫാല്‍ അസ്‌ലമീ (മരണം ഹി.87) പറയുന്നത്. ആ യുദ്ധവേളകളില്‍ നബി(സ)യോടൊപ്പം വെട്ടുകിളികളെ ഭക്ഷണമാക്കാറുണ്ടായിരുന്നുവെന്നാണ്. (ബുഖാരി 5495, മുസ്‌ലിം 5045).
മത്സ്യങ്ങളെപ്പോലെ വെട്ടുകിളിയുടെ ശവം ആഹരിക്കാന്‍ അനുവാദം നല്‍കിയതിനുള്ള കാരണങ്ങളില്‍ ചിലത്:
1. വൃത്തിയുള്ള ഭൂമിയില്‍ വസിക്കുന്ന വെട്ടുകിളികള്‍ മാലിന്യം ഭക്ഷിക്കുന്നില്ല.
2. കാര്‍ഷികവിളകള്‍ വെട്ടി നശിപ്പിക്കുന്നതും വളരെ വേഗത്തില്‍ പെരുകുന്നതുമാണ് വെട്ടുകിളികള്‍. അവരെ ആഹാരമാക്കുന്നത് നിമിത്തം അവ വിതയ്ക്കുന്ന നാശങ്ങള്‍ക്ക് പരിഹാരമാകും.
3. വെട്ടുകിളിയുടേത് വളരെ ലളിതവും തുറന്നതുമായ രക്തചംക്രമണ വ്യവസ്ഥയാണ്. വെട്ടുകിളിയുടെ ശരീരത്തില്‍ ഒലിക്കുന്ന രക്തം (ദം മസ്ഫൂഹ്) അല്ല ഉള്ളത്. രക്തം അശുദ്ധമാവാന്‍ കാരണമാവുന്ന വായുവിന്റെ കൈമാറ്റം ഇവിടെ നടക്കുന്നില്ല. ആഹാരത്തിലെ പോഷകങ്ങള്‍ കോശങ്ങളിലെത്തിക്കല്‍ മാത്രമാണ് വെട്ടുകിളിയുടെ രക്തത്തിന്റെ ധര്‍മം.
വെട്ടുകിളി; കിളിയല്ല,
കീടമാണ്
നിവര്‍ന്ന ചിറകുള്ള ഓര്‍ഫോപ്‌റ്റെറാ ഗോത്രത്തിലെ വെട്ടുന്ന വായുള്ള അക്രിഡിഡീ കുലത്തില്‍പ്പെട്ട ഒരു പ്രാണിയാണ് ഈ വെട്ടുകിളികള്‍ (Locusts/ ജറാദ്). പുല്‍ച്ചാടികളിലെ കാര്‍ഷിക വിളകള്‍ വെട്ടി നാശം വിതയ്ക്കുന്നതും, ക്രമാതീതമായി വംശവര്‍ധനവ് നടത്തുന്നതുമായ ഒരു പ്രത്യേക ഇനമാണ് വെട്ടുകിളികള്‍. പക്ഷികളില്‍ (ത്വയ്ര്‍) പെട്ട ഒരു കിളിയല്ല, കീടങ്ങളില്‍ (ഹശറാത്) പെട്ട ഒരു പറവ (ത്വാഇര്‍) ആണ്.