വംശ വെറി പൂണ്ട ഫുട്‌ബോള്‍ ആരാധകര്‍
ഡോ. പി എം മുസ്തഫ കൊച്ചിന്‍
”നിങ്ങള്‍ക്കായി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നവയെയും അവന്റെ കല്പനയാല്‍ വിധേയമാക്കിയിരിക്കുന്നു. ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് നിശ്ചയം അതില്‍ ദൃഷ്ടാന്തമുണ്ട്.” (വി.ഖു 16:13). മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വൈവിധ്യ വര്‍ണങ്ങളിലുള്ളവയുണ്ട് (32:28). വര്‍ണ കാഴ്ചപ്പാടുള്ള വിശേഷണം നല്‍കുന്നവര്‍ ആലോചിക്കേണ്ട ഖുര്‍ആനിക വചനങ്ങളാണിവ.
വര്‍ണവെറി പൂണ്ട ആരാധകരുള്ള ഒരു മേഖലയാണ് ലോകഫുട്‌ബോള്‍ രംഗം. കറുപ്പ് യൂറോപ്പിന്റെ ഫുട്‌ബോള്‍ കരുത്തായിട്ട് പോലും ജര്‍മനിയിലും ഫ്രാന്‍സിലും ബെല്‍ജിയത്തിലും സ്വീഡനിലും സ്വിറ്റ്‌സര്‍ലാന്റിലും മറ്റുമുള്ള ഫുട്‌ബോള്‍ ഭ്രാന്തന്‍ന്മാര്‍ വംശഭ്രാന്തും വര്‍ണവെറിയും ബാധിച്ച് വര്‍ണവിശേഷണം നല്‍കിയും വംശത്തിന്റെ പേരില്‍ അപഹസിച്ചും അവരുടെ മാനസിക ചൊരുക്ക് പ്രകടിപ്പിക്കുന്ന കാഴ്ച ലോകം അറിഞ്ഞതാണ്.
ജര്‍മന്‍ വംശവെറി
കുടിയേറി വന്നവരെ ക്രൂരമായി പീഡിപ്പിച്ച ആര്യവാദ വക്താവായ ഹിറ്റ്‌ലറിനെ ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവരാണ് ജര്‍മന്‍കാര്‍. ജര്‍മന്‍ ഫുട്‌ബോള്‍ ടീമിനെ താങ്ങിനിറുത്തുന്നതിലും 2014 ലോകകപ്പ് ജേതാക്കളായതിലും തുര്‍ക്കീ കാലുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. അതെല്ലാം മറന്ന് 2018 ലോകകപ്പില്‍ ജര്‍മനി പുറത്തായപ്പോള്‍ ആരോപണം മുഴുവനും തുര്‍ക്കീ വംശജനായ മെസൂത് ഓസിലിന്റെയും ഇല്‍ക്കായീ ഗുണ്‍ഡോഗന്റെയും നേരെ തിരിഞ്ഞു. ടര്‍ക്കിഷ് വംശജനായതിനാല്‍ പണം മോഹിച്ചാണ് കളിച്ചതെന്ന് ആരാധകര്‍ ആരോപിച്ചു.
ഓസിലും ഗുണ്‍ഡോഗണും സെങ്ക് ടോസനും ചേര്‍ന്ന് തുര്‍ക്കീ പ്രസിഡന്റായിരുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയത് ജര്‍മന്‍ ആരാധകര്‍ വിവാദമാക്കി. രാഷ്ട്രീയക്കാരനായ ഓസില്‍ നേട്ടത്തിന് വേണ്ടിയാണ് ഉര്‍ദുഗാനെ കാണാന്‍ പോയതെന്നു പറഞ്ഞ ജര്‍മനിക്കാരോടായി ഓസിലിന്റെ മറുപടി: ”ഞാന്‍ ഒരു ജര്‍മന്‍ ഫുട്‌ബോളര്‍, തുര്‍ക്കീയല്ല, എന്റെ മാതാപിതാക്കളുടെ രാജ്യമായ തുര്‍ക്കീ ദേശം ഞാന്‍ കണ്ടിട്ടു പോലുമില്ല. മാതാപിതാക്കളോടുള്ള സ്‌നേഹം കൊണ്ടാണ് തുര്‍ക്കി പ്രസിഡന്റിനെ കാണാന്‍ പോയത്.”
ജര്‍മനിയിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള സാമ്പത്തിക സഹായത്തിനെത്തിയ ഓസിലിനെ സ്‌കൂള്‍ മാനേജ്‌മെന്റ് വിഷമിപ്പിക്കുന്ന വാക്കുകളോടെ മടക്കിയയച്ചു. ”ടര്‍ക്കിഷ് പണം നമുക്കാവശ്യമില്ല” എന്ന് പറഞ്ഞവര്‍ ഓസിലിന്റെ സഹായത്തെ തള്ളിക്കളഞ്ഞു.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ജിയുടെ നേതാവ് ഒലിവര്‍ മാല്‍തൂശ് പറഞ്ഞു: ”ജര്‍മന്‍ ജനതയുമായി ഇഴുകിച്ചേരാന്‍ കുടിയേറ്റക്കാര്‍ക്ക് കഴിയില്ലെന്നുള്ളതിന്റെ തെളിവാണ് തുര്‍ക്കിവംശജനായ മെസൂത് ഓസില്‍. പൂര്‍ണമായ ജര്‍മന്‍ സ്വത്വം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒന്നുകൂടി നന്നാകുമായിരുന്നു. പക്ഷേ, അതില്‍ അയാള്‍ പരാജയപ്പെട്ടു.”
ലോകത്ത് വംശവെറിയും കീഴാളവിരുദ്ധ വരേണ്യവാദവും ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മെസൂത് ഓസിലും 2018 ലെ അദ്ദേഹത്തിന്റെ രാജിയും. ഓസിലിന്റെ വിരമിക്കല്‍ പ്രഖ്യാപനം ജര്‍മനിക്ക് വലിയ തിരിച്ചടിയായി മാറി. It will be a big loss for Germany (അത് ജര്‍മനിക്ക് വമ്പന്‍ നഷ്ടമായി) എന്ന് ലോകം ജര്‍മനിയോട് വിളിച്ചുപറഞ്ഞു.
സ്വീഡിഷ് വംശവെറി
തുര്‍ക്കി വംശജനായ ജിമ്മി ദുര്‍മാസ് വംശവെറിക്ക് ഇരയായ സ്വീഡിഷ് അന്താരാഷ്ട്ര ഫുട്‌ബോള്‍ താരമാണ്. 2018 ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് സ്വീഡനിലെ തീവ്ര വലതു പക്ഷക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ബ്ലസ്സീ അറബ്, ഭീകരവാദി, താലിബാന്‍ എന്നീ പദാവലികളിലൂടെ അധിക്ഷേപിച്ചിരുന്നു. അടുത്ത ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുര്‍മാസ് പറഞ്ഞു:
”ഞാന്‍ ഒരു സ്വീഡിഷ് പൗരനാണ്, ദേശീയ ടീമില്‍ ഇടം നേടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു ഫുട്‌ബോളറെന്ന നിലയില്‍ എനിക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ സംഗതിയാണിത്. എന്റെ ഈ അഭിമാന ബോധത്തെ നശിപ്പിക്കാന്‍ ഒരു വംശീയ വാദിയെയും ഞാന്‍ അനുവദിക്കില്ല.” ഈ പ്രഖ്യാപനത്തോട് കൂടി സ്വീഡിഷ് ടീം ഒറ്റ സ്വരത്തില്‍ ‘വംശീയ വാദം തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ബെല്‍ജിയന്‍ വര്‍ണവെറി
കോംഗോലീസ് വംശജനായ ബെല്‍ജിയത്തിലെ അന്താരാഷ്ട്ര ഫുട്‌ബോളറാണ് റൊമേല ലുകാക്കൂവും സഹോദരന്‍ ജോര്‍ദാന്‍ ലുകാക്കുവും. പതിനൊന്നും വയസ്സില്‍ ഒരു ക്ലബ്ബിനെതിരെ കളിക്കാനൊരുങ്ങിയപ്പോള്‍ എതിര്‍ ടീമിലെ കുട്ടിയുടെ മാതാപിതാക്കള്‍ ലുകാക്കൂവിനെ കളിക്കുന്നതില്‍ നിന്ന് വിലക്കി. ഒടുവില്‍ ലുകാക്കൂ സ്വന്തം ഐഡി കാര്‍ഡ് കാണിക്കേണ്ടി വന്നു.
2018 ലോകകപ്പില്‍ വര്‍ണ വെറിക്ക് ഇരയായ ലുകാക്കൂവിന്‍ ഇങ്ങനെ പറയേണ്ടി വന്നു: ”നന്നായി കളിക്കുമ്പോള്‍ മാധ്യമങ്ങളില്‍ അവര്‍ എന്നെക്കുറിച്ച് ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു എന്നെഴുതും, എന്നാല്‍ അത്ര നന്നായി കളിക്കാനായില്ലെങ്കില്‍ അവര്‍ എന്നെപ്പറ്റി കോംഗോലീസ് വംശജനായ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലൂ എന്നെഴുതും. ഞാന്‍ ജനിച്ചതും വളര്‍ന്നതും ബെല്‍ജിയത്തില്‍, ഈ രാജ്യത്തിലെ ചിലര്‍ക്ക് ഞാന്‍ തോല്‍ക്കുന്നത് കാണാനാണ് ഇഷ്ടം.”
സ്വിസ്സ് വംശവെറി
2018 ലോകകപ്പില്‍ കൂടുതല്‍ വംശീയ വടംവലി പ്രകടമായത് സ്വിറ്റ്‌സര്‍ലന്റും സെര്‍ബിയയും ഏറ്റുമുട്ടിയപ്പോഴായിരുന്നു. സ്വിസ്സ് ടീമിലെ സെര്‍ബിയന്‍ വംശജനായ ഗ്രാനിറ്റ് ഷാക്കാ സെര്‍ബിയക്കെതിരെ ഗോളടിച്ചപ്പോള്‍ സെര്‍ബിയന്‍ ദേശീയ ചിഹ്‌നമായ വെള്ള ഇരട്ടത്തലയന്‍ പരുന്തിനെ സൂചിപ്പിക്കുന്ന വിധം ഇരുകൈകളും വിലങ്ങനെ പിടിച്ചാഘോഷിച്ചത് വിവാദമായി. കൊസോവന്‍ പതാക ബൂട്ടില്‍ തയ്ച്ച് ചേര്‍ത്ത കൊസോവന്‍ വംശജനായ ക്ഷെര്‍ദാന്‍ ശഖീരിയും സെര്‍ബിയക്കെതിരെ ഒരു ഗോളടിച്ചിരുന്നു.
ഫ്രഞ്ച് വംശവെറി
ഫ്രാന്‍സിലെ ദേശീയ ഫുട്‌ബോളില്‍ ഭൂരിപക്ഷവും ഫ്രഞ്ച് വംശജരല്ല. അല്‍ജീരിയന്‍ വംശജന്‍ സിനദിന്‍ യസീദ് സിദാന്‍, മാലിയന്‍ വംശജന്‍ എങ്കോലൊ കാന്റെ, ഗിനിയന്‍ വംശജന്‍ പോള്‍ പോഗ്‌ബെ ‘സെനഗലീസ് വംശജന്‍ പാട്രിക് വിയറാ, കാമറൂനിയന്‍ വംശജരായ കൈലിയന്‍ എംബാപ്പെ, സാമുവല്‍ ഉംറ്റിറ്റീ, ഗ്വാര്‍ഡ്‌ലോപ് ദ്വീപ് വംശജരായ തിയറീ ഹെന്റീ, ലിലിയന്‍ തുറാ എന്നിവര്‍ ഫ്രഞ്ചേതര വംശജരായ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളാണ്.
1998 ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളാകുന്നതിന് സിനദിന്‍ സിദാനിന്റെയും ലിലിയന്‍ തുറാമിന്റെയും കാലുകള്‍ അനിവാര്യമായിരുന്നു. പിന്നീടങ്ങോട്ടുള്ള മത്സരങ്ങളില്‍ ഫ്രാന്‍സ് ടീമിന് തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. അതോടെ ഫ്രെഞ്ചേതര വംശജരുടെ രാജ്യസ്‌നേഹവും ദേശക്കൂറും ചോദ്യം ചെയ്യപ്പെട്ടു.
വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ സ്ഥാപകന്‍ മരിയന്‍ ലീ പെന്‍നിന്റെ മാതാവ് ജിന്‍ മേരീ ലീ പെന്‍ കടുത്ത വിമര്‍ശനം നടത്തി. റഷ്യയിലേക്ക് മത്സരത്തിന് പുറപ്പെടുന്നതിന് മുമ്പ് ‘ഫ്രഞ്ച് ടീമിനെ ആഫ്രിക്കന്‍ ടീം എന്ന് വിളിക്കുന്നതായിരിക്കും അഭികാമ്യം’ എന്ന് പരിഹാസത്തോടെ പറഞ്ഞു. പക്ഷെ ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്രാന്‍സിന്റെ മണ്ണിലേക്ക് കപ്പ് തിരിച്ചെത്തിച്ചാണ് അവര്‍ അതിന് മറുപടി പറഞ്ഞത്.
ഇറ്റാലിയന്‍ വംശവെറി
2006-ലെ ലോക കപ്പില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്താന്‍ ഇറ്റലിയിലെ മാര്‍ക്കോ മറ്റെറാസ്സിയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. മാറ്റെറാസ്സീയുടെ സ്റ്റുപിഡ് വിളിയും, നിന്റെ ഷര്‍ട്ടല്ല, സഹോദരി ലൈലായെയാണ് വേതെന്ന പറച്ചിലും കൊണ്ട് സിദാനെ പ്രകോപിപ്പിക്കുകയും ഇറ്റലി വിജയിക്കുകയുമാണുണ്ടായത്. ഇറ്റാലിയന്‍ ടീമിലെ കരുത്തുറ്റ കളിക്കാരന്‍ ഘാനായിയന്‍ വംശജനായ മാരിയോ ബലോട്ടെല്ലിയാണെന്നത് ഒരു വസ്തുതയാണ്.
വിവേചനങ്ങള്‍ക്ക് എന്തുണ്ട് പരിഹാരം?
വംശ-ലിംഗ-ഭാഷാ വിവേചനങ്ങള്‍ക്ക് അറുതി വരുത്താന്‍ നൈതികതയില്‍ അധിഷ്ഠിതമായ ഇസ്‌ലാമിന് പലതും പറയാനുണ്ട്. ഏകമാനവതക്ക് ഏകദൈവ വിശ്വാസം, മനുഷ്യരുടെ ആദിപിതാവ് ആദമാണെന്നും, നമ്മുടെ സൃഷ്ടിപ്പ് നിസ്സാരമായ വെള്ളത്തുണിയില്‍ നിന്നാണെന്നതും ഏറ്റവും പ്രധാന നിര്‍ദേശങ്ങള്‍.
ഏകദൈവം, ഏകമാനവികത
ഉച്ഛനീചത്വങ്ങള്‍ക്ക് അറുതി വരുത്തേണ്ടത് മനുഷ്യന് ആവശ്യമാണ്. ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ഒരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും അവരില്‍ ചിലര്‍ ചിലരുടെ മേല്‍ ഔന്നത്യം നടിക്കുകയും ചെയ്യുമായിരുന്നു.” (23:91)
നബി(സ)യുടെ വിട വാങ്ങല്‍ പ്രഭാഷണത്തില്‍ ദൈവത്തിന്റെ ഏകത്വം, മനുഷ്യന്റെ അസ്തിത്വം എന്നിവക്ക് ഊന്നല്‍ നല്‍കിയിരുന്നു.
”ജനങ്ങളേ! നിങ്ങളുടെ ദൈവം ഏകനാണ്. ഒരേ ഒരു പിതാവിന്റെ മക്കളാണ് നിങ്ങള്‍. നിങ്ങളെല്ലാം ആദമില്‍ നിന്ന് ജനിച്ചു. ആദമോ മണ്ണില്‍ നിന്നും. നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയോടെ ജീവിക്കുന്നവനത്രെ അല്ലാഹുവിന്റെയടുക്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല.” (നൂറുല്‍ യഖീന്‍ – നബിചരിത്രം – മുഹമ്മദ് ഖുദ്‌രീബക്ക്, പരിഭാഷകന്‍ എ അബ്ദുസ്സലാം സുല്ലമി, പേജ് 322)
ആദിപിതാവ് ആദം
ഖുര്‍ആന്‍ പറയുന്നു: ”മനുഷ്യരേ! ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം തിരിച്ചറിയേണ്ടതിനായി നിങ്ങളെ നാം വംശങ്ങളും കുലങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയം അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും മഹിമയുള്ളവന്‍ നിങ്ങളില്‍ ഏറ്റവും ജാഗ്രത പുലര്‍ത്തുന്നവനാണ്” (49:13). ”മനുഷ്യരെ! ഒരേ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ സംരക്ഷകനെ നിങ്ങള്‍ സൂക്ഷിക്കുക.” (4:1)
മനുഷ്യവംശം ഒരു മാതാവിന്റെയും പിതാവിന്റെയും തായ്‌വഴിയാണെന്ന് പ്രഖ്യാപിക്കുകയാണ് ഖുര്‍ആന്‍ മേല്‍ വാക്യങ്ങളിലൂടെ ചെയ്യുന്നത്. വംശവും കുലവും മനുഷ്യനെ പരസ്പരം തിരിച്ചറിയാനുള്ള ഉപാധി മാത്രമാണ്.
മനുഷ്യന്റെ അസ്തിത്വം
തന്റെ അസാന്നിധ്യത്തില്‍ തനിക്ക് മുമ്പും ഈ ഭൂലോകം നിലനിന്നിരുന്നെന്ന പൂര്‍ണ സത്യം മനുഷ്യന്‍ ഓര്‍ക്കാന്‍ ഖുര്‍ആന്‍ ശ്രദ്ധ തിരിക്കുന്നു. ”പ്രസ്താവ്യയോഗ്യമായ ഒരു വസ്തുവേ അല്ലാത്ത ഒരു ഘട്ടം മനുഷ്യന് കഴിഞ്ഞുപോയിട്ടുണ്ടല്ലോ?” (76 ഇന്‍സാന്‍ :1)
”താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനാണ് അവന്‍. മനുഷ്യസൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന്‍ തുടങ്ങി. പിന്നെ അവന്റെ സന്തതിയെ നിസ്സാര ദ്രാവകത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി” (32:7, 8). ”നിസ്സാര ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചല്ലോ?” (77:20) എന്നീ ഖുര്‍ആനിക വാക്യങ്ങള്‍ മനുഷ്യ അസ്തിത്വത്തിന്റെ ക്ഷണികതയെയാണ് ഉണര്‍ത്തുന്നത്.
ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ഫോക്കസ്ഡ് ആണ്. സമഗ്രവും സമ്പൂര്‍ണവും സന്തുലിതവുമായ സമീപനവും കാഴ്ചപ്പാടും അവര്‍ വെച്ചു പുലര്‍ത്തുന്നില്ല. വര്‍ണ വിവേചനത്തിനെതിരെ പോരാടുന്നവര്‍ വംശവെറിക്കെതിരെ ഉരിയാടാത്ത അവസ്ഥയുണ്ട്. ഉച്ഛനീചത്വത്തിനെതിരെ പടപൊരുതുന്നവര്‍ ലിംഗ അസമത്വം കണ്ടില്ലെന്ന് നടിക്കുന്നു.
ഭാഷാ ഭ്രാന്തിനെതിരെ സംസാരിക്കുന്നവര്‍ മറ്റു ചില അനീതികളെ കണ്ടില്ലെന്ന് നടിക്കുന്നു. മൃഗാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും മനുഷ്യാവകാശം അവരുടെ വിഷയമാക്കുന്നില്ല. സസ്യങ്ങള്‍ക്കായി വാദിക്കുന്നവര്‍ക്ക് കീടങ്ങള്‍ പ്രമേയമാകുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ ‘ആക്ടിവിസം’ ഒരു മാനസിക ചൊരുക്കിനെ തൃപ്തിപ്പെടുത്തല്‍ മാത്രമായി അധ:പ്പതിക്കുന്നു. സന്തുലിതമായ കാഴ്ചപ്പാടുള്ളവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഇനിയും ആവശ്യമുണ്ട്.`