29 Friday
March 2024
2024 March 29
1445 Ramadân 19

ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ നവോത്ഥാനത്തിന്റെ ഭിഷഗ്വരന്‍

ഹാറൂന്‍ കക്കാട്‌


കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ പ്രതിഭയായിരുന്നു ഡോ. പി കെ അബ്ദുല്‍ ഗഫൂര്‍. സംസ്ഥാനത്തെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ ന്യൂറോളജിസ്റ്റും എം ഇ എസ് സ്ഥാപകനുമായ അദ്ദേഹം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരന്‍ എന്ന നിലയില്‍ മലബാറിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരാണ്.
ജന്മനാ ലഭിച്ച സുഖങ്ങളും സൗഭാഗ്യങ്ങളും ത്യജിച്ച് സമുദായത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുവാന്‍ പ്രയത്‌നിച്ച ജീവിതയാത്രയാണ് ഡോ. പി കെ അബ്ദുല്‍ഗഫൂറിന്റേത്. 1929 ഡിസംബര്‍ 25-ന് തൃശൂര്‍ ജില്ലയിലെ പടിയത്ത് മണപ്പാട്ട് കൊച്ചുമൊയ്തീന്‍ ഹാജിയുടേയും കറുകപ്പാടത്ത് കുഞ്ഞാച്ചുമ്മയുടേയും മകനായാണ് ഡോ. പി കെ അബ്ദുല്‍ഗഫൂറിന്റെ ജനനം. സ്‌കൂള്‍ പഠനത്തിന് ശേഷം അലീഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. 1957-ല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യ എം ബി ബി എസ് ബാച്ചില്‍ മെഡിക്കല്‍ ബിരുദം നേടി. തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ വിഭാഗം അധ്യാപകനായി. പില്‍ക്കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശരിയെന്ന് ബോധ്യമായ ആശയങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്ത നിശ്ചയദാര്‍ഢ്യത്തിന്റെ കാവലാളായിരുന്നു ഡോ. പി കെ അബ്ദുല്‍ഗഫൂര്‍. എം ആര്‍ സി പി, എഫ് ആര്‍ സി പി തുടങ്ങിയ വിശിഷ്ട അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ കഴിവുറ്റ ഭിഷഗ്വരനായിരുന്നു അദ്ദേഹം. പ്രഭാഷകന്‍, എഴുത്തുകാരന്‍, കായിക താരം തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അലീഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിലെയും കേരള യൂനിവേഴ്സിറ്റിയിലെയും അത്ലറ്റിക്സ് ചാമ്പ്യനായിരുന്നു.
സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട അദ്ദേഹം ഈ മേഖലയിലെ പ്രായോഗിക മുന്നേറ്റത്തിന് വേണ്ടി മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചു. വ്യത്യസ്ത കോണുകളില്‍ നിന്ന് മുളപൊട്ടുകയും ശക്തി പ്രാപിക്കുകയും ചെയ്ത ഒട്ടേറെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടാണ് അദ്ദേഹം വൈജ്ഞാനിക മേഖലയിലെ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1964-ല്‍ മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി എന്ന എം ഇ എസ് സംഘടനയുടെ പിറവിക്ക് കേരളം സാക്ഷിയായി. എം ഇ എസ് സ്ഥാപക പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
എം ഇ എസ് കേരള മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ സംഘടനയാണ്. ‘ഐക്യസംഘ’ത്തിന്റെയും പിന്നീട് വന്ന നവോത്ഥാന കൂട്ടായ്മകളുടെയും തുടര്‍ച്ചയായാണ് എം ഇ എസ് രൂപീകൃതമായത്. ഭൗതിക വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ സമുദായത്തിലെ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി സഹായിക്കുന്ന സ്‌കോളര്‍ഷിപ്പ് മൂവ്മെന്റ് എന്ന നിലക്കായിരുന്നു സംഘടനയുടെ പിറവി.
സംഘടിത സ്‌കോളര്‍ഷിപ്പ് എന്ന സമ്പ്രദായം നിലവിലില്ലാതിരുന്ന കാലഘട്ടത്തില്‍ ഇരുപത്തി അയ്യായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള സംഘടനയുടെ വിപുലമായ പ്രവര്‍ത്തനം വലിയ വൈജ്ഞാനിക വിപ്ലവത്തിന് നിമിത്തമായി. കേരളത്തിലുടനീളം സഞ്ചരിച്ച് സംഭാവന പിരിച്ചു കൊണ്ടും ഓരോ വര്‍ഷവും തുക വര്‍ധിപ്പിച്ചു കൊണ്ടും ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് വിതരണക്കാരായി മാറാന്‍ സംഘടനക്ക് കഴിഞ്ഞു. ഈ സംരംഭത്തെ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും കലവറയില്ലാതെ പിന്തുണക്കുകയും ചെയ്തു.
ഐക്യസംഘത്തിന്റെ കാലത്തുണ്ടായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ എം ഇ എസും തുടര്‍ന്നു. അന്ന് ഏതാനും മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് നവോത്ഥാന മുസ്ലിം കൂട്ടായ്മകള്‍ക്ക് ഉണ്ടായിരുന്നത്. ഇതോടൊപ്പം ഉന്നത ഭൗതിക വിദ്യാഭ്യാസത്തിനുള്ള സംവിധാനങ്ങള്‍ എം ഇ എസ് ഒരുക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും നടത്തുന്നതിലും ‘ന്യൂനപക്ഷ പദവി’ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിലും എം ഇ എസ് നേതൃത്വം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.
എഡിന്‍ബര്‍ഗ് യൂനിവേഴ്സിറ്റിയില്‍ നിന്നു ഡി ടി എം എച്ച് കരസ്ഥമാക്കിയ ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ ലോകത്തിന്റെ ഭാവി പ്രയാണത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നേരിട്ട് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. നാട്ടില്‍ സ്‌കൂളുകളും കോളേജുകളും മറ്റു ആധുനിക വിദ്യാഭ്യാസകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. സമുദായ നേതാക്കളെ നേരില്‍ കണ്ട് സഹായമഭ്യര്‍ഥിച്ചു.
സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന സി എന്‍ അഹമദ് മൗലവി പ്രസിഡന്റായി 1965ല്‍ രൂപീകൃതമായ ഏറനാട് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലായിരുന്നു മമ്പാട് കോളേജിന് തുടക്കമിട്ടത്. ദാരിദ്ര്യം കഠിനമായിരുന്ന അക്കാലത്ത് ഭാരവാഹികള്‍ക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ സി എന്‍ അഹമദ് മൗലവിയുടെ നേതൃത്വത്തില്‍ കോളേജ് ഭാരവാഹികള്‍ ഡോ. പി കെ അബ്ദുല്‍ഗഫൂറുമായി ബന്ധപ്പെടുകയായിരുന്നു. സ്ഥാപനം എം ഇ എസ് ഏറ്റെടുത്തു നടത്തണമെന്ന് ആവശ്യമുയര്‍ന്നു.
എന്നാല്‍, തകര്‍ച്ചയുടെ എല്ലാ അവശതകളും പേറുന്ന ഒരു സ്ഥാപനം ഏറ്റെടുക്കുന്നതിനോട് എം ഇ എസ് ഭാരവാഹികളില്‍ എതിരഭിപ്രായം ഉയര്‍ന്നു. അവസാനം വോട്ടിംഗിലൂടെ തീരുമാനമെടുക്കാമെന്നായി. വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഇരുപക്ഷത്തും തുല്യവോട്ടുകള്‍! ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ തന്റെ കാസ്റ്റിങ് വോട്ട് കോളേജ് ഏറ്റെടുക്കുന്നതിന് അനുകൂലമായി വിനിയോഗിച്ചു. അങ്ങനെയാണ് എം ഇ എസ് മമ്പാട് കോളേജ് ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒട്ടേറെ അധ്യായങ്ങള്‍ രചിക്കുന്നത്. എം ഇ എസ് പൊന്നാനി കോളേജ്, കൊടുങ്ങല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ് തുടങ്ങിയ പല സ്ഥാപനങ്ങളുടെയും പിറവിക്ക് പിന്നില്‍ ഈ ഭിഷഗ്വരന്റെ കൈയൊപ്പുകള്‍ തെളിഞ്ഞു കാണാം.
എം ഇ എസ് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി, ബോംബെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ വിദ്യാഭ്യാസ സമ്മേളനങ്ങള്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമായി. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഷ്ട്രപതിമാരായ ഫക്രുദ്ദീന്‍ അലി അഹമദ്, ഗ്യാനി സെയില്‍ സിംഗ് തുടങ്ങിയ പ്രമുഖര്‍ എം ഇ എസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാവുന്നതില്‍ ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ പങ്കുവഹിച്ചിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ് കോയ ഈ യൂണിവേഴ്‌സിസിറ്റിക്ക് ജീവന്‍ നല്‍കാന്‍ അഹോരാത്രം പ്രയത്‌നിച്ചു. യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമാക്കുവാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച ഇരുപത്തിരണ്ടംഗ വിദഗ്ധ സമിതിയില്‍ ഡോ. പി കെ അബ്ദുല്‍ഗഫൂറും അംഗമായിരുന്നു.
റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയ്യ പോലുള്ള പല അന്തര്‍ദേശീയ സമിതികളിലും അദ്ദേഹം അംഗമായിരുന്നു. വിദ്യാഭ്യാസ വിപ്ലവത്തിന് പ്രചോദനം നല്‍കുകയും ആരോഗ്യ മേഖലയെ ഐശ്വര്യപൂര്‍ണമാക്കുകയും ചെയ്യുന്ന ഒട്ടേറെ പഠനാര്‍ഹമായ ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘രോഗങ്ങളും രോഗികളും’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മികച്ച രചനയാണ്.
1984 മെയ് 23ന് 53-ാം വയസ്സില്‍, രോഗികളെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഡോ. പി കെ അബ്ദുല്‍ഗഫൂറിന്റെ മരണം. എം ഇ എസ് മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട്, ഇന്ദിരാ ഗാന്ധിയെ കാണാന്‍ പുറപ്പെടേണ്ട ദിവസമായിരുന്നു ദു:ഖാര്‍ദ്രമായ ഈ ആകസ്മിക വിയോഗം.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x