22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

ഉര്‍ദു മാറ്റിനിര്‍ത്തിയാല്‍ ഭാരതസംസ്‌കാരത്തില്‍ ബാക്കിയെന്ത്?

ഡോ. നകുലന്‍ കെ വി

വളരെ മധുരവും സമ്പന്നവുമായ ഭാഷയാണ് ഉര്‍ദു. എന്നാല്‍ ലോകത്തില്‍ മറ്റൊരു ഭാഷയും ഉര്‍ദുവിനെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവില്ല. മറ്റൊരു രാജ്യത്തിനെയും ഭാഷയുടെ പേര് കൂടി പറഞ്ഞ് വിഭജിക്കപ്പെട്ടിട്ടുമുണ്ടാവില്ല. ഭാഷക്ക് എങ്ങനെയാണ് ജാതിയും മതവും ഉണ്ടാവുന്നത്?
ഇന്തോ- ആര്യന്‍ ഭാഷാകുടുംബത്തിലെ, ഇന്തോ- ഇറാനിയന്‍ ഉപവിഭാഗത്തില്‍ പെടുന്ന ഭാഷയാണ് ഉര്‍ദു. ശബ്ദ വ്യാകരണ വ്യവസ്ഥകളില്‍ ഏറെ സാദൃശ്യമുള്ള, അഥവാ ഒരേ വ്യവസ്ഥയുള്ള രണ്ട് ഭാഷകളാണ് ഉര്‍ദുവും ഹിന്ദിയും. ‘ഒരേ ഭാഷയുടെ  രണ്ട് നിലവാരമൊത്ത രൂപങ്ങള്‍’ എന്ന് ഹിന്ദി- ഉര്‍ദു ഭാഷകളെ പറയാവുന്നതാണ്. ഹിന്ദി ഭാഷയില്‍ നിന്നും ഉര്‍ദു ഭാഷയെ വേര്‍തിരിക്കുന്ന പ്രധാന ഘടകം, ഉര്‍ദുവിലെ സാങ്കേതിക സാഹിത്യ പദാവലികളാണ്. പേര്‍ഷ്യന്‍, അറബിക് സാങ്കേതിക പദാവലികളാണ് ഉര്‍ദുവില്‍ ഉപയോഗത്തിലുള്ളത്. ഹിന്ദിയിലാവട്ടെ സംസ്‌കൃത സാങ്കേതിക പദാവലികളും.
ഉര്‍ദുവില്‍ അറബി, പേര്‍ഷ്യന്‍, തുര്‍ക്കി പദങ്ങള്‍ക്കൊപ്പം സംസ്‌കൃത പദങ്ങളും പ്രചാരത്തിലുണ്ട്. എന്നാല്‍ സംസ്‌കൃത പദങ്ങള്‍ ഹിന്ദിയില്‍ പൊതുവെ തത്‌സമ രൂപത്തില്‍ (മാറ്റങ്ങളില്ലാതെ) പ്രയോഗിച്ചു വരുന്നു. ഉദാഹരണമായി, രാത്രി, ഗൃഹ് മുതലായവ. ഉര്‍ദുവിലാകട്ടെ സംസ്‌കൃത പദങ്ങള്‍ തദ്ഭവ രൂപത്തില്‍ (തെല്ല് മാറ്റങ്ങളോടെ) ഉപയോഗിക്കുന്നു. ഉദാഹരണമായി രാത്രിക്ക് പകരം രാത്, വീടിന് (ഗൃഹ്) പകരം ഘര്‍ എന്നിങ്ങനെ. ഈയൊരു പ്രത്യേകതയാണ് ഉര്‍ദു- ഹിന്ദി ഭാഷകളെ ആദ്യകാലത്ത് വേര്‍തിരിച്ചിരുന്നത്.
ഇന്നിപ്പോള്‍ സംസ്‌കൃത പദങ്ങളെ ആവോളം സ്വീകരിച്ച് സംസ്‌കൃത ജഡിലമായിരിക്കുന്നു ഹിന്ദി. സര്‍വ സാധാരണമായി ഉപയോഗിച്ചിരുന്ന പല അറബി, പേര്‍ഷ്യന്‍ പദങ്ങളെയും ഹിന്ദിയില്‍ നിന്ന് അരിച്ച് ‘ശുദ്ധി ചെയ്തു’ കൊണ്ടിരിക്കുന്നു. ഒരേ ഭാഷ- ഒന്ന് പഴയത് പോലെ അറബി, പേര്‍ഷ്യന്‍, തുര്‍ക്കി പദസമ്പത്തോടെ പ്രയോഗിച്ചുവരുന്നു. രണ്ടാമത്തേത് ഈ ഘടകങ്ങള്‍ ഒഴിവാക്കി സംസ്‌കൃതവത്കരിക്കപ്പെട്ടിരിക്കുന്നു.  ഇതാണ് വ്യത്യാസം.
ഉര്‍ദുവില്‍ അറബി, പേര്‍ഷ്യന്‍ അംശങ്ങള്‍ ഇത്രമാത്രം ഇഴുകിച്ചേരാന്‍ കാരണമെന്തെന്ന് അന്വേഷിക്കുമ്പോള്‍ ചരിത്രത്തിലേക്ക് മടങ്ങേണ്ടിവരും. അധികാരവും ഭാഷയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഭരണകൂടങ്ങളെ സ്ഥാപിക്കാനും നിഷ്‌കാസനം ചെയ്യാനും ഭാഷക്ക് കഴിയും. ഭരിക്കുന്നവന്റെ ഭാഷ ഭരിക്കപ്പെടുന്നവന്റെ ഭാഷയെ നിശ്ചയമായും സ്വാധീനിക്കും. ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവന്റെ ഭാഷ ഉപയോഗിക്കുകയാണെങ്കിലോ? അതാണ് ഉര്‍ദുവിന്റെ കഥ.
ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യം പൂര്‍ണതോതില്‍ ദീര്‍ഘകാലം നിലനിന്നിരുന്നില്ല. 1857 മുതലാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പരിധിയില്‍ നമ്മുടെ രാജ്യഭരണം നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. 90 വര്‍ഷത്തിനകം 1947-ല്‍ അത് അവസാനിക്കുകയും ചെയ്തു. 1857-ന് മുമ്പ് കമ്പനി ഭരണമായിരുന്നു. ഈ ചുരുങ്ങിയ കാലത്തെ ഭരണം ഇന്ത്യയില്‍ ഇംഗ്ലീഷിന് എത്രമാത്രം പ്രചുരപ്രചാരം നേടിക്കൊടുത്തു? ഭരണവും ഭാഷയും തമ്മിലുള്ള പാരസ്പര്യം ഇതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്.

ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ ഭരണം പരിശോധിക്കാം. 1193 മുതല്‍ 1857 വരെ 600-ലധികം വര്‍ഷം നിലനിന്നു. ആധിപത്യഭാഷ പേര്‍ഷ്യന്‍ എന്ന ഫാര്‍സി. തുര്‍ക്കി ഭരണാധിപരും പേര്‍ഷ്യന്‍ എന്ന് ഇംഗ്ലീഷുകാര്‍ വിളിക്കുന്ന ഫാര്‍സി ഭാഷയില്‍ നൈപുണി ഉള്ളവരായിരുന്നു. ഏതാണ്ട് ആറ് നൂറ്റാണ്ട് ഫാര്‍സി ഭരണഭാഷയായി ഇന്ത്യയില്‍ നിലനിന്നിരുന്നു. ഇതേ കാലത്ത് തന്നെയാണ് മിക്ക ആധുനിക ഭാരതീയ ഭാഷകളും വിശേഷിച്ചും ഇന്തോ- ആര്യന്‍ വിഭാഗത്തില്‍ വരുന്ന ഉര്‍ദു, ഹിന്ദി, പഞ്ചാബി, ഹരിയാനി, ബംഗാളി, ഗുജറാത്തി മുതലായ ഭാഷകള്‍ വളരുന്നത്. ഇവയെല്ലാം കേവലം വാമൊഴി ഭാഷയില്‍ നിന്നും എഴുത്ത് ഭാഷയിലേക്ക് പ്രചാരത്തിലായത് ഇക്കാലത്താണ്.
ഭരണാധികാരിയുടെ ഫാര്‍സി ഭാഷയും ഫാര്‍സിയിലൂടെ അറബി ഭാഷയും ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഭാഷകളെ ആറ് നൂറ്റാണ്ട് നീണ്ട മുസ്‌ലിം ഭരണാധികാരികളുടെ ഭരണകാലം സമ്പന്നമാക്കിക്കൊണ്ടിരുന്നു. ഭരണഭാഷയുടെ മേധാവിത്വം സമസ്ത മണ്ഡലങ്ങളിലുമുണ്ടായി. റവന്യൂ ഭരണം (താലൂക്ക്, ജില്ല മുതലായവ ഉദാഹരണം), നീതിന്യായം (വകീല്‍, അദാലത്ത്, ആമീന്‍, ശിരസ്തദാര്‍, പഞ്ചനാമ, മുക്തിയാര്‍), പോലീസ്, പട്ടാളം (നായക്ക്, സിപാഹി, ഫൗജ്, സുബൈദാര്‍, ഹവില്‍ദാര്‍), ഭക്ഷണം (ഹല്‍വ, ജാംഗ്‌രി, സമോസ, സാലന്‍, കബാബ്, ഖുറുമ- മാംസഭക്ഷണങ്ങളില്‍ വിഭവങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്), വസ്ത്രം, ലളിതകലകള്‍, വാസ്തുവിദ്യ, സാഹിത്യം എല്ലാ മേഖലകളിലും ഫാര്‍സി ഭരണം സ്വാധീനിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ അത് തുടരുകയും ഇന്ത്യന്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഫാര്‍സിയും, ഫാര്‍സിയിലൂടെ അറബിയും ഇന്നും ആധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
നമുക്കെങ്ങനെയാണ് മുസ്‌ലിം ഭരണത്തിന്റെ ഗുണഫലങ്ങള്‍ ഉപേക്ഷിക്കാനാവുക? അവ ഉപേക്ഷിക്കപ്പെട്ടാല്‍ നമ്മുടെ, ഇന്ത്യക്കാരുടെ ജീവിതം എത്ര നിറംകെട്ട് പോകും. സംഗീതവും ചിത്രകലയും സാഹിത്യവും ഉള്‍പ്പെടെ ഇതര കലകളുടെ നില എന്തായിത്തീരും? ഇതിലെല്ലാം ഇസ്‌ലാം എവിടെയാണ്. നമ്മുടെ പല ഭക്ഷണ വിഭവങ്ങളും വസ്ത്രങ്ങളും എങ്ങനെ ഉപേക്ഷിക്കും? ഇവയില്‍ പലതും പുരാതന ഭാരതത്തില്‍ നിന്നും ഉണ്ടായതല്ല. മുസ്‌ലിം ഭരണത്തോടെ ഇന്ത്യയില്‍ പ്രചരിക്കപ്പെട്ടവയാണ്. നമ്മുടെ ഭാഷയുടെയും ജീവിതത്തിന്റെയും വേര്‍പെടുത്താനാവാത്ത ആ അംശം പ്രചാരപ്പെടുത്തിയതില്‍ ഉര്‍ദു ഭാഷയുടെ പങ്ക് നിസ്സീമമാണ്.
ഇത് മാത്രമല്ല, ‘ഗുരുകുല’ വിദ്യാഭ്യാസ രീതി ‘മദ്‌റസ’ അഥവാ മക്തബ് രൂപത്തില്‍ പരിവര്‍ത്തിക്കപ്പെട്ടത് മുസ്‌ലിം ഭരണകാലത്താണ്. വിശേഷിച്ചും മുഗള ഭരണകാലത്ത്. മദ്‌റസ/മക്തബുകളുടെ വികസിത രൂപമാണ് ഇപ്പോഴത്തെ സ്‌കൂളുകള്‍. ഭരണാധികാരികള്‍ പൊതു വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന മുഗളരീതി ബ്രിട്ടീഷുകാരും തുടര്‍ന്നു. ജനാധിപത്യ ഭരണകൂടങ്ങളും പിന്‍തുടര്‍ന്നു.

ഉര്‍ദു ഭാഷ പ്രതിനിധാനം ചെയ്യുന്നതെല്ലാം വേണ്ടെന്ന് വച്ചാല്‍ ഇന്നുള്ള പലതും നമുക്ക് ഒഴിവാക്കേണ്ടി വരും. താലൂക്കും തഹസില്‍ദാറും ജില്ലയും ഉപേക്ഷിക്കേണ്ടി വരും. കോടതി വ്യവഹാരങ്ങള്‍ തന്നെ പ്രശ്‌നമായിത്തീരും. വകീല്‍ (അറബിക്) പോകും. വകീല്‍കോട്ട് (ഇറാനിലെ പരാതിക്കാരന്‍ കടലാസ് കൊണ്ടുള്ള കുപ്പായമണിയുന്ന വ്യവസ്ഥ) പരിഷ്‌ക്കരിച്ചതല്ലേ പരാതിക്കാരന്റെ പ്രതിനിധിയായ വക്കീല്‍ ന്യായാധിപന്റെ മുന്നില്‍ പോകുമ്പോള്‍ ധരിക്കുന്ന വക്കീല്‍ കോട്ട്.
ഗാലിബിന്റെ കാവ്യഗ്രന്ഥത്തിലെ ഉര്‍ദു ‘ദീവാന്‍’ ആദ്യ ഈരടി നോക്കുക വക്കീല്‍കോട്ട് അപ്രത്യക്ഷമാവും. ഇനി മുതല്‍ ‘അദാലത്തു’ണ്ടാവില്ല. നാവില്‍ കൊതിയൂറുന്ന മധുര പലഹാരങ്ങള്‍ പലതും പോകും. ഭക്ഷണ വിഭവങ്ങളുടെ നീണ്ട നിര തന്നെ അപ്രത്യക്ഷമാവും. ‘കറി’കള്‍ പലതും ഉപേക്ഷിക്കേണ്ടി വരും. പട്ടാളത്തിലെയും പോലീസിലെയും മിക്ക തസ്തികകളും വേണ്ടെന്ന് വെക്കേണ്ടിവരും. വസ്ത്രങ്ങളിലും അലങ്കാര വസ്തുക്കളിലും പലതും അന്യമാവും. സര്‍ബത്ത് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ എന്തു ചെയ്യും? വാസ്തു പോകില്ലേ? താജ്മഹലും ഫത്തഹ്പൂര്‍ സിക്രിയും ചെങ്കോട്ടയും ഖുത്തബ്മീനാറും പണിത ഇന്‍ഡോ- സാരസനിക് (അറബിക്) കെട്ടിട നിര്‍മാണ രീതിയും പോവും.
മുസ്‌ലിം ആധിപത്യത്തിന് ശേഷം ബ്രിട്ടീഷുകാരും രാജ്യത്തിലെ തലയെടുപ്പുള്ള കെട്ടിടങ്ങള്‍ പലതും പണിതത് ഇതേ ഇന്‍ഡോ- സാരസനിക് മാതൃകകളിലാണ് എന്ന് കാണാവുന്നതാണ്. ഇന്നും പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതികള്‍, സര്‍വകലാശാലാ കെട്ടിടങ്ങള്‍, പ്രധാനപ്പെട്ട ഇതര കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തില്‍ ഇന്‍ഡോ- സാരസനിക് നിര്‍മാണ രീതി പിന്‍തുടര്‍ന്നതായി കാണാം.
സംഗീതം, ചിത്രകല, ശില്പകല ഇവയെല്ലാം സമ്മേളിക്കുന്ന ഇതര കലകളുടെ സ്ഥിതിയും ഇതുപോലെ തന്നെ. ഹിന്ദിയും ഉര്‍ദുവും ഒരേ ഭാഷയുടെ ലക്ഷണമൊത്ത രൂപങ്ങളാണെന്ന് പറഞ്ഞുവല്ലോ. മേല്‍ പ്രസ്താവിച്ച അറബിക്, ഫാര്‍സി സ്വാധീനത്തിന്റെ പേരില്‍ ഉര്‍ദുവിനെ മാത്രം ഉപേക്ഷിക്കുന്നത് എന്തിന് വേണ്ടി? ഇംഗ്ലീഷിനെ അനുകരിക്കുന്നത് എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്?
എല്ലാ ഭാഷക്കും രണ്ടു വശമുണ്ട്. ഒന്ന് ഭാഷയുടെ കലാവശം, രണ്ടാമത്തേത് ജ്ഞാനവശം. കലാവശത്തില്‍ ലളിത കലകള്‍, സാഹിത്യം, നാടോടി കലകള്‍ ഉള്‍പ്പെടെ എല്ലാം വരും. ജ്ഞാനവശത്തില്‍ ആ ഭാഷയില്‍ സമാഹരിക്കപ്പെടുന്ന വിജ്ഞാന സമ്പത്താണ് കണക്കാക്കപ്പെടുന്നത്. ഇത് രണ്ടും ഉര്‍ദു ആര്‍ജിച്ചത് ആറ് നൂറ്റാണ്ട് നിലനിന്ന ഫാര്‍സി (പേര്‍ഷ്യന്‍) ഭരണത്തിലാണ്. ഉര്‍ദു ഭാഷയുടെ കലാജ്ഞാന വശങ്ങള്‍ ഇതര ഇന്ത്യന്‍ ഭാഷകളെക്കാള്‍ പേര്‍ഷ്യന്‍ സ്വാധീനത്തിലാണ് സമ്പന്നമായത്. ഭാഷയും അധികാരവും തമ്മിലുള്ള പാരസ്പര്യത്തിന്റെ അനിവാര്യ ഫലമാണ് അത് എന്നതുകൊണ്ടും ഇന്ത്യന്‍ ജീവിതം കരുപ്പിടിപ്പിക്കപ്പെട്ടതും ഇന്നും തുടരുന്നതും അതേ വഴിയിലൂടെയാണ് എന്നതിന്റെ പേരിലും ഉര്‍ദു ഭാരത സംസ്‌കാരത്തിന്റെ നേര്‍ പ്രതീകമാണ് എന്ന വസ്തുത ഉറപ്പിക്കുന്നു.
ഹിന്ദി ഉള്‍പ്പെടെ, മറ്റൊരു ഭാരതീയ ഭാഷക്കും അവകാശപ്പെടാനാവാത്ത രീതിയില്‍ ഭാരതം മുഴുവനും ഭൂരിപക്ഷമായും പലപ്പോഴും ന്യൂനപക്ഷമായും നിലനില്‍ക്കുന്ന ഭാഷയാണ് ഉര്‍ദു. സംസ്ഥാന അതിരുകള്‍ക്കതീതമായി, എല്ലാ സംസ്ഥാനത്തും സാഹിത്യരചന നിര്‍വഹിക്കപ്പെടുന്ന, ഏക ഭാരതീയ ഭാഷയും ഉര്‍ദുവാണ്. ഭാഷയും സംസ്‌കാരവും അഥവാ ജീവിതവും രണ്ടാവാന്‍ തരമില്ല.
ഇംഗ്ലീഷും ഇംഗ്ലീഷ് വിജ്ഞാനവും തടസ്സമില്ലാതെ സ്വീകരിക്കപ്പെടുന്നുവല്ലോ. എന്നാല്‍ ഇന്ത്യന്‍ ജീവിതം തന്നെ സമ്പന്നമാക്കിയ ഉര്‍ദു ഭാഷയെയും അതിന്റെ പാരമ്പര്യത്തെയും എങ്ങനെ തള്ളിപ്പറയാന്‍ കഴിയും? ‘ഹിന്ദി’ എന്ന അറബി പദം ‘ഇന്ത്യ’ എന്ന അര്‍ഥത്തിലാണ് പേര്‍ഷ്യന്‍ ഭരണാധികാരികള്‍ ഉപയോഗിച്ചത്. തദ്ദേശീയ ഭാഷ മാത്രമാണ് അതുകൊണ്ട് വിവക്ഷിക്കപ്പെട്ടത്. ഉര്‍ദുവും ഹിന്ദിയും വളര്‍ന്നത് ‘ഖഡീ ബോലി’ എന്ന ഒരേ വാമൊഴി ഭാഷയില്‍ നിന്നാണെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വ്യവഹാരത്തിലിരുന്ന വാമൊഴി ഭാഷയാണ് ഖഡീബോലി. ഖഡീ എന്ന് പറയാന്‍ കാരണം അത് നേരത്തെ പഡീബോലി ആയിരുന്നതു കൊണ്ടാണ്. ‘പഡീ’ തീരെ ഫ്‌ളാറ്റ് ആയ അവസ്ഥയെ (അവികസിതാവസ്ഥ) സൂചിപ്പിക്കുന്നു. ഖഡീ എന്നത് നിവര്‍ന്ന് നിന്നതിനെ (കുറച്ചുകൂടി പ്രതിപാദന സാധ്യതയുള്ളതിനെ) സൂചിപ്പിക്കുന്നു.
ഖഡീ ബോലി പ്രചാരത്തിലിരുന്ന പ്രദേശത്തില്‍ പടിഞ്ഞാറും, കിഴക്കും നീങ്ങുന്നതിനനുസരിച്ച് ഭാഷയില്‍ ബോലിയില്‍ വ്യത്യാസം കാണാമായിരുന്നു. അതിന് കാരണം കിഴക്ക് ഭാഗം ബ്രിജ്, അവധി, മാഗധി തുടങ്ങിയ ബോലികളായിരുന്നു പ്രചാരത്തില്‍ എന്നതാണ്. പടിഞ്ഞാറാകട്ടെ ബുന്ദേലി, ഹരിയാണി, ഖദീ -പഴയ പഞ്ചാബി തുടങ്ങിയ ബോലികളും. ഉര്‍ദു വളര്‍ന്നു വികസിച്ച പ്രദേശമായി പൊതുവെ അംഗീകരിക്കപ്പെടുന്നത് ഇപ്പോഴത്തെ യു പിയിലെ അലഹബാദിന്റെ പടിഞ്ഞാറെ അറ്റം മുതല്‍ പഞ്ചാബിന്റെ കിഴക്കേ അറ്റം വരെയുള്ള പ്രദേശത്തെയാണ്. അതുകൊണ്ട് യു പി, ഡല്‍ഹി, ഹരിയാന, പഞ്ചാബ് പ്രദേശത്തുള്ള ഭാഷകളും ഉര്‍ദുവും തമ്മില്‍ വലിയ അന്തരമില്ലെന്ന് മാത്രമല്ല, കൂടുതല്‍ അടുപ്പവും കാണാന്‍ സാധിക്കും.
ഈ പ്രദേശത്തുള്ള അക്കാലത്തെ വാമൊഴി രൂപങ്ങളെ പൊതുവെ ‘മഗറബി ഹിന്ദി’ അഥവാ പടിഞ്ഞാറന്‍ ഹിന്ദി എന്നാണ് വിളിച്ചുപോന്നത്. ഉര്‍ദു ഭാഷ ജനിച്ചതും വളര്‍ന്നതും ഈ പ്രദേശത്താണ്. മുസ്‌ലിം അധികാരം സജീവമായത് ഈ പ്രദേശത്തായതുകൊണ്ട് ഫാര്‍സി ഭാഷ ഉര്‍ദു ഭാഷയെ കൂടുതല്‍ സ്വാധീനിക്കാന്‍ ഇടയായി.
1193-ന് ശേഷം ഡല്‍ഹി സുല്‍ത്താനേറ്റിന്റെ സ്ഥാപനത്തോടെ അടിമവംശം, ഖില്‍ജിവംശം, തുഗ്ലക്ക്, സയ്യിദ്, ലോധി തുടങ്ങി ഒടുവില്‍ അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയായ ബഹാദൂര്‍ ഷാ സഫറിന്റെ കാലം വരെ മുസ്‌ലിം സംസ്‌കാരം ഇന്ത്യന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി വര്‍ത്തിച്ചു. ഈ ഭരണാധികാരികളില്‍ എല്ലാവരും പുറത്തുനിന്നും വന്നവരല്ല. ഭൂരിപക്ഷം പേരും ഇവിടെ ജനിച്ചുവളര്‍ന്നവരാണ്. ഇന്ത്യയില്‍ എത്തിച്ചേര്‍ന്നവര്‍ ഈ രാജ്യത്തെ മാതൃരാജ്യമായി കരുതി. ഇവിടെ ജനിച്ചു. ഇവിടെ ചെങ്കോലും മരവുരിയുമേന്തി. മുസല്‍മാന്‍ സുല്‍ത്താന്മാര്‍ സമ്പത്താര്‍ജിച്ചതുപോലെ ദാരിദ്ര്യവും അനുഭവിച്ചു. എന്നാല്‍ ഫാര്‍സി ഭാഷയുടെ ഉപയോഗം ഔദ്യോഗിക തലത്തില്‍ നിലനിന്നതിനാല്‍, ഇന്ത്യന്‍ ഭാഷകളിലേക്കും ജീവിതത്തിലേക്കും ഫാര്‍സി കടന്നുവന്നു. ഫാര്‍സി വഴി അറബി ഭാഷയും കലകളും സാഹിത്യവും ഇന്ത്യന്‍ ജീവിതത്തിന്റെ ഭാഗമായി.
പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലും പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലുമായി ജീവിച്ചിരുന്ന പേര്‍ഷ്യന്‍ പണ്ഡിതനും കവിയും ഗായകനും സംഗീതജ്ഞനുമായ അമീര്‍ ഖുസ്രോ ആണ് ഉര്‍ദുവിലെയും ഹിന്ദിയിലെയും ആദ്യ കവി. അന്ന് ഡല്‍ഹിയിലും പരിസരത്തും പ്രചാരത്തിലിരുന്ന നാട്ടുഭാഷ (ഖഡീ, ബ്രിജ് മുതലായവ) യില്‍ ആദ്യ രചന നടത്തിയത് അമീര്‍ ഖുസ്രോ ആയിരുന്നു. ഇതാണ് ഉര്‍ദുവിലെയും ഹിന്ദിയിലെയും ആദ്യ രചനാപരിശ്രമങ്ങള്‍.
ഇതു കാരണം അമീര്‍ ഖുസ്രോവിനെ ഉര്‍ദു സ്‌നേഹികള്‍ തങ്ങളുടെ ‘ശായിര്‍’ ആയും ഹിന്ദിക്കാര്‍ തങ്ങളുടെ കവിയായും അംഗീകരിച്ചുപോരുന്നു.
ഉത്തരേന്ത്യയില്‍ മാത്രം പ്രചാരത്തിലിരുന്ന ഉര്‍ദു, ദക്ഷിണേന്ത്യയില്‍ എത്തിച്ചേരുന്നത് അലാവുദ്ദീന്‍ ഖില്‍ജിയുടെയും തുടര്‍ന്ന് മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും കാലത്തോടെയാണ്. തുഗ്ലക്കിന്റെ തലസ്ഥാന നഗരി ദേവഗിരിയിലേക്ക് മാറ്റിയതോടെ ഉര്‍ദു ദക്ഷിണേന്ത്യയില്‍ പൊതുവെയും ഹൈദരാബാദ്, കര്‍നൂള്‍, കടപ്പ, അഹമ്മദ് നഗര്‍ തുടങ്ങി ആന്ധ്രപ്രദേശിലെ ഒട്ടനവധി സ്ഥലങ്ങളിലും ബീജാപൂര്‍, ഗുല്‍ബര്‍ഗ, ഷിമോഗ, മൈസൂര്‍, ബാംഗ്ലൂര്‍, ധാര്‍വാഡ് ഉള്‍പ്പെടെ നിരവധി കര്‍ണാടക പ്രദേശത്തും, ആര്‍ക്കോട്ട്, വാണിയമ്പാടി, ആമ്പൂര്‍, മേല്‍വിഷാരം തുടങ്ങി ഒട്ടനവധി തമിഴ് പ്രദേശങ്ങളിലും ജനസാമാന്യത്തിന്റെ ഭാഷയായി സ്വീകരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശങ്ങളിലെല്ലാമായി ആയിരക്കണക്കിന് പ്രൈമറി, ഹൈസ്‌കൂളുകള്‍ ഉര്‍ദു മീഡിയത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. ചില കോളജുകളില്‍ ഇന്നും ഉര്‍ദു മീഡിയം പഠനം നിലവിലുണ്ട്.
ഇതില്‍ ഓരോ നഗരത്തിലുമുണ്ട് ഉര്‍ദുവിന്റെ ഗംഗാ – ജമിനി സംസ്‌കാരത്തിന്റെ കഥ പറയാന്‍. ഹിന്ദു- മുസ്‌ലിം വിവാഹത്തിലൂടെ ജനിച്ച എത്ര മുസ്‌ലിം ഭരണാധികാരികള്‍ തന്നെ നമുക്കുണ്ട്?  ഹൈദരാബാദിന്റെ കഥ മാത്രം നോക്കൂ. സുല്‍ത്താന്‍ മുഹമ്മദ് ഖുത്തുബ് ഷായുടെ മകന്‍ ബാഗ്മതി എന്ന നര്‍ത്തകിയായ തന്റെ ഹിന്ദു കാമുകിയെത്തേടി പോവുക പതിവായി. പിതാവ് വിലക്കുന്നു. പുത്രന്‍ രാത്രി സമയങ്ങളില്‍ മൂസി നദി (കൃഷ്ണ നദിയുടെ പോഷക നദി) നീന്തിക്കടന്ന് ബാഗ്മതിയെ കാണാന്‍ പോകുന്നു. വിവരമറിഞ്ഞ് പിതാവ് പുത്രന് വിവാഹസമ്മതം നല്‍കുന്നു. ആ യുവാവാണ് പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഖുലി ഖുത്തുബ് ഷാ എന്ന പേരില്‍ പ്രസിദ്ധനായത്. ഉര്‍ദുവിലെ ആദ്യ കാവ്യ സമാഹാര കര്‍ത്താവ് കൂടിയാണ് സുല്‍ത്താന്‍ മുഹമ്മദ് ഖുലി ഖുത്തുബ് ഷാ.
സുല്‍ത്താനായി അവരോധിക്കപ്പെട്ട ശേഷം അദ്ദേഹം തന്റെ പ്രിയ പത്‌നിക്ക് ‘ഹൈദര്‍ മഹല്‍’ എന്ന പദവി നല്‍കി ആദരിച്ചു. തൃപ്തനാവാതെ ഹൈദര്‍ വസിക്കുന്ന സ്ഥലം- ഹൈദര്‍ ആബാദ് എന്ന നഗരം തന്നെ പണിതു. ഇങ്ങനെയാണ് ‘ഗോല്‍ക്കുണ്ട’ ഹൈദരാബാദായി പരിണമിച്ചത്. താജ്മഹല്‍ പ്രേമ സ്മാരകമെങ്കില്‍, ഹൈദരാബാദ് നഗരം മറ്റൊരു പ്രേമ സ്മാരകം കൂടിയാണ്. ഹിന്ദു – മുസ്‌ലിം സ്‌നേഹബന്ധങ്ങള്‍ക്കും മൈത്രികള്‍ക്കുമുള്ള അനശ്വര സ്മാരകം!
ദക്ഷിണേന്ത്യയിലെ തന്നെ പല നഗരങ്ങള്‍ക്കും പറയാനുണ്ട് ഉര്‍ദു ഭാഷയുമായുള്ള അടുത്ത ചങ്ങാത്തത്തിന്റെ കഥകള്‍. ഭാഷ അക്കാലത്ത് ആരെയും അകറ്റിയിരുന്നില്ല. ഉര്‍ദുവും തെലുങ്കും, ഉര്‍ദുവും കന്നടയും, ഉര്‍ദുവും തമിഴും പരസ്പരം കൊടുത്തും വാങ്ങിയും കഴിഞ്ഞു. ഭാമിനി സുല്‍ത്താന്‍ ഭരണത്തിലും ആദില്‍ ഷാഹി സുല്‍ത്താന്‍ ഭരണത്തിലും ഖുത്തുബ് ഷാഹി സുല്‍ത്താന്‍ ഭരണത്തിലും തെലുങ്ക്, കന്നട, തമിഴ്, മറാഠി ഭാഷകള്‍ ഉര്‍ദുവിനോടും ഉര്‍ദു മറ്റു ഭാഷകളോടും ചേര്‍ന്നുനിന്നു.
ഉര്‍ദുവില്‍ ആദ്യ സാഹിത്യരചന നടന്നത് ഒരുപക്ഷേ, ഒരു വിരോധാഭാസമായി തോന്നിയേക്കാം. ദക്ഷിണേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ സംസാരഭാഷയില്‍- ഉര്‍ദുവില്‍ ദക്ഷിണേന്ത്യന്‍ സാഹിത്യ രചന ആരംഭിക്കപ്പെട്ടു. ഇതിനെ ‘ദക്കനി സാഹിത്യം’ എന്ന് വിളിച്ചുപോന്നു. ഹിന്ദിയിലും ഇതേ ‘ദക്കനി സാഹിത്യം’ കാണാവുന്നതാണ്.
ദക്കനിയിലെ അതായത് ദക്ഷിണേന്ത്യയിലെ സാഹിത്യകാരന്മാര്‍, ഉര്‍ദു രചനക്കായി പേര്‍ഷ്യന്‍ ‘നസ്താലിക്ക’ ലിപി ഉപയോഗിച്ചു. സാഹിത്യ മാതൃകയായി പേര്‍ഷ്യന്‍ കാവ്യരൂപങ്ങളായ ഖസീദ, ഗസല്‍, മസ്‌നവി, മറസ്യ, റുബായി തുടങ്ങി വിവിധ കാവ്യരൂപങ്ങളും സ്വീകരിച്ചു. എന്നാല്‍ ഹിന്ദിയിലും ഇതര ഇന്ത്യന്‍ ഭാഷകളിലും സംസ്‌കൃത മാതൃകകളെയാണ് അവലംബിച്ചത്. ഉര്‍ദു മറ്റു ഇന്ത്യന്‍ ഭാഷകളില്‍ നിന്നും സാങ്കേതികമായി വേര്‍തിരിക്കപ്പെട്ടത് ഇത് കാരണമാണ്. സ്വാഭാവികമായും പേര്‍ഷ്യന്‍ കാവ്യസങ്കേതങ്ങളും അലങ്കാരങ്ങളും വൃത്തങ്ങളും സാഹിത്യ ഇതിവൃത്തങ്ങളും ഉര്‍ദുവില്‍ ധാരാളമായി കടന്നുകൂടി.
എന്നാല്‍ അധികാരത്തിന്റെയും വിജ്ഞാനത്തിന്റെയും ദാര്‍ശനികതയുടെയും കലകളുടെയും ഭാഷയായ ഫാര്‍സി അതിന്റെ അറുനൂറ് വര്‍ഷത്തെ ഭരണപ്രഭാവം സാഹിത്യത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയില്ല. അത് ഉര്‍ദു ഭാഷയുടെയും ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ചു. ഭാഷക്ക് നല്‍കിവരുന്ന മറ്റൊരു പേര് ‘സംസ്‌കാരം’ എന്നാണല്ലോ. വിജ്ഞാന ശാഖകളും കലകളും രാഷ്ട്രതന്ത്രവും ഭരണവും എല്ലാം ഉര്‍ദുവില്‍ പ്രതിബിംബിച്ചു. ഉര്‍ദുവിന്റെ ജനസമ്മതിയും വ്യാപനവും കാരണം ഇതര ഇന്ത്യന്‍ ഭാഷകളിലും ജീവിതത്തിലും ഇതിന്റെ പ്രഭാവം എത്തിച്ചേരാനും കാരണമായി.
അടിസ്ഥാനപരമായി ഉര്‍ദു ഒരു ശുദ്ധ ഇന്ത്യന്‍ ഭാഷയാണ്. സാംസ്‌കാരികമായി അത് പേര്‍ഷ്യന്‍ സമ്പര്‍ക്കത്തിലൂടെയാണ് വളര്‍ന്നത്. ഉര്‍ദു ഭാഷയിലെ ഈ പേര്‍ഷ്യന്‍ (ഫാര്‍സി) സ്വാധീനത്തെ സാംസ്‌കാരിക സ്വാധീനങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. ഘടനാപരമായി (ടൃtuരൗേൃല ീള വേല ഘമിഴൗമഴല) ഉര്‍ദുവിന് മേല്‍ പേര്‍ഷ്യന്‍ സ്വാധീനം ഇല്ല എന്ന് മനസ്സിലാക്കണം.
ഘടനാപരമായി ഹിന്ദിയും ഉര്‍ദുവും ഒരു ഭാഷ തന്നെ. എന്നാല്‍ മേല്‍പറഞ്ഞ സാഹചര്യങ്ങളാല്‍ പദസമ്പത്തിന്റെ വിശേഷിച്ചും സാങ്കേതിക പദസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രണ്ട് ഭാഷകളും വേറിട്ട് നില്‍ക്കുന്നു. ചരിത്ര നിയോഗം നിമിത്തം ഉര്‍ദുഭാഷക്ക് പേര്‍ഷ്യന്‍, അറബിഭാഷ സംസര്‍ഗത്തിന് അവസരം ലഭിക്കുകയും അതുവഴി സമ്പന്നമായ ഭാരതീയ സംസ്‌കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തി സ്രോതസ്സായി വര്‍ത്തിക്കാനും ഉര്‍ദുവിന് സാധിച്ചു.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x