5 Tuesday
December 2023
2023 December 5
1445 Joumada I 22

ഡോ. മുഹിയുദ്ദീന്‍ ആലുവായ് വിശ്വവിഖ്യാതനായ മലയാളി പണ്ഡിതന്‍

ഹാറൂന്‍ കക്കാട്‌


വൈജ്ഞാനിക സേവനത്തിനും ഗവേഷണത്തിനുമായി ജീവിതം സമര്‍പ്പിച്ച ചിന്തകനായിരുന്നു ഡോ. മുഹിയുദ്ദീന്‍ ആലുവായ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിര്‍ദേശപ്രകാരം അല്‍ ബയ്‌റൂനിയുടെ വിഖ്യാതമായ കിതാബുല്‍ ഹിന്ദ് എന്ന ഗ്രന്ഥം അല്‍ബീറൂനി കണ്ട ഇന്ത്യ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹം, പതിനാല് ഭാരതീയ ഭാഷകളിലേയും സാഹിത്യത്തെ പരിചയപ്പെടുത്തുന്ന ആധുനിക ഭാരതീയ സാഹിത്യം എന്ന കൃതി അറബിഭാഷയില്‍ എഴുതി അസാമാന്യ രചനാപാടവം തെളിയിച്ച പ്രതിഭയാണ്. ആ ബഹുമുഖ ധിഷണാശാലി അരങ്ങൊഴിഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു.
എറണാകുളം ജില്ലയിലെ ആലുവ വെളിയത്തുനാടില്‍ അരീക്കോടത്ത് മക്കാര്‍ മൗലവിയുടേയും ആമിനയുടേയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ഡോ. മുഹിയുദ്ദീന്‍ ആലുവായിയുടെ ജനനം. പണ്ഡിതനും പ്രഭാഷകനുമായിരുന്ന പിതാവില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് വാഴക്കാട് ദാറുല്‍ ഉലൂം, വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത് എന്നിവിടങ്ങളില്‍ പഠിച്ചു. 1949-ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. 1953-ല്‍ കയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം ക്ലാസ്സോടെ എം എ വിജയിച്ചു. 1972-ല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നു തന്നെ ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത നോവലായ ചെമ്മീന്‍ അറബിഭാഷയിലേക്ക് ഷമ്മീന്‍ എന്ന പേരില്‍ ഡോ. മുഹിയുദ്ദീന്‍ ആലുവായ് വിവര്‍ത്തനം ചെയ്തതോടെ തുടക്കം കുറിച്ചത് ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരുന്നു. ഈ പരിഭാഷയോടെയാണ് അറബി ഭാഷയിലേക്കു മലയാളത്തിന്റെ ആദ്യ സാഹിത്യ മുന്നേറ്റമുണ്ടായത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനു ശേഷം കേരളത്തിന്റെ ഖ്യാതി പുറംലോകത്തെത്തിച്ച വിശ്വോത്തര പണ്ഡിതനായി ഈ എഴുത്തുകാരന്‍ പ്രശസ്തിയിലേക്കുയര്‍ന്നു.
ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക്കോളജിലും അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലും മദീന യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ. മുഹിയുദ്ദീന്‍ ആലുവായ് നിരവധി ശിഷ്യഗണങ്ങളാല്‍ സമ്പന്നനാണ്. അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ലക്ചററായി അദ്ദേഹം നിയമിതനായത് ശ്രദ്ധേയമായ മറ്റൊരു ചരിത്രമാണ്.
ഈജിപ്തിലെ ഇന്ത്യന്‍ എംബസി പ്രസിദ്ധീകരണമായ സൗത്തുല്‍ ഹിന്ദ് പത്രത്തിന്റെ എഡിറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഖത്തറിലെ അല്‍ ഖലീജതുല്‍ യൗം എന്ന അറബി പത്രത്തിന്റെ എഡിറ്ററായും ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇസ്ലാമിക പ്രശ്നങ്ങളെ കുറിച്ച് ഒരു കോളമുള്‍പ്പെടെ വാരാന്ത്യമുള്ള ഇസ്ലാമിക സ്പെഷല്‍ തയ്യാറാക്കുന്നതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു.
അറബ് ലോകത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം കോളമിസ്റ്റായിരുന്നു. മജല്ലത്തുല്‍ അസ്ഹര്‍, അല്‍ രിസാല, മിന്‍ബറുല്‍ ഇസ്ലാം, സഖാഫത്തുല്‍ ഹിന്ദ്, അല്‍ മദീന, അദ്ദഅ്‌വ, നൂറുല്‍ ഇസ്ലാം എന്നീ അറബി പ്രസിദ്ധീകരണങ്ങളില്‍ നിരവധി വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനായി ഉയരാന്‍ ഒരു മലയാളിക്ക് ഭാഗ്യം സിദ്ധിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.
ഡല്‍ഹിയിലെ ഇന്ത്യന്‍ സാംസ്‌കാരിക അക്കാദമികളിലും ഇന്ത്യന്‍ കൗണ്‍സിലുകളിലും ഡോ. മുഹിയുദ്ദീന്‍ ആലുവായ് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആള്‍ ഇന്ത്യാ റേഡിയോയില്‍ അറബി പ്രക്ഷേപണ വിഭാഗത്തില്‍ അദ്ദേഹം ഉദ്യോഗസ്ഥനായ സമയത്തായിരുന്നു ഇത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി മൗലാനാ അബുല്‍കലാം ആസാദിന്റെ നിര്‍ദേശാനുസരണം സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലില്‍നിന്നു അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്നതിന് മുഹ്യുദ്ദീന്‍ ആലുവായിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എസ് രാധാകൃഷ്ണന്റെ സഹായത്തോടെയാണ് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ അറബി സാഹിത്യത്തില്‍ അദ്ദേഹം ഗവേഷണം നടത്തിയത്.
ലോകത്തെ 180 മില്യനോളം വരുന്ന അറബ് ജനതയുടെ സംസാര ഭാഷയാണ് അറബി. സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, യമന്‍, മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ, മൗറിത്താനിയ, ഈജിപ്ത്, സുഡാന്‍, ജിബൂത്തി, സോമാലിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ഇറാഖ്, സിറിയ, ലബ്നാന്‍ എന്നീ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്. ഇതിനു പുറമെ അറബി എഴുതാനും വായിക്കാനും അറിയുന്ന അമ്പതു കോടിയില്‍ പരം ജനങ്ങള്‍ വിവിധ അനറബി നാടുകളിലുണ്ട്. ഇന്ത്യയില്‍ അറബി ഭാഷക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ചയും വികാസവും പ്രചാരവുമുള്ള സംസ്ഥാനമാണ് കേരളം. ഇതിന് പിന്നില്‍ ഡോ. മുഹിയുദ്ദീന്‍ ആലുവായിയുടെ സേവനമുദ്രകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ സമയങ്ങളിലായി ഈജിപ്ത്, ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഏഷ്യയിലേയും ആഫ്രിക്കയിലേയും യൂറോപ്പിലേയും ഒട്ടേറെ സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അറബി ഭാഷാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ കൂടുതല്‍ പഠന വിധേയമാവേണ്ടതുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമിയുടെ ഇസ്ലാമിക് റിസര്‍ച്ച് ആന്റ് ട്രൈനിംഗ് സെന്റര്‍ ഡയറക്ടറായും കോഴിക്കോട് ദഅ്‌വ കോളേജ് പ്രിസിപ്പലായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം ഭാഷകളിലായി നിരവധി ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇസ്ലാമും ലോക പരിവര്‍ത്തനവും, ഇസ്ലാമും മാനുഷിക പ്രശ്നങ്ങളും, മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഓറിയന്റലിസ്റ്റ് ജല്‍പനങ്ങളും, സമകാലിക ഇന്ത്യന്‍ സാഹിത്യം, ഇസ്ലാമിക പ്രബോധനവും വളര്‍ച്ചയും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, അറബ് സംസ്‌കാരം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍, ഇന്ത്യയിലെ മുസ്ലിം പണ്ഡിതന്‍മാരുടെ അറബ് കൃതികള്‍, ഇസ്ലാമിക ലോകത്ത് ഫലസ്തീനിന്റെ സ്ഥാനം, ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചതെങ്ങനെ, ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി ഇസ്ലാം ചെന്നെത്തിയ സ്ഥലം, ഇന്ത്യയിലെ ഇസ്ലാമിക പ്രബോധന രംഗത്തെ അതികായകന്‍മാര്‍, സമകാലിക ഇന്ത്യയില്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും അവസ്ഥ, ഇസ്ലാമിക പ്രബോധനത്തിന്റെ സവിശേഷതകള്‍, ഇസ്ലാമിക പ്രബോധനത്തിലെ അനശ്വരതയുടെ മൂലകങ്ങള്‍, പ്രബോധകന്റെ മാര്‍ഗം, അനറബികള്‍ക്ക് അറബി ഭാഷ അഭ്യസിപ്പിക്കുന്നതില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, ദ എസ്സന്‍സ് ഓഫ് ഇസ്ലാം, അല്‍ അസ്ഹര്‍, ഷഹാദ ആന്റ് സാലിഹ്, ഇസ്ലാമിക് നോളജ്, ദ പ്രിന്‍സിപ്പ്ള്‍സ് ഓഫ് ഇസ്ലാം, അറബ് ദുന്‍യാ, അറബ് ലോകം, ഇസ്ലാമിന്റെ മൂലതത്വം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
കേരളത്തില്‍ അറബി ഭാഷാ വളര്‍ച്ചയുടെ ഭാഗമായ അദ്ദേഹം വ്യത്യസ്ത ഭാഷകളില്‍ പ്രൗഢമായ കൃതികള്‍ രചിക്കുക വഴി വിവിധ സാംസ്‌കാരിക മൂല്യങ്ങളുടെ വികാസത്തിനും വളര്‍ച്ചക്കും അഹോരാത്രം പരിശ്രമിച്ചു. മധുരിക്കുന്ന ദീപ്ത സ്മൃതികള്‍ സമ്മാനിച്ച ഡോ.മുഹിയുദ്ദീന്‍ ആലുവായ് 1996 ജൂലായ് 23-ന് നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x