ഡോ. എം ഉസ്മാന്‍ സാത്വികനായ സത്യാന്വേഷി
ഹാറൂന്‍ കക്കാട്
ഓര്‍മച്ചെപ്പ് – 20
സൗത്ത് കൊടിയത്തൂര്‍ ഹിമായത്തുദ്ദീന്‍ മദ്‌റസയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തില്‍ നിന്നാണ് ഡോ. എം ഉസ്മാന്‍ എന്ന പേര് കേള്‍ക്കുന്നത്. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ആരാണ് എന്നായിരുന്നു ചോദ്യം. മിക്ക മത്സരാര്‍ഥികളും അന്ന് ജനറല്‍ സെക്രട്ടറി ആയിരുന്ന കെ പി മുഹമ്മദ് മൗലവിയുടെ പേരാണ് എഴുതിയത്. 1982-ലായിരുന്നു ഈ അനുഭവം.
മതനിരാസത്തില്‍ നിന്നും യുക്തിവാദ ചിന്തകളില്‍ നിന്നും ഇസ്ലാമിന്റെ ശാദ്വലതീരത്തേക്ക് വന്ന ഈ ഭിഷഗ്വരനെ കുറിച്ച് ഏതാനും വാചകങ്ങളില്‍ ക്വിസ് മാസ്റ്റര്‍ എം അബ്ദുറഹിമാന്‍ മദനി വിശദീകരിച്ചപ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് അത്ഭുതം തോന്നി. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് നടന്ന ഒരു യോഗത്തില്‍ വെച്ചാണ് പ്രതിഭാധനനായ ഈ ചിന്തകനെ നേരില്‍ കണ്ടത്. ഏറനാട്ടിലെ ആദ്യത്തെ ആ ഡോക്ടര്‍ വിടവാങ്ങിയിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.
1924 സപ്തംബര്‍ ആറിന് മലപ്പുറം ജില്ലയിലെ അരീക്കോട്ടെ മൂര്‍ഖന്‍ മുഹമ്മദ് ഹാജിയുടെയും ഇമ്പിച്ചി ഫാത്തിമയുടെയും മകനായാണ് ഡോ. എം ഉസ്മാന്റെ ജനനം. അരീക്കോട് ഗവ. എല്‍ പി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍, മഞ്ചേരി ഹൈസ്‌കൂള്‍, മലപ്പുറം മുസ്‌ലിം ഹൈസ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളജ്, മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. 1950-ലാണ് എം ബി ബി എസ് ബിരുദം നേടിയത്.
തൃശിനാപ്പള്ളി ജില്ലാ ഗവ. ആശുപത്രിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെങ്കിലും അദ്ദേഹം നിലമ്പൂരില്‍ സ്വന്തമായി ക്ലിനിക്ക് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലമ്പൂരില്‍ ഒരു കലാസമിതിക്ക് രൂപം നല്‍കിയ ഡോ. എം ഉസ്മാന്‍ സജീവമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായി. പരലോക വിശ്വാസത്തെയും ദൈവബോധത്തെയും അദ്ദേഹം പരിഹാസത്തോടെ വെല്ലുവിളിച്ചു. അക്കാലത്ത് കമ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ മുസ്‌ലിം സമുദായത്തിലേക്കുള്ള കടന്നുകയറ്റത്തിനുവേണ്ടി ഡോ. ഉസ്മാന്‍ അടക്കമുള്ളവര്‍ നടത്തിയ പരിശ്രമങ്ങളെ പരാജയപ്പെടുത്തിയതില്‍ നല്ല പങ്കുവഹിച്ചത് പ്രമുഖ ഇസ്‌ലാഹി പണ്ഡിതനായിരുന്ന കെ സി അബൂബക്കര്‍ മൗലവിയായിരുന്നു.
കെ സി അബൂബക്കര്‍ മൗലവിക്ക് മറുപടിയായി ഇ കെ അയ്മു രചിച്ച് ഡോ. എം ഉസ്മാന്‍ സംവിധാനം ചെയ്ത നാടകമാണ് ‘ഇജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്.’ എന്നാല്‍ ആയിശ എന്ന നാടകരചന അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് ഹേതുവായി. നാടകമെഴുതുന്ന സമയത്ത് മുഖ്യകഥാപാത്രമായ ആയിശ പ്രണയനൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യുന്ന സന്ദര്‍ഭമെത്തി. ‘ആത്മഹത്യക്കുശേഷം ആയിശക്കെന്തു സംഭവിക്കും’ എന്ന ചിന്ത ഡോക്ടറെ അലട്ടി. മരണശേഷം തനിക്കെന്തു സംഭവിക്കും എന്ന ആലോചനയായി അത് മാറി.
മനസ്സിനെ അഗാധമായി സ്വാധീനിച്ച മറ്റൊരു നിമിത്തം ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും എന്ന പുസ്തകത്തില്‍ ഡോ. എം ഉസ്മാന്‍ എഴുതിയിട്ടുണ്ട്: ”ഒരിക്കല്‍ ഒരു ഹരിജന്‍ വൃദ്ധന്‍ കാലിനൊരു മുറിവുമായി എന്റെ അടുക്കല്‍ വന്നു. യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലാത്ത, സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്ത നിരക്ഷരനായിരുന്നു ആ ഗ്രാമീണന്‍. കാലിന്മേലുള്ള മുറിവിന് കുറച്ച് പഴുപ്പ് അധികമായതിനാല്‍ ഒരു ഇഞ്ചക്ഷന്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. കാരണവര്‍ അത് സമ്മതിച്ചില്ല. തന്റെയടുക്കല്‍ അതിന് കാശില്ല, വല്ല മരുന്നും മതി എന്ന് പറഞ്ഞു. കാശില്ലെങ്കില്‍ പിന്നെ തന്നാല്‍ മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, പിന്നെയും തരാന്‍ ഉണ്ടാകില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ‘പിന്നെ തരാമെന്ന് പറഞ്ഞാല്‍ മതി’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം പറഞ്ഞത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ‘അത് പടച്ച തമ്പുരാന്‍ തമ്മയിക്കൂലല്ലോ’ എന്നായിരുന്നു യാതൊരു വിധ മതബോധവും ലഭിച്ചിട്ടില്ലാത്ത ആ ഗ്രാമീണ ഹരിജന്‍ വൃദ്ധന്റെ മറുപടി. സര്‍ക്കാര്‍ നിയമത്തെയോ പൊതുജനാഭിപ്രായത്തെയോ ഭയന്നിട്ടല്ല; പടച്ച തമ്പുരാനെ പേടിച്ചിട്ടായിരുന്നു അദ്ദേഹം കളവ് പറയാനും വഞ്ചിക്കാനും തയ്യാറാകാതിരുന്നത്.”
ഈ രണ്ട് കാര്യങ്ങളും ഡോ. ഉസ്മാനെ ചിന്താ നിമഗ്‌നനാക്കി. നിരന്തരമായ അന്വേഷണത്തിന്റെ വഴികളിലായിരുന്നു പിന്നീടുള്ള ദിനരാത്രങ്ങള്‍. കെ സി അബൂബക്കര്‍ മൗലവി, കെ ഉമര്‍ മൗലവി, എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍ എന്നിവരുമായുള്ള സമ്പര്‍ക്കവും വിശുദ്ധ ഖുര്‍ആന്‍ പഠനവും ഡോക്ടറെ അക്ഷരാര്‍ഥത്തില്‍ അടിമുടി മാറ്റിമറിച്ചു. സന്തത സഹചാരിയായിരുന്ന മായിന്‍ മൗലവിയുടെ പിന്തുണയും പിതൃസഹോദരനില്‍ നിന്ന് ലഭിച്ച പരിമിതമായ അറബി ഭാഷാ ജ്ഞാനവും ഖുര്‍ആന്‍ പഠനത്തിന് അദ്ദേഹത്തിന് സഹായകമായി. വായനാലോകം ഖുര്‍ആനിലേക്ക് വഴിമാറിയതോടെ ഈ ഭിഷഗ്വരന്‍ പൂര്‍ണമായും പുതിയ മനുഷ്യനായിത്തീര്‍ന്നു.
തന്റെ പിതാവിന്റെ സുഹൃത്തും നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന എം സി സി അബ്ദുറഹിമാന്‍ മൗലവിയാണ് ഡോ. ഉസ്മാനെ ഇസ്‌ലാഹി പ്രസ്ഥാനവുമായി ഊഷ്മളമായ ബന്ധം സാധ്യമാക്കിയത്. പ്രസ്ഥാനത്തിലേക്ക് വന്ന ഉടനെ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളജ് വാര്‍ഷിക സമ്മേളനത്തില്‍ പ്രഭാഷകനായി ഡോ. ഉസ്മാന്‍ ക്ഷണിക്കപ്പെട്ടു. ഒട്ടേറെ കലാ സാഹിത്യ രാഷ്ട്രീയ വേദികളില്‍ പ്രൗഢോജ്വലമായ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ച് പ്രശസ്തനായ ഡോ. എം ഉസ്മാന്റെ മതവേദിയിലെ ആദ്യ പ്രസംഗമായിരുന്നു ഇത്. പിന്നീട് ഇസ്‌ലാഹി പ്രഭാഷണ വേദികളില്‍ ശ്രദ്ധേയവും ആവേശകരവുമായ സാന്നിധ്യമായി അദ്ദേഹം നിറഞ്ഞുനിന്നു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന കെ എന്‍ എം വാര്‍ഷിക സമ്മേളനത്തില്‍ ഡോ. എം ഉസ്മാന്‍ നടത്തിയ പ്രഭാഷണം അതീവ ഹൃദ്യമായിരുന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍.
മുതലക്കുളം സമ്മേളനത്തിന് ശേഷമാണ് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഡോ. എം ഉസ്മാന്‍ പ്രവേശിച്ചത്. 1970-ല്‍ എടവണ്ണ ജാമിഅ നദവിയ്യയുടെ മാനേജിംഗ് ട്രസ്റ്റിയായി അദ്ദേഹം നിയമിതനായി. കെ പി മുഹമ്മദ് മൗലവിയുടെ ഈ ക്ഷണം വിനയപൂര്‍വം ഡോക്ടര്‍ സ്വീകരിക്കുകയായിരുന്നു. 1979 മാര്‍ച്ചില്‍ പുളിക്കലില്‍ നടന്ന ഒന്നാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി ഡോക്ടര്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1982-ല്‍ ഫറോക്കില്‍ സംഘടപ്പിച്ച രണ്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. 1983 ഡിസംബര്‍ 25-ന് കെ എന്‍ എം. സംസ്ഥാന പ്രസിഡന്റായി ഡോ. എം ഉസ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംഘടനയ്ക്ക് ശക്തമായ വേരോട്ടവും വ്യാപനവും ഉണ്ടാക്കുന്നതില്‍ വിശ്രമമില്ലാത്ത പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തത്. സംഘടനയെ കേരളത്തിലെ ജനകീയ പ്രസ്ഥാനമായി രൂപാന്തരപ്പെടുത്തുന്നതില്‍ ഡോ. എം ഉസ്മാന്റെ അധ്യക്ഷ പദവിക്ക് നിര്‍ണായകമായ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
മികച്ച എഴുത്തുകാരനായിരുന്നു ഡോക്ടര്‍, മതനിഷേധത്തിലെത്താന്‍ കാരണമായി ഭവിച്ച വിഷയങ്ങള്‍ തന്നെയാണ് മതവിശ്വാസിയായപ്പോള്‍ കൂടുതല്‍ പഠിച്ചത്. വൈരുധ്യാധിഷ്ഠിത ഭൗതികവാദം എത്രത്തോളം അര്‍ഥശൂന്യമാണെന്നു വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ മാര്‍ക്സിസം യുക്തിവാദം ഇസ്ലാം എന്ന കൃതി. ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും, പൗരാണിക ചരിത്രത്തിലേക്ക് ഖുര്‍ആന്‍ നല്‍കുന്ന വെളിച്ചം, അല്ലാഹു, ഗൈബ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്. കെ ഉമര്‍ മൗലവിയുടെ സല്‍സബീല്‍ മാസികയിലാണ് ഡോക്ടര്‍ കൂടുതല്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്.
സത്യമാര്‍ഗം പുല്‍കിയതോടെ കര്‍മനൈരന്തര്യത്തിന്റെ നാള്‍വഴികളിലായിരുന്നു ഡോക്ടര്‍. വൈദ്യ ചികിത്സ, പ്രഭാഷണം, എഴുത്ത്, സംഘടനാ പരിപാടികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. എപ്പോഴും വിനയവും പുഞ്ചിരിയും തൂകി ലാളിത്യത്തിന്റെ ശീതളിമ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ച ഡോ. എം. ഉസ്മാന്‍ എന്ന സാത്വികന്‍ 1999 മാര്‍ച്ച് 10-ന് വൈകുന്നേരം, എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ നിര്യാതനായി.