22 Sunday
December 2024
2024 December 22
1446 Joumada II 20

ഗോള്‍വാള്‍ക്കറും മൗദൂദിയും രണ്ടു തോണിയില്‍ കാലിടുന്നവര്‍  – ഡോ. കെ ടി ജലീല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ മറവില്‍ ജമാഅത്തെ ഇസ്ലാമിയെയും അതിന്‍റെ ഉപഗ്രഹ സംഘടനകളെയും വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരുകാലത്ത് അവരെ നിശിതമായി വിമര്‍ശിക്കുകയും സമുദായത്തിന്‍റെ പൊതുധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്ന കേരളത്തിലെ ചില വലതുപക്ഷ സംഘടനകള്‍. സംഘപരിവാര്‍ ഫാസിസം ഹിന്ദുത്വരാഷ്ട്രവാദം ഉയര്‍ത്തി കലാപാഗ്നി പടര്‍ത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര കാഴ്ചപ്പാട് എങ്ങനെയാണ് അലിഞ്ഞില്ലാതാവുന്നത്? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് ആര്‍ എസ് എസ് സ്വീകരിച്ച നിലപാടിനോട് സമാനമായ സമീപനം കൈകൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം എങ്ങനെയാണ് ചരിത്രത്തിന്‍റെ ഭാഗമല്ലാതാവുക? ബ്രിട്ടീഷ്വിരുദ്ധ സമരത്തില്‍ പങ്കാളികളായതിന്‍റെ പേരില്‍ ആര്‍ എസ് എസ് നേതാക്കളാരും ജയില്‍ വാസമുള്‍പ്പടെ ഒരു ശിക്ഷയും അനുഭവിച്ചിട്ടില്ലെങ്കില്‍ അതേ ഇന്നലെകളാണ് മൗലാനാ മൗദൂദി ഉള്‍പ്പടെയുള്ള ജമാഅത്തെ ഇസ്ലാമിക്കുമുള്ളത്. മറിച്ചാണ് വസ്തുതയെങ്കില്‍ ഇരു സംഘങ്ങളിലെയും നേതാക്കളോ പ്രവര്‍ത്തകരോ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടതിന്‍റെ പേരില്‍ അനുഭവിച്ച ത്യാഗത്തിന്‍റെ കഥകള്‍ എന്നോ നാട്ടില്‍ പാട്ടാകുമായിരുന്നു. അവരിലെ രക്തസാക്ഷികള്‍ ദിനേനെയെന്നോണം മാലോകരെല്ലാം കേള്‍ക്കേ അനുസ്മരിക്കപ്പെടുമായിരുന്നു.

അവിഭക്ത ഇന്ത്യയില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം കൊടുമ്പിരിക്കൊള്ളുമ്പോള്‍ മതസാമൂഹ്യരംഗത്ത് സജീവമായിരുന്ന മൗലാനാ മൗദൂദിയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടുള്ള സമീപനം എന്തായിരുന്നു? ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തിയതിന്‍റെ പേരിലോ സമരപങ്കാളിയായതിന്‍റെ പേരിലോ അബുല്‍അഅ്ലാ മൗദൂദിക്ക് ഒരു നിമിഷമെങ്കിലും രാജ്യത്തെ ഏതെങ്കിലുമൊരു ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടോ? നാടിന്‍റെ വിമോചനത്തിന് പരിശ്രമിച്ചു എന്നതിന്‍റെ പേരില്‍ അക്കാലത്തെ ഏതെങ്കിലും ജമാഅത്ത് നേതാക്കള്‍ക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം ഒരു പെറ്റിക്കേസെങ്കിലും ചാര്‍ജ് ചെയ്തിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള അന്വേഷണത്തിന്‍റെ വെളിച്ചത്തില്‍ വേണം, ആര്‍ എസ് എസ്സിന്‍റെ ഹിന്ദുഫാസിസത്തെ നേരിടാനുള്ള കൂട്ടായ്മയില്‍ നിന്ന് രൂപീകരണകാലം മുതല്‍ ഇസ്ലാമിക രാഷ്ട്രവാദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമി മാറ്റി നിര്‍ത്തപ്പെടണമെന്ന സി പി ഐ എമ്മിന്‍റെ സുചിന്തിത അഭിപ്രായത്തെ ഒരു സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കാന്‍.

സി എ എ വിരുദ്ധ സമരങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ചേര്‍ത്തു നിര്‍ത്തപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ദുര്‍ബലമാകുന്നത് ഒരു വലിയ ജനകീയമുന്നേറ്റത്തിന്‍റെ അടിത്തറ തന്നെയാണെന്ന് തിരിച്ചറിയാന്‍ ഇനിയും സമയം വൈകിയാല്‍ അതുകൊണ്ട് കരുത്താര്‍ജിക്കുക അതിതീവ്ര ഹിന്ദുത്വ ശക്തികളാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം? യു ഡി എഫ് ഏതെങ്കിലും മതരാഷ്ട്രവാദികളുമായി ചങ്ങാത്തം കൂടുന്നതും അവര്‍ക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കാന്‍ ഒരുമ്പെടുന്നതും അവരുടെ തന്നെ മതനിരപേക്ഷ മുഖമാണ് വികൃതമാക്കുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ കേവല മുസ്ലിം സ്വത്വപ്രശ്നമാക്കി മാറ്റാന്‍ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ കക്ഷികള്‍ നടത്തിയ നിഗൂഢനീക്കം ആത്യന്തികമായി പ്രസ്തുതനീക്കത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റുകയാണ് ചെയ്തത്. പലയിടത്തും നിക്ഷിപ്ത താല്‍പര്യത്തിനായി അവര്‍ സി എ എ വിരുദ്ധ മുസ്ലിം ബഹുജന പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്ത് അവയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിച്ചതും അത്തരം സമരങ്ങളെ മതാധിഷ്ഠിത മുദ്രാവാക്യങ്ങള്‍ കൊണ്ട് മുഖരിതമാക്കിയതും നാം കണ്ടതാണ്. അവസാനം മുസ്ലിംലീഗിനു തന്നെ പൗരത്വ സമരത്തില്‍ മതമുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് പറയേണ്ടി വന്നതും ആരും മറന്നുകാണില്ല. ആരെന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ജമാഅത്തെ ഇസ്ലാമിയേയും അവരുടെ കോന്തല സംഘടനകളേയും നൈമിഷിക പ്രചാരവേലക്കായി കൂടെക്കൂട്ടുന്നവര്‍ അവരുടെ തനിനിറം കാണാതെ പോകരുത്. മറ്റു മുസ്ലിം സംഘടനകളില്‍ നിന്ന് ജമാഅത്തെ ഇസ്ലാമിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് പുതിയ സാഹചര്യത്തില്‍ പ്രസക്തമാണ്.
പ്രഥമമായി മനസ്സിലാക്കേണ്ടത് ജമാഅത്തെ ഇസ്ലാമി കേവലമൊരു ഇസ്ലാമിക പ്രസ്ഥാനമോ മുസ്ലിം മതസംഘടനയോ അല്ല എന്നുള്ളതാണ്. മുസ്ലിം മതസംഘടനകളില്‍ സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയും മതരാഷ്ട്ര വീക്ഷണവുമുള്ള ഒരേയൊരു സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തിന്‍റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആദര്‍ശാടിത്തറ മതനിരപേക്ഷവിരുദ്ധവും ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് എതിരുമാണെന്ന് അവരുടെ തന്നെ പഴയകാലസാഹിത്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ ആര്‍ എസ് എസിനെ പോലെ അക്രമാസക്തരല്ലെങ്കിലും ജനങ്ങളെ ആത്യന്തികമായി ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്ലാമികരാഷ്ട്ര സ്ഥാപനമാണ് പരമമായ ലക്ഷ്യമെന്ന് ജമാഅത്ത് സ്ഥാപക നേതാവു കൂടിയായ മൗലാനാ മൗദൂദിയുടെ കൃതികളില്‍ നിന്ന് നിഷ്പ്രയാസം മനസ്സിലാക്കാനാകും.
ഇന്ത്യാ, പാക്, ബംഗ്ലാڊകശ്മീര്‍ ജമാഅത്തെ ഇസ്ലാമികളുടെ ‘ബൈബിള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗദൂദിയുടെ ഖുതുബാത്ത് എന്ന ഗ്രന്ഥത്തില്‍ സംശയലേശമന്യേ വ്യക്തമാക്കുന്നത് കാണുക: “മതം എന്നതിന്‍റെ ശരിയായ അര്‍ഥം സ്റ്റേറ്റ് എന്നാണ്. ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് അഥവാ ആരാധന എന്ന് പറയുന്നത്.” (പേജ്: 395) മതം എന്നാല്‍ രാഷ്ട്രം തന്നെയാണന്നു മൗദൂദി മുതല്‍ പുതിയ അമീര്‍ മൗലാനാ ഹുസൈനി വരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ദീന്‍ അഥവാ മതം എന്ന വാക്കിനു ‘പാര്‍ട്ടി’ എന്നു പരിഭാഷ നല്‍കിയിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചതിനു പിന്നിലെ ഹിഡണ്‍ അജണ്ട ജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കായി ഇസ്ലാമിക് സ്റ്റേറ്റ് ഭാഗികമായെങ്കിലും നടപ്പില്‍ വരുത്തലാണെന്ന് ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങളും കുറുക്കുവഴികളും ശരിയാംവിധം മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് പെട്ടെന്ന് പിടികിട്ടും. പ്രബോധനം വാരികയുടെ 2018 ഡിസംബര്‍ 7-ല്‍ പ്രസിദ്ധീകരിച്ച ‘സംക്രമണ ഘട്ടത്തിലെ ദീനിന്‍റെ (മതത്തിന്‍റെ) സംസ്ഥാപനം’ എന്ന ലേഖനത്തില്‍ ഒരു മറയുമില്ലാതെ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലേഖനത്തിന്‍റെ ആമുഖമായി അദ്ദേഹം എഴുതി: “സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ സാഹചര്യം വലിയ രീതിയില്‍ മാറി. ഇന്ത്യ വിഭജിക്കപ്പെട്ടു. മുസ്ലിംകള്‍ പതിനൊന്നോ പന്ത്രണ്ടോ ശതമാനമായി ചുരുങ്ങി. മതനിരപേക്ഷ ജനാധിപത്യ സംവിധാനം ജനങ്ങള്‍ സര്‍വാത്മനാ ഭരണരീതിയായി സ്വീകരിച്ചു. രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈവിധം മാറിയതിനാല്‍ രാജ്യം ഏത് ഭരണരീതി സ്വീകരിക്കണം എന്ന ചോദ്യം അവശേഷിക്കുന്നില്ല. സ്വാഭാവികമായും ഇസ്ലാമിക പ്രസ്ഥാനത്തിന് നൂതനമായ ഒരു ചിന്താവ്യവഹാരം ഉയര്‍ത്തിക്കൊണ്ടുവരേണ്ടിവരും. വ്യവസ്ഥാ മാറ്റമെന്നത് എളുപ്പത്തില്‍ നടക്കുന്ന ഒന്നല്ല. ദീര്‍ഘകാലത്തെ യത്നങ്ങള്‍ അതിനാവശ്യമുണ്ട്.”
ഇന്ത്യയില്‍ ദൈവിക മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ (ഇസ്ലാമിക രാഷ്ട്ര സ്ഥാപനമുള്‍പ്പെടെ) എന്തൊക്കെയാകണം എന്ന സുപ്രധാന ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുടെ ധിഷണാശാലികള്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ സംഗ്രഹിച്ചുകൊണ്ടാണ് പ്രസ്തുതലേഖനം ആരംഭിക്കുന്നത്.
മത പ്രബോധനത്തിന്‍റേയും അതിലൂടെ നേടാനാകുന്ന മതപരിവര്‍ത്തനത്തിന്‍റേയും തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. മുസ്ലിംകള്‍ അല്ലാത്തവരില്‍ നിന്നുള്ള പിന്തുണയുണ്ടെങ്കിലേ പ്രസ്ഥാനത്തിനു അതിന്‍റെ യഥാര്‍ഥ കര്‍മ മണ്ഡലത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളൂവെന്നു മൗലാനാ സദ്റുദ്ദീന്‍ ഇസ്ലാഹിയെ ഉദ്ധരിച്ചുകൊണ്ടു ഹുസൈനി ലേഖനത്തില്‍ സമര്‍ഥിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും കാമ്പസുകളില്‍ പുതുതായി രൂപംകൊണ്ട ഫ്രറ്റേണിറ്റിയുടെയും നിഗൂഢലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ആരും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല.
ആരാധനയുടെ ലക്ഷ്യം ഭരണപരിശീലനമാണെന്നാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നത്. ഇന്ത്യയിലെ മറ്റൊരു മുസ്ലിം സംഘടനയും ഇത്തരമൊരു ചിന്താഗതി മുന്നോട്ടുവെക്കുന്നില്ല. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സുന്നികളും പ്രബലവിഭാഗമായ മുജാഹിദ് പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയെ കാലങ്ങളായി രൂക്ഷമായി എതിര്‍ത്തുപോരുന്നതും ഇത്തരം വീക്ഷണവൈകൃതങ്ങള്‍ കൊണ്ടാണ്.
ആരാധനാനുഷ്ഠാനങ്ങള്‍ പോലും സൈനികപരിശീലനവും ഭരണനിര്‍വഹണ ട്രെയിനിങ്ങുമാണെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ പക്ഷം. ഖുതുബാത്തില്‍ മൗദൂദി നിരീക്ഷിക്കുന്നത് നോക്കുക: “ചുരുക്കത്തില്‍ ദിനംപ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വച്ചും സംഘം ചേര്‍ന്നുള്ള നമസ്കാര നിര്‍വഹണത്തിലൂടെ ഉദ്ദേശിക്കുന്നത് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്താന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്.” (പേജ് 199)
“നമസ്കാരം, നോമ്പ്, സകാത്ത് എന്നീ ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമാക്കിയതില്‍ സമാന ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പൊലീസ്, സിവില്‍സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന ജനങ്ങള്‍ക്ക്  ആദ്യമായി ഒരു പ്രത്യേകതരം പരിശീലനം നല്‍കുകയും അവരെ അതത് ജോലികളില്‍ നിയമിക്കുകയും  ചെയ്യുന്നതുപോലെ ഇസ്ലാമികദര്‍ശനവും അതിലെ നാനാവിധ ഉദ്യോഗങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ആളുകള്‍ക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്‍റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാന്‍ ഉദ്ദേശിക്കുകയുമാണ് ചെയ്യുന്നത്.” (ഖുതുബാത്, പേജ് 388,389)
തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അപ്പാടെ നിഷേധിച്ച ജമാഅത്തെ ഇസ്ലാമി പിന്നീട് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച് നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചു
മതനിരപേക്ഷതയും ജനാധിപത്യവും നിരാകരിക്കപ്പെടേണ്ട ചിന്താധാരകളാണെന്ന് ഉദ്ഘോഷിച്ച ഇന്ത്യയിലെ ഏക മുസ്ലിം സംഘടന ജമാഅത്തെ ഇസ്ലാമിയാണ്. മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറയുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ട് പുതിയ സാധ്യതകളാരായുന്ന തിരക്കിലാണ് അവര്‍.
“മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാര്‍മികതത്വങ്ങളില്‍ നിന്ന് വിമുക്തരുമാക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത തനി സ്വേച്ഛാ പൂജകരായിക്കഴിഞ്ഞു.” (അതേ പുസ്തകം. പേജ്: 15)
കാര്യവും കാരണവുമെന്തായിരുന്നാലും കേരളത്തിലെ ജമാഅത്തെകാരുടെ കാര്യത്തില്‍ മൗദൂദിയുടെ ഈ നിരീക്ഷണം പൂര്‍ണമായും ശരിയാണ്. ഇതെവിടെ ചെന്നവസാനിക്കുമെന്നറിയാന്‍ വരാനിരിക്കുന്ന ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകള്‍ വരെ കാത്തിരിക്കാം. തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അപ്പാടെ നിഷേധിച്ച ജമാഅത്തെ ഇസ്ലാമി പിന്നീട് സ്വന്തമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടി തന്നെ രൂപീകരിച്ച് നിയമസഭയിലേക്കും ലോക്സഭയിലേക്കും മല്‍സരിച്ചു. അവരുടെ നിലപാടുകളില്‍ എത്ര വൈരുധ്യമുണ്ടെന്നറിയാന്‍ പഴയ ജമാഅത്ത് പ്രസിദ്ധീകരണങ്ങളിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മതി

.
“ജനാധിപത്യ പ്രക്രിയയില്‍ വോട്ടുചെയ്യുന്നതും ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതും തൗഹീദിന് (ഏകദൈവ വിശ്വാസത്തിന്) എതിരാകുന്നു”. (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ഇരുപത്തേഴ് വര്‍ഷം, ഇലക്ഷന്‍ പ്രശ്നം).
“ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ട് നല്‍കുകയോ ചെയ്യുന്നത് അനുവദനീയമല്ല.” (പ്രബോധനം, 1970, ജൂലൈ, പു: 31, ലക്കം: 3)
“നമ്മുടെ അഭിപ്രായത്തില്‍ ഇന്ന് മുസ്ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പില്‍നിന്ന് തികച്ചും വിട്ടുനില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കുകയോ അരുത്. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണത്.” (പ്രബോധനം, പു:4, ലക്കം: 2,  ജൂലൈ, 1956, പേജ്: 35, മുസ്ലിംകളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുലൈസ് സാഹിബ്)

വിചാരധാരയും ഖുതുബാത്തും
ഇന്ത്യയില്‍ ജനാധിപത്യം അതിന്‍റെ എല്ലാ സൗന്ദര്യത്തിലും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ പൂത്തുലഞ്ഞുനിന്ന കാലത്തായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ജനായത്തത്തെ നിരാകരിക്കുന്ന നിരീക്ഷണങ്ങള്‍ എന്നോര്‍ക്കുക. നെഹ്റു പ്രധാനമന്ത്രിയും എ കെ ജി പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് നിഷിദ്ധമായ ജനാധിപത്യം നരസിംഹ റാവുവിന്‍റെയും മന്‍മോഹന്‍സിങ്ങിന്‍റെയും നരേന്ദ്ര മോദിയുടെയും കാലത്ത് എങ്ങനെയാണ് സ്വീകാര്യമായതെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ജമാഅത്ത് ബുദ്ധിജീവികള്‍ക്ക് കഴിഞ്ഞിട്ടില്ല. “ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലിംകള്‍ മുഴുവന്‍ അത് ബഹിഷ്കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത്, പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെയും അവന്‍റെ നിര്‍ദേശങ്ങളെയും തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും കടകവിരുദ്ധമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ്.” (പ്രബോധനം, 1952, ഫെബ്രുവരി)
മൗദൂദി ജനാധിപത്യ മതേതരവിരുദ്ധനായിരുന്നു എന്നതിന് ഇതില്‍പ്പരം തെളിവ് മറ്റെന്തുവേണം? മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ‘ശിര്‍ക്ക്’ അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ ബിന്ദുവുമില്ല എന്നും പ്രഖ്യാപിച്ചു. മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെടുന്ന കാലത്താണ് മൗദൂദി ഇന്ത്യന്‍ ദേശീയതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതെന്ന് ഓര്‍ക്കണം! വിഭജനത്തിന്‍റെ ഭീകരത തിമിര്‍ത്താടിയ നാളുകളില്‍ ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകള്‍ക്ക് ഏക രജതരേഖയായിരുന്നു മതനിരപേക്ഷത. അല്ലെങ്കില്‍ ഇന്ത്യയും പാകിസ്താനെപ്പോലെ മതാധിഷ്ഠിത രാജ്യമാകുമായിരുന്നു. ബഹുസ്വരത ഇന്ത്യയുടെ ജീവവായുവാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ വിവേകംപോലും വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിച്ച ജമാഅത്ത് നേതാക്കള്‍ക്ക് ഉണ്ടായില്ലെന്നത് എത്രമേല്‍ അവിവേകവും അപരാധവുമാണ്?
ഇന്ത്യാ രാജ്യവുമായി ഒരു നിലയ്ക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൗദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്നതും അതുകൊണ്ടു തന്നെയാണ്. മൗദൂദിയും കുറച്ചാളുകളും വിട്ടുനിന്നതുകൊണ്ടോ മറ്റുള്ളവരോട് അവര്‍ വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്തതുകൊണ്ടോ കാര്യമായൊരു പ്രതികരണവും മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായില്ല. മൗദൂദിയുടെ തലതിരിഞ്ഞ ആശയത്തോട് വിയോജിപ്പുള്ളവരായിരുന്നു അവിഭക്ത ഇന്ത്യയിലെ 99.9 ശതമാനം മുസ്ലിംകളും. ദയൂബന്തിലെ ഇസ്ലാമിക പണ്ഡിതന്മാരുടെ വാക്കുകളാണ് അവര്‍ മുഖവിലയ്ക്കെടുത്തത്. കേരളത്തിലെ സുന്നി മുസ്ലിംകളും സലഫീധാരയില്‍ വരുന്നവരുമായ തൊണ്ണൂറ്റൊമ്പതേ മുക്കാല്‍ ശതമാനം മുസ്ലിംകളും മൗദൂദിയുടെ വാദം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാകില്ലെങ്കില്‍ അത്തരം സ്വാതന്ത്ര്യസമരത്തിന് ആയിരംവട്ടം ശാപമെന്നാണ് മൗദൂദി പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമംപോലും ഹറാമാണെന്ന് (നിഷിദ്ധം) മൗദൂദി പ്രസ്താവിച്ചു.  ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ലാത്ത (പ്രാചീന അറേബ്യയിലെ ഒരു ദൈവം) പോയി മനാത്ത (പ്രാചീന അറേബ്യയിലെ മറ്റൊരു ദൈവം) വന്നു  എന്ന വ്യത്യാസമേയുള്ളൂവെന്നും രണ്ടും ബഹുദൈവത്വവും ദൈവനിഷേധവുമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
മൗദൂദിയുടെ വിലയിരുത്തല്‍ നോക്കുക: “സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്‍റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം രണ്ടും തുല്യമാണ്.  ലാത്ത പോയി  മനാത്ത വന്നു എന്നുമാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നുസാരം. അസത്യത്തിനുള്ള അടിമത്തം അങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിനു സ്വാതന്ത്ര്യമെന്നു പറയുക?” (മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസീ കശ്മകശ്, പേ: 97, 98).
“ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്‍റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ, മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരുനീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കിനില്‍ക്കുകയെന്നതും മുസ്ലിമിന് അനുവദനീയമല്ല.” (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ: 81).
സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കാളികളായ മുസ്ലിംകളെ മൗദൂദി അപഹസിച്ചത് ഇങ്ങനെയാണ്: “പ്രജായത്തം നടപ്പില്‍വരുത്താനായി സമരം ചെയ്യുന്ന കപട വിശ്വാസികളെക്കുറിച്ച് ഞാനെന്തുപറയാനാണ്?” (ഖുതുബാത്ത്, പേ: 140)
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയിലെ സ്കൂളുകളും കോടതികളുമൊന്നും ഒരു മുസ്ലിമിന് സ്വീകാര്യമാകരുതെന്ന് ശഠിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി. വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്ലിംകള്‍ ഈ സ്ഥാപനങ്ങളില്‍ നിന്നെല്ലാം തുല്യവിദൂരത പാലിക്കണമെന്നാണ് സംഘടന ആഹ്വാനം ചെയ്തത്. “അനിസ്ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്ലിംകളുടെ ജീവിതത്തിലേക്ക് നോക്കുക. ദൈവേതരമായ സകലസ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അനിസ്ലാമിക കോടതികളില്‍ മുസ്ലിംകള്‍ ശരണം പ്രാപിക്കുന്നു. അനിസ്ലാമിക പാഠശാലകളിലേക്ക് തങ്ങളുടെ സന്താനങ്ങളെ അയക്കുന്നു.” (മൗദൂദി, ശിര്‍ക്ക്, പേ: 212)
ഇസ്ലാമികേതര ഭരണവ്യവസ്ഥയ്ക്കു കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതുപോലും  മൗദൂദി നിരുത്സഹപ്പെടുത്തി. അത്തരം സ്ഥാപനങ്ങളെ  വിശേഷിപ്പിച്ചിരുന്നത് ‘കൊലാലയങ്ങള്‍’ എന്നായിരുന്നു (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി 27 വര്‍ഷം, പേജ്: 61). ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച് കുറെപ്പേര്‍ അഭ്യസ്തവിദ്യരായതുകൊണ്ട് ഇസ്ലാമിന് ഒരു നേട്ടവുമില്ലെന്നും അദ്ദേഹം നിഗമനത്തിലെത്തി. (മുസ്ലിം ഒരു പാര്‍ടി, ഐ പി എച്ച്, പേജ്:10).
ഇത്തരം വിഡ്ഢിത്തങ്ങള്‍ അണ്ണാക്കുതൊടാതെ വിഴുങ്ങാന്‍ തയ്യാറാകാതിരുന്ന മുസ്ലിം ജനസാമാന്യത്തെ (സുന്നികളെയും മുജാഹിദുകളെയും) ജമാഅത്തെ ഇസ്ലാമി എതിര്‍ത്തത് ഇപ്രകാരം അധിക്ഷേപിച്ചുകൊണ്ടാണ്: “ഒരു വശത്ത് നാം അല്ലാഹുവിലും പരലോകത്തിലും ദിവ്യസന്ദേശത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കുന്നു എന്ന് പറയുക. മറുവശത്ത് ഭൗതികത്വ ലഹരി തലയ്ക്കു കയറി മനുഷ്യനെ അല്ലാഹുവില്‍ നിന്ന് വിദൂരപ്പെടുത്തുന്നതും പരലോകത്തെ വിസ്മരിപ്പിച്ചുകളയുന്നതും ഭൗതികസേവനത്തില്‍ ലയിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്വയം കുതിക്കുകയും മറ്റുള്ളവരെ അതിലേക്ക് പ്രേരിപ്പിക്കുകയും സ്വന്തം ഉത്തരവാദിത്തത്തില്‍ അത്തരം സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുക. ഇത്തരം സംഖ്യാതീതമായ വൈരുധ്യങ്ങള്‍ വര്‍ത്തമാന മുസ്ലിംകളുടെ ജീവിതത്തില്‍ കാണപ്പെടുന്നു.” (പ്രബോധനം, പു 4, ലക്കം 3, ഇസ്ലാമികപ്രസ്ഥാനം, പേജ് 11).
എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസമേഖല വളര്‍ന്നു പന്തലിച്ചതു കണ്ട് സഹിക്കവയ്യാതെ ജമാഅത്തെ ഇസ്ലാമിയുടെ പ്രാസംഗികന്മാര്‍ അതിനെ ഇസ്ലാമിനെ തകര്‍ക്കാനുള്ള പദ്ധതിയായി വ്യാഖ്യാനിച്ച് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പള്ളിമിമ്പറുകള്‍ പോലും ദുരുപയോഗപ്പെടുത്തി. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു മുന്നിലുള്ള ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രസംഗത്തിലെ അതിരുകടന്ന പരാമര്‍ശങ്ങള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത അഡ്വ. ജാബിര്‍ തന്‍റെ എഫ് ബിയില്‍ പോസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഗോള്‍വാള്‍ക്കറും മൗദൂദിയും ഒരു നാണയത്തിന്‍റെ രണ്ടു വശമാണെന്ന് മനസ്സിലാക്കാന്‍ മേല്‍വിവരിച്ചതിലും കൂടുതല്‍ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗോള്‍വാള്‍ക്കറുടെ വിചാരധാരയ്ക്കു തുല്യമാണ് മൗദൂദിയുടെ ഖുതുബാത്ത്. രണ്ടും ഒരേ മുറിയിലിരുന്ന് പരസ്പരം ചര്‍ച്ച ചെയ്ത് ഇരുവരും എഴുതിയപോലെ തോന്നും. വിചാരധാരയുടെ മുസ്ലിം വര്‍ഗീയ പതിപ്പാണ് ഖുതുബാത്ത്. ഖുതുബാത്തിന്‍റെ തീവ്രഹിന്ദുത്വ എഡിഷനാണ് വിചാരധാര. രണ്ടും വായിച്ചുനോക്കിയാല്‍ മതാന്ധതയും വര്‍ഗീയതയും ആളിക്കത്തുമെന്നുറപ്പ്. ഇരുവരും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നോക്കിക്കണ്ടതും ഒരേ ദിശയിലായിരുന്നു. ഈ സാദൃശ്യങ്ങളാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇന്ത്യന്‍ മുസ്ലിംകളുടെ കാല്‍ശതമാനത്തിന്‍റെ പോലും പിന്തുണ നേടാനാകാത്ത വ്യക്തിയും പ്രസ്ഥാനവുമായി ചരിത്രത്തില്‍ ചുരുങ്ങിപ്പോയതിന്‍റെ കാരണം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വെല്‍ഫെയര്‍ പാര്‍ടി പടവലങ്ങ പോലെ കീഴ്പ്പോട്ട് ‘വളരുന്ന’തും വെറുതെയല്ല. കാഴ്ചയില്‍ ‘ശുദ്ധ’രെന്ന് തോന്നിപ്പിക്കുന്നവര്‍ തേനില്‍ പൊതിഞ്ഞ വിഷമാണ് വിളമ്പുന്നതെന്ന് മുസ്ലിം സമുദായം എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിമേതര സമൂഹവും കുറച്ചു വൈകിയാണെങ്കിലും അതു മനസ്സിലാക്കി എന്നുള്ളതാണ് പുതിയ വിവാദം കൊണ്ടുണ്ടായ മെച്ചം.

Back to Top