കോവിഡ് കാലത്ത് സ്വയം എരിഞ്ഞ് വിളക്കായവര്‍ – ഡോ. കെ മന്‍സൂര്‍ അമീന്‍
ഇന്ത്യാ ചരിത്രത്തിലെ മഹാ ദുരന്തങ്ങളിലെ തുല്യതയില്ലാത്ത ഒരേടായിരുന്നു 1984 ഡിസംബര്‍ രണ്ടിലെ ഭോപ്പാല്‍ വിഷവാതക ദുരന്തം. മധ്യപ്രദേശിലെ ഭോപ്പാലിലെ അമേരിക്കന്‍ കമ്പനി ആയിരുന്ന യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ജനവാസ മേഖലയിലേക്ക് വിഷവാതകം പരക്കുമ്പോള്‍ സമയം അര്‍ധരാത്രി. കരളലിയിക്കുന്ന ചിത്രങ്ങള്‍ ബാക്കിവെച്ച മഹാ ദുരന്തത്തില്‍ 15,000 ആളുകള്‍ മരണപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക്. നിരവധിപേര്‍ രോഗബാധിതരായി, ഇന്നും അതിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു നാട്ടുകാര്‍.
മരണം കുതിച്ചെത്തിയ ആ ദുരന്ത രാത്രിയില്‍ ഉറങ്ങിക്കിടന്നവരും അല്ലാത്തവരും ശ്വാസതടസ്സം താങ്ങാനാവാതെ പ്രാണനും കയ്യിലേന്തി കുതിച്ചോടുമ്പോള്‍ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ തികട്ടി വന്ന ശ്വാസതടസ്സവും ശാരീരിക അവശതകളും തൃണവത്ഗണിച്ച് തന്‍റെ ഇരിപ്പിടത്തിനരികിലുള്ള ഫോണിന് മുന്നിലിരുന്ന് അടുത്തും അകലെയുമുള്ള മുഴുവന്‍ സ്റ്റേഷനുകളിലേക്കും വിളിച്ചുപറഞ്ഞു: “ഇത് ഭോപ്പാല്‍, ഇവിടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നിരിക്കുന്നു. ഒരു വണ്ടിയും ഇവിടേക്ക് വിടരുത്.”
ആ സമയത്ത് ധാരാളം രാത്രി വണ്ടികള്‍ പോകാന്‍ ഉണ്ടായിരുന്ന ഭോപ്പാല്‍ സ്റ്റേഷനില്‍ ഇരുന്ന് അജ്ഞാതരായ ആയിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി ആ സ്റ്റേഷന്‍ മാസ്റ്റര്‍ തന്‍റെ ജീവിതം ത്യജിച്ചു. അവസാന ശ്വാസം വരെ മറ്റുള്ളവര്‍ക്കു ദാനം നല്‍കി. താനിരിക്കുന്ന കസേരയില്‍ ശ്വാസം നിലച്ച നിലയിലാണ് ദുരന്താനന്തരം അദ്ദേഹം കാണപ്പെട്ടത്. കര്‍ത്തവ്യം നിര്‍വഹിച്ച തികഞ്ഞ ശാന്തതയോടെ.
ഭൂഖണ്ഡങ്ങള്‍ താണ്ടി ഭീതി വിതച്ച് നിരവധി പേരെ കൊന്നൊടുക്കി ലോകമൊട്ടുക്കും വ്യാപിച്ച കോവിഡിനെ സംബന്ധിച്ച് തുടക്കത്തില്‍ മുന്നറിയിപ്പ് നല്‍കിയ ഒരു ഡോക്ടറുണ്ടായിരുന്നു. താന്‍ ജോലി ചെയ്യുന്ന ആസ്പത്രിയില്‍ ആളുകള്‍ പിടഞ്ഞു തീരുന്നത് കണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ഡോ. ലീപെന്‍ ലിയാങ്ങ്. തന്‍റെ മെഡിക്കല്‍ സ്കൂള്‍ അലുംനീ ഗ്രൂപ്പില്‍ അദ്ദേഹം പങ്കുവെച്ച ആശങ്കകള്‍ ചെവിക്കൊള്ളാതെ ഗവണ്‍മെന്‍റ് അധികൃതര്‍ അദ്ദേഹത്തിനെതിരെ കേസ്സെടുത്തു. പിന്നീടദ്ദേഹത്തിന് മാപ്പ് പറയേണ്ടിയും വന്നു. പക്ഷേ കൊറോണ വൈറസ് ബാധിതരെ നിരന്തരം ചികിത്സിച്ച് രോഗ പകര്‍ച്ച കാരണം ഫെബ്രുവരി ഏഴിന് മകനെയും ഗര്‍ഭിണിയായ ഭാര്യയെയും അനാഥരാക്കി അദ്ദേഹം മരണപ്പെടുമ്പോള്‍ തങ്ങളെ ബാധിച്ച വൈറസിന്‍റ ഭയാനകത അധികൃതര്‍ അറിഞ്ഞിരുന്നു. പിന്നീടവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു
ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ഹോസ്പിറ്റലിലെ 29-കാരനായ യുവ ഡോക്ടര്‍ പെങ്ങ് ജന്‍ഹുവയുടെ വിവാഹം തീരുമാനിച്ചിരുന്നത് ഫെബ്രുവരി ഒന്നിനായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണം കുതിച്ചു കയറിയപ്പോള്‍ വിവാഹം നീട്ടിവെച്ച് അദ്ദേഹം ഹോസ്പിറ്റലിലെ തിരക്കിലലിഞ്ഞു. എന്നാല്‍ മംഗല്യഭാഗ്യത്തിന് മുമ്പേ മരണം അദ്ദേഹത്തെ ആശ്ലേഷിച്ചു.
ഇറാനിലെ ഷഹാദ ആസ്പത്രിയിലെ ഡോ. ഷറിന്‍ റൂഹാനിയാണ് മറ്റൊരു ധീര രക്തസാക്ഷി. വേണ്ടത്ര ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തതിനാല്‍ അധിക ഭാരവും പേറി ജോലിചെയ്ത് അവസാനം മരണത്തിനു കീഴടങ്ങി. കയ്യില്‍ കാനുലയും ധരിച്ച് അവര്‍ ചികിത്സിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജക്കാര്‍ത്തയിലെ ന്യൂറോ സര്‍ജനായ ഡോക്ടര്‍ ഹാദിയ അലി കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനിടെ രോഗം വന്ന് മാര്‍ച്ച് 22-നാണ് മരണപ്പെട്ടത്.
യു കെയില്‍ നിന്ന് ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഏറെ വേദനാജനകമാണ്. കോവിഡ് 19 വൈറസ് ബാധയേറ്റ രോഗികളെ മുന്‍നിരയില്‍ നിന്ന് ചികിത്സിച്ച് വരികയായിരുന്ന രണ്ട് നഴ്സുമാര്‍ കൂടി മരണപ്പെട്ടു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 38 വയസുകാരിയായ ഐമീ ഔറുര്‍ക്, 36-കാരിയായ അരീമ നസ്റീന്‍ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. മാര്‍ഗേറ്റ് കന്‍റിലെ ക്വീന്‍ എലിസബത്ത് ദ ക്വീന്‍ മദര്‍ ആശുപത്രിയിലെ നഴ്സ് ഐമീ ഔറുര്‍കിന് ജോലിക്കിടയിലാണ് വൈറസ് ബാധയേറ്റത്. മൂന്ന് കുട്ടികളുടെ മാതാവാണ് ഐമീ. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മനോര്‍ ആശുപത്രയിലെ നഴ്സ് അരീമ നസ്റീനും യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. രോഗികളെ പരിചരിക്കുന്നതിനിടയില്‍ കോവിഡ് വൈറസ് ഈ യുവതിയെയും പിടികൂടുകയായിരുന്നു. അരീമയും മൂന്ന് കുട്ടികളുടെ മാതാവാണ്.
ചികിത്സാ രംഗത്ത് ലോകത്തിലെ തന്നെ വന്‍ശക്തിയെന്ന് മേനി നടിച്ച ഇറ്റലി ആശുപത്രികളില്‍ കുമിഞ്ഞു കൂടിയ മൃതദേഹങ്ങള്‍ക്കു മുമ്പില്‍ അന്ധാളിച്ചു നിന്നപ്പോള്‍ അവരെ ആശ്വസിപ്പിച്ചു കൊണ്ട് ക്യൂബയില്‍ നിന്ന് 52 പേരടങ്ങുന്ന ആതുര സേവകരാണെത്തിയത്. “ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല, ഞങ്ങള്‍ക്കും ജീവഭയമുണ്ട്, പക്ഷേ വിപ്ലവകരമായ ദൗത്യപൂര്‍ത്തീകരണത്തിന് ഭയത്തെ മാറ്റി വെക്കുന്നു” എന്നായിരുന്നു അവരുടെ വാക്കുകള്‍.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സധീരം മുന്നേറി വീരമരണം പുല്‍കിയ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പട്ടിക ഇനിയും നീളും. മാസങ്ങളായി പ്രിയപ്പെട്ട തങ്ങളുടെ കുടുംബങ്ങളില്‍ നിന്നകന്ന് ആസ്പത്രികളില്‍ ജീവന്‍ പണയം വെച്ച് രോഗികളെ ചികിത്സിക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ മുംബൈയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ‘വിളക്കേന്തിയ വനിത’ എന്ന പേരില്‍ പ്രസിദ്ധയായ നഴ്സ് ഫ്ലോറന്‍സ് നൈറ്റിംഗേലിന്‍റ ഇരുന്നൂറാം ജന്‍മവാര്‍ഷികമായ 2020 ആതുര സേവകരുടെ വര്‍ഷമായി ലോകം ആചരിക്കുകയാണ്.
നിപാ കാലത്ത് നമ്മളും അത്തരത്തിലൊരു നഴ്സിന്‍റ ത്യാഗം കണ്ടവരാണ്. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി മരിച്ചിട്ട് വരുന്ന മെയ് 21-ന് രണ്ട് വര്‍ഷം തികയാനിരിക്കുന്നു. ഇന്നും ലിനിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് കേരളജനത. മരിക്കുന്നതിന് തൊട്ടു മുമ്പ് ഭര്‍ത്താവ് രജീഷിനെ കുഞ്ഞുങ്ങളെ നന്നായി നോക്കണമെന്നും ഇനി കാണാന്‍ കഴിയില്ലെന്നും അറിയിച്ചു കത്തെഴുതുമ്പോള്‍ ഒട്ടും ധൈര്യം കൈവെടിഞ്ഞില്ല ലിനി. ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് അവര്‍ക്കു വേണ്ടി ഭര്‍ത്താവ് ഏറ്റുവാങ്ങിയത് നാം കണ്ടു. ലിനിയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള പുരസ്കാരത്തിന് സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് എന്ന നാമകരണം നല്‍കി.
മനുഷ്യരുടെ സാധാരണ മരണത്തെ ഒരു പക്ഷിത്തൂവല്‍ കൊഴിഞ്ഞു പോകുന്നതു പോലെ ചെറിയ മരണമായും തന്‍റെ സഹജാതര്‍ക്കായി, സമൂഹത്തിനായി മരണപ്പെടുന്നവരുടെ മരണം ഹിമവല്‍ പര്‍വ്വതം പോലെ കനമേറിയതുമാണെന്ന് ഒരു മുന്‍ രാഷ്ട്രനേതാവ് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.