19 Friday
April 2024
2024 April 19
1445 Chawwâl 10

ദൈവത്തിനെന്തിന്‌ രക്തവും മാംസവും?

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി

ഗതകാല ചരിത്രത്തിലെ പല സംഭവങ്ങളും നമ്മുടെ വിശ്വാസ ആചാര ആരാധനകള്‍ക്ക്‌ കൂടുതല്‍ ദീപ്‌തി പകരുന്നതാണ്‌. ഈ ചരിത്ര നിര്‍മിതിയില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌ പ്രധാനമായും പ്രവാചകന്‍മാരെയാണ്‌. വിശ്വാസാധിഷ്‌ഠിത സംസ്‌കാരമായിരുന്നു അവര്‍ ജനങ്ങളില്‍ വളര്‍ത്തിയെടുത്തത്‌. ഈമാന്‍ പൂര്‍ണമാകുന്നതും മറ്റെന്തിനെയും പ്രതിരോധിക്കാന്‍ ശക്തി നേടുന്നതും ത്യാഗസന്നദ്ധ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌. പ്രയാസങ്ങളില്ലാതെ പ്രതിസന്ധികളെ അതിജീവിക്കാതെ സ്വര്‍ഗം ലഭിക്കുകയില്ല എന്നാണ്‌ ഖുര്‍ആന്‍ കേള്‍പ്പിക്കുന്നത്‌. (അല്‍ബഖറ 214) മനുഷ്യ വംശത്തിന്റെ നിലനില്‍പിന്ന്‌ ആവശ്യമായ ത്യാഗപാഠങ്ങള്‍ ഇബ്‌റാഹിം നബി(അ)യുടെ ചരിത്രം മുതലാണ്‌ തുടങ്ങുന്നത്‌. അല്ലാഹുവിന്റെ കല്‍പനയുണ്ടായപ്പോള്‍ മകന്‍ ഇസ്‌മാഈലിനെ(അ) ബലി നല്‍കാന്‍ അദ്ദേഹം തയ്യാറായി. ദൈവ സ്‌നേഹത്തിന്‌ മുമ്പില്‍ പുത്ര വാല്‍സല്യം ഒന്നുമല്ല എന്നദ്ദേഹം തെളിയിച്ചു. ഈമാനിന്റെ ശക്തി പരീക്ഷിച്ചറിയാനായിരുന്നു ഈ പരീക്ഷണം അല്ലാഹു ഏര്‍പ്പെടുത്തിയത്‌. (സ്വാഫാത്ത്‌ 106) മകന്‌ പകരം ബലിമൃഗത്തെ അറുക്കുവാന്‍ അല്ലാഹു പിന്നീടു നിര്‍ദ്ദേശിച്ചു. (37:107) വിശ്വാസി സമൂഹത്തില്‍ ലോകാവസാനം വരെ നിലനില്‍ക്കേണ്ട ത്യാഗസന്നദ്ധതയുടെ പ്രതീകമായ ബലികര്‍മം മതാരാധനകളുടെ ഭാഗമാക്കുകയും ചെയ്‌തു.
ഇബ്‌റാഹിം നബി തുടങ്ങി വെച്ച ആദര്‍ശ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതേപടി ഏറ്റെടുക്കേണ്ടവര്‍ മുഹമ്മദ്‌ നബിയും മുസ്‌ലിംകളുമാകുന്നു എന്ന്‌ ഖുര്‍ആന്‍ പറയുന്നു. (ആലുഇംറാന്‍ 68) അതിന്റെ അടിസ്ഥാനത്തില്‍ ബലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നുണ്ട്‌. ഹജ്ജിന്റെ ഭാഗമായി ഹാജിമാരും മറ്റുള്ളവരും നടത്തേണ്ട ബലി ഖുര്‍ആന്‍ വിലയിരുത്തുന്നു: “അവര്‍ക്ക്‌ പ്രയോജനകരമായ ഇടങ്ങളില്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്ക്‌ നല്‍കിയിരിക്കുന്ന നാല്‍ക്കാലികളെ നിശ്ചിത നാളുകളില്‍ അവന്റെ പേരില്‍ ബലിയറുക്കാനും വേണ്ടിയാണത്‌. അതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം, ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുകയും വേണം.” (22:28)
പവിത്രത കല്‍പിക്കേണ്ട ഇസ്‌ലാമിക ചിഹ്നങ്ങളില്‍ പെട്ടതാണ്‌ ബലികര്‍മം. ഭൗതിക തലത്തില്‍ ഭക്ഷണമായി മാറുന്ന ബലി, അതുകൊണ്ട്‌ തന്നെ തഖ്‌വയുമായി ചേര്‍ന്നു നില്‍ക്കുന്നു. “അല്ലാഹുവിന്റെ ചിഹ്നങ്ങളോടുള്ള ആദരവ്‌ മനസ്സിലെ തഖ്‌വയില്‍ നിന്നുണ്ടാകുന്നതാണ്‌.” (22:32) റമദാന്‍ നല്‍കിയ ആത്മസംസ്‌കരണത്തില്‍ മനസ്സറിഞ്ഞു കൊണ്ടുള്ള ആഘോഷമാണ്‌ ഈദുല്‍ ഫിത്വ്‌ര്‍ എങ്കില്‍ ആ മനസ്സിന്റെ ത്യാഗസന്നദ്ധതയുടെ പ്രഖ്യാപനമാണ്‌ ബലിപെരുന്നാള്‍.

 

ബലിയുടെ ആത്മാവ് 

പ്രമാണങ്ങള്‍ പോലെ തന്നെയാണ്‌, വിശ്വാസത്തെ ശാക്തീകരിക്കുന്നതില്‍ പാരമ്പര്യങ്ങളുടെയും പങ്ക്‌. അയ്യായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ബലികര്‍മം ഇബ്‌റാഹീം നബിയോട്‌ നമുക്കുള്ള ആത്മബന്ധം ഓരോ വര്‍ഷവും പുതുക്കുന്നു. ആദര്‍ശ വ്യക്തിത്വം തീര്‍ക്കുവാനും അതാവശ്യമാണ്‌. അല്ലാഹു നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളും സൗകര്യങ്ങളും അവന്റെ തൃപ്‌തിക്ക്‌ വേണ്ടി ത്യജിക്കുമ്പോഴാണ്‌ ജീവിതം സാര്‍ഥകമാകുന്നത്‌. ഇബ്‌റാഹിം നബി മുതല്‍ തുടങ്ങിയ ബലിയുടെ ആത്മാവും അതുതന്നെ. നാം ആസ്വദിക്കുന്നതൊന്നും നമ്മുടെ കഴിവും സാമര്‍ഥ്യവും കൊണ്ട്‌ കിട്ടിയതല്ല എന്ന തിരിച്ചറിവാണ്‌ ത്യാഗബോധം നിലനിര്‍ത്താന്‍ വേണ്ടത്‌. പരീക്ഷണ നാളുകളില്‍ അതിജീവനത്തിന്റെ കവാടങ്ങള്‍ നമുക്ക്‌ മുമ്പില്‍ തുറന്നിടുന്നത്‌ ജീവിതത്തില്‍ നാം ചെയ്‌ത ഇത്തരം ത്യാഗ പ്രവര്‍ത്തനങ്ങളായിരിക്കും. ദൈവസ്‌നേഹത്തിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ രൂപപ്പെടുന്ന ആത്മ പ്രചോദനമാണ്‌ അതിന്‌ വേണ്ടത്‌. അതിജീവനം അസാധ്യമാകുമ്പോള്‍ പരീക്ഷണങ്ങളുടെ ഇരകളായി മാറുന്ന സന്ദര്‍ഭങ്ങളാണ്‌ നാം ഇന്ന്‌ കണ്ടുവരുന്നത്‌.
ബലിയുടെ പ്രകടനപരതയെക്കാള്‍ അതിന്റെ ആത്മാവ്‌ അന്വേഷിച്ചറിയാന്‍ ദിവ്യഗ്രന്ഥം ആവശ്യപ്പെടുന്നു. “അവയുടെ രക്തവും മാംസവും അല്ലാഹുവിലേക്കെത്തുകയില്ല, നിങ്ങളുടെ ഭക്തി മാത്രമാണ്‌ അവനിലേക്കെത്തുക.”(22:37) ജീവിതത്തില്‍ എവിടെയും സൂക്ഷ്‌മത പാലിക്കാതെ, തിന്മകള്‍ക്കൊപ്പം ജീവിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കല്‍ ബലിയറുത്തു എന്നത്‌ കൊണ്ട്‌ ഒന്നും കിട്ടാനില്ല. ബലിമൃഗത്തിന്റെ കഴുത്തില്‍ കത്തി വെക്കുമ്പോള്‍ തന്നെ പാപചിന്തകളുടെയും ദുരഭിമാനത്തിന്റേയും മുരടറുക്കുമ്പോഴാണ്‌ ഉദ്‌ഹിയത്ത്‌ അന്വര്‍ഥവും ഫലപ്രദമവുമാകുന്നത്‌. സാമ്പത്തിക ശേഷിയുള്ളവര്‍ വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത്‌ മഹല്ലുകളില്‍ ഉദ്‌ഹിയത്തിന്റെ എണ്ണവും കൂടിയിട്ടുണ്ട്‌. ജീവിതം നന്മപൂരിതമാക്കാനുതകുന്ന ത്യാഗബോധത്തിന്റെ ഒരംശം പോലുമില്ലാത്തവരുടെ ബലികര്‍മം പ്രകടനപരതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.
ദിവസങ്ങളോളം ആര്‍മാദിച്ച്‌ തിന്നുവാന്‍ മാംസം വീടുകളില്‍ കുന്നുകൂടുന്ന പ്രവണതയും ഇന്ന്‌ കാണാം. ദരിദ്രര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണത്തിന്‌ ലഭിക്കേണ്ട മാംസം ഇങ്ങനെ കുന്നുകൂടുന്നതും ഗൗരവമേറിയതാണ്‌. മഹല്ലിലെ നിവാസികള്‍ക്ക്‌ രണ്ടോ മൂന്നോ നേരം ഭക്ഷിക്കാനുള്ളത്‌ കഴിച്ച്‌ ബാക്കി വരുന്നത്‌ ഉദ്‌ഹിയത്തിന്‌ കഴിവില്ലാത്ത പ്രദേശങ്ങളിലേക്ക്‌ നല്‍കുന്ന സംവിധാനമാണ്‌ വേണ്ടത്‌.

പ്രവാചക നിർദേശങ്ങൾ

ബലികര്‍മം നിര്‍വഹിക്കുന്നവനുണ്ടാകേണ്ട അതിവിശുദ്ധ മാനസികാവസ്ഥക്കാണ്‌ നബി(സ)യും പ്രാധാന്യം നല്‍കുന്നത്‌. ഇമാം തിര്‍മദി രേഖപ്പെടുത്തുന്ന ഹദീസ്‌ ഇപ്രകാരം വായിക്കാം: “ബലി പെരുന്നാള്‍ ദിനത്തില്‍ ബലിമൃഗത്തിന്റെ രക്തമൊലിപ്പിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്‌ പ്രിയപ്പെട്ടതായി ഒരാള്‍ക്ക്‌ മറ്റൊന്നും ചെയ്യാനില്ല. ബലി നടത്തുന്ന മൃഗം അതിന്റെ കൊമ്പും രോമവും കുളമ്പുകളുമായി പരലോകത്തെത്തും. ബലിരക്തം നിലത്ത്‌ വീഴുന്നതിന്‌ മുമ്പായി അതിന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തിയിരിക്കും. അതിനാല്‍ പവിത്ര മനസ്സുമായി നിങ്ങളത്‌ നിര്‍വ്വഹിക്കുക.”
മദീനയില്‍ എത്തിയത്‌ മുതല്‍ നബി(സ) എല്ലാ വര്‍ഷവും ബലി നിര്‍വഹിച്ചിരുന്നുവെന്ന്‌ ഇബ്‌നുഉമര്‍(റ) സാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ 22:28 ല്‍ പരാമര്‍ശിക്കുന്ന ബഹീമത്തുല്‍ അന്‍ആമില്‍ ഉള്‍പ്പെടുന്നത്‌ ഒട്ടകം, ആട്‌, മാട്‌ എന്നിവയാണെന്ന്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്‌. പൂര്‍ണ്ണ വളര്‍ച്ചയെത്തിയവയെയാണ്‌ (മുസിന്നത്ത്‌) ബലിയറുക്കേണ്ടത്‌ എന്ന്‌ ഹദീസുകളില്‍ വന്നിരിക്കുന്നു. അഞ്ചു വയസ്സുള്ള ഒട്ടകം, രണ്ട്‌ വയസ്സായ മാടുകള്‍, ഒരു വയസ്സുള്ള ആട്‌ എന്നിവയാണ്‌ മുസിന്നത്ത്‌. വലിയ ശരീര പ്രകൃതമുള്ള ചെമ്മരിയാട്‌ (ളഅന്‍) ആറു മാസം പ്രായമുള്ളതും മതി.
ശാരീരിക വൈകല്യമുള്ള മൃഗങ്ങളെ ബലിയറുക്കുന്നത്‌ നബി വിലക്കിയിട്ടുണ്ട്‌. “ബലിമൃഗങ്ങളുടെ കണ്ണും കാതും നോക്കി ന്യൂനതയില്ലെന്ന്‌ ഉറപ്പ്‌ വരുത്താന്‍ നബി കല്‍പ്പിക്കാറുണ്ടായിരുന്നു.” (തിര്‍മദി) കണ്ണ്‌ കുഴിഞ്ഞതും (ഔറാഅ്‌) രോഗമുള്ളതും മുടന്തുള്ളതും (അര്‍ജാഅ്‌) മെലിഞ്ഞ്‌ എല്ലും തോലുമായതും (അജ്‌മാഅ്‌) ബലിയറുക്കരുതെന്നും നബി (സ) പറഞ്ഞിട്ടുണ്ട്‌. പെരുന്നാള്‍ നമസ്‌ക്കാരാനന്തരമാണ്‌ ബലി നടത്തേണ്ടത്‌. അബൂബുര്‍ദ(റ) നമസ്‌കാരത്തിന്‌ മുമ്പ്‌ അറുക്കുകയുണ്ടായി. അത്‌ കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങളറുത്ത ആട്‌ മാംസാവശ്യത്തിനുള്ളതാണ്‌, ബലിദാനമല്ല. നമസ്‌ക്കാരത്തിന്‌ മുമ്പ്‌ അറുക്കുന്നത്‌ സ്വന്തം ആവശ്യത്തിന്‌ വേണ്ടിയാണ്‌. നമസ്‌ക്കാരാനന്തരമുള്ള അറവാണ്‌ യഥാര്‍ഥ ബലിദാനം, മുസ്‌ലിംകള്‍ നടത്തുന്ന സുന്നത്തിന്റെ പുണ്യവും അവന്‍ നേടുന്നു. (ബുഖാരി)
കഴിവുണ്ടായിട്ടും ബലി നിര്‍വഹിക്കാതിരുന്നാല്‍ കുറ്റക്കാരനാണോ? ഇതില്‍ വീക്ഷണ വ്യത്യാസങ്ങളുണ്ട്‌. “കഴിവുണ്ടായിട്ടും ബലി നടത്താത്തവന്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന്‌ വരേണ്ടതില്ല” (ഇബ്‌നുമാജ) എന്ന ഹദീസാണ്‌ ഒരു പക്ഷത്തിന്റെ നിദാനം. ഇമാം അബൂഹനീഫ ബലി നിര്‍ബന്ധമാണെന്ന പക്ഷത്താണ്‌. എന്നാല്‍ ഇത്‌ ബലി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്‌, നിര്‍ബന്ധത്തെ സൂചിപ്പിക്കുന്നില്ലെന്നാണ്‌ പ്രബല വീക്ഷണം. കഴിവുണ്ടായിട്ടും അബൂബക്കര്‍, ഉമര്‍, ഇബ്‌നുഅബ്ബാസ്‌ (റ) തുടങ്ങിയ സ്വഹാബിമാര്‍ ചില വര്‍ഷങ്ങളില്‍ ബലി നടത്തിയിരുന്നില്ല എന്നും ചരിത്രം രേഖപ്പെടുത്തുന്നു. അതൊരു നിര്‍ബന്ധ കര്‍മമാണെന്ന്‌ ജനങ്ങള്‍ ധരിക്കാതിരിക്കാനായിരുന്നു അവര്‍ അങ്ങനെ ചെയ്‌തത്‌.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x