1 Tuesday
April 2025
2025 April 1
1446 Chawwâl 2

ഡോ. കെ അബ്ദുറഹ്മാന്‍ നിര്യാതനായി


കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ (73) നിര്യാതനായി. ആരോഗ്യ, മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ പുതിയ ചിന്തകളും സംഭാവനകളും സമര്‍പ്പിച്ച പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കര്‍- ഖദീജ ദമ്പതികളുടെ മകനായി 1948 മാര്‍ച്ച് 1-നാണ് ജനനം. അരീക്കോട് ഓറിയന്റല്‍ ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാറൂഖ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഡല്‍ഹി വെല്ലിംഗ്ടന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍പഠനം. വിവിധയിടങ്ങളിലെ മെഡിക്കല്‍ പ്രാക്ടീസിന് ശേഷം തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചാര്‍ജ് എടുക്കുന്നതോടെയാണ് പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.
1980-കളില്‍ മേലാക്കം മുജാഹിദ് പള്ളി ആസ്ഥാനമായി ആരംഭിച്ച ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിച്ച് ഓഫ് ട്രൂത്ത് എന്ന ദഅ്‌വാ സംഘത്തിന് രൂപം നല്‍കാന്‍ നേതൃപരമായ പങ്കുവഹിക്കുകയും മുജാഹിദ് പ്രവര്‍ത്തന രംഗത്ത് സജീവമാകുകയും ചെയ്തു. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സാധാരണ വളണ്ടിയര്‍മാരെയും സംഘടിപ്പിച്ച് 1987-ല്‍ ഐ എം ബി മെഡിക്കല്‍ വിംഗ് സ്ഥാപിച്ചു. 1990-ല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശയത്തിന് മഞ്ചേരി കേന്ദ്രീകരിച്ച് തുടക്കം കുറിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിന്റെ സ്ഥാപനത്തിലും നിര്‍ണായകമായ പങ്ക് നിര്‍വ്വഹിച്ചു. 1991-ല്‍ ആരംഭിച്ച മഞ്ചേരി ഇസ്‌ലാഹീ കാമ്പസ് നിര്‍മാണത്തിലും ഡോക്ടറുടെ പ്രയത്‌നമുണ്ടായിരുന്നു. 1996-ല്‍ പ്രവര്‍ത്തനമാരംഭിച്ച നോബ്ള്‍ പബ്ലിക് സ്‌കൂളാണ് മഞ്ചേരിയില്‍ ഡോക്ടറുടെ മറ്റൊരു അടയാളം. 2006-ല്‍ ഡോക്ടറുടെ നേതൃത്വത്തില്‍ എയ്‌സ് പബ്ലിക് സ്‌കൂളും ആരംഭിച്ചു.
സാമ്പത്തിക ഇടപാടുകളില്‍ അത്യധികം സൂക്ഷ്മത പുലര്‍ത്തിയ ഡോക്ടര്‍ സംഘടനാ നേതൃത്വത്തിന് എന്നും മാതൃകയാണ്. ഡോക്ടര്‍ സംസാരിക്കുമ്പോഴൊക്കെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്: ആളുകളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കരുത്, ആവശ്യത്തിലധികം ഫോട്ടോ താല്‍പര്യം കാണിക്കരുത്, സംഘടനയുടെ പൊതുഫണ്ട് ഒരിക്കലും സ്വന്തം കയ്യിലായി പോകരുത് -ഇവയെല്ലാം ആ വ്യക്തിത്വത്തിന്റെ ദൈവപ്രീതിയിലുള്ള താല്‍പര്യം ബോധ്യപ്പെടുത്തുന്നതാണ്.
മൃതദേഹം അരീക്കോട് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പരേതനായ ഡോ. പി യു അബൂബക്കര്‍ (പാലക്കാട്) സാഹിബിന്റെ മകള്‍ ഫൗസിയയാണ് ഭാര്യ. ഡോ. ഷിഫ (എം ഇ എസ് മെഡിക്കല്‍ കോളജ് പെരിന്തല്‍മണ്ണ), ഡോ. നഷ (മസ്‌കത്ത്), ഷഹീര്‍ (ജര്‍മനി), നിഷാന്‍ (എറണാകുളം) എന്നിവര്‍ മക്കളാണ്. ജമാതാക്കള്‍: പരേതനായ ഡോ. ഷെയ്ഖ് കുറ്റിപ്പുറം, ഷഹ്ബാസ് (ഒമാന്‍), നബീല്‍ (എറണാകുളം), അമീന. സഹോദരങ്ങള്‍: ആമിന സുല്ലമിയ്യ (റിട്ട. അധ്യാപിക, സുല്ലമുസ്സലാം അറബിക് കോളജ്), ഫാത്തിമ സുല്ലമിയ്യ (റിട്ട. പ്രിന്‍സിപ്പല്‍, സുല്ലമുസ്സലാം അറബിക് കോളജ്), ആയിശ സുല്ലമിയ്യ (റിട്ട. അധ്യാപിക), പരേതരായ പ്രഫ. കെ അഹ്മദ് കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, തിരൂരങ്ങാടി പി എസ് എം ഒ), പ്രഫ. മുഹമ്മദ് (കിംഗ് അബ്ദുല്‍അസീസ് യൂണി, ജിദ്ദ)

Back to Top