ഡോ. കെ എ ആര്‍ ഡോക്ടര്‍ ഫോര്‍ ക്വാളിറ്റിസ്
ഡോ. അനസ് കടലുണ്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എന്നത് ഡോക്ടറുടെ നൂതനാശയങ്ങളില്‍ ഒന്നായിരുന്നു. 2010-ല്‍ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞുവെച്ച ഗുണാത്മ ചിന്തകള്‍ കുറെ നല്ല പദ്ധതികളെ പ്രയോഗവത്കരിക്കാന്‍ പിന്നീട് അവസരങ്ങളൊരുക്കി എന്നത് ചരിത്ര നിയോഗമാണ്. വലിയ ആള്‍ക്കൂട്ടങ്ങളിലല്ല കാര്യമെന്നും ഏതൊന്നിന്റെയും ഇഫക്ടീവ്‌നെസ്സിലാണ് ശ്രദ്ധയൂന്നേണ്ടതെന്നും അദ്ദേഹം ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. സാമൂഹിക പരിവര്‍ത്തനത്തില്‍ ഖത്തീബുമാരുടെ പങ്കിനെക്കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണം വേറിട്ടതായിരുന്നു. ഖുര്‍ആനിന്റെ ഖണ്ഡിതമായ വിധികളെ നിരാകരിക്കുന്ന ഹദീസുകളിലൂന്നിയുള്ള സംസാരങ്ങള്‍ മതനശീകരണ പ്രവൃത്തിയായി അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ഇത്തരം പ്രഭാഷണങ്ങളെ സ്‌നേഹബുദ്ധ്യാ അദ്ദേഹം തിരുത്താന്‍ താല്പര്യം കാണിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ ഉന്നത വ്യക്തിത്വത്തിന്റെ ഉദാഹരണം കൂടിയാണ്.
ഏതൊരു കാര്യത്തിന്റെയും ഗുണനിലവാരം ഉയര്‍ത്താന്‍ ഏറ്റവും ശാസ്ത്രീയമായ വഴികള്‍ കണ്ടെത്തണമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ പരന്ന വായനയില്‍ നിന്നും അന്തര്‍ദേശീയ ശില്പശാലകളിലുള്‍പ്പടെയുള്ളവയില്‍ നിന്നും ആര്‍ജിച്ച അറിവുകളും അദ്ദേഹം അതിനായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ കര്‍മമണ്ഡലങ്ങളായിരുന്ന ആതുരാലയങ്ങളിലും മറ്റിതര സ്ഥാപനങ്ങളിലും അദ്ദേഹമത് നടപ്പിലാക്കി മാതൃക കാണിച്ചു. പ്രാസ്ഥാനിക യോഗങ്ങളിലും സമ്മേളനങ്ങളിലും അനുവര്‍ത്തിക്കേണ്ട സംഘാടന രീതി ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹത്തിന് ചില കണിശതകളുണ്ടായിരുന്നു. എല്ലാറ്റിലും ഉണ്ടായിരിക്കേണ്ട കൃത്യനിഷ്ഠയെ അദ്ദേഹം ഓര്‍മപ്പെടുത്തും. അനുവദിച്ചതിലധികമുള്ള അധിക പ്രസംഗങ്ങളെ അദ്ദേഹം പരിഹസിച്ചു. മുജാഹിദ് സംഘടനാ യോഗങ്ങളിലെ നവീന ആവിഷ്‌കാരത്തിനു പിന്നില്‍ അബ്ദുറഹ്മാന്‍ ഡോക്ടറുടെ ചിന്തകള്‍ക്ക് വലിയ പങ്കുണ്ട് എന്നതാണ് വസ്തുത.
അഴിഞ്ഞിലം ഐ എച്ച് ഐ ആറിലും മറ്റിടങ്ങളിലുമായി നടന്നുവന്നിട്ടുള്ള പ്രതിമാസ ഇന്റലക്ച്വല്‍ ഡിസ്‌കഷന്‍ എന്ന പരിപാടിയും ഡോക്ടറുടെ ആശയമാണ്. മതപരവും അല്ലാത്തതുമായ വിഷയങ്ങളെ അതില്‍ വ്യുല്‍പത്തി നേടിയ വ്യക്തികളെക്കൊണ്ട് അവതരിപ്പിച്ച് ചര്‍ച്ചകളിലൂടെ ആശയ കൈമാറ്റം സൃഷ്ടിക്കുന്ന സജീവ പദ്ധതിയായിരുന്നു അത്. വലിയ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി അതില്‍ പഠിതാവും അവതാരകനുമായി ഡോക്ടര്‍ മുന്നിലുണ്ടാകുമായിരുന്നു.
സ്ഥാപനവത്കരിച്ചു കൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വിമുഖനായിരുന്നു. അത്യാവശ്യത്തിലധികം വരുന്ന സൗകര്യങ്ങള്‍ക്കായുള്ള അധ്വാനം വിപരീതഫലം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ ചിന്തകളാകാം ഒരുപക്ഷേ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍പ്പോലും വീടും മോടിയും വേണ്ടെന്നു വെയ്ക്കാന്‍ ഇടയാക്കിയത്. എന്നാല്‍ എല്ലാ നല്ല സംരംഭങ്ങളിലേക്കും സ്വകാര്യമായി വന്‍തുക കൈനീട്ടം നല്‍കാന്‍ അദ്ദേഹം ഉത്സാഹിച്ചു. സദ്ഗുണ സമ്പന്നതയാണ് ഭൗതിക ലോകത്തെ ഡോക്ടറുടെ ഏറ്റവും വലിയ സമ്പാദ്യം. അതറിഞ്ഞ എല്ലാവരിലും അദ്ദേഹമെന്നും ദീപ്തമായ ഓര്‍മകള്‍ മാത്രമായിരിക്കും. ഐ സി യുവിലായിരിക്കെ പ്രാര്‍ഥിക്കുക എന്ന അദ്ദേഹത്തിന്റെ മുറിഞ്ഞ വാക്കുകള്‍ കാതില്‍ തങ്ങിനില്‍ക്കേ ഓര്‍ത്തുപോവുകയാണ്: സര്‍, താങ്കള്‍ ഞങ്ങളുടെ വെറും ഡോക്ടറായിരുന്നില്ല; ഡോക്ടര്‍ ഫോര്‍ ക്വാളിറ്റീസ്… നാഥന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.