വിധിവിലക്കുകള്‍ ബന്ധനങ്ങളോ?
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
അല്ലാഹുവിനെ റബ്ബായി അംഗീകരിക്കുന്ന ജന്മ ബോധമാണ് മനുഷ്യന്റെ ശുദ്ധ പ്രകൃതത്തിന്റെ അടിസ്ഥാനം. ‘നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തെടുത്ത്, അവരെ തന്നെ സാക്ഷികളാക്കുകയും ചെയ്ത സന്ദര്‍ഭം. അല്ലാഹു ചോദിക്കുന്നു: ഞാനല്ലേ നിങ്ങളുടെ രക്ഷിതാവ്! അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ അതിന് സാക്ഷികളായിരിക്കുന്നു’ (7:172) എന്ന ഖുര്‍ആന്‍ സൂക്തം ഈ ജന്മ ബോധത്തെ ബലപ്പെടുത്തുന്നു.
അല്ലാഹുവിന് നാം ഉറപ്പ് കൊടുത്ത കരാറിന്റെ രൂപഘടന കണ്ടെത്തല്‍ നമ്മുടെ വൈജ്ഞാനിക അന്വേഷണ പരിധിക്കകത്തുള്ള കാര്യമല്ല. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രണ നിശ്ചയങ്ങളെയും അല്‍പ ബുദ്ധിയായ മനുഷ്യന്‍ ചോദ്യം ചെയ്യേണ്ടതില്ല എന്നതും ഈ ജന്മ ബോധത്തിന്റെ മൗലികഭാഗമാണ്.
”അല്ലാഹു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുകയില്ല, അവരാകട്ടെ ചോദ്യം ചെയ്യപ്പെടും” (ഖുര്‍ആന്‍ 21:23) എന്ന ഖുര്‍ആന്‍ വചനം ഇത് വ്യക്തമാക്കുന്നു. ദൈവിക നിശ്ചയങ്ങളോട് പോരാട്ടം നടത്തുന്നതിന് പകരം വിനയാന്വിതരായി അതിനു വിധേയരായി ജീവിക്കുക എന്നതാണ് ഭൗതിക ജീവിതത്തെ ആനന്ദദായകമാക്കുന്നത്. ”വല്ലവനും സദ്‌വൃത്തരായി കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയാണെങ്കില്‍, ഏറ്റവും ഉറപ്പുള്ള പാശത്തിലാണവന്‍ പിടിച്ചിരിക്കുന്നത്.” (വി.ഖു 31:22)
ഈ ജന്മബോധത്തിന്റെ ക്രമാനുഗത വളര്‍ച്ചയില്‍ ലഭിക്കുന്ന വിശ്വാസ ബോധ്യമാണ് ഭൗതികാര്‍ജിത വിജ്ഞാനങ്ങള്‍ അവസാനിക്കുന്നിടത്ത് നിന്ന് ബൗദ്ധിക പ്രയാണം തുടരാന്‍ മനുഷ്യനെ പാകപ്പെടുത്തുന്നത്. ബുദ്ധിയെ നേര്‍വഴിക്ക് നയിക്കാന്‍ ദൈവികജ്ഞാനം അനിവാര്യവുമാണ്. ഈ രൂപത്തില്‍ പാകപ്പെട്ട ബുദ്ധി കൊണ്ടാണ് ദൈവിക വിധിവിലക്കുകളുടെ പ്രായോഗികതയും ഫലപ്രാപ്തിയും കണ്ടെത്തേണ്ടത്.
സമര്‍പ്പണത്തിന്റെ മാനങ്ങള്‍
അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിക്കുക എന്നത് പൂര്‍ണമാകാന്‍ അവന്റെ വിധിവിലക്കുകള്‍ അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. അതാവട്ടെ മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കൊന്നും തടസ്സം നില്‍ക്കുന്നുമില്ല. ഈ യാഥാര്‍ഥ്യം കാണാതെയാണ് ഇസ്ലാമിക വിരുദ്ധര്‍ മതവിധികളെ പരിഹസിക്കാറുള്ളത്. വിലക്കുകള്‍ മനുഷ്യന്റെ സ്വാതന്ത്യം ഹനിക്കുന്നു, പുരോഗതിക്ക് തടസ്സം നില്‍ക്കുന്നു, പതിനാല് നൂറ്റാണ്ട് മുമ്പുള്ള അപരിഷ്‌കൃത സമൂഹത്തെ വരുതിയിലാക്കാന്‍ ഉണ്ടാക്കിയ വിധിവിലക്കുകള്‍ പരിഷ്‌കൃത മനുഷ്യനുമായി പൊരുത്തപ്പെടുന്നില്ല, തുടങ്ങിയ നിരീക്ഷണങ്ങള്‍ ബുദ്ധിശൂന്യവും യുക്തിരാഹിത്യവുമാണ്.
വിധിവിലക്കുകളെ മറികടന്നുള്ള ജീവിതത്തിലെ പ്രതിസന്ധികളും ദുരന്തങ്ങളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. വിധിവിലക്കുകളില്‍ നാം കാണുന്ന ബാഹ്യതല പ്രയാസങ്ങള്‍ക്കപ്പുറത്തുള്ള ദൈവഹിതം മനുഷ്യന്‍ തിരിച്ചറിയുന്നില്ല.. ‘നിങ്ങള്‍ വെറുക്കുന്ന കാര്യം നിങ്ങള്‍ക്ക് ഗുണകരമായേക്കാം, നിങ്ങള്‍ ഇഷ്ടപ്പെടുന്നതാവട്ടെ, ദോഷമായി ഭവിക്കുകയും ചെയ്‌തേക്കാം’ (2:216) മതത്തിലെ വിധിവിലക്കുകളുമായി നമ്മുടെ താല്‍പര്യങ്ങള്‍ പൊരുത്തപ്പെടാത്തതെന്ത് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഈ വചനം.
ശരീഅത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിധി വിലക്കുകള്‍ എന്തിനാണ് എന്നറിയാന്‍ ശരീഅത്തിന്റെ അന്തസാരം ഗ്രഹിക്കേണ്ടതുണ്ട്. ഫര്‍ദ് (നിര്‍ബന്ധം), വാജിബ് (അനിവാര്യം), സുന്നത്ത് (ഐഛികം), മുസ്തഹബ്ബ് (അഭികാമ്യം), മുബാഹ് (അനുവദനീയം), മക്‌റൂഹ് (അനഭിമതം), ഹറാം (നിരോധം) തുടങ്ങിയവയാണ് വിധിവിലക്കുകളുടെ തലങ്ങള്‍. ജീവന്‍, മതം, സമ്പത്ത്, ബുദ്ധി, സന്താനങ്ങള്‍ എന്നിവയില്‍ മനുഷ്യന് ആവശ്യമായ പരിരക്ഷയാണ് ശരീഅത്തിന്റെ താല്‍പര്യം. ഏത് കല്‍പനകളും വിലക്കുകളും ഈ അഞ്ചെണ്ണത്തിന്റെ നിലനില്‍പിനും ഭദ്രതക്കും വേണ്ടിയായിരിക്കും.
മതം രൂപപ്പെടുത്തിയ തൗഹീദ്, ഈമാന്‍, ആരാധനകള്‍ എന്നിവ വിശ്വാസ ഭദ്രതക്കാവശ്യമാണ്. അവ ഉപേക്ഷിക്കുമ്പോള്‍ ജീവിതത്തിന്റെ സന്തുലിതത്വം തെറ്റുന്നു. ശിര്‍ക്ക്, കുഫ്ര്‍, നിഫാഖ്, എന്നീ നിരോധങ്ങളിലൂടെ മാത്രമേ യഥാര്‍ഥ വിശ്വാസം ദീപ്തമാകുകയുള്ളൂ. ചൂഷണരഹിത സാമ്പത്തിക വിനിമയം, ഉദാരത തുടങ്ങിയവയാണ് സാമ്പത്തിക സുരക്ഷക്കാവശ്യം. അക്കാരണത്താല്‍ പലിശ, പൂഴ്ത്തിവെപ്പ്, വഞ്ചന തുടങ്ങിയവ കടുത്ത വിലക്കുകളായി മതം നിശ്ചയിച്ചു. ലഹരി പദാര്‍ഥങ്ങള്‍ വിലക്കിയത് ബുദ്ധിയുടെ സുരക്ഷക്കും പ്രവര്‍ത്തനക്ഷമതക്കും വേണ്ടിയാണ്. സന്താനങ്ങളിലൂടെയാണ് മനുഷ്യവംശത്തിന്റെ നിലനില്‍പ്. കുത്തഴിഞ്ഞ ലൈംഗിക ദാമ്പത്യം ഈ രംഗത്ത് ഗുരുതരമായ അരാജകത്വം സൃഷ്ടിക്കുന്നതിനാല്‍ വിവാഹ ദാമ്പത്യ കുടുംബ തലങ്ങളില്‍ കര്‍ക്കശമായ വിധിവിലക്കുകള്‍ മതം ഏര്‍പ്പെടുത്തി.
മനുഷ്യ പ്രകൃതത്തിന് ഇണങ്ങുന്നവയാണ് മതം ഏര്‍പ്പെടുത്തിയ വിധിവിലക്കുകള്‍. അത് പാലിക്കുന്നവര്‍ക്കെല്ലാം, ഗുണകരമായിരിക്കും. മദ്യപാനം ഉപേക്ഷിക്കുന്നതിന്റെ ആരോഗ്യ സാമൂഹിക സുരക്ഷ മുസ്ലിമിന് മാത്രമല്ല ലഭിക്കുന്നത്. പലിശ രഹിത ഇടപാടിന്റെ സാമ്പത്തിക ഭദ്രത മുസ്ലിമേതര വിഭാഗങ്ങളും മനസ്സിലാക്കി കഴിഞ്ഞു. നിയന്ത്രണങ്ങളില്ലാത്ത ലൈംഗികത അരാജകത്വമായിരിക്കും എന്ന് ഏവരും സമ്മതിക്കുന്നു. നീതിപരവും മാന്യവുമായിരിക്കും ദൈവിക കല്‍പ്പനകള്‍. ”പറയുക: എന്റെ റബ്ബ് നീതിയാണ് കല്‍പ്പിക്കുന്നത്” (7:29) ”അല്ലാഹു നീചവൃത്തി ഒരിക്കലും കല്‍പ്പിക്കുന്നില്ല” (7:28) ”നിന്റെ നാഥന്‍ അടിമയോട് ഒട്ടും അനീതി കാണിക്കുകയില്ല” (41:46) തുടങ്ങിയ ആയത്തുകള്‍ ഇത് ശരിവെക്കുന്നു.
ദൈവിക നിയന്ത്രണങ്ങള്‍
വിധിവിലക്കുകള്‍ അല്ലാഹുവിന്റെ നിയന്ത്രണങ്ങള്‍ (ഹുദൂദ്) ആകുന്നു എന്ന ഖുര്‍ആന്‍ വായനയും അര്‍ഥവത്താണ്. ജീവിതത്തില്‍ ഏത് തലങ്ങളിലും നിരവധി നിയന്ത്രണങ്ങള്‍ നാം ഏര്‍പ്പെടുത്താറുണ്ട്. വാഹനത്തിന്റേയും യാത്രക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത നിയമ നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
ആരും അത് പഴഞ്ചനെന്നോ ബന്ധനങ്ങളെന്നോ പറയാറില്ല. ജീവിതം അപകടപ്പെടാതിരിക്കല്‍ അതിലേറെ പ്രധാനമാണ്. ജീവിതം നിശ്ചയിച്ചവന്‍ തന്നെയാണ് അതിനാവശ്യമായ നിയമങ്ങളും നിര്‍ദേശിക്കേണ്ടത് എന്ന മനോഗതിയുണ്ടെങ്കില്‍ മതവിധിവിലക്കുകള്‍ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ കഴിയും. ”അല്ലാഹുവിന്റെ നിയന്ത്രണ പരിധികള്‍ ലംഘിക്കുന്നവന്‍ സ്വന്തത്തോട് തന്നെയാണ് അനീതി കാണിക്കുന്നത്.” (65:01) ”മോശമായത് പ്രവര്‍ത്തിച്ചാല്‍ അതിന്റെ തിക്തഫലം അവന് തന്നെയായിരിക്കും” (41:46 ) തുടങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ ഗൗരവതരത്തിലുള്ള താക്കീത് കൂടിയാണ്.
അല്ലാഹുവിന്റെ നിയന്ത്രണ വിധിവിലക്കുകള്‍ മറികടന്ന് ജീവിച്ച പൂര്‍വികരുടെ പര്യവസാനം വിലയിരുത്തി കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു അവരോട് അനീതി കാണിച്ചിട്ടില്ല, മറിച്ച് അവര്‍ തന്നെ സ്വന്തത്തോട് അനീതി പ്രവര്‍ത്തിക്കുകയായിരുന്നു.” (29:40)
അല്ലാഹുവിന്റെ നിയന്ത്രണങ്ങള്‍ അനുസരിക്കുന്നവരെയും അത് മറികടന്നത് ജീവിക്കുന്നവരെയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതും നാം വായിക്കേണ്ടതുണ്ട്. ”ദൈവിക പരിധികള്‍ മറികടക്കുന്നവര്‍ തന്നെയാണ് അതിക്രമികള്‍.” (2:228) ”അല്ലാഹുവിനെയും റസൂലിനേയും ധിക്കരിച്ച്, അവന്റെ നിയന്ത്രണ പരിധികള്‍ ലംഘിക്കുന്നവരെ ശാശ്വത ശിക്ഷയില്‍ അവന്‍ പ്രവേശിപ്പിക്കും.” (4:14) നിയന്ത്രണങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇവിടെയുള്ള സുരക്ഷിത ജീവിതത്തിന് പുറമെ മരണാനന്തര ജീവിതത്തില്‍ അനശ്വര സൗഭാഗ്യമാണ് ലഭിക്കാനിരിക്കുന്നത്.(4:13, 9:112)
നിയന്ത്രണങ്ങളിലൂടെ വ്യക്തിത്വരൂപീകരണം
ഉല്‍കൃഷ്ട വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്താമെന്നത് സാമൂഹ്യശാസ്ത്ര ഭരണ നിര്‍വഹണ രംഗത്ത് പ്രാധാന്യപൂര്‍വം പഠന വിധേയമാക്കാറുണ്ട്. കാര്യപ്രാപ്തിയും ധൈഷണിക ശേഷികളുമാണ് അതിന് നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ മതവായനയില്‍ വിലക്കുകള്‍ സൂക്ഷിക്കുക എന്നതാണ് നല്ല വ്യക്തിയാവാന്‍ അനിവാര്യം. വിധി കല്‍പനകള്‍ പാലിക്കുന്നതിനേക്കാള്‍ പ്രധാനമാണ് വിലക്കുകളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മത.
”മൂന്ന് കാര്യങ്ങളില്‍ ഒരെണ്ണം നഷ്ടപ്പെട്ടിരിക്കുന്ന വ്യക്തിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ല” എന്ന് ഇബ്‌നു അബ്ബാസ്(റ) പറയുകയുണ്ടായി. വിലക്കുകളെ പ്രതിരോധിക്കാന്‍ ആവശ്യമായ തഖ്‌വയാണ് അതിലൊന്ന്. ആരാധനാ കര്‍മങ്ങള്‍ക്ക് വേണ്ടതിനേക്കാള്‍ ശക്തമായ സൂക്ഷ്മതാ ബോധം ഉണ്ടെങ്കില്‍ മാത്രമേ വിലക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയുകയുള്ളൂ. കല്‍പനകള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഈമാനിക ഊര്‍ജമാണ് വിലക്കുകളോടുള്ള പ്രതിരോധം തീര്‍ക്കേണ്ടത്. തദടിസ്ഥാനത്തിലാണ് വ്യക്തിത്വ രൂപീകരണത്തിന് ഏതാനും വിലക്കുകള്‍ ഖുര്‍ആന്‍ നിശ്ചയിച്ചിരിക്കുന്നത്. കണ്ണുകളെ നിയന്ത്രിക്കലാണ് അതില്‍ പ്രധാനം. മുസ്ലിം സ്ത്രീകളെയും പുരുഷന്‍മാരെയും പ്രത്യേകമായി തന്നെ ഇക്കാര്യം അല്ലാഹു അറിയിക്കുന്നു. (24:30,31)
മുഖഭാവവും അന്യൂനമായ ആശയ വിനിമയവുമാണ് വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടുന്ന മറ്റു ഘടകങ്ങള്‍. സംസാരം പോലെ തന്നെ ശരീര ഭാഷയും കുറ്റമറ്റതാവണം. ഖുര്‍ആന്‍ ഇവിടെയും ചില വിധിവിലക്കുകള്‍ കേള്‍പ്പിക്കുന്നു. ”ജനങ്ങളോട് നിങ്ങള്‍ നല്ലതു പറയുക” (2:83) ”മനുഷ്യരോട് മുഖം തിരിച്ച് നടക്കരുത്” (31:19). നടത്തവും ശരീര ഭാഷയുടെ രംഗവേദിയാണ്. വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടാന്‍ സഹായകമായ നടത്തമാണ് ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്. ”നടത്തത്തില്‍ മിതത്വം പാലിക്കുക.” (31:19) ”അഹന്തയോടെ നീ ഭൂമിയില്‍ നടക്കരുത്.” (17:37) ”അല്ലാഹുവിന്റെ ഇഷ്ട ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരായിരിക്കും.” (25:63)
ശ്രേഷ്ഠ വ്യക്തിത്വം പോലെ തന്നെയാണ് ഉല്‍കൃഷ്ട സമൂഹത്തിന്റെയും പിറവി ഖുര്‍ആന്‍ വിലയിരുത്തുന്നത്. ‘ഖൈറു ഉമ്മ’ എന്ന പദവിയിലേക്ക് സമൂഹം എത്തുന്നത് വിധിവിലക്കുകളെ കുറിച്ചുള്ള ഉത്തമ ബോധ്യമുണ്ടാകുമ്പോള്‍ മാത്രമാണ്. വിശ്വാസത്തോടൊപ്പം നന്‍മ കല്‍പ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കണം എന്നാണ് ദൈവിക ആഹ്വാനം (3:104). മത വിലക്കുകള്‍ സൂക്ഷിച്ച് ജീവിക്കുന്ന സാമൂഹികതയാണ് ഇതിനു വേണ്ടത്.
ന്യുജെന്‍ സാമൂഹികതയാണ് ഈ രംഗത്തെ കടുത്ത വെല്ലുവിളി. മതവും സദാചാരബോധവും നല്‍കുന്ന എല്ലാ ധര്‍മ്മ മൂല്യങ്ങളെയും അവഗണിക്കുമ്പോള്‍ തിന്മകളുടെ വേലിയേറ്റം തടുക്കാനാവില്ല. ജീവിതം ആഘോഷിച്ചു തീര്‍ക്കുകയെന്ന അജണ്ടയില്‍ വിലക്കുകള്‍ ലംഘിക്കുന്നത് ധീരതയും തന്റേടവുമായി മാറുന്നു. അനുവദനീയമായ കാര്യങ്ങള്‍ക്ക് പോലും വിലക്കുകളുടെ മേമ്പൊടിയിട്ടാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. നിയന്ത്രണ വിലക്കുകള്‍ പാലിക്കുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ സ്വതന്ത്രനാകുന്നത് എന്ന തിരിച്ചറിവ് വീണ്ടെടുക്കലാണ് ഇതിന് പരിഹാരം.