1 Sunday
December 2024
2024 December 1
1446 Joumada I 29

ജനസേവനമായിരിക്കണം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

സ്ഥാപനങ്ങള്‍, സംഘടനകള്‍, ഭരണകൂടങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യ പ്രകൃതം തേടുന്ന സാമൂഹികതയുടെ വിവിധ മേഖലകളാണ്. രാഷ്ട്രീയവും ഇതിന്റെ ഭാഗം തന്നെ. രാഷ്ട്രത്തെ ബാധിക്കുന്ന കാര്യങ്ങളുടെ സംഘാടനവും നിര്‍വഹണവുമാണത്. അരാഷ്ട്രീയ നയം കൊണ്ട് അരാജകത്വം മാത്രമെ ഉണ്ടാകുകയുള്ളൂ. രാഷ്ട്ര ഭദ്രതക്കും പ്രതിരോധത്തിനും പുരോഗതിക്കും ആവശ്യമായത് ചര്‍ച്ച ചെയ്യേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും രാഷ്ട്രീയ തലത്തില്‍ നിന്ന് തന്നെയായിരിക്കണം.
ഹിജ്‌റയോടെ മദീനയില്‍ എത്തിയ നബി(സ) സ്വീകരിച്ച നയം ശ്രദ്ധേയമാണ്. അവിടെയുണ്ടായിരുന്ന ജൂത ക്രൈസ്തവരേയും മറ്റു ഗോത്ര മത വിഭാഗങ്ങളെയും അദ്ദേഹം വിളിച്ചു കൂട്ടി. മദീനയുടെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ധാരണാപത്രത്തിന് അവര്‍ രൂപം നല്‍കി. വീക്ഷണ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമായിരിക്കെ തന്നെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ മുന്നണിയുടെ പ്രസക്തിയാണ് ഇത് വ്യക്തമാക്കുന്നത്.
സാമൂഹ്യ ജീവിതമാണ് മനുഷ്യന് മതം നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ജീവിത ശൈലിയും ഇടപെടലുകളും വ്യക്തിബന്ധങ്ങളും ഈ തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മതപരമായ വിധിവിലക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതിലും ഈ സാമൂഹികത കാണാന്‍ കഴിയും. സാമൂഹ്യ ജീവിതം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് നേതൃത്വവും അണികളും രൂപപ്പെടുന്നത്. ഈ രണ്ട് തലങ്ങളിലും പ്രവര്‍ത്തിക്കാന്‍ അല്ലാഹു പ്രത്യേകം വ്യക്തികളെ സൃഷ്ടിച്ചിട്ടില്ല. ഏതാനും പേര്‍ ഒരു കാര്യത്തിന് ഒത്ത് ചേരുമ്പോള്‍ അതില്‍ കുറച്ച് പേര്‍ക്കെങ്കിലും നേതൃപരമായ സമീപനങ്ങളുണ്ടായിരിക്കും. പരസ്പരം ഒരു ബന്ധവുമില്ലാത്തവരാണെങ്കില്‍ പോലും എല്ലാവരേയും ബാധിക്കുന്ന പെട്ടെന്നുണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അവരെ ഒന്നിപ്പിക്കാനുളള സംഘാടനം നടക്കുകയും ചെയ്യുന്നു.
രാഷ്ട്രീയം മതത്തിന്റെ ഭാഗമല്ലെങ്കിലും ദൈവഭക്തനായി ജീവിക്കുന്ന മുസ്‌ലിമിന് അത് മാറ്റി നിര്‍ത്തേണ്ടതില്ല. മാത്രമല്ല, ധര്‍മ സദാചാര ബോധമുള്ളവരുടെ സാന്നിധ്യം രാഷ്ട്രീയ രംഗത്ത് അനിവാര്യവുമാണ്. ഭൗതികതയുടെ അതിപ്രസരം മറ്റു രംഗങ്ങളിലെന്ന പോലെ രാഷ്ട്രീയത്തെയും ജീര്‍ണമാക്കിട്ടുണ്ട്. ശരിയായ വിശ്വാസ ആരാധന സാംസ്‌കാരിക വ്യക്തിത്വമുളളവര്‍ക്ക് മാത്രമെ രാഷ്ട്രീയത്തിലും വിശുദ്ധി പാലിക്കാന്‍ സാധിക്കുകയുള്ളൂ. ”ജനങ്ങള്‍ നൂറെണ്ണമുള്ള ഒട്ടക കൂട്ടം പോലെയാണ്, യാത്രക്ക് പറ്റിയ ഒരെണ്ണം പോലും അതിലുണ്ടാവില്ല.” (ബുഖാരി) എന്ന നബി വചനം ശ്രദ്ധേയമാണ്.
ലക്ഷങ്ങളുണ്ടെങ്കിലും ലക്ഷണമൊത്തവര്‍ വിരളമായിരിക്കും എന്ന നബിയുടെ നിരീക്ഷണത്തിന്റെ നേര്‍സാക്ഷ്യമാണ് ഇന്നത്തെ രാഷ്ട്രീയ രംഗം. അധോലോക സദാചാര വിരുദ്ധ രാഷ്ട്രീയവും രാഷ്ട്രീയക്കാരുമാണ് നാട് നശിപ്പിക്കുന്നത്.

അല്ലാഹുവിന് വേണ്ടി നിലകൊള്ളുക
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവേണ്ട മൂല്യവിചാരത്തില്‍ പ്രധാനമാണിത്. രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനമാണ്. മറ്റുള്ളവരെ സഹായിക്കുന്ന കാലമത്രയും അല്ലാഹു നമ്മെയും സഹായിക്കും എന്ന നബിവചനമാണ് ഏത് സേവന പ്രവര്‍ത്തനങ്ങളെയും പവിത്രമാക്കുന്നത്. പരലോകത്തേക്ക് ഒരു പുണ്യം എന്ന സമീപനം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും നാം സ്വീകരിക്കണം. മതേതര ജനാധിപത്യ സാഹചര്യത്തില്‍ നിന്ന് കൊണ്ട് തന്നെ നമുക്ക് ഈ പുണ്യം സമ്പാദിക്കാം. എല്ലാ കര്‍മങ്ങളും നിയ്യത്ത് അനുസരിച്ചായിരിക്കും (ബുഖാരി) എന്ന നബി വചനം രാഷ്ട്രീയത്തിലും ബാധകമാണ്. അല്ലാഹുവിന് വേണ്ടി നിലകൊളളുക എന്ന മനോഗതിയുണ്ടാക്കാന്‍ ഇതാവശ്യവുമാണ്. നീതിബോധം, സത്യസന്ധത, തുറന്ന സമീപനം തുടങ്ങിയ ഗുണങ്ങള്‍ ബോധപൂര്‍വം തന്നെ മുസ്ലിം, രാഷ്ട്രീയത്തില്‍ ശീലിക്കണം.
”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുക” (ഖുര്‍ആന്‍ 5:8) എന്ന ദൗത്യ ബോധമാണ് മനുഷ്യനെ പൊതുരംഗത്ത് ഉല്‍കൃഷ്ടനാക്കുന്നത്. വ്യക്തിതലത്തിലും പൊതുരംഗത്തും ഉണ്ടായിരിക്കേണ്ട സല്‍ഗുണങ്ങള്‍ നിലനിര്‍ത്തുന്നത് ഈ ദൗത്യബോധമാണ്. നമ്മുടെ ചിന്തകളാണ് പിന്നീട് വാക്കുകളാകുന്നത്. കുറച്ച് കഴിഞ്ഞാല്‍ അത് പ്രവര്‍ത്തനങ്ങളുമാകും. അത് തന്നെയായിരിക്കും പിന്നീട് നമ്മുടെ ശീലങ്ങളാകുക. രാഷ്ട്രീയ രംഗത്ത് ദുശ്ശീലങ്ങള്‍ വളര്‍ന്ന് വരുന്നതും ഇങ്ങനെ തന്നെയാണ്.
അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയെന്നത് വിശ്വാസിയുടെ പതിവ് ശീലമാകുമ്പോള്‍ അതിന്റെ വ്യാപ്തിയും പ്രവര്‍ത്തനക്ഷമതയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ”നിങ്ങള്‍ അല്ലാഹുവിന് സാക്ഷികളാകും വിധം നീതിക്ക് വേണ്ടി നിലകൊള്ളുക. അത് നിങ്ങള്‍ക്ക് തന്നെയോ, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ എതിരായിരുന്നാലും ശരി. ധനികനോ ദരിദ്രനോ ആകട്ടെ, അവരോടെല്ലാം കൂടുതല്‍ ബന്ധമുള്ളത് അല്ലാഹുവിനാണ്. നീതിപാലിക്കാതെ തന്നിഷ്ടങ്ങളുടെ പുറകെ പോകാനും പാടില്ല.” (4:135)

അധികാര മോഹം പാടില്ല
അധികാരസ്ഥാനങ്ങളില്‍ എത്തുകയെന്നതാണ് ഇന്നത്തെ രാഷ്ട്രീയം. അതിനുള്ള വഴി മാത്രമാണ് ജനസേവനം. മതവീക്ഷണത്തില്‍ ഇത് രണ്ടും വ്യത്യസ്ത തലങ്ങളില്‍ തന്നെയാണ്. സേവനങ്ങളിലൂടെ ആഗ്രഹിക്കുന്നത് ദൈവ പ്രീതിയല്ലാത്ത മറ്റെന്ത് ലക്ഷ്യമാണെങ്കിലും, അതിന് നിലനില്‍പ്പുണ്ടാവില്ല. അബുദര്‍റ് നബിയോട് പറഞ്ഞു: ”എനിക്ക് ഏതെങ്കിലും കാര്യങ്ങളുടെ ചുമതല തരുമോ?” നബി പറഞ്ഞു: ”അബുദര്‍റ്! താങ്കള്‍ കഴിവ് കുറഞ്ഞവനാണ്, അതാവട്ടെ ഒരു അമാനത്തുമാണ്. അതിലുള്ള ബാധ്യത നിര്‍വഹിക്കാതെ പരലോകത്ത് എത്തുന്നവര്‍ക്കത് ഉണ്ടാക്കുന്നത് നിന്ദ്യതയും അപമാനവുമായിരിക്കും.” (അബൂദാവൂദ്)
അധികാരസ്ഥാനങ്ങള്‍ ചോദിച്ച് വാങ്ങരുത് എന്നതും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. ചോദിക്കാന്‍ പറ്റാത്തത് മോഹിക്കാനും പാടില്ല. നബി പറയുന്നു: ”നീ അധികാരം ചോദിക്കരുത്, അങ്ങനെയാണ് ലഭിക്കുന്നതെങ്കില്‍ നിനക്കത് ഭാരമായിരിക്കും, ചോദിക്കാതെ ലഭിക്കുകയാണെങ്കില്‍ നിനക്കതില്‍ പരസഹായം ലഭിക്കുകയും ചെയ്യും.” (മുസ്ലിം)

ജനസ്വീകാര്യത
ജനാധിപത്യ സംവിധാനത്തില്‍ ഒരാളുടെ ജനപിന്തുണയുടെ മാനദണ്ഡം അയാള്‍ക്ക് ലഭിക്കുന്ന വോട്ട് മാത്രമാണ്. എന്നാല്‍ മതനൈതികത അതല്ല. ജനങ്ങള്‍ക്ക് ഒരാളിലുള്ള മതിപ്പും സ്‌നേഹവുമാണ് ജനപിന്തുണയുടെ മാനദണ്ഡമായി നബി പറയുന്നത്. ”നിങ്ങള്‍ സ്‌നേഹിക്കുകയും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ പ്രാര്‍ഥിക്കുകയും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ് ഉല്‍കൃഷ്ട നേതൃത്വം. നികൃഷ്ട നേതൃത്വമാകട്ടെ, നിങ്ങളവരെ വെറുക്കും, അവര്‍ നിങ്ങളെയും വെറുക്കും, നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും ശപിക്കും.” (മുസ്‌ലിം)

സൗകര്യമൊരുക്കുക, പ്രയാസപ്പെടുത്തരുത്
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള മറ്റൊരു പെരുമാറ്റച്ചട്ടമാണിത്. ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായ ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ നിറം നോക്കിയാണ്. ചിലപ്പോള്‍ വ്യക്തി വിരോധവും ആനുകൂല്യ നിഷേധത്തിന് കാരണമാവാറുണ്ട്. സങ്കീര്‍ണമായ സാ ങ്കേതികതകള്‍ പറഞ്ഞും കിട്ടാനുള്ള ആനുകൂല്യങ്ങളെ തടസ്സപ്പെടുത്താറുണ്ട്. പ്രതിയോഗികളെ നിയമവും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് വട്ടം കറക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ”ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുക, പ്രയാസപ്പെടുത്തരുത്” (ബുഖാരി) എന്ന നബി വചനം ഇവിടെ ശ്രദ്ധേയമാണ്.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരെ അല്ലാഹുവും പ്രയാസപ്പെടുത്തും. രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായ സംവിധാനങ്ങളിലൂടെയാണ് ഇന്ന് ഗവണ്മെന്റ് സഹായങ്ങള്‍ മിക്കവാറും ജനങ്ങളിലേക്കെത്തുന്നത്. അപ്പോഴാക്കെ അര്‍ഹമായ അവകാശങ്ങള്‍ക്ക് ജനങ്ങള്‍ കൂടുതല്‍ പ്രയാസപ്പെടുന്നതും നിത്യ കാഴ്ചയാണ്. അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയെന്ന ഉള്‍വിളിയാണ് ഇവിടെയും ആവശ്യം.
സാമ്പത്തിക വിശുദ്ധി
രാഷ്ട്രീയ പ്രവര്‍ത്തകരില്‍ സംഭവിക്കുന്ന മുഖ്യ അപചയമാണ് സാമ്പത്തിക വിശുദ്ധിയുടെ അഭാവം. പണമുണ്ടാക്കുന്നതിന് ഏത് മാര്‍ഗവും സ്വീകരിക്കാമെന്ന ലാഘവ സമീപനമാണ് രാഷ്ട്രീയ രംഗത്തെ ഗുരുതരമായ ജീര്‍ണത. അഴിമതിയും അധോലോക പ്രവര്‍ത്തനങ്ങളും ലൈംഗിക അരാജകത്വവും അരങ്ങ് തകര്‍ക്കുന്ന ഇടമായി രാഷ്ട്രീയ രംഗം മാറിയതിന് പിന്നീല്‍ പണക്കൊതി മാത്രം. മറ്റു രംഗങ്ങളില്‍ എന്ന പോലെ സാമ്പത്തിക വിശുദ്ധി മുസ്ലിമിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അനിവാര്യമാണ്. ”പണം എവിടെന്ന് കിട്ടി, എങ്ങനെ ചിലവഴിച്ചു?” എന്ന ചോദ്യം പരലോകത്ത് നമ്മെ കാത്തിരിക്കുന്നുണ്ടെന്ന ജാഗ്രതയാണ് നമുക്ക് വേണ്ടത്. അവിഹിതമായി നേടുന്ന സമ്പത്ത് പരലോകത്തെന്ന പോലെ ഈ ജീവിതത്തിലും ദുരന്തം മാത്രമെ ഉണ്ടാക്കുകയുള്ളുവെന്നതിന് വര്‍ത്തമാന ലോകം തന്നെയാണ് സാക്ഷി.

തന്ത്രങ്ങള്‍ തിരിച്ചടിക്കും
ഗൂഢതന്ത്രങ്ങളിലൂടെ അപര ഉന്മൂലനം നടത്തി കാര്യങ്ങള്‍ നേടുന്ന പതിവ് കാഴ്ചയാണിന്ന് രാഷ്ട്രീയത്തില്‍. ചിലപ്പോള്‍ അതിന് അധോലാക ക്വട്ടേഷന്‍ സംഘങ്ങള്‍ വരെ പ്രവര്‍ത്തിക്കാറുണ്ട്. പരശതം കോടി രൂപ ദുര്‍വ്യയം ചെയ്യുന്നതും ഇങ്ങനെയുള്ള തന്ത്രാവിഷ്‌ക്കാരങ്ങള്‍ക്കാണ്. ഈ രംഗത്ത് മൗലികമായ ഒരു കാര്യം ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ”മോശമായ തന്ത്രങ്ങള്‍ തിരിഞ്ഞു കുത്തുന്നത് അത് ചെയ്തവനെ തന്നെയായിരിക്കും” (35:43). ”നിങ്ങളുടെ അതിക്രമങ്ങള്‍ നിങ്ങളിലേക്ക് തന്നെ തിരിച്ചടിക്കും” (10:23) എന്ന വചനവും ഗൗരവമേറിയ താക്കീതാണ്.
സര്‍വോപരി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭയപ്പെടേണ്ടത് അവകാശം നിഷേധിക്കപ്പെടുന്നവരുടെ പ്രാര്‍ഥനയാണ്. മര്‍ദ്ദിതന്റെ പ്രാര്‍ഥന അല്ലാഹു തല്‍സമയം സ്വീകരിക്കുമെന്നാണ് നബി (സ) പറയുന്നത്. നാടിന്റെയും നാട്ടുകാരുടേയും ക്ഷേമത്തിന് വേണ്ടി നാം ചെയ്യുന്ന രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ മറ്റുളവരുടെ കണ്ണീരുണ്ടെങ്കില്‍ അല്ലാഹു നമ്മെ കൈവെടിയും. നാം തടഞ്ഞുവെച്ച അവകാശം അല്ലാഹു അവര്‍ക്ക് പതിച്ച് കൊടുക്കുകയും ചെയ്യും.

Back to Top