പ്രപഞ്ചം, മനുഷ്യന്‍ ഖുര്‍ആനിന്റെ ചിന്താലോകം
ഡോ. ജാബിര്‍ അമാനി
പരമാണു മുതല്‍ താരസമൂഹങ്ങള്‍ വരെയുള്ള ദൃശ്യപ്രപഞ്ചവും അത്യത്ഭുത സൃഷ്ടിയായ മനുഷ്യനും ഖുര്‍ആനിന്റെ ധൈഷണികലോകത്തെ വിസ്മയകരമായ പ്രചോദക സ്രോതസ്സുകളാണ്. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്നും അവനാണ് സത്യാസത്യവിവേചനമായ ഖുര്‍ആന്‍ അവതരിപ്പിച്ചതെന്നും തിരിച്ചറിയാനുള്ള ദിവ്യദൃഷ്ടാന്തങ്ങളാണ് പ്രപഞ്ചവും മനുഷ്യനും. ”ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദ്വിഗ്മണ്ഡലങ്ങളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്റെ രക്ഷിതാവ് ഏതു കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?” (41:53). പ്രാപഞ്ചിക പ്രതിഭാസങ്ങള്‍, ജൈവലോകം എന്നിവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് നിരവധി പാഠങ്ങളും ദൃഷ്ടാന്തങ്ങളും ലഭ്യമാകുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (2:164, 6:99)
പ്രപഞ്ച വിജ്ഞാനീയം ഖുര്‍ആനിന്റെ പ്രമേയങ്ങളില്‍ ഒന്നാണ്. പ്രപഞ്ച പ്രതിഭാസങ്ങളിലെ ഓരോ സൂക്ഷ്മാറിവുകളും ദൈവാസ്തിക്യത്തിന്റെ ദര്‍പ്പണമായിട്ടാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ഭൂമി, ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, സസ്യലതാദികള്‍, മൃഗങ്ങള്‍, ജൈവജന്തുലോകം തുടങ്ങി ഓരോ മേഖലയും മനുഷ്യനോട് മനനം ചെയ്യാനുള്ള പ്രചോദകങ്ങളായാണ് അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ശാസ്ത്രവിജ്ഞാനീയങ്ങളില്‍ പ്രപഞ്ചത്തെയും മനുഷ്യനെയും ഉള്‍ക്കൊള്ളുന്ന പ്രധാനപ്പെട്ടവ ഇവയാണ്: ജ്യോതിശാസ്ത്രം, പ്രപഞ്ചോല്‍പത്തി വിജ്ഞാനം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, ഭ്രൂണശാസ്ത്രം, ഫോസില്‍ പഠനം, പുരാവസ്തു ശാസ്ത്രം, ഭൂഘടനാശാസ്ത്രം, സമുദ്രശാസ്ത്രം, പ്രാണിശാസ്ത്രം, മനുഷ്യശരീര ശാസ്ത്രം, ശരീരഘടനാ ശാസ്ത്രം, ആരോഗ്യശാസ്ത്രം, പ്രകാശ വിജ്ഞാനീയം, പുരാവസ്തു വിജ്ഞാനം, പക്ഷിശാസ്ത്രം, ജല വിജ്ഞാനീയം, ഭൂഗര്‍ഭ ജലവിജ്ഞാനീയം, പാരിസ്ഥിതിക ശാസ്ത്രം, അന്തരീക്ഷ ശാസ്ത്രം. ഈ വിജ്ഞാനീയങ്ങളില്‍ ദീര്‍ഘമായ വിശകലന പ്രദാനമായ ധാരാളം വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ വചനങ്ങളെയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെയും ആയത്ത് എന്ന് പരാമര്‍ശിക്കുന്നു. ദൈവത്തിന്റെ ഈ അടയാളങ്ങള്‍ മുഴുവന്‍ വര്‍ണിച്ച് തീര്‍ക്കാന്‍ മനുഷ്യന് സാധ്യമല്ല. (31:27)
പ്രപഞ്ച വിജ്ഞാനീയങ്ങളിലെ ചിന്താലോകം ഖുര്‍ആന്‍ ആവിഷ്‌ക്കരിക്കുമ്പോള്‍, കേവലം ചില വിവര കൈമാറ്റങ്ങള്‍ക്കപ്പുറത്ത് ഉപര്യുക്ത പരാമര്‍ശിച്ച ദൈവാസ്തിത്വം കണ്ടെത്താനാവുമ്പോഴാണ് മനുഷ്യന്‍ ചിന്തയുടെ ജോലി ശരിയായി നിര്‍വഹിച്ചുവെന്ന് പറയാനാവുക. ചിന്തയുടെ താല്‍പര്യം വ്യവസ്ഥാപിതമായ നിര്‍വഹണങ്ങള്‍ക്ക് വഴിയൊരുക്കുക വഴി ഒട്ടേറെ ശാസ്ത്രജ്ഞര്‍ക്ക് ദൈവീക സന്ദേശത്തെ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നാസ്തികത സര്‍വനാശത്തിലേക്ക് നയിക്കുന്ന ഒരബദ്ധലോകമാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യാന്‍ അവര്‍ മടി കാണിക്കുകയും ചെയ്തിട്ടില്ല. പ്രപഞ്ചവും പ്രാപഞ്ചിക സംവിധാനവും സൃഷ്ടിലോകവും ദൈവത്തിന് സമര്‍പ്പിതരായി കഴിയുന്നു. (3:83, 13:15, 16:49,50, 22:18, 55:6, 24:41, 17:44)
മനുഷ്യന് വേണ്ടി പ്രപഞ്ചത്തില്‍ ഒരുക്കിയ സംവിധാനങ്ങള്‍ അഖിലവും (2:29) അവയുടെ സ്രഷ്ടാവിന് സമ്പൂര്‍ണ സമര്‍പ്പണം പ്രഖ്യാപിക്കുമ്പോള്‍ സവിശേഷ വ്യതിരിക്തതയുള്ള മനുഷ്യന്‍ ദൈവനിഷേധിയാകുന്നുവെങ്കില്‍ അതിന്റെ കാരണം ജ്ഞാനാന്വേഷണങ്ങളിലെ ചിന്താശൂന്യതയും ധൈഷണിക അടിമത്തവും മാത്രമാണ്. ഈ സത്യം ബോധ്യപ്പെടുത്തുന്നതിനു കൂടി പ്രാപഞ്ചിക വിശകലനത്തില്‍ ഖുര്‍ആന്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട് (2:21, 22, 3:191, 6:1, 10:34, 13:16, 14:32, 16:17, 17:99, 30:8, 36:81).
ആധുനിക നാഗരികതകളും വ്യാവസായിക വിപ്ലവാനന്തരമുള്ള വികസന കാഴ്ചപ്പാടുകളും കാരണം പ്രകൃതിയുടെ മേലുള്ള കടന്നാക്രമണം വര്‍ധിച്ചിട്ടുണ്ടല്ലോ. അതിവേഗത്തില്‍ ദുഷിക്കുന്ന പരിസ്ഥിതി മനുഷ്യന്റെ മുന്‍പില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ആഗോളതാപനവും ജലവിഭവ നഷ്ടവും വരള്‍ച്ചയും പേമാരിയും കാലാവസ്ഥാ വ്യതിയാനവും രോഗാതുരമായ ജീവിത പരിസരവും ചില ഉദാഹരണങ്ങള്‍ മാത്രം. പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് വേണ്ടി അന്താരാഷ്ട്ര സമ്മേളനങ്ങളും സംഘടനകളും ലോകത്ത് പ്രവര്‍ത്തിക്കുന്നു. ദീര്‍ഘമായ ഗവേഷണ പര്യവേഷണങ്ങള്‍ നടക്കുന്നു. ഭൂമിയില്‍ ജീവന്റെ തുടിപ്പിന് സംഭവിക്കുന്ന ദുരന്തങ്ങള്‍ അക്കാദമി ചര്‍ച്ചക്കെടുക്കുന്നു. ഇവയെല്ലാം ഖുര്‍ആന്‍ ഉണര്‍ത്തിയ ജീവിതത്തിന്റെ പാരിസ്ഥിതിക സഹജീവിതത്തിന്റെ ഏറ്റക്കുറച്ചിലാണെന്ന ഗൗരവ ചിന്തയാണ് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത്. (30:30). മൂന്നാമതായി ആകാശ ഭൂമികളുടെയും ജൈവലോകത്തിന്റെയും സൃഷ്ടിപ്പ് വൃഥായല്ലെന്നും വ്യര്‍ഥമോ വിനോദമോ അല്ല സൃഷ്ടി രഹസ്യമെന്നും ബോധ്യപ്പെടുത്തുന്നു. (3:191, 38:27)
പ്രപഞ്ച സൃഷ്ടിപ്പിലെ, ജൈവഘടനയുടെ വിന്യാസത്തിലെ സലക്ഷ്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും ചിന്തയും മനുഷ്യന്‍ ഉദ്ദീപിപ്പിക്കുന്നു. പ്രപഞ്ചം, ചിന്തയുടെ സമഗ്രമായ പ്രചോദക സ്രോതസ്സായി വര്‍ത്തിക്കുകയും ചെയ്യുന്നു. പ്രസ്തുത ധൈഷണിക ഇടപെടലുകള്‍ പ്രാപഞ്ചിക സംവിധാനങ്ങളെ കുറിച്ചും വ്യവസ്ഥാപിതത്വത്തെക്കുറിച്ചുമു
പ്രാപഞ്ചിക ഗവേഷണങ്ങളിലൂടെ ചിന്തയുടെ മതദര്‍ശനം താല്‍പര്യപ്പെടുന്നത് ഈ ലക്ഷ്യം തിരിച്ചറിയുക എന്നതാണ്. അവ ശാസ്ത്ര പഠനത്തിന്റെ പരിമിതിയാണ്. പദാര്‍ഥാനുബന്ധ പഠനങ്ങളില്‍ പദാര്‍ഥാതീതമായ അസ്തിത്വം കണ്ടെത്തുകയെന്നതാണ് ഖുര്‍ആന്‍ ഉയര്‍ത്തുന്ന ധൈഷണിക പ്രപഞ്ചം.
സയ്യിദ് ഹുസൈന്‍ നസ്വര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ”ദൈവം തന്റെ കൈയ്യൊപ്പ്് സൃഷ്ടിജാലങ്ങളില്‍ പതിച്ചിരിക്കുന്നു. ശാസ്ത്രം അവയുടെ അന്വേഷണങ്ങളെ വായിക്കുന്നു. എന്നാല്‍ ആ അടയാളങ്ങള്‍ ലക്ഷ്യബോധ്യത്തോടെ വായിക്കാന്‍ വെളിപാട് (വഹ്‌യ്) എന്ന താക്കോല്‍ ഉപയോഗിക്കേണ്ടതുണ്ട്.” (Seyyed Hossein Naser Islamic Spirituality, Vol I, 1989 London, Page 321)
വിശുദ്ധ ഖുര്‍ആനിന്റെ അവതരണലക്ഷ്യം മാനവതക്ക് മാര്‍ഗദര്‍ശനം നല്‍കുകയെന്നതാണ് (2:185, 2:97, 3:138). പ്രവാചകന്‍ മുഹമ്മദിന്(സ) ലഭ്യമായിട്ടുള്ള അമാനുഷികത (മുഅ്ജിസത്ത്) വിശുദ്ധ ഖുര്‍ആന്‍ ആണല്ലോ. ഇതര പ്രവാചകരില്‍ പലര്‍ക്കും അത്ഭുത പ്രവര്‍ത്തികളായിരുന്നു അമാനുഷിക ദൃഷ്ടാന്തമായി അവതരിപ്പിച്ച് കൊടുത്തിരുന്നത് (20: 22, 27:12, 5:110, 27:17). അത്തരം അമാനുഷിക പ്രവൃത്തികള്‍ കാഴ്ചയെ അവലംബിക്കുന്നവയാണല്ലോ. എന്നാല്‍ ഖുര്‍ആന്‍ ഒരു വേദഗ്രന്ഥമാണല്ലോ. വായനയും പഠനവും മനനവും ഗവേഷണവുമാണല്ലോ ഗ്രന്ഥങ്ങളോട് നാം നിര്‍വഹിക്കുന്ന ‘ആശയ വിനിമയ’ തലം ഉള്‍ക്കൊള്ളുന്ന മേഖലയും. അതുകൊണ്ട് തന്നെയാണ് അത്യത്ഭുതകരമായ ധൈഷണിക പ്രചോദിത സ്രോതസ്സായി ഖുര്‍ആന്‍ വചനങ്ങള്‍ പരിഗണിക്കപ്പെടുന്നത്. മനുഷ്യന്റെ ചിന്താശേഷിയെ ശരിയായി ഉപയോഗിക്കാതെ വന്നാല്‍ ഖുര്‍ആന്‍ നല്‍കുന്ന ധൈഷണിക പ്രചോദനം അവന് നഷ്ടപ്പെടും. അതുകൊണ്ട് തന്നെ, ഖുര്‍ആനിനെ അവഗണിച്ചവര്‍ എന്നതിന്റെ ഒരു താല്‍പര്യം ഖുര്‍ആന്‍ പ്രചോദിപ്പിക്കുന്ന ഉജ്വല ചിന്ത നഷ്ടപ്പെടുത്തുന്നത് ഖുര്‍ആനിനെ പരിത്യജിക്കലാണ് എന്ന് വരെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്‍ പര്യാലോചിച്ച് പഠിക്കണമെന്ന് അല്ലാഹു കല്പിക്കുന്നു. ”അതില്‍ നിന്ന് പിന്തിരിയുന്നതും ആശയങ്ങള്‍ മനസ്സിലാക്കാതിരിക്കുന്നതും അല്ലാഹു വിലക്കുന്നു. അല്ലാഹു ഒരു കാര്യം കല്പിച്ചാല്‍ അത് കല്പന തന്നെയാണ്. ആയതിനാല്‍, പര്യാലോചന (തദബ്ബുര്‍) നടത്താനുള്ള കല്പന നിര്‍ബന്ധപൂര്‍വം നാം നടപ്പിലാക്കേണ്ടതാണ്.” (ഇബ്‌നുകസീര്‍ 1:530)
സൂറതുല്‍ബഖറ 78-ാം വചനത്തിലെ അമാനിയ്യ എന്ന പദത്തെ വിശകലനം ചെയ്ത് ഇബ്‌നു ഖയ്യീം(റ) പറയുന്നു: ”ദൈവിക ഗ്രന്ഥത്തെ മാറ്റി മറിക്കുന്നവരെയും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മാത്രമറിയുന്നവരെയും അല്ലാഹു കുറ്റപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.” (ബാദാഇളുതഫ്‌സീര്‍ 1:308)
ഖുര്‍ആനിനെ പരിത്യജിക്കല്‍ നാല് തരത്തിലുണ്ട്. ഒന്ന്, അല്ലാഹു എന്താണ് മനുഷ്യരോട് പറഞ്ഞതെന്ന് മനസ്സിലാക്കാതിരിക്കലും ഖുര്‍ആന്‍ വചനങ്ങള്‍ പരിചിന്തനാപൂര്‍വം (തദബ്ബുര്‍) പഠിക്കാതിരിക്കലുമാണ്. (അതേപുസ്തകം 2/192)
മനുഷ്യന് സ്രഷ്ടാവ് നല്‍കിയ അപാരമായ അനുഗ്രഹമാണല്ലോ ബുദ്ധിശക്തി. ഖുര്‍ആനിന്റെ ആശയപ്രപഞ്ചത്തിലെ ഓരോ ആവിഷ്‌കാരങ്ങളും ആദര്‍ശങ്ങളും ചിന്തോദ്ദീപകമാണ്. ഖുര്‍ആനിലെ ബൃഹത്തായ വൈജ്ഞാനിക സാഗരത്തെ സാധ്യമാവുന്നത്ര ഉറ്റാലോചിച്ച് കണ്ടെത്താനുള്ള ജ്ഞാനാര്‍ജന ശേഷിയും ധൈഷണിക പ്രതിഭയും അവനില്‍ ഉണ്ട്. അത്തരമൊരു കഴിവ് മനുഷ്യനില്ലായിരുന്നുവെങ്കില്‍ ഖുര്‍ആനിന്റെ ആശയലോകത്തിന് മുന്‍പില്‍ അവന്‍ പകച്ച് നില്‍ക്കും. അവന്റെ ഹൃദയം ബലം ക്ഷയിച്ച് തകര്‍ച്ച നേരിടുന്നതാണ്. ”ഒരു പര്‍വതത്തിന് മുകളില്‍ നാം ഖുര്‍ആനിനെ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് അല്ലാഹുവോടുള്ള ഭയത്താല്‍ പൊട്ടിത്തകരുമായിരുന്നു” (ഹശ്ര്‍ 21) എന്ന പ്രഖ്യാപനം ഈ ആശയം കൂടി നമുക്ക് നല്‍കുന്നുണ്ടെന്ന് ഇമാം ഖുര്‍തുബി രേഖപ്പെടുത്തിയിട്ടുണ്ട്. (തഫ്‌സീര്‍ ഖുര്‍തുബി 18:44).
ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന എല്ലാ വചനങ്ങളുടെയും അകം പൊരുളും സൂക്ഷ്മാര്‍ഥവും മാനവരാശിക്ക് തിരിച്ചറിയേണ്ടത് ഒരു വേദഗ്രന്ഥമെന്ന നിലയിലും സന്മാര്‍ഗ ദര്‍ശനം എന്ന പരിഗണനയിലും അത്യാവശ്യമാണല്ലോ. അതിനുള്ള വഴികള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ടായിരിക്കും (3:187, 16:44, 16:64). അതിനായി ഖുര്‍ആനിന്റെ ആശയലോകത്ത് ധൈഷണിക മികവുള്ള ഒരു വിദ്യാര്‍ഥിയായി നാം വിനയാന്വിതരാവണം എന്ന് മാത്രം!`