22 Sunday
December 2024
2024 December 22
1446 Joumada II 20

ശൂറ അഥവാ കൂടിയാലോചന ഭാഷ, ദര്‍ശനം, ചരിത്രം

ഡോ. ജാബിര്‍ അമാനി

ഖുര്‍ആന്‍, പ്രവാചകാധ്യാപനങ്ങള്‍, ഇസ്‌ലാമിക ചരിത്രം എന്നിവ അതീവ പ്രാധാന്യവും നിയമനിര്‍ദേശങ്ങളും നല്‍കിയ ഒരു സംവിധാനമാണ് ശൂറ. ശവറ, ശാറ എന്നീ അടിസ്ഥാന പദങ്ങളില്‍ നിന്ന് നിഷ്പന്നമായതാണ് ഈ വാക്ക്. ‘തേനറയില്‍ നിന്ന് കലര്‍പ്പുകളില്ലാതെ തേന്‍ പുറത്തെടുക്കുന്ന പ്രക്രിയ’ എന്നതാണ് പദത്തിന്റെ ഭാഷാസൂചന (ലിസാനുല്‍ അറബ്, ഇബ്‌നുമന്‍ളൂര്‍ 6:103). ‘നിര്‍ധാരണം ചെയ്യുക, സംശോധന നിര്‍വഹിക്കുക’ എന്നീ അര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന(1) പ്രസ്തുത പദം, ‘ആശയ/ വസ്തുതാ രൂപീകരണവും നിര്‍ധാരണവും ഉദ്ദേശിച്ചുള്ള സംഘടിതമായ അഭിപ്രായ പ്രകടനവും കൂടിയാലോചനയുമാണ് സാങ്കേതികമായി താല്‍പര്യപ്പെടുന്നത്.(2) ഏറ്റവും ശരിയായ ഒരു അഭിപ്രായത്തിനായുള്ള സാമൂഹിക ചര്‍ച്ചാ പ്രക്രിയ എന്നര്‍ഥത്തിലും ശൂറാ പരിഗണിക്കപ്പെടുന്നുണ്ട്.(3) ജനാധിപത്യത്തിന്റെ മൗലികാശയങ്ങളും ഏകാധിപത്യവിരുദ്ധതയും സമ്മേളിക്കുന്ന പ്രക്രിയകൂടിയാണ് സാമൂഹ്യശാസ്ത്ര പരിപ്രേക്ഷ്യത്തില്‍ ശൂറ.
മനുഷ്യാരംഭ ഘട്ടത്തില്‍ ശൂറയുടെ ഒരര്‍ഥത്തിലുള്ള പ്രതിനിധീകരണം കാണാം. പ്രഥമമായി സ്രഷ്ടാവ് മനുഷ്യവര്‍ഗത്തെ സൃഷ്ടിക്കുന്ന വിവരം മലക്കുകളെ അറിയിക്കുന്നുണ്ട്. മലക്കുകളുടെ അഭിപ്രായം തേടി തീരുമാനമെടുക്കാന്‍ കാത്തിരിക്കുന്ന സ്രഷ്ടാവിനെയല്ല ഇവിടെ വായിക്കേണ്ടത്. മറിച്ച് ശൂറയുടെ മെത്തഡോളജി നമുക്ക് പരിചയപ്പെടാന്‍ സാധിക്കുന്നു. പുതിയ സംവിധാനത്തിന്റെ വശങ്ങളെ അപരരെ അറിയിക്കുകയും അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വിശകലനങ്ങളും തേടി മറുപടിയോ വിശദീകരണങ്ങളോ നല്‍കി കാര്യങ്ങള്‍ വ്യവസ്ഥപ്പെടുത്തി നിര്‍ധരിച്ചെടുക്കുകയെന്ന അടിസ്ഥാനമാണ് (വി.ഖു 2:30-32) ശൂറയുടെ അകക്കാമ്പ്.
ഒരു പുതിയ കാര്യത്തെക്കുറിച്ച് അഭിസംബോധിതരെ (മലക്കുകള്‍) അറിയിക്കുകയും അപഗ്രഥനം നടത്തുകയും ചെയ്യുക വഴി, അവരോടുള്ള ആദരവ് പ്രകടമാക്കുക കൂടിയാണ് സ്രഷ്ടാവ് ചെയ്തിട്ടുള്ളത് എന്ന അഭിപ്രായവും ഈ സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. (അത്തഹ്‌രീര്‍ വത്തന്‍വീര്‍, മുഹമ്മദ് ത്വാതിര്‍ബ്‌നു ആശൂര്‍, പേജ് 16)
ഇബ്‌റാഹീം നബി(അ)ക്ക് തന്റെ അരുമ സന്താനം ഇസ്മാഈലിനെ(അ) ബലിയറുക്കണമെന്ന് സ്രഷ്ടാവില്‍ നിന്ന് നിര്‍ദേശമുണ്ടാവുന്നു. ആ സന്ദര്‍ഭത്തില്‍ ബലിയെ സംബന്ധിച്ച് തന്റെ മകനുമായി കൂടിയാലോചിക്കുന്ന സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇബ്‌റാഹീംനബി (അ) മകന്റെ അഭിപ്രായം സുവ്യക്തമായി തേടുക തന്നെയാണ് ചെയ്യുന്നത്. മകന്‍ സ്രഷ്ടാവിന്റെ തീരുമാനത്തിന് പിതാവിന് പിന്തുണ നല്‍കുന്നുവെന്നത് കൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നില്ല എന്ന് മാത്രം.
ഇവിടെ നാം തിരിച്ചറിയുന്നത് ശൂറയുടെ മെത്തഡോളജിയാണ്. അഭിപ്രായം ആരായാലും വിശകലനവും ചര്‍ച്ചയും നിര്‍വഹിക്കുകയെന്നത് ശൂറയുടെ പൊതുവായ രീതിയാണ് എന്നും അത് സ്വീകരിക്കുന്നതിനുള്ള നല്ല മാതൃക ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് എന്നുമാണ്. അല്ലാഹു പറയുന്നു: ”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ… നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.”
പൂര്‍ണമായ രണ്ട് വര്‍ഷം കുട്ടികള്‍ക്ക് മുല കൊടുക്കുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള അനിവാര്യമായ മാറ്റം ആവശ്യമായിവരുന്ന പക്ഷമോ, അല്ലെങ്കില്‍ മാതാവിന് പകരം മറ്റൊരു സ്ത്രീയെ ഈ ദൗത്യം ഏല്പിക്കേണ്ടതായി വരുന്നുവെങ്കിലോ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചിച്ച്, തൃപ്തിയോടെയുള്ള ഒരു മാര്‍ഗം തേടണമെന്നും ഉണര്‍ത്തുന്നു. ഇക്കാര്യത്തില്‍ മതം നിരുപാധികമായ വിലക്ക് ഏര്‍പ്പെടുത്തുന്നില്ല. കൂടിയാലോചനയും വിശകലനവും അനിവാര്യമാണെന്ന പൊതുതത്വം മഹത്തരമായി കാണുകയും ബാധ്യതയായി നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. ഖുര്‍ആന്‍ പറയുന്നു: ”ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ട് കൊണ്ട് കുട്ടിയുടെ മുലകുടി നിര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുല കൊടുപ്പിക്കുവാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അതിനും അവര്‍ ഇരുവര്‍ക്കും കുറ്റമില്ല.” (വി.ഖു 2:233)
സുലൈമാന്‍ നബി(അ)യുടെ ചരിത്രം വിവരിക്കുന്ന ഖുര്‍ആന്‍ വചനം ശൂറയെ കുറിച്ച നല്ല പാഠങ്ങള്‍ നല്‍കുന്നു (അന്നംല് 29-45). ബില്‍ഖീസ് രാജ്ഞിക്ക് നല്‍കിയ എഴുത്തും അതിലെ പരാമര്‍ശങ്ങളും രാജ്ഞി തന്റെ കൂടെയുള്ള പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ച് അഭിപ്രായമാരാഞ്ഞതിന് ശേഷമായിരുന്നു. അവര്‍ പരസ്പരം കൂടിയാലോചന നിര്‍വഹിച്ചിരുന്നതിനെ ഖുര്‍ആന്‍ ഗൗരവമായി കാണുകയാണെന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.
”ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കുന്നില്ല. പരസ്പര ചര്‍ച്ചയിലൂടെ തീരുമാനം കൈക്കൊള്ളാം (നംല് 27:32) എന്നത് കൂടിയാലോചനയുടെ (ശൂറ) അടിസ്ഥാന തത്വമായി വിലയിരുത്തപ്പെടുന്നതാണ്. അതാണ് ബില്‍ഖീസ് രാജ്ഞിയുടെ ചരിത്രത്തില്‍ അനാവരണം ചെയ്തിട്ടുള്ളത്” (ഖുര്‍തുബി 13:194) കൂടിയാലോചനയുടെ ഗൗരവത്തെക്കൂടി ഈ വചനം പഠിപ്പിക്കുന്നുവെന്ന് അല്ലാമാ ആലൂസി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. (റുഹൂല്‍ മആനി 19:197)
ആശയ വിനിമയത്തിനും ആശയോല്‍പാദനങ്ങള്‍ക്കും (knowledge acquisition and acimulation)ഉള്ള സവിശേഷ കഴിവ് മനുഷ്യന്റെ പ്രത്യേകതയാണ് (വി.ഖു 55:3,4). ഓരോരുത്തരിലുമുള്ള ഈ കഴിവ് പരസ്പരം പ്രകടിപ്പിക്കേണ്ടത് ജൈവപരമായ ഒരു ധര്‍മവുമാണ്. പ്രസ്തുത ധര്‍മ നിര്‍വഹണം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതും തദ്ഫലമായി ചര്‍ച്ചാ നിര്‍ദ്ധാരണം വഴി സ്വച്ഛന്ദമായ ഒരു ആശയത്തില്‍ എത്തിച്ചേരാനും കഴിയുന്ന പ്രക്രിയയാണല്ലോ ശൂറാ. മനുഷ്യാരംഭം മുതല്‍ ഈ ചരിത്രം ഖുര്‍ആന്‍ വിവിധ രൂപത്തില്‍ അനാവരണം ചെയ്തതിന്റെ സംക്ഷിപ്ത ഉദാഹരണങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്തത്.
വിശ്വാസിയുടെ സവിശേഷ സാമൂഹ്യ ഗുണമായി മതം ശൂറയെ പരിഗണിക്കുന്നു. നീചവൃത്തികള്‍ വര്‍ജിക്കുക, നാഥനില്‍ ഭരമേല്‍പ്പിക്കുക, നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുക, സാമ്പത്തിക വിശുദ്ധി ചര്യയാക്കുക തുടങ്ങിയ സദ്മാതൃകകള്‍ ഉള്ള വിശ്വാസിയുടെ ഗുണങ്ങളില്‍ ഒന്നായിട്ടാണ്, പരസ്പരമുള്ള കൂടിയാലോചന വഴി തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്ന ഗുണം കൂടി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. (വി.ഖു 42:35-38)
ഖുര്‍ആനിലെ 42-ാം അധ്യായ നാമം കൂടിയാലോചന ശൂറാ എന്നതാണ്. പ്രവാചകനോടുള്ള കല്പനയായി ‘കാര്യങ്ങള്‍ കൂടിയാലോചനകളിലൂടെ നിര്‍വഹിക്കുക’ എന്ന നിര്‍ദേശം പ്രത്യേകമായി തന്നെ അല്ലാഹു ഉണര്‍ത്തിയിട്ടുമുണ്ട് (വി.ഖു 3:159). ”ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങള്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.” (3:159)
മതനിയമങ്ങള്‍, നിര്‍ദേശങ്ങള്‍ മൗലികമായി വ്യക്തമാക്കിയതും വിശദമായി പ്രതിപാദിച്ചവയും ഉണ്ട്. മതനിര്‍ദേശങ്ങളുടെ നിര്‍വഹണ രീതികളില്‍ മിക്കതും കൂടിയോലോചന തേടുന്നവയാണ്. പ്രബോധനമെന്ന ബാധ്യതയെക്കുറിച്ച് അടിസ്ഥാന കാര്യങ്ങള്‍ പരാമര്‍ശിച്ച മതം അവയുടെ പ്രായോഗിക തലം ചില ഘട്ടങ്ങളില്‍ സാഹചര്യാനുസാരിയാണെന്ന് പഠിപ്പിക്കുന്നുണ്ട്. മൗലികതയില്‍ മാറ്റം സംഭവിക്കാതെ പ്രവൃത്തി മാര്‍ഗങ്ങള്‍ വൈവിധ്യത്തോടെ ക്രമീകരിക്കുന്നതാണ് ഇസ്‌ലാമിക പ്രബോധന ചരിത്രത്തില്‍ ഉടനീളം നാം കാണുന്നത്.
പള്ളിനിര്‍മാണം ബാധ്യതയായി നിശ്ചയിച്ച, യുദ്ധം അനിവാര്യ സാഹചര്യത്തില്‍ അനുവദനീയമാക്കിയ ഭക്ഷണം തേടലും പാര്‍പ്പിടമൊരുക്കലും കടമയായി നിര്‍ദേശിച്ച മതത്തിന്റെ പ്രായോഗിക മാതൃകകള്‍ക്ക് കൂടിയാലോചന അനിവാര്യമായിത്തീരുന്നു. വ്യക്തി, കുടുംബ, സാമൂഹ്യതലത്തില്‍ മതപരവും അല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങളില്‍, സ്ത്രീപുരുഷ വ്യത്യാസില്ലാതെ പ്രവാചകന്‍(സ) കൂടിയാലോചന വഴിയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത് എന്ന് ചരിത്രം വ്യക്തമാക്കിത്തരുന്നു (സുനനുത്തുര്‍മിദി 1636, ഫതുഹുല്‍ബാരി 13:341). അന്ത്യപ്രവാചകന്‍ എന്ന ഏകപക്ഷീയമായ നിലയില്‍ വിശേഷിച്ചും, ഒരഭിപ്രായ പ്രകടനം വഴി അണു അളവ് വിയോജിപ്പ് അണികളില്‍ നിന്ന് ഉണ്ടാവുകയില്ല എന്ന സാഹചര്യം പ്രവാചക ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടും കൂടിയോലചനയുടെ മാതൃകകളാണ് നാം ദര്‍ശിക്കുന്നത്. ശൂറയുടെ മഹത്വവും പ്രാധാന്യവും ഇത് ബോധ്യപ്പെടുത്തുന്നു. വഹ്‌യ് വഴിയുള്ള മതത്തിന്റെ മൗലിക നിര്‍ദേശങ്ങളിലല്ല, മറിച്ച് അവയുടെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളിലും ശൂറ ഒരനിവാര്യതയായി മാറുന്നു.
ബദര്‍ യുദ്ധത്തിലേക്കുള്ള ആദ്യ പുറപ്പാടിന്റെ സന്ദര്‍ഭത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ മദീനയിലെ അന്‍സ്വാറുകളോട് നബി(സ)യുമായി കൂടിയാലോചിക്കുന്നതിന് പ്രവാചകന്‍ ആഹ്വാനം ചെയ്തത് ചരിത്രത്തില്‍ കാണാവുന്നതാണ്. അന്‍സാറുകളില്‍ നിന്ന് സഅദ്ബ്‌നു മുആദ്(റ) ചര്‍ച്ചയില്‍ പങ്കെടുത്ത് നേതൃത്വം നല്‍കി. സധൈര്യം യുദ്ധരംഗത്തേക്ക് കുതിക്കുന്ന സൈന്യത്തോടൊപ്പം ശക്തമായ പിന്തുണയുമായി മദീനക്കാര്‍ കൂടെയുണ്ടെന്ന ആഹ്വാനം നിര്‍വഹിക്കുകയും ചെയ്തു (സ്വീറ ഇബ്‌നുഹിശാം 2:267, സൂറതു അന്‍ഫാല്‍ 5-7 ന്റെ വിശദീകരണം വായിക്കുക). (ബുഖാരി 3952, 4609, മുസ്‌ലിം 1179)
ബദര്‍യുദ്ധ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ആദ്യം താവളമടിച്ച സ്ഥലം, യുദ്ധ തന്ത്രമാണെങ്കില്‍ മാറ്റം വരുത്തുന്നതാണ് നല്ലതെന്ന് ഹുബ്ബാബ്ബ്‌നു മുന്‍ദിര്‍ പ്രവാചകനോട് കൂടിയാലോചനക്കു ശേഷം നിര്‍ദേശിച്ചു. തദ്ഫലമായി മാറ്റം വരുത്തുകയും ചെയ്തു. ബദര്‍ യുദ്ധത്തിലെ തടവുകാരുടെ കാര്യത്തില്‍ കൈക്കൊള്ളേണ്ട നിലപാടിനെ സംബന്ധിച്ചും അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ ശ്രേഷ്ഠ സ്വഹാബികളോട് പ്രവാചകന്‍(സ) കൂടിയാലോചിക്കുന്നത് ചരിത്രത്തില്‍ കാണാവുന്നതാണ്. സൂറ: അന്‍ഫാല്‍ 67-ാം വചനത്തിന്റെ അവതരണ പശ്ചാത്തലവും ഈ വിഷയത്തെ സൂചിപ്പിച്ചുകൊണ്ടാണ്. (മുസ്‌ലിം 1763)
ഉഹ്ദ്്, ഖന്‍ദഖ് (അഹ്‌സാബ്), ത്വബൂക്ക് യുദ്ധ സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചതും പ്രവാചകനും സ്വഹാബികളും നടത്തിയ കൂടിയാലോചന വഴിയാണ്. ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തില്‍ ശൂറയുടെ കരുത്ത് നാം കാണുന്നുണ്ട്. അത്യന്തം ദു:ഖസാന്ദ്രമായിരുന്നുവല്ലോ മുസ്‌ലിംകളോട് ഉംറ നിര്‍വഹിക്കാതെ തിരികെ മദീനയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട സന്ദര്‍ഭം. സുഹൈല്‍ബ്‌നു അംറിനെ ദൂതനാക്കി ഖുറൈശികളുമായി ചര്‍ച്ചക്ക് പ്രവാചകന്‍ തയ്യാറായതും ശേഷം ഹുദൈബിയാ സന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും, പിന്നീട് പ്രവാചകന്‍(സ) സ്വന്തമായി ബലിയറുത്ത് ഉംറയില്‍ നിന്ന് സ്വതന്ത്രമായതും ഇസ്‌ലാമിക ചരിത്രത്തില്‍ ശൂറയുടെ ഉദാഹരണങ്ങളാണ്. ഉംറയില്‍ നിന്ന് തഹല്ലുല്‍ (വിടുതല്‍) ആവുന്നത് ഉമ്മഹാത്തുല്‍ മഅ്മിനീന്‍ ഉമ്മുസലമ(റ)യുടെ നിര്‍ദേശം വഴി രൂപപ്പെട്ട തീരുമാനപ്രകാരവുമായിരുന്നു.
ഹിജ്‌റ ആറാം വര്‍ഷത്തില്‍ വിവിധ രാജാക്കന്മാര്‍ക്ക് പ്രബോധനത്തിന്റെ ഭാഗമായി കത്തയയ്ക്കണമെന്ന അഭിപ്രായം പ്രവാചകന്‍(സ) സ്വഹാബികളെ അറിയിച്ചു. പ്രസ്തുത കത്തുകളില്‍ പ്രവാചകന്റെ ഒരു സീല്‍ ഉണ്ടാവുന്നത് ഉത്തമമായിരിക്കുമെന്ന് സ്വഹാബികള്‍ക്കിടയില്‍ ചര്‍ച്ച വരികയും കൂടിയാലോചനയിലൂടെ അത് നന്നായിരിക്കുമെന്ന് പ്രവാചകനെ അറിയിക്കുകയും ചെയ്തു. പ്രവാചകന്‍(സ) അപ്രകാരം വെള്ളി കൊണ്ടുള്ള മോതിരം തന്റെ സീലായി ഉപയോഗിക്കുകയും ചെയ്തു.
ഒന്നാം ഖലീഫ അബൂബക്കറിനെ(റ) തെരഞ്ഞെടുക്കുന്നതും പിന്നീടുള്ള ബൈഅത്തിന്റെ രീതികളും സ്വഹാബികള്‍ക്കിടയില്‍ നടന്ന ശൂറയുടെ അടിസ്ഥാനത്തിലായിരുന്നു. ഉമറിന്റെ(റ) നേതൃപരമായ പങ്കും മുഹാജിറുകള്‍, അന്‍സ്വാറുകള്‍ എന്നിവരുടെ ചര്‍ച്ചകളും സുചിന്തിതമായ തീരുമാനമെടുക്കലും ചരിത്രത്തില്‍ ഈ രംഗത്തെ വലിയ മാതൃകയാണ്. രണ്ട്, മൂന്ന്, നാല് ഖലീഫമാരെ കണ്ടെത്തുന്നതിലും തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതിലും തഥൈവ. ഖലീഫ, അമീറുല്‍ മുഅ്മിനീന്‍ തുടങ്ങിയ പദവി നാമങ്ങള്‍ (അത്ത്വബഖ്വാത്തില്‍ കുബ്‌റ, ഇബ്‌നുസഅദ് 3:281) ശക്തമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ഇസ്‌ലാമിക ചരിത്രം ബോധ്യപ്പെടുത്തുന്നു.
പ്രവാചകന്റെ മരണശേഷം പൊതു ഖജനാവിലേക്ക് സകാത്ത് നല്‍കുകയില്ലെന്ന് പ്രഖ്യാപിച്ച സകാത്ത് നിഷേധികള്‍ക്കെതിരിലുള്ള നടപടിക്രമങ്ങള്‍, കലാപകാരികളായ മുര്‍തദ്ദുകള്‍ക്കെതിരിലുള്ള പ്രവര്‍ത്തനങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കല്‍, ഉമറിന്റെ(റ) കാലത്തെ രാജ്യത്തിന്റെ വിവിധ ഭരണ പരിഷ്‌ക്കരണങ്ങള്‍, ഹിജ്‌റയെ അവലംബിച്ചുള്ള കലണ്ടര്‍ ക്രമീകരണങ്ങള്‍ (താരീഖുല്‍ ഇസ്‌ലാം, അദ്ദഹബി 163, ഫതഹുല്‍ബാരി 7:268), ബൈത്തുല്‍ മുഖദ്ദസിന്റെ വിമോചനം, സൈനിക നടപടിക്രമങ്ങള്‍, ഖാദിസിയ്യ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പതനങ്ങള്‍ തുടങ്ങിയ കാര്യങ്ങളുടെ  നിര്‍വഹണങ്ങളിലും വ്യവസ്ഥാപിതമായ ശൂറയുടെ പ്രവര്‍ത്തനങ്ങള്‍ കാണാവുന്നതാണ്.
അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ(റ) നേതൃത്വത്തില്‍ ശക്തമായ ഒരു കൂടിയാലോചനാ സമിതി ഉമറിന്റെ(റ) കാലത്ത് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു (അതേപുസ്തകം, പേജ് 92). വ്യത്യസ്ത കാര്യങ്ങള്‍ക്ക് അറിവ്, സൂക്ഷ്മത, മതചിട്ട, പൊതു പരിചയം എന്നീ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിരുന്നുവെന്നതും ചരിത്രം രേഖപ്പെടുത്തിട്ടുണ്ട് (അതേപുസ്തകം 93). ഭക്തിയും ആരാധനാ ചിട്ടയും ഉള്ളവരുമായി ഏതു കാര്യത്തിലും പ്രത്യേകം കൂടിയാലോചന നിര്‍വഹിക്കണമെന്ന് ഉമര്‍(റ) തന്റെ ഗവര്‍ണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. (അതേപുസ്തകം 90)
മൂന്നാം ഖലീഫയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചനാസമിതിയുടെ രൂപം നിശ്ചയിച്ച ശേഷമാണ് ഉമര്‍(റ) മരണപ്പെടുന്നത്. ശൂറയുടെ ഗൗരവ ചിന്തയലേക്ക് കൂടി പ്രസ്തുത വിഷയം മുസ്‌ലിം ലോകം പരിഗണിച്ചിട്ടുണ്ട്. കൂടിയാലോചനകളിലൂടെ തീരുമാനത്തിലെത്തിച്ചേരുക, പ്രതിസന്ധികള്‍ രൂപപ്പെട്ടാലും ശൂറാ തീരുമാനങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുക, തീരുമാനങ്ങള്‍ക്കായി എല്ലാവരുടെയും അഭിപ്രായം സാധ്യമാവുന്നത്ര തേടുക, തീരുമാനങ്ങളില്‍ ഓരോ കാര്യങ്ങളിലും വൈദഗ്ധ്യം ഉള്ളവരുടെ അഭിപ്രായങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കുക, വിമര്‍ശനങ്ങളെയും തിരുത്തലുകളെയും പൂര്‍ണ ബഹുമാന ആദരവുകളോടെ ഉള്‍ക്കൊള്ളുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക തുടങ്ങിയ മൗലികാശയങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തെ ശൂറാ ചരിത്രത്തില്‍ കാണാവുന്നതാണ്.
ഉസ്മാന്റെ(റ) ബൈഅത്ത്, അദ്ദേഹത്തിന്റെ കാലത്തെ ഖുര്‍ആന്‍ പാരായണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിര്‍വഹിക്കപ്പെട്ട ഖുര്‍ആന്‍ ക്രോഡീകരണം, കപടവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടയ വിവിധ തരത്തിലുള്ള പ്രതിസന്ധികളെ ഫലപ്രദമായി പരിഹരിക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ ഉസ്മാന്റെ(റ) കൂടിയോലോചന രീതികള്‍ മാതൃകാപരമാണ്.
ഖലീഫ, പണ്ഡിതന്‍, ന്യായാധിപന്‍, സാഹിത്യകാരന്‍ തുടങ്ങിയ രംഗങ്ങളില്‍ കൂടിയാലോചനയുടെ ഉജ്വലമായ വ്യക്തിത്വമാണ് അലി(റ) നിര്‍വഹിച്ചത്. വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ഉസ്മാന്റെ(റ) ഘാതകര്‍ക്കെതിരിലുള്ള നടപടികള്‍, ജമല്‍ യുദ്ധം, സിഫീന്‍ യുദ്ധവും നടപടിക്രമങ്ങളിലും അലി(റ) സ്വീകരിച്ച കൂടിയാലോചനകളും ചരിത്രത്തില്‍ സ്മരണീയമാണ്.
ഇസ്‌ലാം പ്രബോധനവും പ്രചാരണവും മുഖ്യമായും സാമൂഹിക സ്പര്‍ശമുള്ള ദൗത്യമാണ്. അതുകൊണ്ടുതന്നെ കൂടിയാലോചനയുടെ വഴികള്‍ തേടാതെ നിര്‍വഹിക്കുക പൂര്‍ണമായും സാധ്യമല്ല. ഇസ്‌ലാമിന്റെ സുവര്‍ണ കാലങ്ങളില്‍ ശൂറയുടെ സാന്നിധ്യം ശക്തമായി പ്രതിഫലിക്കുന്ന ഒട്ടേറെ സംഭവങ്ങളും നിര്‍വഹണ രീതികളും ചരിത്രത്തില്‍ നിരവധിയാണ്.

കുറിപ്പുകള്‍
(1). അശ്ശൂറാബയ്‌ന നള്‌രിയ്യ വത്വത്ബീഖ്, കഹ്ത്വാന്‍ അദവ്‌രീ, ബഗ്ദാദ് 1974, പേജ് 14,
(2) അശൂറാ, സുലുകുന്‍ ഉല്‍തിസാമുന്‍, ഡോ. മുഹമ്മദ് ബാബിലീ, മക്ക 1986, പേജ് 19)
(3) അതേപുസ്തകം, പേജ് 23

Back to Top