മുസ്‌ലിം വനിതാ നവോത്ഥാനം പുതുവഴികള്‍ തേടുന്നില്ലേ?
ഡോ. ജാബിര്‍ അമാനി
ഒരു സമൂഹത്തിന്റെ സമഗ്രമായ പുരോഗതിയുടെ ഊന്നലുകളാണ് നവോത്ഥാനമെന്ന ആശയത്തിലൂടെ താത്പര്യപ്പെടുന്നത്. ലോകത്ത് ജ്ഞാനോദയ കാലഘട്ടവും അനുബന്ധ മുന്നേറ്റങ്ങളും വരുത്തിയ പരിവര്‍ത്തനം ചെറുതല്ല. ഗുണദോഷങ്ങളുടെ വിശകലനങ്ങള്‍ എല്ലാ പരിവര്‍ത്തന പദ്ധതികള്‍ക്കും സമീപനങ്ങള്‍ക്കും കാണാവുന്നതാണ്. എന്നിരുന്നാലും വൈചാരികവും വൈജ്ഞാനികവുമായ പ്രവര്‍ത്തനങ്ങള്‍ ഒരു സമൂഹത്തിന്റെ ദിശാബോധത്തില്‍ സാരമായ ഇടപെടലുകള്‍ നിര്‍വഹിക്കുക തന്നെ ചെയ്യും.
കേരള മുസ്‌ലിം നവോഥാനത്തില്‍ പൊതുവിലും വനിതാ സമുദ്ധാരണ പരിഷ്‌ക്കരണ സംരംഭങ്ങളില്‍ വിശേഷിച്ചും ജ്ഞാനാധിഷ്ഠിതമായ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും ചെലുത്തിയ സ്വാധീനം ശക്തമാണ്. കാരണം, കേവലം സാങ്കേതിക തലങ്ങളിലായിരുന്നില്ല പരിവര്‍ത്തനം സാധ്യമാകേണ്ടിയിരുന്നത്. മറിച്ച് പൊതുവില്‍ സമുദായം പുലര്‍ത്തിപ്പോന്ന നിലപാടുകളും സമീപനങ്ങളും ചിന്താധാരകളും തന്നെ അനിവാര്യമായ തിരുത്തലുകള്‍ തേടുന്നുണ്ടായിരുന്നു. അതുകൊണ്ട് അന്ന് നിലവിലുണ്ടായിരുന്ന പലതും പൊളിച്ചും പൊളിച്ചുമാണ് ‘നവോത്ഥാനം’ അതിന്റെ ജൈത്രയാത്രയില്‍ ഇവിടെയെത്തിച്ചേര്‍ന്നത്. കണ്ടും കലഹിച്ചും ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് വലിയ ത്യാഗം നിര്‍വഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, പൗരാണിക കേരള മുസ്‌ലിം സ്ത്രീകള്‍ പിന്നാക്കത്തില്‍ ശക്തരും അടിച്ചമര്‍ത്തപ്പെട്ടവരുമായി കണ്ണീര് തിന്ന് കഴിയുകയായിരുന്നെന്ന പ്രചരിത കഥകള്‍ ഒട്ടേറെ പതിര് നിറഞ്ഞതു തന്നെയാണ്.
വിദ്യാഭ്യാസം, സാമൂഹ്യപദവി, വിവാഹം, തൊഴിലിടങ്ങളിലെ പങ്കാളിത്തം, രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തന സ്വാതന്ത്ര്യം, പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം, ശാസ്ത്രീയ ചികിത്സാ രംഗം തുടങ്ങിയ ഇടങ്ങളില്‍ അവകാശ, നീതിനിഷേധങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്നത് വസ്തുതയുമാണ്. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീസമുദ്ധാരണം ലക്ഷ്യം വെച്ച് നിര്‍വഹിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ സംഘടിത പ്രവര്‍ത്തനങ്ങളോ സംഘടനാ രൂപങ്ങളോ, സമ്മേളനങ്ങളോ, പ്രബോധന ചടങ്ങുകളില്‍ സജീവമായ പങ്കാളിത്തമോ കാണാന്‍ കഴിയുന്നില്ല. അക്ഷരാഭ്യാസവും ആതുരാലയവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരുന്നുവെന്നതില്‍ തര്‍ക്കമില്ലല്ലോ.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പൊതുവായ മുന്നേറ്റങ്ങളും പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളും സ്ത്രീ ഉണര്‍വുകള്‍ക്ക് ശക്തിപകര്‍ന്നു. 1938 എം ഹലീമാബീവിയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ‘മുസ്‌ലിം വനിത’ എന്ന പേരിലെ മാസികയും 1946 ല്‍ പ്രസിദ്ധീകരിച്ച ‘ഭാരതചന്ദ്രിക’ ആഴ്ചപ്പതിപ്പും ഈ രംഗത്ത് സ്ത്രീപക്ഷത്തുനിന്ന് മാത്രമുള്ള വേറിട്ട ശബ്ദങ്ങളാണ്. ഹലീമാബീവി, മുത്തുബീവി പുളിക്കല്‍, തലശ്ശേരി ടി സി കുഞ്ഞാച്ചുമ്മ, ആയിശ മായന്‍ റഊഫ്, പി കെ സുബൈദ പുളിക്കല്‍, വി പി സഫിയ്യ കോഴിക്കോട്, പത്തം തിട്ട ബി എസ് രാജമ്മാള്‍, തങ്കമ്മ മാലിക്ക്, മര്‍യം ബീവി മരക്കാര്‍, വി എസ് കാസിം ബി മിസ്ട്രസ് തുടങ്ങിയ സ്ത്രീരത്‌നങ്ങളുടെ ഉജ്വലമായ പ്രവര്‍ത്തനങ്ങള്‍ 1930 മുതല്‍ 60 വരെയുള്ള ചരിത്രങ്ങളില്‍ കാണാവുന്നതാണ്.
കേവലം മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ സമുദ്ധാരണ രംഗങ്ങളില്‍ മാത്രമല്ല, പൊതുവില്‍ സ്ത്രീകളുടെയും പിന്നാക്ക ദളിത് വിഭാഗങ്ങളുടെയും നവോഥാന ഇടപെടലുകള്‍ക്ക് മുസ്‌ലിം വനിതാ മുന്നേറ്റങ്ങള്‍ നിമിത്തമായിട്ടുണ്ട്. സ്ത്രീകളുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ശാക്തീകരണ മേഖലകളാണ് ആദ്യകാല നവോത്ഥാനം ഊന്നല്‍ നല്‍കിയത്.
തിരുവിതാംകൂര്‍ മുസ്‌ലിം മഹാജന സഭ, ലജ്‌നത്തുല്‍ ഹമദാനിയ്യ, ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ മഞ്ചേരി, ധര്‍മപോഷിണി കൊല്ലം, ഹദിയത്തുല്‍ ഇസ്‌ലാം സംഘം കൊല്ലം – മുസ്‌ലിം മഹിളാ സഭ കൊല്ലം, തിരുവല്ല, തലശ്ശേരി കേരള മുസ്‌ലിം ഐക്യസംഘം, കേരളാ ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളും സംഘചലനങ്ങളും പ്രത്യക്ഷവും പരോക്ഷവുമായി കേരള മുസ്‌ലിം വനിതാ നവോത്ഥാന രംഗത്ത് നിസ്തുല സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്.
നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍, എഴുത്ത്, പ്രഭാഷണം, സാമൂഹിക പ്രതിനിധാനം, സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും സ്ത്രീശാക്തീകരണത്തിന്റെ സമഗ്രപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന നവോഥാന സംരംഭങ്ങള്‍ വ്യവസ്ഥാപിതമായി പുതിയ കാലത്ത് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരു വേള പ്രവര്‍ത്തനങ്ങള്‍ പൂര്‍വകാലത്തേക്കാള്‍ ശക്തമായിരിക്കാം. എന്നാല്‍ 1930 – 60 കാലഘട്ടങ്ങളിലെ ഭൗതീക വിഭവ സമ്പത്തും ഇന്ന് കാണുന്ന വിഭവ സമ്പത്തിന്റെ വിനിയോഗവും താരതമ്യം ചെയ്യുമ്പോള്‍, നവോത്ഥാനത്തിന്റെ വേഗത സ്തുത്യര്‍ഹമാണ് എന്ന് പറയാന്‍ സാധ്യമല്ല. മുസ്‌ലിം വനിതാ നവോത്ഥാന രംഗത്ത് പ്രത്യേകിച്ചും ഈ വിലയിരുത്തല്‍ പ്രസക്തമാണ്. ലഭ്യമായ സൗകര്യങ്ങളും നിര്‍വഹിക്കേണ്ട ദൗത്യത്തിന്റെ ബാഹുല്യവും നേടിയെടുക്കേണ്ട ലക്ഷ്യത്തെക്കുറിച്ച ദിശാബോധവും കാഴ്ചപ്പാടു അനുബന്ധമായ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളും സമ്യക്കായി മുന്നില്‍ വെച്ച് വിലയിരുത്തുമ്പോള്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതാണ്. നാം എത്ര ദൂരം സഞ്ചരിച്ചുവെന്ന് വിലയിരുത്തി ആത്മനിര്‍വൃതി നേടുന്നതല്ല, നമുക്ക് എത്ര ദൂരം സഞ്ചരിക്കാമായിരുന്നുവെന്ന് അപഗ്രഥനം ചെയ്ത് തിരുത്തലുകളും തിരിച്ചറിവും നേടി മുന്നേറുകയാണ് ശരിയായ പരിഷ്‌ക്കരണം.
വൈജ്ഞാനിക രംഗത്ത് സമുന്നതമായ അവസ്ഥ മുസ്‌ലിം വനിതകള്‍ക്ക് നേടാനായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ അതിജീവനത്തിന്റെ കനക കാന്തിയുള്ള ചരിത്രമാണ് വിദ്യാര്‍ഥിനികള്‍ക്ക് പറയാനുള്ളത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ‘അടയാളപ്പെടുത്തലുകള്‍ക്ക്’ മുസ്‌ലിം വനിതകള്‍ക്ക് സാധ്യമായിട്ടുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷം കാണുന്ന ഈ മുന്നേറ്റങ്ങളുടെ സദ്ഫലം രാജ്യത്തിന്റെ സമുന്നത തലങ്ങളിലെ ഔദ്യോഗിക കൃത്യനിര്‍വഹണവേദികളിലെ പങ്കാളിത്വവുമായി താരതമ്യം ചെയ്യുമ്പോള്‍, വൈജ്ഞാനിക മുന്നേറ്റത്തിന്റെ ‘ഇംപാക്ട് ട്രാക്കിംഗ്’ അത്ര ശക്തമായിരുന്നില്ല എന്ന് വായിക്കാനാവും. തല്‍പര കക്ഷികളുടെ ആസൂത്രിതമായ ഇടപെടലുകളും ഉന്‍മൂലന സിദ്ധാന്ത പ്രവര്‍ത്തനങ്ങളും വിസ്മരിക്കുന്നുമില്ല.
മുസ്‌ലിം സ്ത്രീകളുടെ നേരിട്ടും അല്ലാതെയുമുള്ള നേതൃത്വത്തില്‍ പുറത്തുവരുന്ന ധാരാളം വിനിതാ പ്രസിദ്ധീകരണങ്ങള്‍ കാണാം. ഹലീമാ ബീവിയുടെ ‘മുസ്‌ലിം വനിത’ (1938). പി കെ മൂസക്കുട്ടി സാഹിബിന്റെ ‘മുസ്‌ലിം മഹിള’ (19213). കെ സി കോമുക്കുട്ടി മൗലവിയുടെ നിസാഉല്‍ ഇസ്‌ലാം (1926) എന്നിവ നിര്‍വഹിച്ച സ്ത്രീ നവജാഗരണവും സദ്ഫലങ്ങളും മുന്നില്‍ വെച്ചുകൊണ്ടാണ് വര്‍ത്തമാനകാല പ്രസിദ്ധീകരണങ്ങളുടെ ദൗത്യ ഫലപ്രാപ്തി വലിയിരുത്തേണ്ടത്. അത് മാത്രമാവണമെന്ന അര്‍ഥത്തിലല്ല.
മുസ്‌ലിം പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന പുടവ, ആരാമം, പൂങ്കാവനം, സന്തുഷ്ട കുടുംബം, മഹിളാ ചന്ദ്രിക തുടങ്ങിയ വര്‍ത്തമാനകാല പ്രസിദ്ധീകരണങ്ങള്‍. ‘മ’ പ്രസിദ്ധീകരണ വായനാ സംസ്‌ക്കാരങ്ങളില്‍ നിന്ന് വനിതകളെ ശക്തമായി തിരിച്ചൊഴുക്കാനും പുതിയ വായനാ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും ഉപര്യക്ത വനിതാ പ്രസിദ്ധീകരണങ്ങള്‍ക്ക് സാധ്യമായിട്ടുണ്ട്. എന്നാല്‍ കാലഘട്ടത്തിനനുസൃതമായി ദിശാബോധത്തോടെ നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന് പുനരാലോചന തേടുന്നില്ലേ. നിര്‍ദിഷ്ട പേജുകളില്‍ ‘കളര്‍ഫുള്‍’ ആയ വിഭവങ്ങള്‍ ഒരുക്കുന്നതിന് ചുമതലയുള്ളവര്‍ തങ്ങളുടെ അഭിരുചികളുടെ ആവിഷ്‌ക്കാരങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ സ്ത്രീസമൂഹത്തിന്റെ മത, സാമൂഹിക, വൈജ്ഞാനിക, രാഷ്ട്രീയ പ്രബുദ്ധതാവസ്ഥയില്‍ എത്രത്തോളം ക്രിയാത്മകമായി ഇടപെടുന്നുണ്ട്?
സ്ത്രീ പ്രതിഭകളുടെ അഭിമുഖങ്ങള്‍ കൊണ്ട് അതിസമ്പന്നമാണ് (?) പലതും. ഒരു സമൂഹത്തിന്റെ സമഗ്ര തലത്തിലുള്ള പരിഷ്‌ക്കരണത്തിന്റെ ‘ഇക്യുലിബ്രിയവും’ സമതുലിതത്വവും കൃത്യമായ അനാലിസിസിന് വിധേയമാവുന്നുണ്ടോ? വനിതാ പ്രസിദ്ധീകരണങ്ങളില്‍ പോലും വനിതാ പ്രാതിനിധ്യം, എഴുത്ത്, സര്‍ഗാത്മക ആവിഷ്‌ക്കാരങ്ങള്‍ തുടങ്ങിയ രംഗത്ത് എത്രത്തോളം ഉണ്ട്? കഴിവുള്ളവരുടെ അഭാവമോ, സമുദായം വളര്‍ത്തിയെടുക്കുന്നതില്‍ കാണിച്ച അപ്രായോഗിക അശാസ്ത്രീയതകളോ? ഏതാണ് ഫലപ്രാപ്തി ആവശ്യപ്പെടുന്നത്? മതസംഘടനകളുടെ പ്രസിദ്ധീകരണങ്ങളില്‍ പോലും മതപഠനം ആനുപാതികമായി വിരളമല്ലേ?
മാനവ വിഭവ ശേഷിയുടെ സദ്‌വിനിയോഗം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ടോ എന്ന പരിശോധന വനിതാ നവോത്ഥാന രംഗത്ത് അനിവാര്യമാണ്. ‘പൗരോഹിത്യം മുസ്‌ലിം സ്ത്രീകളെ അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടു’ വെന്ന പ്രസ്താവന മലയാളികള്‍ കേട്ടുമറക്കാത്ത വാമൊഴിയാണ്. എന്നാല്‍ ശാക്തീകരണം ലഭ്യമായ ഒരു വലിയ മാനവ വിഭവശേഷി ഇപ്പോഴും അടുക്കളകളില്‍ തന്നെ ‘ആയുസ് ചെലവഴിച്ച്’ കാലം കഴിയുന്നില്ലേ? എല്ലാവരും പൊതു മണ്ഡലത്തില്‍ നിറഞ്ഞ് കഴിയണമെന്നല്ല. മറിച്ച് കുടുംബിനിയെന്ന അതിമഹത്തായ ദൗത്യ നിര്‍വഹണത്തോടൊപ്പം സമയത്തിന്റെ സദ്‌വിനിയോഗവും ആസൂത്രണവും ഭൂരിപക്ഷത്തിലും ഫലപ്രദമല്ല എന്നാണ് വിലയിരുത്തിയത്. ‘യൂട്യൂബ്’ ജ്വരം പുതിയ കാലത്തെ അപക്വമായ ട്രന്റായി വളരുന്നു. അപരന്റെ ദിനചര്യകളില്‍ കണ്ണും കാതും ഉടക്കി സ്വജീവിത ദൗത്യങ്ങള്‍ കൂമ്പടഞ്ഞുപോകുന്ന ദനയീയ കാഴ്ച ‘യൂട്യൂബ്’ ലോകങ്ങള്‍ക്ക് പറയാനില്ലേ? ഫലപ്രദമായ സംരംഭങ്ങളും സദ്ഫലങ്ങളും ഒട്ടും വിസ്മരിക്കുന്നില്ല. ഒരു ശരാശരി ‘വീട്ടമ്മ’യുടെ സമയ വിനിയോഗം വ്യവസ്ഥാപിതവും ശാസ്ത്രീയവും ലക്ഷ്യബോധത്തോടെയും ക്രമീകരിക്കുന്നതിന് മാര്‍ഗരേഖയും കര്‍മചിട്ടയും മുസ്‌ലിം വനിതാ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കിടയിലെങ്കിലും ഫലപ്രദമായി നിര്‍വഹിക്കാനാവണം. ‘ആയുസ്സ് ജീവനാണെന്നും ജീവന്‍ സ്വയമേവ നശിപ്പിക്കരുതെന്നുമുള്ള പ്രവാചക പാഠത്തെ’ സമകാല വസ്തുതകള്‍ മുന്നില്‍ വെച്ച് വിലയിരുത്തുക.
മതവിമര്‍ശനങ്ങള്‍ ആഗോളതലത്തില്‍ പോലും ശക്തമായി ഉന്നം വെക്കുന്നത് ‘സ്ത്രീ’ മേഖലകളാണ്. ഇസ്‌ലാമോഫോബിയയും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഈ രംഗത്ത് ആസൂത്രിതമായ കൈകോര്‍ക്കല്‍ നിര്‍വഹിക്കുന്നുണ്ട്. ‘ആണാധികാരത്തെ'(?) പൊലിപ്പും വസ്തുതാ വിരുദ്ധവുമായും ഇസ്‌ലാമിലേക്ക് ചേര്‍ത്ത് കെട്ടി ആക്രമിക്കുവാനാണ് നവയാഥാസ്ഥിതികരും പണിപ്പെടുന്നത്. ഇസ്‌ലാമിക അധ്യാപനങ്ങളെ വിലയിരുത്തുന്നതില്‍ ചില ഗ്രന്ഥങ്ങളില്‍ സംഭവിച്ച മാനുഷിക വീഴ്ചകളെ പര്‍വതീകരിച്ച് സെല്‍ഫ് ഗോള്‍ അടിക്കുന്നതില്‍ ഇസ്‌ലാം വിമര്‍ശകര്‍ ഒറ്റക്കെട്ടാണ്.
സ്ത്രീ അവകാശങ്ങള്‍, ബാധ്യതകള്‍, പരിഗണനകള്‍ തുടങ്ങിയ മതാശയങ്ങളിലെ വിമര്‍ശനങ്ങളെ ഫലപ്രദമായും വൈജ്ഞാനികമായും പ്രതിരോധിക്കുന്നതിനും പ്രബോധനം ചെയ്യുന്നതിനും മുന്‍നിരയില്‍ ഉണ്ടാവേണ്ടത് വനിതകള്‍ തന്നെയാണല്ലോ. മുസ്‌ലിം സ്ത്രീയുടെ വസ്ത്രം, സൗന്ദര്യബോധം, കുടുംബ പരിരക്ഷ, ഇണ ജീവിതത്തിലെ കുളിര്‍മ തുടങ്ങിയ രംഗങ്ങളിലെ പ്രായോഗികവും നിര്‍ഭയവുമായ വ്യക്തിത്വം സ്വയം തന്‍മയത്വം, ഒരു പുരുഷന്‍ സ്ത്രീ അനുഭവങ്ങള്‍ ഒരു അപരനായി അവതരിപ്പിക്കുക വഴി ലഭ്യമാവുകയില്ലെന്നത് തീര്‍ച്ചയാണ്.
പച്ചയായ ജീവിതാവിഷ്‌ക്കാരങ്ങളും മത, വൈജ്ഞാനിക പ്രതിരോധവും ഒരുമിച്ച് നിര്‍വഹിക്കുമ്പോഴാണ് പൂര്‍വ കാലഘട്ടത്തില്‍ ഇസ്‌ലാം വിമര്‍ശകരുടെ ആവനാഴികള്‍ പകച്ച് നിന്നത്. ആയിശ(റ) ഉള്‍പ്പെടെയുള്ള മഹാത്മാക്കളുടെ പരിപക്വമായ ദൗത്യനിര്‍വഹണം ചരിത്രം ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. പുതിയ കാലഘട്ടത്തിലെ മുസ്‌ലിം വനിതാ നവോത്ഥാന ദൗത്യങ്ങള്‍ തേടുന്ന പുതുവഴികളില്‍ ഒന്നാണ് ഫെമിനിസ്റ്റ് നാസ്തിക വിമര്‍ശനങ്ങളെ ജീവിതാനുഭ പാഠങ്ങള്‍ ചേര്‍ത്തു വെച്ചുള്ള വനിതാ പ്രതിരോധങ്ങള്‍.
ആഗോള ഗ്രാമമെന്ന അത്ഭുത പ്രതിഭാസം വഴി സംസ്‌കാരങ്ങളുടെ കൊള്ള കൊടുക്കലുകള്‍ക്ക് വേഗത വര്‍ധിച്ചിട്ടുണ്ട്. പെട്ടെന്ന് മാറ്റിയെടുക്കാനും മാറിയുടുക്കാനും കഴിയുന്ന അവസ്ഥ. മതത്തിന്റെ ഔന്നിത്യ സംസ്‌ക്കാരങ്ങളെ പരിഷ്‌ക്കാരമല്ലെന്ന വ്യാഖ്യാനങ്ങള്‍ വിമര്‍ശകരില്‍ ശക്തമാവുന്ന വര്‍ത്തമാനകാല സാഹചര്യവും കൂടി വരുമ്പോള്‍ പുതു സംസ്‌കാരങ്ങളെ പുല്‍കാനുള്ള വെമ്പല്‍ സ്വാഭാവികമായിരിക്കും. ശാസ്ത്ര, സാങ്കേതിക, മാനവ വിഷയങ്ങളില്‍ ഗവേഷണാത്മകമായ പങ്കാളിത്തം നിര്‍വഹിക്കുന്ന നിരവധി പ്രതിഭകള്‍ ഉണ്ട്. അവര്‍ മതവിരുദ്ധരോ മതവിമര്‍ശകരോ മതം വിട്ടവരോ അല്ല. എന്നാല്‍ മതചിഹ്‌നങ്ങളും സംസ്‌ക്കാരങ്ങളും വ്യക്തിത്വത്തില്‍ നിര്‍ദേശാനുസരണം പാലിക്കുന്നതില്‍ നിഷ്ഠ കുറവുള്ളവരാകാം. യലരമൗലെ ക മാ മ ങൗഹെശാ ഏശൃഹ / എന്ന തിരിച്ചറിവിന്റെ ഉദാത്ത മാതൃകകള്‍ ജീവിതാടയാളമായി മാറുക വഴി ഇസ്‌ലാം വിമര്‍ശനങ്ങളെ ജീവിതംകൊണ്ട് തിരുത്താനാവും. അത്തരം തിരുത്തലുകളാണ് (സത്യസാക്ഷ്യം) ഇസ്‌ലാം വിജയത്തിന്റെ മുന്നുപാധിയും.
സംഘടനാ ‘മത’ങ്ങള്‍ സമകാല പ്രതിസന്ധികളില്‍ ഒന്നാണ്. മതാശയങ്ങളുടെ ഊന്നലുകളും നിര്‍വഹണ തലവും കണിശമാകേണ്ടതിനു പകരം തെറ്റായ സംഘടനാ സ്വരൂപങ്ങളെ ചാണിനും ചാണായി പിന്തുടരേണ്ട ദുരന്തങ്ങള്‍ വര്‍ത്തമാനകാലം വെല്ലുവിളിയായി കാണുന്നുണ്ട്. മത ചിട്ടകളോടും ചിഹ്‌നങ്ങളോടും എത്രമേല്‍ ശക്തകമായി കലഹിക്കേണ്ടി വന്നാലും മതസംഘടനാ കീഴ്‌വഴക്കങ്ങളോട് രാജിയായും സമരസപ്പെട്ടും കഴിയാനാണ് പൊതുവില്‍ താത്പര്യപ്പെടുന്നത്. ‘ആധുനിക യാഥാസ്ഥിതികത’ എന്നു വിളിക്കാവുന്ന സംഘടനാ പൗരോഹിത്യം. മതത്തെയും മതാശയങ്ങളെയും ‘സംഘടനകള്‍’ പ്രതിനിധീകരിക്കുന്നത് തെറ്റല്ല. എന്നാല്‍ സംഘടനകളുടെ തെറ്റായ പ്രതിനിധീകരണം മതമായി പരിഗണിക്കപ്പെടുന്ന ദുരന്ത കാഴ്ചകളെ ജാഗ്രതയോടെ കാണണം.
കൃത്യമായ ദിശാബോധവും വ്യവസ്ഥാപിതമായ ആസൂത്രണവും മുന്നൊരുക്കങ്ങളും അനിവാര്യമാണ്. പ്രബോധനമെന്ന മഹത്തായ ധര്‍മം, കാലത്തിന്റെ തേട്ടങ്ങള്‍ക്ക് പ്രാമാണികവും പൂര്‍ണസംതൃപ്തിയും പകരുന്ന ഉത്തരങ്ങളായി നല്‍കുന്നിടത്താണ് മതസംഘടനകള്‍ ദൗത്യം നിര്‍വഹിച്ചവരാകുന്നത്. തെറ്റായ പഴയ ചാലുകളിലൂടെ തന്നെയാണ് വെള്ളം ഒഴുകേണ്ടതെന്ന ശാഠ്യങ്ങളെയാണ് തിരുത്തേണ്ടത്. പുതിയ ലോകത്ത് പവിത്രമായ ആശയങ്ങളുടെ പാവനമായ പ്രബോധനത്തിന് വേണ്ടി പേറ്റുനോവനുഭവിച്ച് കാലം തീരുന്ന സംഘങ്ങള്‍ മാത്രമായി വനിതാ പ്രസ്ഥാനങ്ങള്‍ മാറിക്കൂടാ. രാഷ്ട്ര ഭരണ നിര്‍വഹണ തലത്തില്‍ ‘സ്ത്രീസംവരണ’ അധികാരങ്ങള്‍ പുരുഷന്റെ റിമോട്ടുകളില്‍ നിയക്കപ്പെടുന്ന ദുരന്തങ്ങള്‍ മതപ്രബോധന തലങ്ങളില്‍ പിന്തുടരപ്പെട്ട് കൂടാ. ചിന്തക്കും പ്രവര്‍ത്തനങ്ങള്‍ക്കും ചട്ടക്കൂട് കെട്ടി ബന്ധിക്കുകയല്ല, ചിട്ടയും ക്രമവും നല്‍കി അംഗീകരിക്കുകയാണ് പരിഷ്‌ക്കരണ സംരംഭങ്ങളില്‍ അഭികാമ്യം.
കെട്ടിനിര്‍ത്തിയ വെള്ളക്കെട്ടുകളേക്കാള്‍ ഭദ്രമായ പാര്‍ശ്വഭിത്തികളുള്ള കുത്തൊഴുക്കുകളാണ് സര്‍വ്യാപിയായ ഫലം നല്‍കുക. ഒഴുകിപ്പോവുന്ന ഓരങ്ങളിലെല്ലാം ഫലഭൂയിഷ്ഠത നല്‍കി, പാര്‍ശ്വങ്ങളെ തകര്‍ത്ത് കളയാതെ സദ്ഫലങ്ങള്‍ സ്വരൂപിക്കുന്ന സാഗരത്തിലലിയാന്‍ ആ ഒഴുക്കിന് കഴിയും.
സ്വയം മാറ്റത്തിന് വിധേയമാവാതെ ഒരു ജനതക്കും പരിവര്‍ത്തനം ലഭ്യമാവുകയില്ലെന്ന ഖുര്‍ആന്‍ പാഠം (13:11) വിമോചനങ്ങളുടെ അടിസ്ഥാന പാഠമാണ്. സമകാല കേരള മുസ്‌ലിം വനിതാ നേതൃത്വങ്ങള്‍ പഴയ പ്രതാപവും പുതിയ ചിന്തയും സമ്മേളിക്കുന്നതാവണം. അനുഭവ സമ്പത്ത് കൊണ്ട് ശോഭയുള്ള മുതിര്‍ന്നവരും വൈജ്ഞാനിക പ്രഫുല്ലതയും സമരോത്സുകതയും കൊണ്ട് തിളക്കമുള്ള യൗവനധാരയും ചേര്‍ന്ന സംഘടിത മുന്നേറ്റങ്ങള്‍ക്കാണ് പുതിയ കാലത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. പ്രായം പരിക്കേല്പിച്ച ചിന്തയുടെ ആധിക്യത്തേക്കാള്‍ കാലം കരുത്ത് പകരുന്ന ധിഷണാവൈഭവമാണ് വിചാര വിപ്ലവങ്ങള്‍ക്കും നവോഥാനത്തിനും അനിവാര്യമായും വേണ്ടത്. നന്മ കല്പിക്കലും തിന്മ വിരോധിക്കലുമെന്ന സത്യസാക്ഷ്യത്തെ കാലത്തോട് ചേര്‍ത്ത് അവതരിപ്പിക്കുന്നതിലെ ഖുര്‍ആനിക ആശയലോകം (ഖുര്‍ആന്‍ അധ്യായം 103) നവോത്ഥാനത്തിന്റെ പുതുവഴികള്‍ക്ക് പിറവിയേകട്ടെ.