അറിവും ആത്മബോധവും
ഡോ. ജാബിര്‍ അമാനി
ദൃശ്യ പ്രപഞ്ചത്തില്‍ സവിശേഷ അസ്തിത്വം കൊണ്ട് വ്യതിരിക്തനാണ് മനുഷ്യന്‍. വൈജ്ഞാനിക വ്യാപാരവും ആര്‍ജിതശേഷിയും ആശയാവിഷ്‌കാര, സംവേദനക്ഷമതയുമാണ് ഇതില്‍ മുഖ്യമായത്. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും സൃഷ്ടിപ്പിലെ വ്യത്യസ്തതകള്‍ പഠന വിധേയമാക്കിയാല്‍ ഈ വ്യതിരിക്തത ദര്‍ശിക്കാനാവും. സസ്തനികളുടെ മുലപ്പാലിന്റെ ഘടക വിന്യാസം, നാഡീ വ്യൂഹ ക്രമീകരണം, കോര്‍ടെക്‌സുകളുടെ വ്യവസ്ഥ എന്നിവ ഉദാഹരണങ്ങളാണ്. അറിവ്, ചിന്ത തുടങ്ങിയ മഹത്തായ ദൈവികാനുഗ്രഹങ്ങള്‍ പുല്‍കാനുള്ള അവസരം ലഭ്യമായത് മനുഷ്യന് മാത്രമാണ്. ജ്ഞാന ബന്ധിതമായ ഈ വ്യതിരിക്തതയെക്കുറിച്ചുള്ള ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍ ഇങ്ങിനെ വായിക്കാം:
”മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.”(96:2-5)
”അവന്‍ (അല്ലാഹു) മനുഷ്യനെ സൃഷ്ടിച്ചു. അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.”(55:3-4) ”അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു.”(2:31) അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്റെ സവിശേഷത മാലാഖമാരില്‍ നിന്നു പോലും അവനെ വേര്‍തിരിക്കുന്നുണ്ടെന്നാണ്, ആദം നബി (അ)യുടെ സൃഷ്ടിപ്പിന്റെയും മലക്കുകളോടുള്ള അല്ലാഹുവിന്റെ സംഭാഷണത്തിന്റെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ബുദ്ധിയുടെ ജോലി
മനുഷ്യന്റെ വ്യതിരിക്തമായ അസ്തിത്വത്തെ നിര്‍ണയിക്കുന്നത് മുഖ്യമായും ബുദ്ധിശക്തിയാണ്. ഇതര ജീവജാലങ്ങള്‍ക്കും ജീവിത നിര്‍വഹണത്തിന്നാവശ്യമായ ബുദ്ധിയുണ്ട്. എങ്കില്‍ മനുഷ്യനു മാത്രം അവന്റെ ധൈഷണിക വ്യക്തിത്വം വ്യതിരിക്തമാവുന്നതെങ്ങനെ?
മനുഷ്യേതര ജീവജാലങ്ങളുടെ കഴിവും പ്രാപ്തിയും സാഹചര്യാനുസൃതമായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. മറിച്ച് അവയുടെ സൃഷ്ടിപ്പില്‍ തന്നെ അന്തര്‍ലീനവും അതോടൊപ്പം വികാസ സംപൂര്‍ണമായതുമാണ്. കാല-ദേശബന്ധിതമായ വളര്‍ച്ചയും തളര്‍ച്ചയും കാണാനാവില്ല. സ്രഷ്ടാവ് അവയുടെ സൃഷ്ടിപ്പില്‍ തന്നെ സമ്മേളിപ്പിച്ചിട്ടുള്ള പ്രകൃതമനുസരിച്ച് മാത്രം അവ ചരിക്കുന്നു. ബീവറിന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യവും പക്ഷികളുടെ പാര്‍പ്പിടനിര്‍മാണ ചാതുരിയും തേനീച്ചകളുടെ ആശയ സംവേദനക്ഷമതയുമൊക്കെ അതാതിന്റെ ബുദ്ധിയെ അറിയിക്കുന്നുണ്ടെങ്കിലും, അത് വികസിക്കുന്നതോ തളര്‍ച്ച സംഭവിക്കുന്നതോ അല്ല. സമഗ്രവും സമ്പൂര്‍ണവുമാണ്. എന്നാല്‍ മനുഷ്യബുദ്ധി സ്ഥിരസ്വഭാവം പ്രകടിപ്പിക്കുന്നതല്ല, അതിന് വളര്‍ച്ചയും തളര്‍ച്ചയുമുണ്ട്. അത് കാല-ദേശ-സമയ സാഹചര്യങ്ങളുടെ സ്വാധീനം ശക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതര ജീവികളെപ്പോലെ ജന്മസിദ്ധമായ കഴിവുകളില്ലാതെ, നിസ്സഹായാവസ്ഥയില്‍ പിറന്നു വീഴുന്ന മനുഷ്യന്‍ പക്ഷേ, പ്രകൃതിയില്‍ നിന്ന് ജീവിത നിവൃത്തിക്കു വേണ്ട അറിവ് സ്വായത്തമാക്കുന്നു. ഇതര ജീവിവര്‍ഗങ്ങളുടെ വ്യത്യസ്ത ഘടനകളെ അനുകരിച്ചുകൊണ്ടാണെങ്കിലും അവന്റെ നിര്‍മാണ വൈദഗ്ധ്യം അപാരവും അത്ഭുതകരവുമാണ്.
ദൈവികമായ സന്മാര്‍ഗ ദര്‍ശനത്തോട് സ്വതന്ത്രമായ സമീപനം സ്വീകരിക്കാന്‍ മനുഷ്യന് കഴിയുമെന്ന പോലെ, അറിവും ജ്ഞാനവും ചിന്തയും സ്വതന്ത്രമായി വിനിമയം ചെയ്യാനും ആര്‍ജിക്കാനുമുള്ള കഴിവും അവന്ന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. സൃഷ്ടിപരമായും സംഹാരാത്മകമായും അവയെ ഉപയോഗപ്പെടുത്താനും തടസ്സങ്ങളില്ല.
ധിഷണയെ നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ വിപരീത സ്വഭാവത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഓരോ അവയവത്തിനും വ്യവസ്ഥകള്‍ക്കും കൃത്യവും വ്യക്തവുമായ ‘ജോലിയും’ ധര്‍മവുമുണ്ടെന്നിരിക്കെ, അവ ക്രിയാത്മകവും കാര്യക്ഷമവുമായി ഉപയോഗപ്പെടുത്താതിരിക്കുന്നത് അത്യന്തം അപകടകരമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
ജ്ഞാനകേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ഹൃദയം, കണ്ണ്, കാത് തുടങ്ങിയവയെ യഥാവിധി പ്രയോജനപ്പെടുത്താത്തവന്‍ മനുഷ്യന്‍ എന്ന പദവി പ്രാപിച്ചിട്ടില്ലെന്നു മാത്രമല്ല അവന്‍ മൃഗത്തേക്കാള്‍ പതിതാവസ്ഥയിലാണുതാനും. ബുദ്ധിയെ ഉപയോഗിക്കാത്ത അജ്ഞരെയും അലസരെയും നികൃഷ്ട ജീവിവര്‍ഗമായിട്ടാണ് സ്രഷ്ടാവ് പരിഗണിക്കുന്നത്. മനുഷ്യന്റെ ധൈഷണിക വ്യാപാരത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ ശക്തമായ ഈ വീക്ഷണം അറിവ് നേടുന്നതിനെയും അതിന്റെ വിനിമയത്തെയും എത്ര പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത് എന്നതിന്റെ നിദര്‍ശനമത്രെ!
ഖുര്‍ആന്‍ പറയുന്നു: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയമുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു; അല്ല അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധാലുക്കള്‍”.(7:179)
”തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ‘ഊമ’കളും ‘ബധിര’ന്മാരുമാകുന്നു.”(8:22) ”നിങ്ങളുടെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (21:67)
അറിവും ബുദ്ധിയും
തമ്മിലെ പാരസ്പര്യം
അറിവും ബുദ്ധിയും പരസ്പര പൂരകങ്ങളാണ്. ഉപരിപ്ലവമായ അറിവുകള്‍ക്ക് ക്രിയാത്മമായ ധൈഷണിക വ്യക്തിത്വം രൂപീകരിക്കാന്‍ സാധ്യമല്ല. അസ്തിത്വത്തെക്കുറിച്ച് ശരിയായ അറിവ് കരസ്ഥമാക്കുന്ന വ്യക്തിക്കുമാത്രമേ സ്രഷ്ടാവിനെ കണ്ടെത്താനും അതു വഴി ജീവിത വിജയത്തിന്റെ പാത തേടാനും കഴിയൂ.അന്ധമായ അനുകരണം അറിവിനെ ശൂന്യമാക്കും. പിന്‍ബലമില്ലാതെ വിശ്വാസാചാരങ്ങളെ സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അനുകരണമാണ,് വിജ്ഞാനമല്ല. അനുകരണവാഞ്ഛയുടെ വര്‍ധനവിന്നനുസൃതമായി അവര്‍ ബൗദ്ധികമായ നിലപാടു രൂപീകരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. മനുഷ്യന്‍ അവന്റെ ബുദ്ധിയുടെ വിധിക്ക്-പ്രകൃതിയുടെ തേട്ടത്തിനും-കീഴ്‌പ്പെടുന്നുവെങ്കില്‍ അനുകരണവും ഊഹവും വര്‍ജിച്ച് ദൈവാരാധനയുടെയും ശരിയായ മതാനുഷ്ഠാനങ്ങളുടെയും സത്യസമ്പൂര്‍ണമായ മാര്‍ഗം സ്വീകരിക്കുമെന്ന തിരിച്ചറിവാണ്, വിജ്ഞാനം തേടുന്നതില്‍ നിന്നും മതപരിജ്ഞാനം വര്‍ധിപ്പിക്കുന്നതില്‍ നിന്നും മനുഷ്യരെ, പ്രത്യേകിച്ച് സാധാരണക്കാരെ തടയാന്‍ പൗരോഹിത്യത്തിനും യാഥാസ്ഥിതികര്‍ക്കുമുള്ള പ്രേരണ. മത സമൂഹങ്ങളുടെ ചരിത്രം ഈ യാഥാര്‍ഥ്യത്തെ സ്ഥിരീകരിക്കുന്നു.
പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് നേടുക വഴി സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയെന്ന പ്രകൃതിയുടെ സന്ദേശം സ്വീകരിക്കാനാവുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യബുദ്ധിയേയും മനഃസാക്ഷിയേയും വഞ്ചിക്കാതെ ഇതിനു വിരുദ്ധമായ സമീപനം കൈക്കൊള്ളാനാവില്ല. അതുകൊണ്ടുതന്നെ കേവലം അന്ധമായ വിശ്വാസ-ആചാരാനുഷ്ഠാന പാഠങ്ങള്‍ ഇസ്‌ലാം മാനവതക്കു മുമ്പാകെ സമര്‍പ്പിക്കുന്നില്ല. മനുഷ്യ ധിഷണയുടെ സകലമാന മാനദണ്ഡങ്ങളുടെയും മൂശയില്‍ സ്ഫുടം ചെയ്ത് മാറ്റുരച്ചതിന് ശേഷമുള്ള സമ്പൂര്‍ സമര്‍പ്പണത്തെ പുല്‍കാനാവശ്യമായ നിര്‍ദേശങ്ങളാണ് മതം മുന്നോട്ട് വെക്കുന്നത്.
ആരാധനാരംഗത്ത് സ്രഷ്ടാവിനു പുറമെ സമന്മാരെ സ്വീകരിക്കുന്നവരോടും സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കാത്തവരോടും പ്രവാചകാധ്യാപനങ്ങള്‍ക്കു പകരം പ്രപിതാക്കളുടെ പാത സത്യാസത്യ വിവേചനം കൂടാതെ അംഗീകരിക്കുന്നവരോടുമെല്ലാം ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചോദിക്കുന്നത്, ”നിങ്ങള്‍ ചിന്തിച്ചു കാര്യം ഗ്രഹിച്ചിട്ടില്ലേ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ” എന്നാണ്. (33;70, 28;60, 6;32, 12; 109, 21;10, 88: 17-20)
അറിവും ചിന്തയും തമ്മിലെ പാരസ്പര്യം അനാവരണം ചെയ്യുന്ന ഖുര്‍ആന്‍, മനുഷ്യചിന്തയുടെ അയുക്തികതക്കുള്ള കാരണം അറിവിന്നനുസൃതമായ ചിന്താരാഹിത്യമാണെന്ന് സമര്‍ഥിക്കുന്നുണ്ട്. ദൈവാസ്തിത്വത്തിന്റെ പ്രാപഞ്ചിക തെളിവുകള്‍ അറിഞ്ഞ് അംഗീകരിക്കുന്ന ബഹുദൈവ വിശ്വാസികള്‍, അറിവിന്റെ അനിവാര്യമായ ‘ബുദ്ധി’യെ ഉപയോഗിക്കാത്തതിനാലാണ് ബഹുദൈവാരാധകരായിത്തീര്‍ന്നതെന്ന് പ്രഖ്യാപിക്കുന്നു.
”ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും ഭൂമി നിര്‍ജീവമായി കിടന്നതിന് ശേഷം അത് മൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും, അല്ലാഹുവാണെന്ന്. പറയുക, അല്ലാഹുവിന് സ്തുതി! പക്ഷേ അവരില്‍ അധിക പേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല”(29;63)
അറിവിന്റെ അകം പൊരുള്‍
കേവലം വിവരശേഖരത്തിനപ്പുറത്താണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ‘ഇല്‍മ്’. ദത്തശേഖരണം(ഉമമേ ഇീഹഹലരശേീി) അറിവ് ലഭ്യമാക്കാനുള്ള ഉപാധിമാത്രമാണ്. ഒരാള്‍ വിജ്ഞാനി, പണ്ഡിതന്‍(ആലിം) ആവുന്നത് ധാരാളം അറിവ് നേടുമ്പോള്‍ മാത്രമല്ല, മറിച്ച് പ്രയോജനക്ഷമമായ അറിവിന്റെ ആഴത്തിനനുസരിച്ചാണ്.
അറിവ് അനുഭവമാവണം. പ്രായോഗികവും പ്രയോജനകരവുമായിരിക്കണം. കേവലം അക്ഷര വായനകൊണ്ട് ഈ ലക്ഷ്യം നേടാനാവില്ല. വിജ്ഞാനവര്‍ധനവ് മനുഷ്യനെ സ്വാര്‍ഥനും ചൂഷകനുമാക്കുന്ന ദുരവസ്ഥ നാം കാണുന്നു. വിജ്ഞാനിയുടെ സാമൂഹിക പ്രതിബദ്ധതയും ധാര്‍മികനിഷ്ഠയും സാമ്പത്തിക മാനദണ്ഡങ്ങളാല്‍ വിലയിരുത്തപ്പെടുകയാണ്. അറിവിന്റെ അനിവാര്യഫലമായ നൈതികതയും ധാര്‍മിക നിഷ്ഠയും ചോര്‍ന്ന് പോയി, യാഥാര്‍ഥ്യങ്ങളുടെ വിപരീതാവസ്ഥ പ്രകടമാവുന്ന സമകാല സാഹചര്യം അക്ഷര വായനയുടെ അപകടത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
അറിവിനെ യാഥാര്‍ഥ്യബോധവുമായി(ഞലമഹശ്യേ) ബന്ധിപ്പിക്കുകയാണ് ഖുര്‍ആന്‍. ശാസ്ത്രങ്ങള്‍ക്കപ്പുറമുള്ള ശാസ്ത്രമാണത്. ശാസ്ത്രം, വസ്തുതകളുടെ അകം പൊരുളന്വേഷിക്കുന്നില്ല. ജല(ഒ2ീ)ത്തെകുറിച്ച് മനന-പഠനങ്ങളില്‍, അതിന്റെ മൂലകങ്ങളുടെ ഘടന, അളവ്, വ്യാപ്തി തുടങ്ങിയ പഠനങ്ങളിലൂടെ ആത്യന്തികവും ആന്തരികവുമായ അറിവിലേക്ക് പ്രവേശിക്കാനാവുന്നില്ല. അതിനാല്‍ അത് പാഠബന്ധിതമാണ്(ഠലഃ)േ. ആ അറിവിന് ചലനാത്മകതയില്ല. മറിച്ച് ജലത്തിന്റെ വൈവിധ്യം അറിയുന്ന വ്യക്തി, ജലദാതാവിനെക്കുറിച്ചും താന്‍ നിര്‍വഹിക്കേണ്ട പാരിസ്ഥിതിക- സാമൂഹിക ഭാഗധേയത്തെക്കുറിച്ചും ഗ്രഹിക്കുക വഴി, വെള്ളം സ്വയം സ്വീകരിക്കും പോലെ പകരാനും, ദൈവിക അസ്തിത്വത്തെ തിരിച്ചറിഞ്ഞ് വിനയാന്വിതരാവാനുമുള്ള ‘അറിവ്’ നല്‍കുകയാണ് എന്ന് ഉള്‍ക്കൊള്ളാന്‍ സാധ്യമാകണം. ആ അകംപൊരുളിന് ചലനാത്മകതയും പരിവര്‍ത്തനശേഷിയുമുണ്ട്. മാതാവിനെയും സഹോദരിയെയും വെറും ‘പെണ്ണായി’ കാണുന്ന അറിവിനേക്കാള്‍ അപകടം മറ്റെന്താണ്? ശാസ്ത്രത്തിന്റെ കണ്ണില്‍ അവരെ ‘പെണ്ണായി’ മാത്രമേ ഗണിക്കാനാവൂ. വ്യഭിചാരം വഴിയും വിവാഹം വഴിയുമുണ്ടാവുന്ന ശാരീരിക ബന്ധം’ജീവശാസ്ത്ര’ വീക്ഷണത്തില്‍ തുല്യമാണ്. ഇതില്‍ ഒന്നിനെ വിശുദ്ധമായും മറ്റൊന്നിനെ മ്ലേഛമായും പരിഗണിക്കുന്ന അറിവിന്ന് മാത്രമേ മാനവികതയെ കെട്ടിപ്പടുക്കാന്‍ കഴിയൂ. അറിവ് ദൈവിക താല്‍പര്യത്തിന്റെ സാക്ഷാല്‍ക്കാരമായിരിക്കണം.
പ്രയോജനക്ഷമവും പ്രതിഫലാര്‍ഹവുമായ അറിവിനേക്കാള്‍, വിവര ശേഖരണത്തില്‍ മാത്രം ആധുനിക വിദ്യാഭ്യാസ പ്രക്രിയകള്‍ ഉടക്കിക്കിടന്നതിന്റെ പരിണതിയാണ് ചങ്ങലക്കുപോലും ഭ്രാന്തുപിടിപ്പെടാനിടയാക്കുന്നത്. ആര്‍ജിതജ്ഞാനം ഉപകാരപ്രദമല്ലെങ്കില്‍ അജ്ഞതയാണ് ഫലം. അവര്‍ നിരക്ഷരരല്ലായിരിക്കാം. പക്ഷേ യഥാര്‍ഥ സാക്ഷരന ചലനാത്മകത നഷ്ടപ്പെട്ട അറിവിന്റെ ആധിക്യം മനുഷ്യനെ വിനയാന്വിതനോ ദൈവഭക്തനോ ആക്കിത്തീര്‍ക്കില്ല; അകം പൊരുളറിഞ്ഞ അറിവല്ലാതെ.
ഖുര്‍ആന്‍ പറയുന്നു: ”ദൈവത്തെ ഭയപ്പെടുന്നവര്‍ അവന്റെ ദാസന്മാരില്‍ അറിവുള്ളവര്‍ മാത്രമാകുന്നു”.(35: 29)`