വിഷാദവും ദൈവവിശ്വാസവും
ഡോ. ഹുസൈന്‍ മുറാദി
വിഷാദം മനുഷ്യന്റെ ഭാവിയെ കുറിച്ചുള്ള എല്ലാ സ്വപ്‌നങ്ങളും കരിച്ചുകളയുന്ന വില്ലനാണ്. ലോകം മുഴുവന്‍ മനുഷ്യ ജീവിതം സ്തംഭിച്ച ഈ മഹാമാരി കാലത്ത് വിഷാദം ആരോഗ്യരംഗത്ത് വലിയ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ലോകത്തില്‍ 30 കോടിയില്‍പ്പരം പേര്‍ വിഷാദരോഗത്തിന്റെ അടിമകളാണെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് ആശങ്ക ജനിപ്പിക്കുന്നു. മാനസികാരോഗ്യം അതിവേഗതയില്‍ താഴോട്ട് കുതിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. 2005-നു ശേഷം ഈ രോഗത്തിന്റെ വളര്‍ച്ച 15% ഉയര്‍ന്നു എന്നത് ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കൊറോണ കാലത്ത് ഈ സംഖ്യ ഗണ്യമായി ഉയരുകയും ചെയ്യുന്നു.
കാരണങ്ങള്‍ ആന്തരികമോ ബാഹ്യമോ ആയാലും മനുഷ്യമനസ് വിഷാദത്തിന്റെ തമോഗര്‍ത്തത്തിലൂടെ സഞ്ചരിക്കുന്ന വിഷമകരമായ കാലമാണ് ഡിപ്രഷന്‍. ബാല്യദശയൊഴിച്ച് മിക്കവാറും എല്ലാം പ്രായക്കാരും വിവിധ കാലദൈര്‍ഘ്യങ്ങളില്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. പ്രത്യക്ഷത്തില്‍ അപകടരഹിതമായ ഉത്സാഹക്കുറവ് മുതല്‍ ആത്മഹത്യ, കൊലപാതകം എന്നീ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കുവരെ ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ചെന്നെത്തുന്നുണ്ട്.
വിഷാദരോഗത്തിന് രണ്ട് കാരണങ്ങളുള്ളതായി കാണാം; ആന്തരികവും ബാഹ്യവും. ആന്തരിക വിഷാദരോഗം മൂന്ന് ന്യൂറോട്രാന്‍സ്മിറ്ററുകളായ ഡോപമിന്‍ സിറോടോണിന്‍, നോര്‍എപിനെഫ്രിന്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ബാഹ്യഘടകങ്ങള്‍ (പരാജയം, സാമ്പത്തിക തകര്‍ച്ച, ദമ്പതികള്‍ തമ്മിലുള്ള അകല്‍ച്ച അപ്രതീക്ഷിതമായ മരണം) എന്നിവ താല്‍ക്കാലികമായ വിഷാദാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഇതിനെ രോഗമായി കാണേണ്ടതില്ല.
മനസിനെ പിടിച്ചുകുലുക്കുന്ന ഈ അവസ്ഥ സ്വപ്രയത്‌നത്താലോ, ബാഹ്യഇടപെടലുകള്‍ മൂലമോ നിയന്ത്രണവിധേയമാക്കുമ്പോള്‍ ഒരു പക്ഷേ മരുന്നുകളൊന്നും കൂടാതെ രോഗി സൗഖ്യം പ്രാപിക്കും. പക്ഷേ, ഈ ഘടകങ്ങള്‍ രോഗിക്ക് തന്റെ വിഷാദാവസ്ഥക്ക് കാരണമാകുന്നു എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. ആന്തരികവിഷാദരോഗമുള്ള വ്യക്തിയുടെ ജീവിതത്തില്‍ മേലുദ്ധരിച്ചതുപോലുള്ള നിരാശാജനകമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂനിന്മേല്‍ കുരുവെന്നതുപോലെ വിഷാദം വ്യക്തിത്വത്തെ മുഴുവനായി കീഴ്‌പ്പെടുത്തുന്നു. ഇവിടെ സ്‌നേഹിതരുടേയോ ഉറ്റ സുഹൃത്തുക്കളുടേയോ ഇടപെടല്‍ വഴി മാനസികരോഗ വിദഗ്ധന്റെ സഹായം തേടേണ്ടിവരും.
ചതിക്കുഴികള്‍
താല്‍ക്കാലിക രോഗാവസ്ഥയിലുള്ള ഇത്തരക്കാരെ തന്റെ നിത്യരോഗി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിഷാദ ചികിത്സയുടെ മറവില്‍ ലാഭം കൊയ്യുന്ന ലോബികള്‍ സജീവമാണ്. രോഗം അനിയന്ത്രിതമായി മാത്രം വരുമ്പോള്‍, വളരെ ആലോചിച്ചും വിദഗ്ധരുമായി ചര്‍ച്ച ചെയ്തും നിശ്ചയിക്കേണ്ട ഇ സി റ്റി (പ്രത്യേക ചികിത്സാരീതി) പ്രഥമഘട്ടത്തില്‍ തന്നെ നിര്‍ദേശിക്കുന്നത് ധാര്‍മികമല്ല. സമൂഹഗാത്രമെന്ന ഉദാത്തമായ ആശയം ഒരു തത്വശാസ്ത്രമാക്കി ചില്ലലമാരയില്‍ കാഴ്ചവസ്തുവാക്കേണ്ട കാര്യമല്ലെന്നും ‘ഇന്നു ഞാന്‍ നാളെ നീ’ എന്നത് മരണത്തെ മാത്രമല്ല ദ്യോതിപ്പിക്കുന്നത് എന്നതും അതിസങ്കീര്‍ണമായ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നമുക്ക് വിസ്മരിക്കാതിരിക്കാം.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ വിഷാദരോഗികളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ സാമ്പത്തിക അസമത്വം, പട്ടിണി, മതരാഷ്ട്രീയ വിവേചനം, അടിച്ചമര്‍ത്തല്‍, അസഹിഷ്ണുത, യുദ്ധം, അധികാരികളുടെ ഏകാധിപത്യ പ്രവണത എന്നിവ ഗുരുതരമായ കാരണങ്ങളാണ്. വികസിതരാഷ്ട്രമായ യു എസില്‍ പോലും ആറില്‍ ഒരാള്‍ വിഷാദരോഗിയാണെന്നത് ശ്രദ്ധേയമാണ്. മെച്ചപ്പെട്ട സാമ്പത്തികഭദ്രത, ജോലി സാധ്യത എന്നിവയുള്ള ഒരു നാട്ടില്‍ ഇതാണ് സ്ഥിതിയെങ്കില്‍ വിഷാദരോഗം ജനിപ്പിക്കുന്ന സാമൂഹികഘടകങ്ങള്‍ നിലവിലുള്ള രാജ്യങ്ങളുടെ സ്ഥിതി ദയനീയമായിരിക്കും.
ഈ രോഗാവസ്ഥ വര്‍ഷങ്ങള്‍ നീണ്ടുപോകാമെന്നിരിക്കെ, വിവാഹമോചനം, കൊലപാതകം, ആത്മഹത്യ എന്നിവയിലേക്ക് എത്തിച്ചേരാനും സാധ്യതയുണ്ട്.
ഡിപ്രഷന്‍ പ്രഥമമായി തിരിച്ചറിയേണ്ടതും, ഇടപെടേണ്ടതും സമൂഹമാണ്. രോഗാവസ്ഥകളിലേക്ക് കടന്നുകഴിഞ്ഞൊരാള്‍ക്ക് ഒരുപക്ഷേ സ്വന്തം അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ രോഗത്തിന്റെ അടിസ്ഥാനലക്ഷണങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്. അധ്യാപകര്‍, ഓഫീസ് മേധാവികള്‍, സഹപ്രവര്‍ത്തകര്‍, ഫഌറ്റുകളില്‍ താമസിക്കുന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സഹോദരന്റെ ജീവിതത്തെ തളര്‍ത്തുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഉത്തരവാദിത്വമുണ്ട്.
ലക്ഷണങ്ങള്‍
(ഒന്ന്) നിസ്സഹായാവസ്ഥയും അശുഭാപ്തിവിശ്വാസവും പ്രതിഫലിക്കുന്ന മ്ലാനമുഖം.
(രണ്ട്) വീട്ടിലും ഓഫീസിലും മറ്റ് പ്രവൃത്തി സ്ഥലങ്ങളിലും സാധാരണ ചെയ്തുവരാറുള്ള ജോലികളിലും ഉത്തരവാദിത്വങ്ങളിലും സ്ഥിരമായി വീഴ്ചവരുത്തുക.
(മൂന്ന്) തുച്ഛമായ സംസാരവും മൗനവും.
(നാല്) ഉറക്കം, വിശപ്പ് എന്നിയുടെ കുറവ്, കുറയുന്ന ശരീരഭാരം.
(അഞ്ച്) ചെറിയ പ്രകോപനം ഉണ്ടാകുമ്പോഴേക്കും ക്ഷോഭിക്കുക, നിയന്ത്രണാതീതമായ കുറ്റബോധം.
(ആറ്) ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, ഇടപെടലുകളില്ലാത്ത പക്ഷം ഇത് ആത്മഹത്യയില്‍ ചെന്നെത്തും.
ആത്മഹത്യാ പ്രവണതയുള്ള രോഗികളില്‍ ന്യൂറോട്രാന്‍സ്മിറ്റര്‍ സീറോടോണിന്റെ അളവ് കുറവുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യയിലേക്കു നയിക്കുന്ന വിഷാദരോഗങ്ങള്‍ ഗൗരവതരമായി സംബോധനചെയ്യപ്പെടേണ്ടതുണ്ട്. നാലില്‍ ഒരാള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മാനസികരോഗാവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. അതായത് ഏകദേശം 450 മില്യന്‍ ആളുകള്‍!
ഇതില്‍ 350 മില്യന്‍ പേരും വിഷാദരോഗത്തിന്റെ ഇരുണ്ട ഗുഹയില്‍ എത്തിച്ചേരുന്നു. ഇക്കാരണത്താല്‍ എട്ട് ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം ആത്മഹത്യചെയ്യുന്നുവെന്നത് അപകടസൂചനയാണ്. ദേശീയ മാനസികാരോഗ്യ സര്‍വേ പ്രകാരം ഭാരതത്തില്‍ 15% മുതിര്‍ന്നവര്‍ക്ക് കൗണ്‍സിലിങ്ങോ മരുന്നുകളോ ആവശ്യമായി വരുന്നു. ദേശീയ മാനസികാരോഗ്യ സര്‍വേയില്‍ ഭാരതത്തില്‍ 20-ല്‍ ഒരാള്‍ വിഷാദത്തിന് അടിമപ്പെടുന്നതായി കണ്ടു. നിരാശമൂലം ലഹരിക്കടിമപ്പെടുന്നവര്‍ വൈകാതെ വിഷാദരോഗികളായി മാറി ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്നുമുണ്ട്. വിഷാദരോഗികളില്‍ ചിലരെങ്കിലും സമൂഹത്തിന്റെ സൃഷ്ടി തന്നെയാണ്.
വിശ്വാസം നല്‍കുന്നപ്രതീക്ഷ
ഇസ്‌ലാം മനുഷ്യരുടെ ശാരീരികവും മാനസികവുമായ എല്ലാ സങ്കീര്‍ണ്ണ പ്രശ്‌നത്തിനും പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. മനശാന്തിയും സ്വസ്ഥതയും തൃപ്തിയും പ്രദാനം ചെയ്യുന്ന ഒരു മതം എന്ന നിലയില്‍ ഇസ്‌ലാം നല്‍കുന്ന ആത്മീയമായ മാര്‍ഗനിര്‍ദേശം ശ്രദ്ധേയമാണ്. എക്കാലത്തും ഇസ്‌ലാം സ്വീകരിച്ചവര്‍ അതിന്റെ സാക്ഷികളുമാണ്. ഈമാന്‍ (വിശ്വാസം) നഷ്ടപ്പെടുന്നതിലൂടെ ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നു. അവിടെയാണ് വിഷാദം ആരംഭിക്കുന്നത്. വിശ്വാസം ക്ഷമയും ആത്മശക്തിയും ഉള്‍ക്കരുത്തും ഉണ്ടാക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”നീ ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി നീ ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.” (അന്നഹ്‌ല് 127)
ജീവിതത്തില്‍ പരീക്ഷണങ്ങളുണ്ടാകുമെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണ്. പരീക്ഷണങ്ങള്‍ സന്താപമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അപ്പോള്‍ സഹനം അവലംബിക്കാന്‍ സാധിച്ചാല്‍ വിഷാദത്തെ അകറ്റി നിര്‍ത്താം: ”ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാര്‍ത്ത അറിയിക്കുക. ഏതൊരു വിപത്തു വരുമ്പോഴും അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കു തന്നെ തിരിച്ചു ചെല്ലേണ്ടവരും. അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍.” (അല്‍ബഖറ 155-157)
വിഷാദത്തിന് ചികിത്സയും കൗണ്‍സിലിംഗുകളും ആവശ്യമാണ്. അത്തരം ശാസ്ത്രീയ ചികിത്സാ മുറകളെ ശക്തിപ്പെടുത്താന്‍ വിശ്വാസത്തിനു കഴിയും.`