21 Saturday
December 2024
2024 December 21
1446 Joumada II 19

വക്രീകരിക്കപ്പെടുന്ന രാഷ്ട്രീയ ചിന്തകള്‍

ഡോ. ഫിര്‍ദൗസ്‌ ചാത്തല്ലൂര്‍

ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കൊറോണ വ്യാപനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപകിട്ട്‌ കുറക്കില്ലായെന്നതാണ്‌ സമകാലിക രാഷ്ട്രീയത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. സോഷ്യല്‍ മീഡിയകളിലൂടെയും പാര്‍ട്ടി പത്രങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ വാര്‍ത്തകള്‍ പലപ്പോഴും ധാര്‍മികതയുടെയും സാമൂഹിക സുരക്ഷയുടെയും സീമകള്‍ ലംഘിക്കുന്നതാണ്‌. ഇങ്ങനെയുള്ള വാര്‍ത്തകളും പ്രസ്‌താവനകളും കേള്‍ക്കുന്നതിലൂടെ ചില പ്രാഥമികമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌.
സ്‌ത്രീ എന്നത്‌ പരസ്‌പര വിഴുപ്പലക്കുകളുടെ അസംസ്‌കൃത മൂലധനമാണോ? കളവും വ്യക്തിഹത്യയും രാഷ്ട്രീയ ദര്‍ശനങ്ങളോ? സാമ്പത്തികവും സാമൂഹികവുമായ ചൂഷണങ്ങള്‍ സ്വാഭാവിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണോ? ഇങ്ങനെയുള്ള ചോദ്യങ്ങളിലൂന്നിയ നീണ്ട ചര്‍ച്ചകളും പ്രസ്‌താവനകളും സമൂഹത്തില്‍ അനാരോഗ്യകരവും അധാര്‍മികപരവുമായ പ്രവണതകളാണ്‌ സൃഷ്‌ടിക്കുന്നത്‌. കളവ്‌, വ്യക്തിഹത്യ, നിന്ദ്യത, ന്യായീകരിക്കല്‍, സ്‌ത്രീത്വ അപമാനം തുടങ്ങിയവ സ്വഭാവിക സ്വഭാവവിശേഷണങ്ങളാണെന്ന ബോധമാണ്‌ വരുംതലമുറകള്‍ക്ക്‌ കൈമാറുന്നത്‌.
രാഷ്ട്രീയത്തിന്റെ പരമപ്രധാനമായ ലക്ഷ്യം അധികാരമാണെന്ന ബോധമാണ്‌ രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതില്‍ പലപ്പോഴായി നേതാക്കളും പ്രജകളും പരാജയപ്പെടുന്നതിന്‌ കാരണമാകുന്നത്‌. സ്‌ത്രീയെ മൂലധനമാക്കി വ്യക്ത്യാധിഷ്‌ഠിത രാഷ്ട്രീയം പറയുന്ന പ്രവണത കഴിഞ്ഞ ദശകം മുതല്‍ സജീവമായികൊണ്ടിരിക്കുകയാണ്‌ കേരള രാഷ്ട്രീയത്തില്‍. കുറ്റവാളികള്‍ അല്ലെങ്കില്‍ കുറ്റം ആരോപിക്കപ്പെടുന്നവരില്‍ സ്‌ത്രീയുണ്ടെങ്കില്‍ അത്‌ പര്‍വതീകരിച്ച്‌ കാണിക്കുന്നു. മുന്‍കാലബന്ധങ്ങളും റൂട്ട്‌ മാപ്പുകളും കാള്‍ ലിസ്റ്റും തയ്യാറാക്കി ലൈംഗിക ചുവയോടു കൂടിയ പ്രസ്‌താവനകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച്‌ രാഷ്ട്രീയ ലാഭം കൊയ്യാമെന്ന്‌ മോഹിക്കുന്നവര്‍ അനാരോഗ്യകരമായ സാമൂഹിക ചുറ്റുപാടാണ്‌ ഉണ്ടാക്കികൊണ്ടിരിക്കുന്നത്‌.
കുറ്റം ചെയ്‌തവര്‍ സ്‌ത്രീയോ പുരുഷനോ ആരായിരുന്നാലും നിയമത്തിന്റെ മുമ്പില്‍ കുറ്റവാളി തന്നെയാണ്‌. അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുമാണ്‌. എന്നാല്‍ തെറ്റുകളെ സമൂഹമധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തും പരിധികള്‍ക്കപ്പുറം വ്യക്തിയെയും കുടുംബത്തെയും വേട്ടയാടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമ്പോള്‍ നഷ്ടപ്പെടുന്നത്‌ മാനവിക നന്മയും മാനുഷിക മൂല്യങ്ങളുമാണ്‌. വാട്‌സാപ്പുകളിലൂടെയും ഫേസ്‌ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുള്ള വാര്‍ത്തകളിലെ സത്യം അധികമാരും അന്വേഷിക്കാറില്ല.
ലോകത്തിനു തന്നെ മാതൃകയായ ഭരണതന്ത്രജ്ഞനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും രണ്ടാം ഖലീഫയുമായ നീതിമാനായ ഉമറിന്റെ(റ) അടുക്കല്‍ ഒരു സ്വഹാബി വന്നു ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, എനിക്ക്‌ താങ്കളോട്‌ ഒരു കാര്യം പറയാനുണ്ട്‌. പന്തികേട്‌ തോന്നിയ അമീറുല്‍ മുഅ്‌മിനീന്‍ അദ്ദേഹത്തോടു തിരിച്ചു ചോദിച്ചു: ഞാന്‍ നിങ്ങളോട്‌ മൂന്ന്‌ കാര്യങ്ങള്‍ ചോദിച്ചോട്ടെ? ശേഷം ഉമര്‍(റ) ചോദിച്ചു: താങ്കള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ? സ്വഹാബി പറഞ്ഞു: സത്യമാണോ എന്ന്‌ എനിക്ക്‌ ഉറപ്പില്ല. ഉമര്‍(റ) വീണ്ടും ചോദി ച്ചു: താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം നല്ല കാര്യമാണോ? സ്വഹാബി പറഞ്ഞു: അല്ല, അത്രയ്‌ക്കു നല്ല വിഷയമല്ല. ഖലീഫ വീണ്ടും ചോദിച്ചു: ആര്‍ക്കെങ്കിലും പ്രയോജനമുള്ള കാര്യങ്ങളാണോ താങ്കള്‍ പറയാന്‍ പോകുന്നത്‌? സ്വഹാബി മറുപടി പറഞ്ഞു: അല്ല. ശേഷം ഉമര്‍(റ) പറഞ്ഞു: എങ്കില്‍ നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം നിങ്ങളുടെ ഹൃദയത്തില്‍ മൂടിവെക്കുക.
സമൂഹത്തെ മൊത്തം ബാധിക്കുന്ന അനിഷ്ടകരമായ വിഷയങ്ങള്‍ എങ്ങനെയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌ എന്ന വലിയ പാഠമാണ്‌ ഈ സംഭവത്തിലൂടെ പഠിപ്പിക്കുന്നത്‌. സാമൂഹിക വിഷയങ്ങളില്‍ പക്വതയിലൂന്നിയ ഇടപെടലുകളാണ്‌ പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കള്‍ക്കുണ്ടാകേണ്ടത്‌. അപ്പോഴാണ്‌ രാഷ്ട്രീയം ജനനന്മക്കും മാനവ സമൂഹത്തിനും ഗുണകരമാകുന്നത്‌.
രാഷ്ട്രീയമെന്നത്‌ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രം കാണുന്ന പ്രചാരണ പരിപാടികളോ അനൗണ്‍സുമെന്റുകളോ പരസ്യപരിപാടികളോ മുന്നണി ധാരണകളോ മാത്രമല്ല, മറിച്ച്‌ രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തി വിമര്‍ശനാത്മകമായ വിശകലനത്തിലൂടെ ഭരണപ്രതിപക്ഷങ്ങളെ വിലയിരുത്താനുള്ള മാനദണ്ഡം കൂടിയായിരിക്കണം. ഇങ്ങനെയുള്ള രാഷ്ട്രീയ സാമൂഹികാന്തരീക്ഷം സാക്ഷര കേരളത്തില്‍ ഉണ്ടായതിനാലാണ്‌ തുടര്‍ച്ചയായതും സ്ഥിരമായതുമായ നീണ്ട ഭരണം ഒരു മുന്നണിയില്‍ മാത്രമായി ഒതുങ്ങാതിരിക്കാനുള്ള പ്രധാന കാരണം.
എല്ലാ പാര്‍ട്ടി മുന്നണികളിലേയും 80 ശതമാനം വരുന്ന ശക്തരായ പാര്‍ട്ടി വക്താക്കളല്ല മുന്നണിയുടെ ഭരണം തീരുമാനിക്കുന്നത്‌. മറിച്ച്‌ ബാക്കി 20 ശതമാനം പേര്‍ ശരിയായ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതിനാലാണ്‌. അപ്പോള്‍ യഥാര്‍ഥത്തിലുള്ള രാഷ്ട്രീയക്കാര്‍ സമരമുഖത്ത്‌ ചോരയൊലിപ്പിക്കുന്നവരോ ആര്‍ത്തട്ടഹസിച്ച്‌ ഇങ്കിലാബ്‌ വിളിക്കുന്നവരോ അല്ല, മറിച്ച്‌ രാഷ്ട്രീയത്തെയും അതിന്റെ ധര്‍മ്മത്തെയും വിശാല കാഴ്‌ചപ്പാടോടെ വീക്ഷിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്‌. അപ്പോഴുണ്ടാകുന്ന കണ്‌ഠനാളങ്ങളെ ത്രസിപ്പിക്കുന്ന ധ്വനികള്‍ സാമൂഹിക അജീര്‍ണതകള്‍ക്കെതിരെയും വ്യക്തിഹത്യകള്‍ക്കെതിരെയുമായിരിക്കും.
ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നിന്ന്‌ സ്വതന്ത്ര ഇന്ത്യയിലേക്കുള്ള പ്രയാണം മാനുഷിക നന്മയിലൂന്നിയ രാഷ്ട്രീയ കാഴ്‌ചപ്പാടിന്റെ പ്രതിഫലനം തന്നെയായിരുന്നു. രാജ്യത്തിനും നാടിനും വേണ്ടി പോരാടുകയും ജയില്‍വാസമനുഭവിക്കുകയും ബ്രിട്ടീഷുകാരുടെ കരങ്ങളാല്‍ മരണം വരിക്കുകയും ചെയ്‌ത വാരിയന്‍കുന്നനും ആലി മുസ്‌ലിയാരും മറ്റു സമരമുന്നണി നേതാക്കളുമെല്ലാം ജനഹൃദയങ്ങളില്‍ ഇന്നും സ്‌മരിക്കപ്പെടുന്നത്‌ അധികാര രാഷ്ട്രീയങ്ങള്‍ വെടിഞ്ഞ്‌ മാനവ നന്മയിലൂന്നിയ സ്വാതന്ത്ര്യം മുറുകെ പിടിച്ചതിനാലായിരുന്നു. ഈയൊരു മാനവിക നന്മ മുറുകെ പിടിച്ചതുകൊണ്ടാണ്‌ ഇന്ത്യ മതകീയമായി വിഭജിക്കപ്പെടാതെ മതേതര രാജ്യമായി പിറവി കൊണ്ടതും. ഈ മതേതര കാഴ്‌ചപാടിനെ മതകീയമായി വക്രീകരിച്ച്‌ ഭരണം നിലനിര്‍ത്താനാണ്‌ ഫാസിസ്റ്റ്‌ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. മതത്തിലധിഷ്‌ഠിതമായ ഭരണം സ്വസ്ഥവും സമാധാന പൂര്‍ണവുമായിരുന്നെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇന്നു കാണുന്ന പോലെയുള്ള രാഷ്ട്രീയ, മത, വര്‍ഗ കൂട്ടക്കൊലകളും യുദ്ധങ്ങളും ഉണ്ടാകുമായിരുന്നില്ല. 80% ഹിന്ദു മത വിശ്വാസികളുള്ള നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഭരണഘടന അസംബ്ലി നിസ്സംശയം തള്ളുകയും 2008 മെയ്‌ 28-ന്‌ നേപ്പാളിനെ ഫെഡറല്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലികായി പ്രഖ്യാപിക്കുകയും ചെയ്‌തു. മതകീയ ഭരണകൂടത്തേക്കാള്‍ മതേതര ഭരണകൂട രാഷ്ട്രീയ സംവിധാനമാണ്‌ മികച്ചതെന്ന ബോധ്യമാണ്‌ ഇത്‌ നല്‍കുന്നത്‌. ഇന്ത്യ പോലുളള ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിനാധാരം ഈ മതേതര ജനാധിപത്യ കാഴ്‌ചപ്പാടുകള്‍ തന്നെയാണ്‌.
രാഷ്ട്രീയം സുതാര്യവും സമാധാനപരവും നൈതികതയിലൂന്നിയ കാഴ്‌ചപാടുകളുള്ളതുമായിരിക്കുമ്പോഴാണ്‌ രാജ്യ പുരോഗതിയും സാമൂഹിക സുരക്ഷിതത്വവും സമ്പൂര്‍ണ്ണമാവുക. ഇങ്ങനെയുള്ള ദേശരാഷ്ട്ര ബോധമുള്ളവരായിരുന്നു മുന്‍കാല സ്വാതന്ത്ര്യസമര സേനാനികളും രാഷ്ട്ര തലവന്‍മാരും. രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയും അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഖാഫര്‍ ഖാനും അധികാര കേന്ദ്രീകൃത വൃത്തത്തില്‍നിന്ന്‌ മാനവ നന്മയിലധിഷ്‌ഠിതമായ രാഷ്ട്രീയ ബോധം മുറുകെപിടിച്ച ധീര ദേശാഭിമാനികളായിരുന്നു. ഇങ്ങനെയുള്ള പൂര്‍വ്വസൂരികള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയാദര്‍ശങ്ങള്‍ വിസ്‌മരിച്ച്‌ മുന്നോട്ടു പോകുന്ന കാലത്തോളം രാഷ്ട്രീയാദര്‍ശങ്ങള്‍ കളങ്കപ്പെട്ടുകൊണ്ടേയിരിക്കും.`

Back to Top