അരികുവത്കരിക്കപ്പെട്ട മനുഷ്യരെ മരണത്തിന് വിട്ടുകൊടുക്കുകയാണോ?
ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍
മെയ് 25-ന് മുസഫര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു മരണപ്പെട്ട 35 വയസ്സുകാരിയായ അര്‍വിന ഖാത്തൂനിന്റെ മുഖത്തുനിന്നു മൂടുപടം നീക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വയസ്സായ കുഞ്ഞിന്റെ ചിത്രം. ഗുജറാത്തില്‍ നിന്നും ബീഹാറിലെ കത്തിഹാറിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ കൊടും ചൂടും വിശപ്പും സഹിച്ച് തളര്‍ന്നാണ് ഖാത്തൂന്‍ മരണത്തിന് കീഴടങ്ങിയത്.
ഭരണഘടനയുടെ 226-ാം അനുച്ഛേദം അനുവദിക്കുന്ന അധികാരമുപയോഗിച്ച് ബീഹാര്‍ കോടതി സ്വമേധയ ഇടപെടുകയും ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിന്റെ പ്രത്യേക ബെഞ്ച് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാറിനോട് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വളരെ പ്രസക്തവും ഗൗരവതരവുമാണ്. ഈ സംഭവം ഞെട്ടിക്കുന്ന കാഴ്ച്ചയാണെന്നും ആ കുഞ്ഞിന്റെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്നും, അവര്‍ക്ക് ഗുണകരമായ എന്തു നടപടിയാണ് നിയമപാലകര്‍ സ്വീകരിച്ചത് എന്നുമാണ്. വളരെ ആശങ്കയുണര്‍ത്തുന്നതും വേദനിപ്പിക്കുന്നതുമായ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ദരിദ്ര ജനവിഭാഗങ്ങള്‍ ഏറെയുള്ള ഇന്ത്യയില്‍. അപ്പോഴാണ് ഇന്ത്യയുടെ പേരു മാറ്റി ഭാരതമാക്കണമെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
യു എന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ പല ഭാഗങ്ങളിലും ഈ വര്‍ഷാവസാനം വ്യാപകമായ ക്ഷാമം നേരിടുമെന്നും പതിനായിരങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്നും പറയുന്നു. ആഫ്രിക്കയെ ഗുരുതരമായി ബാധിക്കുന്നതോടൊപ്പം ഇന്ത്യയേയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളേയും ഇത് സാരമായി ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപിക്കുന്നു. യൂണിസെഫും സേവ് ദി ചില്‍ഡ്രന്‍ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍ അനുഭവിക്കാത്ത ദാരിദ്ര്യമായിരിക്കും പാവപ്പെട്ട കുടുംബങ്ങളെ കാത്തിരിക്കുന്നത് എന്നാണ്. ദാരിദ്ര്യം ബാധിക്കുന്നത് രണ്ട് രൂപത്തിലായിരിക്കുമെന്നും ആദ്യം ഭക്ഷണം കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണമില്ലാതാവുകയും തുടര്‍ന്ന് ചികിത്സ വിദ്യാഭ്യാസം എന്നിവ തടസ്സപ്പെടുകയും ചെയ്യുമെന്നാണ്. ദാരിദ്ര്യത്തിന്റെ വിപത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയായിരിക്കും. അതുകൊണ്ടുതന്നെ മഹാമാരിയുടെ കെടുതി കുട്ടികളെ ബാധിക്കാതെ തടയാനുള്ള ബാധ്യത നമുക്കുണ്ട് എന്നാണ് സേവ് ദി ചില്‍ഡ്രന്‍ സി ഇ ഒ ഇംഗര്‍ ആഷിങ് പറയുന്നത്.
ഒരു രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് സാമ്പത്തിക ഭദ്രതയും സാമൂഹിക പരിഗണനയും സുസ്ഥിരതയും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ എട്ടു കോടി വരുന്ന അടിസ്ഥാന വര്‍ഗങ്ങളുടെയും വിശിഷ്യാ അല്‍വിറാ ഖാത്തൂനെപ്പോലെയുള്ള കുടിയേറ്റ തൊഴിലാളികളുടെ സാമ്പത്തിക നില അതിദയനീയവും ശോചനീയവുമാണ്. ഇന്ത്യയിലെ പൊതുഖജനാവിലെ പണം പൊതുജനങ്ങള്‍ക്കും വിശിഷ്യാ അടിസ്ഥാന വര്‍ഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ചിന്തയും ബോധവുമില്ലാതെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 20 ലക്ഷം കോടി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. കൂടിയേറ്റ തൊഴിലാളികള്‍ക്ക് വീടണയാന്‍ ഒരു സാമ്പത്തികവും മാറ്റിവെക്കാത്ത ഭരണകൂടം ബോധപൂര്‍വ്വം നിരാലംബരായ മനുഷ്യരേയും കുട്ടികളേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
യു പിയില്‍ നിന്നും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണം കോവിഡ് കണക്കെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 50 ദിവസത്തിനകം നൂറിലധികം പേരാണ് ദയനീയമായി കൊല്ലപെട്ടത്. മെയ് ഏഴിന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 16 തൊഴിലാളികള്‍ ചരക്ക് വണ്ടിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടതും, യു പിയിലെ ഔരിയയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുമായി യാത്ര ചെയ്ത രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചു 26 പേര്‍ മരണമടഞ്ഞതും. ഝാര്‍ഖണ്ഡ്, ബിഹാര്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ മൂന്ന് ട്രക്കുകളിലായാണ് യുപി അധികൃതര്‍ കയറ്റി അയക്കുകയുമുണ്ടായി. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ആവശ്യപ്രകാരം പ്രയാഗ് രാജില്‍ വച്ച് മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് മാറ്റുന്ന സമയത്ത് അഴുകി തുടങ്ങുകയും ദുര്‍ഗന്ധം വമിക്കും ചെയ്യുകയുണ്ടായി. ജീവിതത്തിലും മരണത്തിലും കടുത്ത അവഗണനയും അവജ്ഞയും നേരിട്ടുകൊണ്ടിരിക്കുന്ന ദരിദ്രതൊഴിലാളികള്‍ വിഭാഗങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ വ്യാവസായിക കാര്‍ഷിക നിര്‍മ്മാണ മേഖലകളിലെല്ലാം വിയര്‍പ്പൊഴുക്കി ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. പലായനം ചെയ്തുകൊണ്ടിരിക്കുന്ന ഈ അശരണരായ തൊഴിലാളികള്‍ തിരിച്ചു വന്നില്ലായെങ്കില്‍ ഇന്ത്യയുടെ അന്നം തന്നെ മുടങ്ങാനിടയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ഇന്ത്യയുടെ ആത്മാവുമായി എത്രത്തോളം ഒട്ടിനില്‍ക്കുന്നതാണ് ഈ തൊഴിലാളികളെന്ന ബോധമാണ് ഭരണകൂടം മറച്ചുവെക്കുന്നത്.
കൂട്ടംകൂട്ടമായി മരണത്തിന് കീഴ്‌പ്പെടുന്ന അരികുവത്കരിക്കപ്പെട്ട തൊഴിലാളികളെ വലിയ ദുരന്തത്തിന്റെ ഇരകളായാണ് ഭരണകൂടം എല്ലായ്‌പ്പോഴും പരിചയപ്പെടുത്താറുള്ളത്. 1984ല്‍ ഭോപാലില്‍ നാലായിരത്തോളം കുട്ടികളുള്‍പ്പെടുന്ന തൊഴിലാളികള്‍ നീറി മരിച്ചതും, കഴിഞ്ഞ മെയ് 27-ന് വിശാഖപട്ടണത്ത് എല്‍ ജി പോളിമേഴ്‌സ് കമ്പനിയിലുണ്ടായ ചോര്‍ച്ചയില്‍ ആയിരത്തോളംപേര്‍ കുഴഞ്ഞു വീഴുകയും 11 പേര്‍ മരിച്ചതുമെല്ലാം ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയും തികഞ്ഞ ഒത്താശയുമാണ്. ഭോപാലിലെ യൂണിയന്‍ കാര്‍ബെയ്ഡ് സി ഇ ഒ വാറന്‍ ആന്റേഴ്‌സണിനെ ചോദ്യം ചെയ്യാതെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്മതിക്കുകകൂടി ചെയ്തു ഭരണകൂടം. യഥാര്‍ഥത്തില്‍ ഇവയൊന്നും ദുരന്തങ്ങളുടെ ഗണത്തിലേക്ക് തള്ളിവിടേണ്ടതല്ല മറിച്ച് ഭരണകൂട കൊലപാതകങ്ങള്‍ തന്നെയാണ്.
എവിടെയാണോ അവിടെ തുടരുക എന്ന പ്രധാനമന്ത്രിയുടെ ലോക്ഡൗണ്‍ മുദ്രാവാക്യം മുറുകെ പിടിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ കേസിലെ വാദം കേള്‍ക്കുകയായിരുന്ന സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചത് എന്തുകൊണ്ടാണ് രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളില്‍ ആവശ്യത്തിലധികം ഭക്ഷ്യധാന്യം കിടന്നിട്ടും കുടിയേറ്റ തൊഴിലാളികള്‍ക്ക് കൊടുക്കാത്തത് എന്നാണ്. സമൂഹത്തിന്റെ പുറംപോക്കില്‍ ജീവിതം കഴിച്ചുകൂട്ടുന്ന ഈ ദുര്‍ബല വിഭാഗത്തിന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീരിനെ തുടച്ചു മാറ്റുക എന്നതായിരുന്നു ഗാന്ധിജി സ്വപ്‌നം കണ്ട സ്വതന്ത്ര ഇന്ത്യയുടെ ധര്‍മം. എന്നാല്‍ ഗാന്ധിജിയെ വധിച്ചുകൊണ്ടിരിക്കുന്ന ഘാതക ഭരണകൂടത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാത്തിടത്തോളം കാലം ഫാസിസത്തിന്റെ മുട്ടുകാലിനടിയില്‍ മതേതര ഇന്ത്യ ശ്വാസംമുട്ടി കൊണ്ടേയിരിക്കും.`