24 Tuesday
December 2024
2024 December 24
1446 Joumada II 22

ഡോ. ബാബ സാഹേബ് ബി ആര്‍ അംബേദ്കറുടെ സാമൂഹിക ജനാധിപത്യ ചിന്തകള്‍

ഡോ. കെ എസ് മാധവന്‍


ഒരു ജനാധിപത്യ നീതിക്രമം പുലരുന്നതിന് മുന്നോടിയായി രൂപപ്പെടേണ്ട ഒന്നാണ് സിവില്‍ സമൂഹ രൂപീകരണം. ഇന്ത്യയില്‍ ഒരു സിവില്‍ സമൂഹത്തെ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് കാര്യമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായി വന്നതാകട്ടെ സങ്കീര്‍ണമായ ഒരു കൊളോണിയല്‍ പൊതുമണ്ഡലമായിരുന്നു. കൊളോണിയല്‍ ഭരണക്രമത്തിന്റെ ഭാഗമായി ഉണ്ടായി വന്ന മാറ്റത്തിന്റെയും രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെയും ഭാഗമായി ജാതി ഹിന്ദുക്കള്‍ക്ക് കുത്തക നിലനിര്‍ത്തുന്ന തരത്തില്‍ സാമ്പത്തിക ക്രമവും സാമൂഹിക ബന്ധങ്ങളും ക്രമപ്പെടുത്തുകയാണ് ബ്രിട്ടീഷ് ഭരണത്തില്‍ സംഭവിച്ചത്.
ജാതി വരേണ്യര്‍ക്ക് സാമൂഹിക രാഷ്ട്രീയാധികാരങ്ങള്‍ കുത്തകയായി നിലനിര്‍ത്തുന്ന സിവില്‍ സാമൂഹിക ബന്ധങ്ങളാണ് കൊളോണിയല്‍ ആധുനികതയുടെ പശ്ചാത്തലത്തില്‍ ഉണ്ടായി വന്നത്. ഇതുകൊണ്ടു തന്നെ നീതിയിലും പൗരാവകാശങ്ങളിലും അടിസ്ഥാനമാക്കുന്ന ഒരു കൊളോണിയല്‍ പൊതുമണ്ഡലവും സിവില്‍ അവകാശങ്ങളും, കീഴാളരും അയിത്തക്കാരുമായ സമൂഹങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍, കീഴോര്‍ സമൂഹങ്ങള്‍ക്ക് ജാതി വിരുദ്ധ സിവില്‍ സമൂഹത്തിനായുള്ള പൗരാവകാശ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരണമായിരുന്നു.
ജാതി ഹിന്ദുക്കളുടെ വിവിധ തരത്തിലുള്ള അധികാര കുത്തകക്കെതിരായി സാമൂഹിക നീതിക്കായും അവസര സമത്വത്തിനുമായുള്ള സമരങ്ങള്‍ ജാതി വിരുദ്ധ സാമൂഹിക നീതി പ്രസ്ഥാനങ്ങളായിട്ടാണ് കീഴാള സമൂഹങ്ങള്‍ വളര്‍ത്തി കൊണ്ടുവന്നത്. ജാതിഹിന്ദുക്കളുടെ ത്രൈവര്‍ണ്ണിക ആധിപത്യത്തെയും ബ്രാഹ്മണ്യ-ഹിന്ദുവ്യവസ്ഥയെയും ജ്ഞാനപരവും സാംസ്‌കാരികവുമായി വെല്ലുവിളിക്കുന്ന ജനാധിപത്യ രാഷ്ട്രീയം ഉയര്‍ത്തി കൊണ്ടാണ് അഹിന്ദു ചരിത്ര കര്‍തൃത്വങ്ങളുള്ള കീഴോര്‍ സമൂഹങ്ങള്‍ കൊളോണിയല്‍ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയമായി ഇടപെടുന്നത്.

പരിഷ്‌ക്കരണവും
ദേശീയതയും

പാശ്ചാത്യ ആധുനികതയുടെ സ്വതന്ത്രചിന്തയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെ യുക്തിബോധവും അന്വേഷണത്വരയും കൊളോണിയല്‍ ആധുനികതയിലൂടെ ലഭ്യമായ ശാസ്ത്രാഭിമുഖ്യവും സ്വീകരിച്ചു കൊണ്ടായിരുന്നില്ല ത്രൈവര്‍ണിക ഹിന്ദുക്കളിലെ പരിഷ്‌കരണ വാദികള്‍ തങ്ങളുടെ സാമൂഹിക ബന്ധങ്ങളെയും ആത്മീയ ജീവിതത്തെയും ഭൗതിക ജീവിത പ്രക്രിയകളെയും സമീപിച്ചത്. കൊളോണിയലിസത്തിന്റെ ഭാഗമായി ഉണ്ടായി വന്ന വ്യക്തി വാദത്തില്‍ ഊന്നുന്ന ഉപയുക്തതായുക്തിയും ശാസ്ത്രത്തിന്റെ പേരിലുള്ള സാങ്കേതിക വാദവും അതിന്റെ സൗകര്യങ്ങളെയും സാമുദായികമായി കുത്തകയാക്കുന്ന രീതിയിലാണ് വരേണ്യജാതി ഹിന്ദുക്കളുടെ ആധുനികവത്കരണ പ്രക്രിയയുടെ പ്രധാന സ്വഭാവം. ജനാധിപത്യത്തിന്റെയും തുല്യനീതിയുടെയും പൗരത്വ വിചാരത്തിന്റെയും സമത്വ ഭാവനയുടെയും ആധുനിക ആശയങ്ങള്‍ക്കു പകരം തങ്ങളുടെ വര്‍ണ-ജാതിപാരമ്പര്യത്തെ ആധുനികവല്‍കരിക്കുകയും പാശ്ചാത്യ ശാസ്ത്ര ചിന്തയ്ക്ക് പകരമായി സാങ്കേതിക വിദ്യയെ മാത്രം സ്വീകരിക്കുന്ന ഉപകരണ യുക്തിയുമാണ് അവര്‍ ഉള്‍കൊണ്ടത്. ഇതു മൂലം ബ്രാഹ്മണ്യ ജാതി ഹിന്ദുപാരമ്പര്യങ്ങളെ അതിലംഘിച്ച് ജനാധിപത്യ പൗരസമൂഹമായി മാറാനും സമത്വനീതി വിചാരത്തെ പൊതുബോധമാക്കാനും ജാതിഹിന്ദുക്കളുടെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. തന്മൂലം പാരമ്പര്യങ്ങളിലേക്ക് തിരിച്ച് പോകാനും പാരമ്പര്യങ്ങളെ ആധുനികവല്‍കരിക്കാനുമുള്ള സംരംഭങ്ങളായി ഇവരുടെ മുന്നേറ്റങ്ങള്‍ മാറുകയാണുണ്ടായത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആദര്‍ശവത്കരണം ഓറിയന്റല്‍ കൊളോണിയല്‍ പണ്ഡിതരും ത്രൈവര്‍ണിക ജാതി ഹിന്ദുക്കളും നടത്തുന്നത് ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥയുടെ ചൂഷണ ക്രമത്തെയും പുറന്തള്ളല്‍ രൂപങ്ങളെയും അസമത്ത രീതികളെയും മറച്ചുവച്ചു കൊണ്ടായിരുന്നു. യൂറോപ്യന്‍ കാല്പനികവാദവും ഇന്ത്യന്‍ വരേണ്യരുടെ ജാതി-വംശീയബോധ്യങ്ങളും ത്രൈവര്‍ണിക സാംസ്‌കാരികാഭിനിവേശവും കൂടിച്ചേര്‍ന്ന സാംസ്‌ക്കാരിക വൈജ്ഞാനിക-കോയ്മ ആധുനിക യൂറോപ്യന്‍ വിജ്ഞാനത്തിന്റെ മുന്നില്‍ സ്വയം കീഴ്‌പെട്ടു നില്‍ക്കേണ്ട അവസ്ഥ കൊളോണിയല്‍ ഭരണത്തില്‍ സംഭവിച്ചു. പാരമ്പര്യമായ സംസ്‌കൃത വിജ്ഞാനം കൊണ്ട് പാശ്ചാത്യ വിജ്ഞാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭരണകൂടാധികാരത്തെയും പ്രതിരോധിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ത്രൈവര്‍ണിക സാംസ്‌കാരിക മൂല്യങ്ങളെ അടിസ്ഥാനമാക്കുന്ന ദേശീയതയായി വരേണ്യ മൂല്യങ്ങള്‍ വേഷപ്പകര്‍ച്ച നേടിയത്.
ഇന്ത്യയെ ഭരിക്കുന്നതിന് തദ്ദേശീയരായ ജാതി ഹിന്ദുക്കളെ അനുസരണയുള്ള കൊളോണിയല്‍ ദാസന്മാരായി മാറ്റി തീര്‍ത്തു കൊണ്ട് പാരമ്പര്യ സംസ്‌കൃത വിജ്ഞാനത്തെ യൂറോപ്യന്‍ ജ്ഞാനവ്യവസ്ഥയ്ക്ക് കീഴിലാക്കുന്ന രീതിയാണ് ബ്രിട്ടീഷുകാര്‍ സ്വീകരിച്ചിരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ആധിപത്യത്തിന്റെ തുടര്‍ച്ചയ്ക്കും കൊളോണിയല്‍ ഭരണം കാര്യക്ഷമമായി തുടരുന്നതിനും ത്രൈവര്‍ണിക ജാതിഹിന്ദുക്കളെ ബ്രീട്ടീഷ് ഭരണവ്യവസ്ഥയിലേക്ക് ഉദ്യോഗസ്ഥ വൃന്ദമായി ഉള്‍ഗ്രഥിക്കുകയും ഭൂവുടമസ്ഥരെയും മറ്റും കൊളോണിയല്‍ ചൂഷണത്തിന്റെ ഇടനിലക്കാരും പങ്കുകാരുമാക്കുന്ന രീതിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അനുവര്‍ത്തിച്ചത്.
തന്മൂലം ത്രൈവര്‍ണിക ജ്ഞാനവ്യവസ്ഥയെയും വര്‍ണവരേണ്യ മൂല്യങ്ങളെയും ജാതിവ്യവസ്ഥയെയും പാരമ്പര്യ ബന്ധങ്ങളെയും ജീവിതക്രമങ്ങളെയും തകര്‍ക്കുന്ന ഒരു ഭരണവ്യവസ്ഥയെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചില്ല. ത്രൈവര്‍ണിക ജാതി ഹിന്ദുക്കള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന പരിഷ്‌കരണ ആവശ്യങ്ങളെ മാത്രം അംഗീകരിക്കുകയും, പൊതുവെ ജാതി വര്‍ണ മൂല്യങ്ങളിലും ആചാര മര്യാദകളിലും ഇടപെടാത്തതുമായ നയമാണ് ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ അനുവര്‍ത്തിച്ചത്. ഇതുമൂലം സാമൂഹിക പരിഷ്‌കരണത്തെയോ പരിവര്‍ത്തനത്തെയോ മുന്‍നിര്‍ത്തിയുള്ള സിവില്‍ സമൂഹനിര്‍മാണത്തെയും സാമൂഹിക ജനാധിപത്യം പുലരുന്ന സാമൂഹിക ബന്ധങ്ങളെയും സൃഷ്ടിക്കാന്‍ ബ്രീട്ടിഷുകാര്‍ ഭരണനയങ്ങളില്‍ കാര്യമായ ഒരു നയവും പിന്തുടര്‍ന്നില്ല.
കൊളോണിയല്‍ ചൂഷണത്തെ ഉറപ്പിക്കുന്നതിനും തുടരുന്നതിനും അടിത്തട്ടു സമൂഹങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളെ കൊള്ള ചെയ്യാനുമുള്ള എളുപ്പ മാര്‍ഗമെന്ന നിലക്ക്, പാരമ്പര്യമായി ഇന്ത്യന്‍ വരേണ്യര്‍ നിലനിര്‍ത്തുന്ന സാമൂഹിക സാംസ്‌കാരിക അടിച്ചമര്‍ത്തല്‍ രൂപങ്ങള്‍ക്ക് നിയമ പിന്തുണ നല്‍കുന്ന ഭൂവുടമാ വ്യവസ്ഥിതിയും സാമൂഹിക നിയമങ്ങളും ബ്രീട്ടിഷ് നിയമ വ്യവസ്ഥയുടെ സംരക്ഷണത്തില്‍ പരിഷ്‌കരിച്ചു പുനഃസംഘടിപ്പിച്ചു നിലനിര്‍ത്താനാണ് ബ്രിട്ടീഷ് ഭരണം ശ്രമിച്ചത്. തന്മൂലം ജാതി ഹിന്ദുക്കളുടെ ആശയവ്യവസ്ഥയും സാമൂഹിക അധികാരവും സാംസ്‌കാരിക അധീശത്വവും ബ്രിട്ടീഷ് നിയമ സംവിധാനങ്ങളിലൂടെയും ഭരണവ്യവസ്ഥയിലൂടെയും നില നിര്‍ത്തുകയും, അവ പരിഷ്‌കരിക്കപ്പെട്ട് കൊളോണിയല്‍ ഭരണത്തിന്റെ തുടര്‍ച്ചക്കാവശ്യമായ സാധൂകരണ ഉപാധികളായി തീരുകയുമാണുണ്ടായത്. ഇങ്ങനെ കൊളോണിയല്‍ ഭരണം ത്രൈവര്‍ണിക ജാതി ഹിന്ദുക്കളിലൂടെ നടപ്പാക്കപ്പെട്ട അടിച്ചമര്‍ത്തല്‍ വ്യവസ്ഥയും ജാതി ഹിന്ദുവ്യവസ്ഥയുടെ സാംസ്‌ക്കാരിക കോയ്മയ ഭരണകൂടാധികാരവുമായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിലനിന്നത്.

ജാതി വ്യവസ്ഥയും
തരംതിരിച്ച അസമത്വവും

ജാതി ബ്രാഹ്മണ്യം അപരജനതകളെ അഴുക്കു ശരീരമായി മാറ്റി തീര്‍ക്കുകയും വര്‍ണ ബാഹ്യരായി സ്ഥാനപ്പെടുത്തുകയും ചെയ്തു. അയിത്തക്കാരായി മാറിയ അസ്പൃശ്യ സമുദായങ്ങളെ ജാതി ബ്രാഹ്മണ്യത്തിന് സാമൂഹികവും സാംസ്‌കാരികവുമായി പുറന്തള്ളിയും കൂട്ടിനിര്‍ത്തിയും മാത്രമേ നിലനില്‍ക്കാന്‍ കഴിയുമായിരുന്നുള്ളു. ഒന്നാമതായി വിവിധ ബ്രാഹ്മണഗോത്രങ്ങളിലെ സ്ത്രീകളെ ബ്രാഹ്മണ്യം ആചാരശരീരവും ശുദ്ധിഹിംസയില്‍ തളച്ചിടേണ്ടവരുമായി സ്ഥാനപ്പെടുത്തി. ബ്രാഹ്മണ ആണധികാരത്തിന്റെ രതിഹിംസയ്ക്കും ശുദ്ധി വരേണ്യതയ്ക്കും വിവിധ ബ്രാഹ്മണ ഗോത്രങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ സ്ത്രീകളുടെ ലൈംഗീകതയും കാമനയും പ്രജനനവും നിയന്ത്രിക്കേണ്ടത് ആവശ്യമായി വന്നു. ബ്രാഹ്മണ സ്ത്രീകള്‍ ബ്രാഹ്മണ പുരുഷന്മാരുടെ ശുദ്ധിവരേണ്യത നിലനിര്‍ത്താന്‍ അടിമപ്പെട്ട ലൈംഗിക ശരീരങ്ങളായി മാറി. വിവിധ ബ്രാഹ്മണ ഗോത്രങ്ങളിലെ സ്ത്രീകളെ ബ്രാഹ്മണ കുലങ്ങളുടെ ശുദ്ധി പരിപാലിക്കേണ്ട ശരീരങ്ങളായി മാറ്റി കൊണ്ടാണ് ബ്രാഹ്മണ പൗരോഹിത്യം ശുദ്ധി വരേണ്യതയില്‍ അടിസ്ഥാനപ്പെടുത്തുന്ന സാംസ്‌കാരികാധിനിവേശം സാധ്യമാക്കിയത്.
ബ്രാഹ്മണ സ്ത്രീകളുടെ ലൈംഗീകതയും കാമനയും പ്രജനനശേഷിയും മറ്റു ഗോത്രങ്ങളുമായും ബ്രാഹ്മണ ഇതര വര്‍ണങ്ങളുമായും തദ്ദേശീയ ഗോത്രങ്ങളുമായും പങ്കുവെക്കാതിരിക്കാന്‍ സ്ത്രീകളുടെ ലൈംഗീകതയെ ഗോത്രത്തിനുള്ളില്‍ തളച്ചിടുന്നതിനായി കുലസ്ത്രീ സങ്കല്പവും പതിവ്രതാ സങ്കല്പവും ബ്രാഹ്മണ്യ സംസ്‌കാരം രൂപപ്പെടുത്തി. വിവിധ ബ്രാഹ്മണ ഗോത്രങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗീകതയെ സ്‌ഫോടന ശേഷിയുള്ള ലൈംഗീക ശരീരമായിട്ടാണ് ബ്രാഹ്മണ പുരുഷാധിപത്യ ബോധം പരിഗണിച്ചിരുന്നത്. സ്ത്രീകള്‍ വിവിധ ബ്രാഹ്മണ ഗോത്രങ്ങളില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആകാതിരിക്കാന്‍ ചില സാംസ്‌കാരിക ക്രമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. പെണ്‍കുട്ടികളെ ബാല്യവിവാഹം നടത്തിയും അന്തര്‍കുലവിവാഹം ഒരു സമ്പ്രദായമായി മാറ്റി തീര്‍ത്തുമാണ് സ്ത്രീകളുടെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ട് ബ്രാഹ്മണ്യം ഒരു ആണധികാര ക്രമമായി വളര്‍ന്നു വന്നത്.
ശുദ്ധിവരേണ്യതയും ഗോത്രശുദ്ധിവാദവും ബ്രാഹ്മണ ആണധികാരത്തിന്റെ സ്ത്രീവിരുദ്ധതയും സ്ത്രീലൈംഗീകതയെ അടിച്ചൊതുക്കുന്ന പുരുഷകോയ്മയുടെ അടിസ്ഥാനസ്വഭാവമാണ്. ബ്രാഹ്മണ്യ-പുരുഷാധിപത്യത്തിന്റെ നിലനില്‍പ്പിന് അന്തര്‍കുല വിവാഹവും (Endogamy) സ്ത്രീ ലൈംഗികതയുടെ നിയന്ത്രണവും ആവശ്യമായി തീരുന്നു. ബ്രാഹ്മണ ഗോത്രങ്ങള്‍ അവരിലെ സ്ത്രീകളെ ലൈംഗികമായി നിയന്ത്രിക്കുന്ന അന്തര്‍കുല വിവാഹത്തില്‍ നിന്നും ബ്രാഹ്മണ ജാതിവിവാഹ സമ്പ്രദായമായി പരിവര്‍ത്തിക്കപ്പെട്ടപ്പോള്‍ ബ്രാഹ്മണ്യം ജാതി പുരുഷാധിപത്യവും ജാതിശുദ്ധിവാദവുമായി മാറി. ശുദ്ധിവരേണ്യതയില്‍ നിലനില്‍ക്കുന്ന ഈ ആധിപത്യ ക്രമത്തിന് ശൂദ്രരെയും തദ്ദേശീയ ഗോത്രങ്ങളെയും വിവിധ പ്രാദേശിക കുലങ്ങളെയും ഹീനരും അസ്പൃശ്യരുമായി മാറ്റിത്തീര്‍ത്തുകൊണ്ട് മാത്രമേ ശുദ്ധി വരേണ്യതയില്‍ നിലനില്‍ക്കാന്‍ കഴിയുമായിരുന്നുള്ളു. വിവിധ സാമൂഹിക വിഭാഗങ്ങളെ കര്‍മകാരന്മാരും ദാസരുമായി മാറ്റി തീര്‍ത്ത് കൊണ്ട് ശൂദ്രപദവി ചാര്‍ത്തികൊടുക്കുകയും ഹീനത അത്യാരോപിക്കുകയും ചെയ്തു.
അസ്പൃശ്യതയും അഴുക്കു ശരീരവും അത്യാരോപിക്കുന്ന സാംസ്‌കാരിക ഉപായങ്ങള്‍ ആചാരങ്ങളിലൂടെയും സ്ഥാനമാന പദവി രൂപങ്ങളിലൂടെയും കര്‍മ സിദ്ധാന്തത്തിന്റെയും പുനര്‍ജന്മ സങ്കല്പങ്ങളിലൂടെയും ജ്ഞാന പദ്ധതിയും ധര്‍മ വ്യവസ്ഥയുമായി സൃഷ്ടിച്ചെടുത്തു. വേദസാഹിത്യങ്ങളെയും ധര്‍മശാസ്ത്രങ്ങളെയും അടിസ്ഥാന പ്രമാണങ്ങളാക്കി സ്ത്രീ പുരുഷഭേദങ്ങളെയും സാമൂഹിക ഭേദരൂപങ്ങളെയും ധര്‍മമായി വ്യവഹരിക്കുന്ന ചിന്താപദ്ധതികള്‍ പുരോഹിത ബ്രാഹ്മണ്യാധികാരം സൃഷ്ടിച്ചെടുത്തു. അംബേദ്കര്‍ ഇന്ത്യയിലെ ജാതികള്‍ എന്ന പ്രബന്ധത്തില്‍ ബ്രാഹ്മണ പൗരോഹിത്യം അന്തര്‍കുല വിവാഹക്രമത്തെ ബ്രാഹ്മണ ആണ്‍കോയ്മാ വ്യവസ്ഥയാക്കി തീര്‍ത്ത പ്രക്രിയയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്.
ബ്രാഹ്മണകുലങ്ങളിലെ സ്ത്രീകളുടെ ലൈംഗീകതയെ നിയന്ത്രിക്കുന്നതിന് ശുദ്ധിയെ അടിസ്ഥാനപ്പെടുത്തുന്ന നിയന്ത്രണ രൂപങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ബ്രാഹ്മണ ഗോത്രങ്ങള്‍ അന്തര്‍കുല വിവാഹ വൃത്തവും പുരുഷാധിപത്യ ക്രമവുമായി മാറ്റിയത്. ബ്രാഹ്മണ പുരുഷാധിപത്യം എന്ന സങ്കല്പത്തെ അംബേദ്കര്‍ അന്തര്‍വിവാഹക്രമവും ജാതിയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇതുകൊണ്ടാണ് അംബേദ്കര്‍ ജാതി ഒരു അടഞ്ഞ വര്‍ഗ്ഗമായി (Enclosed Class) നിര്‍വചിച്ചത്. അന്തര്‍കുല വിവാഹക്രമത്തിലൂടെ സ്ത്രീകളുടെ ലൈംഗീകതയും പ്രജനനവും കുലങ്ങള്‍ക്കുള്ളില്‍ കീഴ്‌പെടുത്തി നിര്‍ത്തുന്ന പുരുഷകോയ്മയും പ്രജനനത്തെ ജൈവികമായി നിയന്ത്രിക്കുന്ന അടഞ്ഞ വിവാഹവൃത്തവുമായി ജാതി മാറുകയും ചെയ്തു.
ജീവിത രൂപങ്ങളെയും ജീവിത പ്രവൃത്തികളെയും അധ്വാന രൂപങ്ങളെയും അറിവിനെയും സാങ്കേതിക വിദ്യയെയും നിപുണതയെയും ജാതി വൃത്തത്തിനുള്ളില്‍ നിലനിര്‍ത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ജാതി അടഞ്ഞ വൃത്തവും സാമൂഹിക തൊഴില്‍ വിഭജനവുമായി നിലനില്‍ക്കുന്നു. ലൈംഗികതയെയും തൊഴില്‍ പ്രവര്‍ത്തികളെയും സംവൃതമായി നിലനിര്‍ത്തുന്ന ജാതി തൊഴില്‍ വിഭജനമെന്നത് ജൈവീകവും സാമൂഹികവുമായ അടഞ്ഞ വേലിക്കെട്ടായി മാറുന്നു. ജീവിത പ്രവര്‍ത്തികളൊടോപ്പം അത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ശരീരങ്ങളെ അടഞ്ഞ സാമൂഹിക വൃത്തത്തിനുള്ളില്‍ ഇണചേരലും പ്രജനനവും നിയന്ത്രിക്കുന്ന ഒന്നായി ജാതി പ്രവര്‍ത്തിക്കുന്നു. ഈ പ്രക്രിയ തൊഴില്‍ വിഭജനവും അന്തര്‍കുലവിവാഹക്രമവും പാരമ്പര്യ തൊഴിലുമായി മാത്രം കാണുന്ന രീതിയെ മറികടക്കുന്ന സാധ്യത തുറന്നു വയ്ക്കുക കൂടിയാണ് അംബേദ്കര്‍ ഇന്ത്യയിലെ ജാതികള്‍ എന്ന പ്രബന്ധത്തില്‍ ചെയ്യുന്നത്.
ജാതിയെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് ബ്രാഹ്മണ്യത്തെ ഇന്ത്യയുടെ കോയ്മാ പ്രത്യയശാസ്ത്രവും പ്രതിവിപ്ലവ ആശയവുമായി വിശദീകരിക്കാനാണ് അംബേദ്കര്‍ ശ്രമിച്ചിട്ടുള്ളത്. ബ്രാഹ്മണ്യം ബ്രാഹ്മണര്‍ക്കു മാത്രമുള്ള ഒരു ദാര്‍ശനിക പദ്ധതിയും കോയ്മ വ്യവസ്ഥയും അല്ല; ത്രൈവര്‍ണികര്‍ക്കും ജാതിഹിന്ദുക്കള്‍ക്കും ശുദ്ധി വരേണ്യതയും ജാതിവംശീയ കോയ്മയും സ്ഥാപിച്ചുറപ്പിച്ച് ഭൂരിപക്ഷം വരുന്ന സ്ത്രീകളെയും അധ്വാനിക്കുന്ന ജനസഞ്ചയങ്ങളെയും അപര ജനതകളെയും കീഴായ്മയിലും ദാസ്യത്തിലും നിലനിര്‍ത്തുന്ന പ്രത്യയബോധവും ആശയ സംഹിതയും സമ്പദ്ക്രമവുമാണ് ബ്രാഹ്മണ്യം. തരംതിരിവ് അസമത്വവും സാമൂഹിക പുറന്തള്ളലും ജാതി ഭേദങ്ങളുടെ ഏറ്റിറക്കക്രമങ്ങളും ബ്രാഹ്മണ്യ പുരുഷാധിപത്യ കോയ്മയും ത്രൈവര്‍ണികരുടെ സമ്പദ്-അധികാര വ്യവസ്ഥയും ജാതിഹിന്ദുക്കളുടെ നിലീനമായ ഭരണകൂടാധിപത്യമായിട്ടാണ് നിലനിന്നത് (Deep State).

ജാതി ബ്രാഹ്മണ്യവും
സാമൂഹിക ജനാധിപത്യവും

ഇന്ത്യയില്‍ ബ്രീട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ ആധിപത്യത്തിനെതിരെ ഉണ്ടായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ദേശീയതയുടെ ആദ്യകാല ആവിഷ്‌കാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സാംസ്‌ക്കാരിക പലമകളും മതജാതി സ്വത്വങ്ങളും നിലനിന്നിരുന്ന ഇന്ത്യയില്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ സ്വഭാവത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഉണ്ടായിവന്ന ദേശീയതയും കൊളോണിയല്‍ വിരുദ്ധ മനോഭാവവും സാമൂഹികം, രാഷ്ട്രീയം എന്നിവയില്‍ ഊന്നി കൊണ്ട് ബ്രിട്ടീഷ് കൊളോണിയലിസത്തെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ തദ്ദേശീയരായ വരേണ്യരുടെ പങ്കാളിത്തത്തെപ്പറ്റി ആകുലപ്പെടുന്ന പ്രസ്ഥാനമായിട്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായി വന്നത്. എന്നാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പരിഷ്‌കരണത്തിനായുള്ള ശ്രമങ്ങള്‍ ഗുണപരമായ സാമൂഹിക പരിഷ്‌കരണത്തില്‍ ഊന്നുന്നതാവണമെന്ന് വാദിച്ച വ്യക്തികളും ആശയങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യയില്‍ നടന്ന സാമൂഹിക നവോത്ഥാനത്തെ അടിസ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയ പരിവര്‍ത്തനമാണ് നടക്കേണ്ടതെന്ന വാദക്കാരായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനത്തില്‍ പങ്കാളികളായവര്‍. എന്നാല്‍ സാമൂഹിക പരിഷ്‌കരണത്തേക്കാള്‍ രാഷ്ട്രീയ പരിഷ്‌കരണത്തിന് വേണ്ടി വാദിച്ചവരായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്തിരുന്നത്. മഹാത്മാഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസില്‍ ഉണ്ടാകുന്നത് വരെ സാമൂഹിക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയായിരുന്നില്ല. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന വര്‍ണ-ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ഒരു രാഷ്ട്രീയ പ്രശ്‌നമായി കാണുവാന്‍ ആദ്യകാല ദേശീയവാദികളില്‍ ആരും തന്നെ തയ്യാറായിരുന്നില്ല.
സാമൂഹിക മുന്നേറ്റങ്ങളെയും സാമൂഹിക മാറ്റങ്ങളെയും തുടര്‍ന്ന് ഉണ്ടായിവരേണ്ടതാണ് രാഷ്ട്രീയ പരിവര്‍ത്തനം എന്നതായിരുന്നു സാമൂഹിക പരിഷ്‌കരണത്തിനായി വാദിച്ചവരുടെ നിലപാട്. ജ്യോതിറാവു ഫുലെ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ വരെയുള്ളവര്‍ ഈ ആശയക്കാരായിരുന്നു. ഇവരുടെ ആശയങ്ങളും ഇവര്‍ നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളും ജനാധിപത്യ സാഹോദര്യ മുന്നേറ്റങ്ങളായിരുന്നു. സാമൂഹിക സമത്വവും തുല്യതയില്‍ നിലനില്‍ക്കുന്ന ജനായത്തവും അധികാര പങ്കാളിത്തവും ഇവരുടെ ആശയങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഈ ആശയങ്ങളെ ഒരു രാഷ്ട്രീയ ചിന്താപദ്ധതിയായി രൂപപ്പെടുത്താനും അത് ദേശീയ പ്രസ്ഥാനത്തിന്റെയുള്ളില്‍ രാഷ്ട്രീയമായി വികസിപ്പിക്കാനുമാണ് അംബേദ്കര്‍ ശ്രമിച്ചത്.
വിദേശീയ കൊളോണിയല്‍ ആധിപത്യത്തിനെതിരായ സമരവും സ്വരാജ് എന്ന ആശയവും സാമൂഹിക അസമത്വവും സാമൂഹിക വിവേചനവും നിലനില്‍ക്കുന്ന ഇന്ത്യയില്‍ അസമത്വ വ്യവസ്ഥിതിയെ മുന്‍നിര്‍ത്തി വിശകലനം ചെയ്യാനാണ് അംബേദ്കര്‍ ശ്രമിച്ചത്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ ചരിത്രത്തുടര്‍ച്ചയുള്ള ഒരു സാമൂഹിക സമ്പദ്ക്രമവും അധികാര വ്യവസ്ഥയുമായി സ്ഥാനപ്പെടുത്തുന്ന ഒരു വിശകലന രീതി അംബേദ്കര്‍ വികസിപ്പിച്ചു. ശ്രേണീകൃത അസമത്വ വ്യവസ്ഥയായി (graded inequality) മാറിയ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതി മതപരമായും തത്വചിന്താപരവുമായ സാധൂകരണമുള്ളതും അധികാരമായി പ്രവര്‍ത്തിക്കുന്ന ജ്ഞാന വ്യവസ്ഥയുമായി അംബേദ്കര്‍ സ്ഥാനപ്പെടുത്തി. പുരോഹിത ബ്രാഹ്മണര്‍ തങ്ങളുടെ വംശത്തിന്റെയും കുലത്തിന്റെയും ശുദ്ധി സ്ഥാപിച്ചുറപ്പിക്കാന്‍ മെനഞ്ഞെടുത്ത ജ്ഞാനപരവും മതപരവുമായ ആധ്യാത്മികവും സനാതനവും ചിരപുരാതനവുമായി സാധൂകരിക്കുന്ന ഒരു ഭേദവ്യവസ്ഥിതിയായി ഇത് നിലനില്‍ക്കുന്നു.
ധര്‍മശാസ്ത്രങ്ങള്‍ എന്നറിയപ്പെടുന്ന നിയമ ചിട്ടകളും ചട്ടങ്ങളും ഈ ഭേദവ്യവസ്ഥിതിയെ സ്ഥാപിച്ചുറപ്പിക്കാന്‍ ചിട്ടപ്പെടുത്തിയതാണ്. സാമൂഹികവും സ്ഥലപരമായും വര്‍ണ-ജാതി സമൂഹങ്ങളെ മേല്‍കീഴായി സ്ഥാനപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്യുന്ന സ്ഥാന-മാനങ്ങളുടെയും, ആഢ്യത്വവും ഹീനതയും അത്യാരോപിക്കുന്നതുമായ വേര്‍തിരിവുകളുടെ സാമൂഹിക വിന്യാസങ്ങളും തരംതിരിച്ച അസമത്വവുമാണ് ഈ വ്യവസ്ഥിതിയുടെ സ്വഭാവം. സാമൂഹിക രാഷ്ട്രീയ സമ്പദ് ക്രമത്തെ സാംസ്‌കാരികവും പ്രതീകാത്മകവുമായ തലങ്ങളില്‍ സ്ഥാനപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ചിന്താ പാരമ്പര്യവും അനുഷ്ഠാനവ്യവസ്ഥയും നിയമ സംവിധാനങ്ങളും നിലനിര്‍ത്തികൊണ്ടാണ് ഇന്ത്യയിലെ അസമത്വം അതിന്റെ സുദീര്‍ഘമായ ചരിത്രത്തുടര്‍ച്ച നിലനിര്‍ത്തിയത്. മതവ്യവസ്ഥയും ധാര്‍മിക ക്രമവും ജ്ഞാനപാരമ്പര്യവും അറിവധികാര ബന്ധങ്ങളും അനുഷ്ഠാനരൂപങ്ങളും പരസ്പരം കൂടിനില്‍ക്കുന്ന ഈ വ്യവസ്ഥിതിയില്‍ മനുഷ്യരും സാമൂഹിക വിഭാഗങ്ങളും പാലിക്കേണ്ട മുറകളും മര്യാദകളും കടമകളും ബാധ്യതകളും ധര്‍മ വ്യവസ്ഥയായി ഭേദരൂപങ്ങളും അടിച്ചമര്‍ത്തല്‍ രൂപങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ വ്യവസ്ഥിതിയെയും അതിന്റെ പ്രവര്‍ത്തന സ്വഭാവത്തെയും ജാതിവര്‍ണ പുരുഷാധിപത്യക്രമത്തിന്റെ തരം തിരിവ് അസമത്വ വ്യവസ്ഥയായി അംബേദ്കര്‍ സ്ഥാനപ്പെടുത്തി.
ഈ വ്യവസ്ഥിതിയുടെ പ്രത്യയബോധവും ദാര്‍ശനിക പാരമ്പര്യവും ചിന്താ പദ്ധതിയും (ideology) ബ്രാഹ്മണപൗരോഹിത്യം ആദര്‍ശവല്‍ക്കരിക്കുന്ന ത്രൈവര്‍ണികരായ സാമൂഹിക വിഭാഗങ്ങളുടെ ആധിപത്യം പാരമ്പര്യമായി നിലനിര്‍ത്തുന്നതാണ്. ഈ അധികാര ഘടന കോയ്മാ വ്യവസ്ഥയായി ജ്ഞാനപാരമ്പര്യവും ദര്‍ശന പദ്ധതിയും രാഷ്ട്രീയ അധികാരഘടനയും സമ്പദ് വ്യവസ്ഥയുമായി നിലനില്‍ക്കുന്നതിനാല്‍ അതിനെ ബ്രാഹ്മണ്യ വ്യവസ്ഥ (brahmanical social order) എന്ന് അംബേദ്കര്‍ വിലയിരുത്തി.

ജാതി
നശീകരണവും
സാമൂഹിക
ജനാധിപത്യവും

ഇന്ത്യയില്‍ സാമൂഹിക തുല്യതയെ അടിസ്ഥാനമാക്കുന്ന ഒരു ജനതാസങ്കല്പം ദേശീയ ജനതാ രൂപീകരണ പ്രക്രിയയിലൂടെ ഉണ്ടായി വരുമോ എന്നതാണ് 1930-കളില്‍ ബി ആര്‍ അംബേദ്കര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഉള്ളില്‍ ഉന്നയിച്ച പ്രധാന രാഷ്ട്രീയ പ്രശ്‌നം. സാമൂഹികമായി ജാതികളാല്‍ വിഭജിതവും വേര്‍തിരിവ് അസമത്വത്തിന്റെ അടിത്തറയില്‍ ചൂഷണവും പുറന്തതള്ളലും അടിച്ചമര്‍ത്തലും നിലനിര്‍ത്തുന്ന ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ ആഭ്യന്തരമായി പുതുക്കി പണിയാതെ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയില്ല എന്നതായിരുന്നു അംബേദ്കര്‍ ഉന്നയിച്ച പ്രധാന രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്ന്. സാമൂഹികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥയാണ് ഇന്ത്യയിലെ ജാതി- ബ്രാഹ്മണ്യ പുരുഷാധിപത്യ വ്യവസ്ഥിതി.
വിവേചനങ്ങള്‍ സമ്പദ്ഘടനയിലും സാമൂഹിക സംവിധാനത്തിലും ദൈനംദിന ജീവിതത്തിലും സാമൂഹിക മര്യാദകളായും സാംസ്‌കാരിക അനുശീലനമായും മതപരമായ ബാധ്യതയായും ശരിതെറ്റുകളുടെയും നന്മതിന്മകളുടെയും വ്യവസ്ഥയായും ജീവിത ക്രമങ്ങളുടെ സാമൂഹികതയുമായി നിലനില്‍ക്കുന്നു. ഇന്ത്യയില്‍ ജാതി ജീവിതങ്ങളെ പുതുക്കി പണിയാതെ ഇന്ത്യക്കാര്‍ക്ക് സ്വരാജിനെ ഭാവനപ്പെടുത്താനും തുല്യതയിലും സാഹോദര്യത്തിലും അടിസ്ഥാനപ്പെടുത്തുന്ന സ്വാതന്ത്ര്യ സങ്കല്പം നിര്‍മിച്ചെടുക്കാനും കഴിയില്ല. സാഹോദര്യത്തിനും സമഭാവനയ്ക്കും സമതയ്ക്കും സ്വാതന്ത്ര്യത്തിനും സാമൂഹിക ജാതിയെ അടിസ്ഥാനമാക്കുന്ന സാമൂഹിക ഭേദരൂപങ്ങളുടെ നശീകരണം ഒരു രാഷ്ട്രീയ കടമയായി ദേശീയ വാദികള്‍ എറ്റെടുക്കണമെന്നാണ് അംബേദ്കര്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് 1936-ല്‍ അംബേദ്ക്കര്‍ ജാതി ഉന്മൂലനം എന്ന കൃതി എഴുതുന്നത്. പരിഷ്‌കരണവാദികളായ ജാതി ഹിന്ദുക്കളുടെ ഒരു പൊതുയോഗത്തില്‍ അധ്യക്ഷ പ്രസംഗത്തിനായി തയ്യാറാക്കിയ ഒരു ചെറിയ പ്രസംഗമായിട്ടാണ് ഈ കൃതി പിറവി കൊള്ളുന്നത്.
എന്നാല്‍ അംബേദ്കര്‍ ആ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കി സംഘാടകര്‍ക്ക് അയച്ചു കൊടുക്കുകയും അംബേദ്കര്‍ക്ക് സംഘാടകര്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സ്വീകാര്യമല്ലാതെ വരികയും അംബേദ്കര്‍ ആ യോഗത്തില്‍ അധ്യക്ഷം വഹിക്കുന്ന ക്ഷണം നിരസിക്കുകയും ചെയ്തു. പിന്നീട് പ്രസംഗിക്കപ്പെടാതെ പോയ എഴുതി തയ്യാറാക്കിയ ആ അധ്യക്ഷ പ്രസംഗം പുസ്തകരൂപത്തില്‍ അംബേദ്കര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അംബേദ്കറുടെ ജാതി ഉന്‍മൂലനം എന്ന കൃതി ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകമാണ്.
ദേശീയവാദികളോടും സോഷ്യലിസ്റ്റുകളോടും അദ്ദേഹം പറയുന്നത് ഇന്ത്യക്കാര്‍ക്ക് ജാതി ബ്രാഹ്മണ്യത്തെയും പുരുഷാധിപത്യക്രമത്തെയും തിരസ്‌കരിക്കാതെ ഒരു ദേശീയ ജനതയാകാന്‍ കഴിയില്ല എന്നാണ്. അയിത്ത ജാതിക്കാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ജാതി ഹിന്ദുക്കള്‍, രാഷ്ട്രീയ പരിഷ്‌കരണത്തിനായി വാദിക്കുന്നതിലെ കാപട്യത്തെ അംബേദ്കര്‍ ഇതില്‍ തുറന്നു കാണിക്കുന്നുണ്ട്. ജാതിഹിന്ദുക്കളുടെ സാമൂഹിക പരിഷ്‌കരണം ജാതികുടുംബങ്ങളുടെയും അവരുടെ സ്വന്തം ജാതികളുടെയും മാത്രം പരിഷ്‌കരണമാണ്. സമൂഹത്തില്‍ തുല്യനീതിയും തുല്യഅവകാശങ്ങളും വകവെച്ചു കൊടുക്കുന്ന ഒരു പരിഷ്‌കരണത്തില്‍ ജാതി ഹിന്ദുക്കള്‍ക്ക് താല്പര്യമില്ല. സാഹോദര്യം, സമത്വം, നീതി എന്നീ ആശയങ്ങളില്‍ ഊന്നുന്ന ഒരു പൊതുസമൂഹത്തെ നിര്‍മിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലും സാമൂഹിക പരിഷ്‌കരണത്തിലും ജാതി ഹിന്ദുക്കള്‍ക്കും ദേശീയവാദികള്‍ക്കും താല്പര്യമില്ല എന്ന് അംബേദ്കര്‍ ജാതി ഉന്മൂലനം എന്ന കൃതിയില്‍ വ്യക്തമാക്കുന്നു.
ജാതിഭേദങ്ങളെയും വിവേചനത്തെയും അടിസ്ഥാനപ്പെടുത്തുന്ന ജാതികള്‍ക്കതീതമായി ജീവിക്കാനും ജാതിവിരുദ്ധമായ സമരങ്ങളിലൂടെ നിര്‍മിക്കപ്പെടേണ്ട സിവില്‍ സമൂഹത്തിനെ സൃഷ്ടിക്കാനാവശ്യമായ രാഷ്ട്രീയസമരങ്ങളിലും സാമൂഹിക പരിവര്‍ത്തനത്തെ സൃഷ്ടിക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളിലും ഏര്‍പ്പെടാനും വരേണ്യ ദേശീയ വാദികള്‍ക്കും ജാതിഹിന്ദുക്കള്‍ക്കും താല്പര്യമില്ല എന്ന കാര്യം അംബേദ്കര്‍ ജാതി ഉന്‍മൂലനം എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. രാഷ്ട്രീയം എന്നതിലൂടെ അധികാര കൈമാറ്റവും സാമൂഹികമാറ്റം എന്നതിലൂടെ സ്വന്തം ജാതികളുടെ പരിഷ്‌കരണവും മാത്രമാണ് ജാതിഹിന്ദുക്കള്‍ ലക്ഷ്യം വയ്ക്കുന്നത്. സോഷ്യലിസ്റ്റുകളായ ജാതിഹിന്ദുക്കള്‍ സാമ്പത്തിക വിപ്ലവവും മാറ്റവും നടന്നാല്‍ സാമൂഹികപ്രശ്‌നങ്ങള്‍ മാറും എന്ന സാമ്പത്തിക നിര്‍ണയവാദികളാണ്. അവര്‍ക്കാകട്ടെ ജാതി നശീകരണത്തെ ലക്ഷ്യം വയ്ക്കുന്ന പ്രായോഗിക പദ്ധതികളോ സാമൂഹിക ജനാധിപത്യത്തെ പറ്റിയുള്ള സങ്കല്പമോ ഇല്ല എന്നാണ് അംബേദ്കര്‍ ഈ കൃതിയില്‍ വിശദീകരിക്കുന്നത്.
ജാതിയും ഭേദരൂപങ്ങളും നിലനിര്‍ത്തി ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയില്ല എന്നാണ് ഈ പുസ്തകത്തില്‍ അംബേദ്കര്‍ ഉന്നയിക്കുന്ന മൗലികമായ രാഷ്ട്രീയ പ്രശ്‌നം. ജാതി വിരുദ്ധതയും സമൂഹ ഭേദരൂപങ്ങളെ ഇല്ലാതാക്കുന്ന സാമൂഹിക മനസ്ഥിതിയും നിര്‍മിച്ച് കൊണ്ടേ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയൂ. എന്നാല്‍ മാത്രമേ സാമൂഹിക ജനാധിപത്യത്തില്‍ ഊന്നുന്ന സാഹോദര്യവും സമത ജനാധിപത്യവും നിര്‍മിക്കാന്‍ കഴിയൂ എന്നതാണ് അംബേദ്കറുടെ നിലപാട്.
ജാതി വ്യവസ്ഥയും
പരിവര്‍ത്തനാത്മകമായ
തുല്യതയും

ജാതിരഹിത സിവില്‍ സമൂഹത്തില്‍ മാത്രമേ സ്വാതന്ത്ര്യം സാമൂഹികമായി തുല്യതാ സങ്കല്പത്തില്‍ വിനിമയം ചെയ്യുകയുള്ളു. ഇന്ത്യയില്‍ ഭേദവിവേചന രൂപങ്ങള്‍ക്ക് സാംസ്‌കാരികവും മതപരവുമായി സാധൂകരണമുണ്ട്. ഹിന്ദൂയിസം എന്നു വിളിക്കുന്ന ബ്രാഹ്മണ മതം ജാതിവര്‍ണ ആണ്‍കോയ്മാ രൂപങ്ങളെ എതിര്‍ക്കുന്നില്ല. എന്നുമാത്രമല്ല ബ്രാഹ്മണ്യമതത്തിന്റെ വികാസത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ സാമൂഹിക അസമത്വ രൂപങ്ങള്‍ക്ക് സാംസ്‌കാരികവും ദാര്‍ശനികവുമായ സാധൂകരണം ലഭിക്കുന്നത്. ജാതിവ്യവസ്ഥ വ്യക്തികളുടെ അന്തസിനെയും അവരെ സ്വതന്ത്രമായി ചിന്തിക്കാനും, തൊഴിലും, ജീവിതപ്രവര്‍ത്തികളും, ഇണകളെ തെരെഞ്ഞെടുക്കാനുള്ള അവസരങ്ങളെയും സാധ്യതകളെയും വിലക്കുക കൂടി ചെയ്യുന്നു. ഇങ്ങനെ വിലക്കുകളായി സ്വയം തെരെഞ്ഞെടുപ്പുകളും സാമൂഹികമായ സ്വതന്ത്ര്യ ഇച്ഛകളും നിയന്ത്രിക്കുന്ന ദൂഷിതവലയമായി ജാതി തലമുറകളിലൂടെ ഒരു സംവൃതമായ പാരമ്പര്യമായി തുടരുന്നു. ഇന്ത്യയില്‍ ധര്‍മശാസ്ത്രങ്ങള്‍ എന്നറിയപ്പെടുന്ന നിയമങ്ങള്‍ ധര്‍മ വ്യവസ്ഥയായി സാമൂഹിക മര്യാദകളായി ജാതിഭേദങ്ങളെയും ആണ്‍ കോയ്മയെയും നിലനിര്‍ത്തി സാമൂഹിക ജീവിതവും മതജീവിതവും കുടുംബജീവിതവും ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
ധര്‍മശാസ്ത്രവിധികളും ജാതി വിലക്കുകളും പാലിക്കേണ്ടത് തങ്ങളുടെ മതവിശ്വാസവും സാംസ്‌കാരിക ജീവിതബോധ്യവും സാമൂഹിക ഉത്തരവാദിത്വവുമായി ജാതിജീവിതം നയിക്കുന്ന ഹിന്ദുക്കള്‍ കരുതുന്നു. ഇത് വിശ്വാസവും സാമൂഹിക ബാധ്യതയും കടമയുമായി ഹിന്ദുക്കള്‍ കരുതുന്നത് അത് അവരുടെ മതജീവിതത്തിന്റെ ഭാഗമായി പാലിക്കേണ്ട ജാതി ധര്‍മങ്ങളും കുലമര്യാദകളും സ്ത്രീധര്‍മങ്ങളുമായതിനാലാണ്. ഈ വിശ്വാസത്തെ അവരില്‍ ഊട്ടി ഉറപ്പിക്കുന്നത് മതത്തിന്റെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ജാതിയുടെയും ആണ്‍കോയ്മയുടെയും ബ്രാഹ്മണ്യ പ്രത്യയ ബോധ്യങ്ങളും മൂല്യങ്ങളുമാണ്. ജാതിഹിന്ദുക്കളുടെ മതമൂല്യങ്ങള്‍ ജാതി-പുരുഷാധിപത്യ മൂല്യങ്ങളാണെന്നാണ് അംബേദ്കര്‍ വിലയിരുത്തുന്നത്.
ജാതിമൂല്യങ്ങളെ നിരാകരിക്കണമെങ്കില്‍ ജാതിയെ അടിസ്ഥാനമാക്കുന്ന സാമൂഹിക സാംസ്‌കാരിക ജീവിതത്തെയും കുടുംബസംഘടനയെയും ജാതിജീവിതം നയിക്കുന്ന ഹിന്ദുക്കള്‍ പുതുക്കി പണിയണം. ഇതിനായി ജാതിയെ സാധൂകരിക്കുന്ന മതത്തെയും ജാതിധര്‍മങ്ങളെ മതധര്‍മങ്ങളായി പ്രചരിപ്പിക്കുന്ന മതഗ്രന്ഥങ്ങളെയും തള്ളിക്കളയണം എന്ന് അംബേദ്കര്‍ വിലയിരുത്തുന്നു. എങ്കില്‍ മാത്രമേ തുല്യതയും സാഹോദര്യവും ജനാധിപത്യവും സാമൂഹിക സഹവര്‍ത്തിത്വവും അടിസ്ഥാനമാക്കുന്ന ഒരു ദേശീയ ജനതയായി ഹിന്ദുക്കള്‍ക്കും ജാതി മൂല്യങ്ങളെ പിന്‍പറ്റുന്ന എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും മാറിത്തീരാനും ഒരു ദേശീയ ജനതയുടെ ഭാഗമാകാനും കഴിയുകയുള്ളു. ജാതി നശീകരണത്തിലൂടെ മാത്രമേ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയായി പരിവര്‍ത്തനാത്മകമായ തുല്യതയുടെയും (Radical Equality) നിര്‍മാണാത്മകമായ സമതാ ജനാധിപത്യത്തിലും (Egalitarian Democracy) നിലനില്‍ക്കുന്ന ഒരു ദേശ രാഷ്ട്രത്തെ നിര്‍മിക്കാന്‍ കഴിയു എന്നാണ് അംബേദ്കര്‍ തന്റെ ജാതി നിര്‍മൂലനം എന്ന കൃതിയില്‍ വ്യക്തമാക്കുന്നത്.
(കോഴിക്കോട് സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Back to Top