22 Sunday
December 2024
2024 December 22
1446 Joumada II 20

മനുഷ്യ ജീവനെ അവമതിക്കുന്ന ഗര്‍ഭച്ഛിദ്ര ഭേദഗതി നിയമം

ഡോ. അഫ്താബ് ഹുസൈന്‍

മനുഷ്യവധം മഹാ അപരാധമായാണ് എല്ലാ മതങ്ങളും ദര്‍ശനങ്ങളും പരിഗണിക്കുന്നത്. മതേതര നിയമങ്ങളിലും അന്യായമായ കൊലയെ കടുത്ത കുറ്റകൃത്യമായി തന്നെയാണ് കണക്കാക്കുന്നത്. മനുഷ്യജീവന്റെ ആദരവും പവിത്രതയുമാണ് മനുഷ്യ വധത്തെ പാപമായി കരുതുന്നതിന്റെ അടിസ്ഥാനം. ദൈവം നല്‍കിയ ജീവന്‍ എടുക്കാന്‍ അവനല്ലാതെ ആര്‍ക്കും അവകാശമില്ല. ഇക്കാര്യത്തില്‍ പ്രായമോ ലിംഗമോ ജാതിയോ മതമോ ഭേദമില്ല. എല്ലാ മനുഷ്യരുടെയും ജീവന്‍ ഒരുപോലെ പവിത്രമാണ്. ‘നാം മനുഷ്യ മക്കളെ ആദരിച്ചിരിക്കുന്നു’ എന്ന വചനത്തില്‍ ഈ സാര്‍വത്രികത കാണാം. ഗര്‍ഭസ്ഥ ശിശു ആയാലും പ്രായം ചെന്നവരായാലും എല്ലാവരുടെയും ജീവന്റെ വില തുല്യമാണെന്ന തത്വമാണ് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്. അതുകൊണ്ട് ഗര്‍ഭച്ഛിദ്രത്തെയും ദയാവധത്തെയും ഇസ്‌ലാം ഒരേ പോലെ എതിര്‍ക്കുന്നു. എന്നാല്‍ ആധുനികമായ നിയമ നിര്‍മാണങ്ങളിലും നിയമ ഭേദഗതികളിലും മനുഷ്യ ജീവന്‍ അപഹരിക്കുന്നതിനെ ഉദാരമായി കാണുന്ന പ്രവണത വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പാസാക്കിയ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ടിന്റെ ഭേദഗതി അത്തരത്തില്‍ ഒന്നാണ്.

ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി
1971-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് ഭേദഗതി ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലോകസഭയില്‍ പാസാക്കിയ ബില്‍. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ബില്ലിനെ കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ നടക്കുകയുണ്ടായില്ല. ഗര്‍ഭച്ഛിദ്ര നിയമത്തിലെ ഭേദഗതി കൂടുതല്‍ വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്.
24 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ വ്യവസ്ഥകളോടെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഈ ഭേദഗതിയില്‍ അനുവാദം നല്‍കുന്നു. ഇതു നിയമമായി പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് സൗകര്യം പോലെ വ്യാഖ്യാനിക്കാനാവുകയും അനേകം ഗര്‍ഭസ്ഥശിശുക്കള്‍ വധിക്കപ്പെടുകയും ചെയ്യും. ഇതിലെ പല പുതിയ വ്യവസ്ഥകളും ഗര്‍ഭപാത്രത്തില്‍ വളരുന്ന ഓരോ കുഞ്ഞിനെയും ഒരു പൂമൊട്ട് ചീന്തിക്കളയുന്ന ലാഘവത്തോടെ കൊല്ലാന്‍ അനുവദിക്കുന്നു.
പൊതുജന നിര്‍ദേശങ്ങളൊന്നും കാര്യമായി പരിഗണിക്കാതെയാണ് എം ടി പി ആക്ടില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. ഗര്‍ഭസ്ഥ ശിശുക്കളാണ് ഏറ്റവും ദുര്‍ബലരും നിരാലംബരും. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇന്ന് അധികമാരും തയാറല്ല. ഗര്‍ഭച്ഛിദ്ര സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ശക്തമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംവിധാനങ്ങളുണ്ട്. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍, ക്ലിനിക്കുകള്‍, മരുന്നു കമ്പനികള്‍ മുതലായവയുണ്ട്. ഈ നിയമ ഭേദഗതിയുടെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് നോക്കാം.

ഭേദഗതികള്‍
2020-ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) ബില്‍ വ്യവസ്ഥകള്‍ ഇനി പറയുന്ന പ്രകാരമാണ്:
1. ഗര്‍ഭത്തിന്റെ ഏതു സമയത്തും അപകടകരമായ ഭ്രൂണതകരാറുകള്‍ കണ്ടാല്‍ മെഡിക്കല്‍ ബോര്‍ഡിനു ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ദേശിക്കാനുള്ള വ്യവസ്ഥ.
2. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഗര്‍ഭകാല സമയപരിധി 20-ല്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തും.
3. 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി കൊടുക്കേണ്ട ഡോക്ടര്‍മാരുടെ എണ്ണം രണ്ടില്‍ നിന്ന് ഒന്നായി ചുരുക്കും.
4. ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ട അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രം ചെയ്യാം.
5. ഗര്‍ഭച്ഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
നിലവിലെ നിയമപ്രകാരം 20 ആഴ്ച വരെ മാത്രമേ ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുള്ളൂ. പുതിയ ബില്‍ പ്രകാരം ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ ഗര്‍ഭകാല സമയപരിധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയായി ഉയര്‍ത്തും. രോഗനിര്‍ണയം വഴി മെഡിക്കല്‍ ബോര്‍ഡ് ഭ്രൂണതകരാറുകള്‍ സ്ഥിരീകരിച്ചാല്‍ ഗര്‍ഭാവസ്ഥയുടെ ഏത് സമയത്തും ഗര്‍ഭച്ഛിദ്രം നടത്താം. പുതിയ ബില്‍ പിറന്നുവീഴാന്‍ പ്രായമുള്ള അനേകം ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ എടുക്കാം.
പൂര്‍ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുക്കളുടെ ഗര്‍ഭച്ഛിദ്രം അത്ര എളുപ്പമല്ല. ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ കഠിനമായ വേദനയും മരണവെപ്രാളവും അനുഭവിച്ചാണ് കുട്ടി മരിക്കുന്നത്. പുറംലോകം ആ വേദനയൊന്നും അറിയുന്നില്ല. സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്ത നിരപരാധിയായ ഒരു മനുഷ്യനെയാണ് ഇവിടെ നിര്‍ദയം വധിക്കുന്നത്. കൊല ചെയ്യപ്പെടുന്ന ഈ ഗര്‍ഭസ്ഥശിശുക്കളെ കാണാതെ ഈ ഭേദഗതി തങ്ങളുടെ മൗലികാവകാശങ്ങളുടെ ഭാഗമായി കൊട്ടിഘോഷിക്കുകയല്ലേ ചിലര്‍ ചെയ്യുന്നത്?

ആരോഗ്യമുള്ള കുട്ടികള്‍ മാത്രം
പുതിയ ഭേദഗതി പ്രകാരം ഒമ്പതുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ പോലും ഭ്രൂണതകരാറുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ഗര്‍ഭച്ഛിദ്രം ചെയ്യാം! ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ഭൂമിയിലേക്ക് ജനിച്ച് വീഴുക, ആരോഗ്യമില്ലാത്ത കുട്ടികളാണെങ്കില്‍ ആ കുട്ടികളെ കൊന്നുകളയാം എന്ന തെറ്റായ ചിന്താഗതിയുള്ളവര്‍ തയാറാക്കിയ ഭേദഗതിയാണിത്. പ്രസവിക്കുന്നതിനു മുമ്പ് ആരോഗ്യമില്ലാത്ത കുട്ടികളെ കൊന്നുകളയാമെങ്കില്‍ പ്രസവിച്ച ശേഷമുള്ള ആരോഗ്യമില്ലാത്തവരെ എന്തുകൊണ്ട് കൊന്നുകൂടാ എന്ന ചോദ്യത്തിനാണ് അവര്‍ ഉത്തരം പറയേണ്ടത്.
തെറ്റായ ഈ ചിന്താഗതി ലോകരാഷ്ട്രങ്ങള്‍ ഉപേക്ഷിച്ച് തള്ളിയ യൂജെനിക് (വര്‍ഗോന്നതിവാദം) സിദ്ധാന്തത്തില്‍ ഉള്‍പ്പെട്ടതാണ്. ഈ സിദ്ധാന്തമാണ് ഹിറ്റ്‌ലറുടെ കാലഘട്ടത്തില്‍ ജര്‍മനിയില്‍ പ്രചാരം നേടിയത്. ഈ തെറ്റായ സിദ്ധാന്തം എം ടി പി ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെയാണു മരിച്ചുപോകുമെന്ന സാധ്യതകളുടെ പേരില്‍ പലപ്പോഴും കൊന്നുകളയുന്നത്. സ്‌കാനിംഗ് നടത്തിയപ്പോള്‍ കുട്ടിക്കു കുഴപ്പമുള്ളതായി വിധിയെഴുതിയ ധാരാളം കേസുകളില്‍ വയറ്റിലുള്ള കുഞ്ഞ് അസുഖമില്ലാതെ ജനിച്ചുവീഴാറുണ്ട്. പിറക്കുന്നതിന്റെ മുമ്പു തന്നെ കുട്ടിയുടെ ശരീരത്തിനു പല അസുഖങ്ങളേയും മാറ്റാനുള്ള കഴിവുണ്ട്. ഭാവിയില്‍ കുഞ്ഞ് മരിച്ചുപോകുമെന്ന് പറഞ്ഞ് നേരത്തെ അവരെ കൊന്നുകളയാം എന്ന സിദ്ധാന്തം അധാര്‍മികമാണ്.
സുരക്ഷിത ഭവനമെന്നു കരുതുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ആരോഗ്യമില്ലാത്ത ശിശുവിനെ സംരക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ട രാഷ്ട്രത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമല്ലേ ഈ പുതിയ നിയമം? അവസാന ശ്വാസം വരെ കൂടെനിന്നു ചികിത്സിക്കുകയും കുട്ടികള്‍ക്കു പൂര്‍ണ പരിഗണന നല്‍കുകയും വേണമെന്നുള്ള ഉത്തരവാദിത്വത്തില്‍ നിന്നുള്ള വ്യതിചലനമല്ലേ ഇത്? എന്തെങ്കിലും പ്രശ്‌നം പരിഹരിക്കാനായി മനുഷ്യജീവന്‍ ഇല്ലാതാക്കുന്നത് ശരിയാണോ? ജീവിക്കുകയെന്ന മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ അവകാശത്തിലുള്ള കടന്നുകയറ്റമല്ലേ ഈ പുതിയ ഭേദഗതി?

അവിവാഹിതരും ഗര്‍ഭച്ഛിദ്രവും
ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിച്ച് ജനന നിയന്ത്രണത്തിനുള്ള ശ്രമം പരാജയപ്പെട്ട അവിവാഹിതര്‍ക്കും ഗര്‍ഭച്ഛിദ്രമാകാം എന്നുള്ള പുതിയ വ്യവസ്ഥ മൂല്യങ്ങളെ ചവിട്ടിമെതിക്കുകയും കൂടുതല്‍ മനുഷ്യജീവനെ വേട്ടയാടുകയും ചെയ്യും. നിലവിലെ നിയമപ്രകാരം വിവാഹം കഴിച്ചവരില്‍ മാത്രം അനുവദിച്ച കാര്യം അവിവാഹിതര്‍ക്കും അനുവദിച്ചത് വിവാഹത്തിനു മുമ്പുള്ള ലൈംഗികവേഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതായി മാറും. ഒരു നിയമം തന്നെ തെറ്റുകള്‍ അനുവദിക്കുന്നത് വിവാഹത്തിന്റെ പവിത്രതയെയും കുടുംബ ജീവിതത്തെയും തകര്‍ക്കും.
ഭ്രൂണഹത്യയെ നിസാരവത്കരിച്ചുകൊണ്ടുള്ള മറ്റൊരു പുതിയ ഇളവാണ് 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതികൊടുക്കേണ്ട ഡോക്ടറുടെ എണ്ണം രണ്ടില്‍ നിന്ന് ഒന്നായി ചുരുക്കുന്നത്. ഇതുമൂലം ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കുത്തനെ ഉയരും. ഭ്രൂണഹത്യക്ക് ഒരുങ്ങുന്നവരെ സംരക്ഷിക്കാനുള്ള പുനരധിവാസ കേന്ദ്രങ്ങളെപ്പറ്റി യാതൊന്നും പറയാത്ത ഏകപക്ഷീയമായ ഭേദഗതിയാണിത്. ജര്‍മനിയില്‍ അബോര്‍ഷന്‍ ചെയ്യണമെങ്കില്‍ ലൈസന്‍സുള്ള കൗണ്‍സലിംഗ് സെന്ററില്‍നിന്ന് മൂന്നു ദിവസം മുന്‍പ് കൗണ്‍സലിംഗ് നടത്തേണ്ടത് നിര്‍ബന്ധമാണ്. ഇത്തരം യാതൊരു നിബന്ധനയും പുതിയ ഭേദഗതിയിലില്ല.
ചുരുക്കത്തില്‍ മനുഷ്യ ജീവന്‍ പവിത്രമായ കരുതുകയും ലാഭ നഷ്ടങ്ങളെക്കാള്‍ മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുകയും ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ആര്‍ക്കും ഈ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഒരുവശത്ത് സനാതന ധര്‍മങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ മറു വശത്ത് മുതലാളിത്ത ഉദാരവാദ സംസ്‌കാരത്തെ വാരിപ്പുണരുന്നത് വിചിത്രമായിരിക്കുന്നു!

Back to Top