സ്ത്രീധന മഹാമാരിയെ ചെറുക്കാന്‍ രംഗത്തിറങ്ങുക – എം ജി എം
കോഴിക്കോട്: വിവാഹം കച്ചവടമല്ല എന്നും സ്ത്രീധന മഹാമാരിയെ ചെറുക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം ജി എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ബോധവല്‍ക്കരണ സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഈയിടെയായി വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങളുടെയും ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും അടിവേരുകള്‍ എത്തിച്ചേരുന്നത് സ്ത്രീധനമെന്ന അനാചാരത്തിലാണ്. കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീധന, ഗാര്‍ഹിക പീഡനങ്ങള്‍ ഞെട്ടിക്കുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികമായ പല ഇന്‍ഡക്‌സുകളിലും നമ്മുടെ സംസ്ഥാനം മുന്നില്‍നില്‍ക്കുമ്പോഴും പെണ്‍കുട്ടികളോടുള്ള സമീപനം, സ്ത്രീധനം തുടങ്ങിയ വിഷയങ്ങളില്‍ കേരളം പിന്നോട്ട് ഓടുകയാണ്.
ശക്തമായ ബോധവല്‍കരണത്തിലൂടെയും ശിക്ഷാ നടപടികള്‍ കര്‍ശനമാക്കിയും ഇത്തരം ദുഷ്‌ചെയ്തികള്‍ക്ക് അറുതിവരുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഭരണകൂടവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംഗമം ആവശ്യപ്പെട്ടു. സ്ത്രീകള്‍ അവരുടെ വ്യക്തിത്വവും ശക്തിയും തിരിച്ചറിയുകയും സ്ത്രീയാണ് അമൂല്യമായ ധനം എന്ന് ഉള്‍ക്കൊള്ളാന്‍ തയ്യാറായാവുകയും ചെയ്താല്‍ മാത്രമേ സ്ത്രീധനത്തിന്റെ പേരില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ആത്മഹത്യകളും അവസാനിക്കുകയുള്ളൂ. സ്ത്രീധന നിരോധന നിയമത്തില്‍ ഇപ്പോഴുള്ള ശിക്ഷ വളരെ അപര്യാപ്തമാണ്. അതിനാല്‍ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്തു കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
അഡ്വ. സുജാത വര്‍മ്മ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന പ്രസിഡന്റ് മര്‍യക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ, ബുഷ്‌റ നജാത്തിയ്യ, എം ടി മനാഫ്, ജാസ്മിന്‍ ഷറഫ് (യു എ ഇ), സൈനബ (ഖത്തര്‍) ഹസ്‌ന സിദ്ദീഖ് (സഊദി അറേബ്യ) പ്രസംഗിച്ചു.
