27 Saturday
July 2024
2024 July 27
1446 Mouharrem 20

സ്ത്രീധന പീഡനങ്ങള്‍ വര്‍ധിക്കുന്നു


വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സ്ത്രീധനം പോലുള്ള വിപത്ത് സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നതിനു പിന്നിലെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വിദ്യാഭ്യാസപരമായി സമൂഹം പുരോഗതി പ്രാപിക്കുന്നതോടെ ഇത്തരം തിന്മകളെ തിരുത്താനും ഇല്ലാതാക്കാനും എളുപ്പത്തില്‍ കഴിയുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ധാരണകള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുകയാണ് കേരളത്തില്‍ അടുത്തിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങള്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പി ജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യ. താമസിച്ചുവരുന്ന ഫ്‌ളാറ്റിലാണ് ഡോ. ഷഹനയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതിന് തൊട്ടു മുമ്പ്, തന്നെ വിവാഹം ആലോചിച്ച ഡോ. റുവൈസുമായി ഡോ. ഷഹന നടത്തിയ വാട്‌സ് ആപ് ചാറ്റുകളാണ് സ്ത്രീധനമെന്ന ദുരാചാരം എത്രമേല്‍ ആഴത്തില്‍ ഇന്നും സമൂഹത്തില്‍ വേരുറപ്പിച്ചു നില്‍ക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെയും കുടുംബങ്ങള്‍ പ്രാഥമിക ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇതിനു ശേഷമാണ് ഡോ. റുവൈസ് വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നുമാണ് പുറത്തു വരുന്ന വിവരം. 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ബി എം ഡബ്ല്യു കാറും ആവശ്യപ്പെട്ടതായാണ് മാധ്യമ വാര്‍ത്തകള്‍. ഇത്രവലിയ സ്ത്രീധനം സംഘടിപ്പിക്കാന്‍ തന്റെ കുടുംബത്തിന് കഴിയില്ലെന്ന് റുവൈസിന് നന്നായി അറിയാമെന്ന് ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിലുമുണ്ട്. മികച്ച ഉന്നത വിദ്യാഭ്യാസമുള്ള, പൊതുസമൂഹം ഏറെ അന്തസ്സും ആഭിജാത്യവും കല്‍പ്പിക്കുന്ന ജോലിയുള്ള ഒരാളില്‍ നിന്നാണ് ഇത്രമേല്‍ നികൃഷ്ടമായ ആവശ്യങ്ങള്‍ എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.
ഡോ. ഷഹന പുതിയ കേരളത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. കൊല്ലം സ്വദേശിനിയായ വിസ്മയയെ നമ്മള്‍ മറന്നിട്ടുണ്ടാവില്ല. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം സഹിക്കവയ്യാതെയാണ് ബി എ എം എസ് വിദ്യാര്‍ഥിനിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കേസില്‍ പ്രതിസ്ഥാനത്ത് വന്ന വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍. നിയമ വിദ്യാര്‍ഥിനിയായിരുന്നു ആലുവയില്‍ സത്രീധന പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന മൊഫിയ പര്‍വീന്‍. പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട ഉത്രയുടെ മുഖവും മലയാളിയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.
നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീധനത്തെ വിവാഹ സമ്മാനമെന്ന ഓമനപ്പേരിട്ട് വാങ്ങുന്നതാണ് പുതിയ കാലത്തെ പ്രവണത. പണത്തിനും സ്വര്‍ണത്തിനും പകരം ഭൂമിയും കെട്ടിടവും വിലകൂടിയ വാഹനങ്ങളും ആവശ്യപ്പെടുന്നവരുണ്ട്. 2016 മുതല്‍ 2022 വരെ മാത്രം കേരളത്തില്‍ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 66 മരണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. 15,143 കേസുകളാണ് ഈ വിഷയത്തില്‍ പ്രബുദ്ധ കേരളമെന്ന് നാം അവകാശപ്പെടുന്ന നാട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആറു പതിറ്റാണ്ടു മുമ്പേ സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട ഒരു സമൂഹത്തിലാണ് ഇപ്പോഴും പുതിയ പേരിലും രൂപത്തിലും ഭാവത്തിലും ഈ ദുരാചാരം നിര്‍ബാധം തുടരുന്നതെന്നോര്‍ക്കണം.
സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും നിയമപരമായി കുറ്റമാണെന്ന് അറിയാത്തവരല്ല ഡോ. റുവൈസോ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറോ. തടിയനങ്ങാതെ കിട്ടുന്ന പണത്തിനോടുള്ള ആര്‍ത്തി മാത്രമാണത്. അത്തരക്കാരെ അതേ കണ്ണില്‍ തന്നെ നോക്കിക്കാണാന്‍ സമൂഹത്തിന് കഴിയേണ്ടതുണ്ട്. സമൂഹത്തിന്റെ മാനസികാവസ്ഥയിലാണ് ഇവിടെ മാറ്റം വരേണ്ടത്. ഏതു പേരിട്ടു വിളിച്ചാലും സ്ത്രീധനമെന്ന ഏര്‍പ്പാടിനെ ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് തീരുമാനിക്കേണ്ടത് സമൂഹമാണ്. വലിയ തുക സ്ത്രീധനം നിശ്ചയിച്ച് വില കൊടുത്ത് വാങ്ങേണ്ടതല്ല ദാമ്പത്യം എന്ന് തിരിച്ചറിയാനുള്ള പ്രാപ്തി പെണ്‍കുട്ടികള്‍ക്കും, ഒപ്പം അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടായേ മതിയാകൂ. സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും അന്തസ്സുകെട്ട ഇടപാടായി സമൂഹം എന്നു കാണുന്നുവോ, അന്നു മാത്രമേ ഇതിനു മാറ്റം വരൂ. അല്ലാത്ത പക്ഷം ഇത്തരം ദുര്‍വിധികള്‍ നമ്മുടെ കുട്ടികളെ വേട്ടയാടിക്കൊണ്ടേയിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x