1 Tuesday
July 2025
2025 July 1
1447 Mouharrem 5

സ്ത്രീധനത്തിനെതിരെ യോജിച്ച പോരാട്ടം വേണം

പി വസന്തം


സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ വികസന സൂചികകളിലെല്ലാം ഏറ്റവും മുന്നില്‍ നില്ക്കുന്ന കേരള സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെടുന്നത് പൊതുസമൂഹത്തില്‍ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ തോതും സ്ത്രീധനവുമായി ബന്ധപ്പെട്ട ആക്രമങ്ങളുടെ രൂക്ഷതയും പെരുകുന്നതായാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യ ബന്ധങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടതിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
വിവാഹ സമയത്ത് സമ്പത്ത് ധൂര്‍ത്തടിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു പരിധിയും ഇല്ലാതായി. പൊതുപ്രവര്‍ത്തകരടക്കം ഇതില്‍ ഭാഗഭാക്കാവുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ഇന്ത്യയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് ദിവസേന 18-നും 20-നുമിടയ്ക്ക് മരണങ്ങള്‍ നടക്കുന്നു എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2005 മുതല്‍ 2009 വരെ രാജ്യത്ത് 85,609 സ്ത്രീധന മരണങ്ങള്‍ നടന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സ്ഥിതിയും ഒട്ടും പിറകിലല്ല. 2019 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെ സംസ്ഥാന പൊലീസിന്റെ കണക്കുപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ 212 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ 15,141 പെണ്‍കുട്ടികള്‍ ക്രൂരതയ്ക്കിരയായി. ഇതെല്ലാം രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍. പൊലീസിന് മുന്നില്‍ പരാതികൊടുക്കാതെ വീടുകളില്‍ എല്ലാം സഹിച്ചും പൊറുത്തും കഴിയുന്ന പെണ്‍കുട്ടികള്‍ ഇതിലും ഇരട്ടി വരും. ശക്തമായ സ്ത്രീധന നിരോധന നിയമമുള്ള രാജ്യത്താണ് ഈ ക്രൂരതകള്‍ നടമാടുന്നത്. സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത് 1961-ലാണ്.
എന്നാല്‍ 1952-ല്‍ സി പി ഐ എംപിയായിരുന്ന രേണു ചക്രവര്‍ത്തി സ്ത്രീധന നിരോധനം ആവശ്യപ്പെട്ടു കൊണ്ട് ഒരു സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രിജവഹര്‍ലാല്‍ നെഹ്റു, രേണു ചക്രവര്‍ത്തിയോട് ബില്‍ പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കുകയും സര്‍ക്കാര്‍ ബില്ലായി കൊണ്ടുവന്ന് നിയമം പാസാക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് സ്വകാര്യ ബില്‍ പിന്‍വലിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഒമ്പത് വര്‍ഷമെടുത്താണ് വീണ്ടും ഇത് നിയമമായി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായത്.
സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനത്തെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്. വിവാഹബന്ധത്തിലെ ഒരുപക്ഷം മറുപക്ഷത്തിനോ വിവാഹിതരാവുന്ന വ്യക്തികള്‍ക്കോ വ്യക്തികളുടെ മാതാപിതാക്കള്‍ക്കോ വിവാഹസമയത്തോ മുന്‍പോ പിന്‍പോ വിവാഹാനുബന്ധിയായി ആവശ്യപ്പെടുന്ന സ്വത്തോ വിലമതിക്കുന്ന പത്രങ്ങളോ നേരിട്ടോ പരോക്ഷമായോ നല്‍കുന്നതിനെ സ്ത്രീധനം എന്നു പറയുന്നു. മുസ്ലിം വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന മഹ്ര്‍ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ 1985-ല്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.
സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ ഉണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം സമ്മാനങ്ങള്‍ ലിസ്റ്റ് ചെയ്തു സൂക്ഷിക്കണം. വധുവരന്മാര്‍ക്ക് കിട്ടുന്ന പാരിതോഷികങ്ങളുടെ ലിസ്റ്റ് വധുവരന്മാര്‍ തന്നെ തയ്യാറാക്കി സൂക്ഷിക്കണം. ഇത്തരം സമ്മാനത്തിന്റെ മൂല്യം കൊടുക്കുന്ന ആളുടെയോ ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത്, അവരുടെ സാമ്പത്തിക സാഹചര്യത്തിന് പൂരകമല്ലാത്ത രീതിയിലാവരുത്. അതോടൊപ്പം നേരിട്ടോ പാരോക്ഷമായോ വിവാഹത്തിന് ‘പ്രതിഫലം’ എന്ന രീതിയില്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നിയമപരമായി കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുവാനും കൊടുക്കാനും പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. സമ്മാനമായി ലഭിക്കുന്ന വസ്തുവകകള്‍ വധുവിന് മാത്രം അവകാശപ്പെട്ടതാണ്. ഇത് മറ്റാരെങ്കിലും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ കൈമാറ്റം ചെയ്യണം. സ്ത്രീധനവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് അനുബന്ധ നിയമങ്ങളുമുണ്ട്. ഐപിസി 498 എ വകുപ്പ് പ്രകാരം സ്ത്രീയെ ഭര്‍ത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും ശിക്ഷാര്‍ഹമാണ്. അതുപോലെ ഐപിസി 304 (ഡി) പ്രകാരം വിവാഹത്തിനുശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീ മരണപ്പെട്ടാല്‍ അത്തരം മരണം സ്ത്രീധനമരണമായി കണക്കാക്കുകയും ചെയ്യാം.
ഈ നിയമം സമൂഹത്തില്‍ തീരെ പാലിക്കപ്പെടുന്നില്ല എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് സ്ത്രീധന പീഡനങ്ങളും മരണങ്ങളും. നിയമങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതുകൊണ്ട് സാമൂഹ്യ വിപത്തുകളെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. നമ്മുടെ കുടുംബത്തിനകത്ത് ജനാധിപത്യം നിഷേധിക്കുന്ന ഘടനാരൂപമാണ് ഉള്ളത്. സ്ത്രീകളും പെണ്‍കുട്ടികളും സാമ്പത്തിക ഭാരമാണെന്ന് ചിത്രീകരിക്കുന്ന സാമൂഹ്യ സമീപനം ശക്തിപ്പെടുകയാണ്. മൂല്യശോഷണം സംഭവിച്ച ചരക്കായാണ് സ്ത്രീ പരിഗണിക്കപ്പെടുന്നത്. സ്ത്രീധന സമ്പ്രദായം വര്‍ധിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ആണ്‍കുഞ്ഞുങ്ങളോടുള്ള ആഭിമുഖ്യവും വര്‍ധിച്ചു വരുന്നത്. ഇന്ത്യയിലെ സ്ത്രീകളുടെ പദവി സംബന്ധമായ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് 1991 മുതല്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ സ്ത്രീകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഭ്രൂണാവസ്ഥയിലെ ലിംഗനിര്‍ണയം, ലിംഗപരമായ തിരഞ്ഞെടുക്കല്‍ എന്നിവയാണ് അതിന് കാരണം. കേരളത്തില്‍ 1000:1058 സ്ത്രീകളാണ്.
കേരള സര്‍ക്കാര്‍ സ്ത്രീധന നിരോധന ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കുറെക്കൂടി ശക്തമാക്കും വിധം ഇടപെടലുണ്ടാവണം. വിവാഹ സമയത്തുള്ള പാരിതോഷികങ്ങള്‍ ലിസ്റ്റ് ചെയ്തു വധുവും വരനും മാതാപിതാക്കളും ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥ വിവാഹ രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമാക്കി നിയമത്തിന് കാലോചിതമായ മാറ്റം വരുത്തണം. സമൂഹത്തിലെ സ്ത്രീധനം പോലുള്ള ദുരാചാരങ്ങളെക്കുറിച്ചും ലിംഗനീതിയും പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്താനും സാമൂഹ്യവിപത്തുകളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനും പദ്ധതികളിടണം.
(കേരള മഹിളാസംഘം, സംസ്ഥാന സെക്രട്ടറിയായ ലേഖിക ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്)

Back to Top