13 Monday
May 2024
2024 May 13
1445 Dhoul-Qida 5

പേടിക്കരുത് എന്ന ആഹ്വാനമാണ് യഥാര്‍ഥ രാഷ്ട്രീയം

കെ എം ഷാജി / ടി റിയാസ് മോന്‍

രൂപീകരണ കാലംതൊട്ടേ പോപുലര്‍ ഫ്രണ്ടിനെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിത്വമാണ് കെ എം ഷാജി. നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദം, ഫാസിസം, ന്യൂനപക്ഷ രാഷ്ട്രീയം, മതേതര പാര്‍ട്ടികളുടെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ ശബാബുമായി സംസാരിക്കുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു എ പി എ നിയമ പ്രകാരം നിരോധിച്ചിരിക്കുകയാണ്. ഇതിനെ എങ്ങനെ കാണുന്നു?
നിരോധനത്തെ സാങ്കേതികമായി പിന്തുണക്കുന്നില്ല. നിരോധനം ഒരു ശാസ്ത്രീയമായ വഴിയല്ല എന്നതിന്റെ ഏറ്റവും മികച്ച തെളിവ് ആര്‍ എസ് എസ് ഇന്ന് ഇന്ത്യ ഭരിക്കുന്നു എന്നതാണ്. മൂന്ന് തവണ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്. ഗാന്ധിവധത്തെ തുടര്‍ന്നും, അടിയന്തരാവസ്ഥക്കാലത്തും, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷവും ആര്‍ എസ് എസിനെ രാജ്യത്ത് നിരോധിക്കുകയുണ്ടായി. അതില്‍ രണ്ട് ഘട്ടത്തിലെ നിരോധനവും വളരെ ശക്തമായതായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഇന്ത്യയില്‍ ഫാസിസ്റ്റ് ശാക്തീകരണം രൂപപ്പെട്ടുവന്ന കാലത്താണ്. എന്നാല്‍ ഗാന്ധി വധത്തിനു ശേഷവും, അടിയന്തരാവസ്ഥയും രാജ്യത്ത് ഒരു ഫാസിസ്റ്റ് കാലമായിരുന്നില്ല. എന്നിട്ടും രണ്ട് നിരോധനത്തെയും മറികടക്കാന്‍ ആര്‍ എസ് എസിന് സാധിച്ചു. ഗാന്ധിവധത്തിനുശേഷം മാപ്പെഴുതി കൊടുത്താണ് ആര്‍ എസ് എസ് നിരോധനം പിന്‍വലിച്ചത്. നിരോധനം നീക്കിയിട്ടും ഒരു ദശാബ്ദത്തിലേറെ കാലം അവര്‍ രാജ്യത്ത് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ശേഷം ഉത്തരേന്ത്യയില്‍ പശുരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ആര്‍ എസ് എസ് മുന്നോട്ടു നീങ്ങിയത്. എന്നിട്ടും മൂന്ന് പതിറ്റാണ്ടിലേറെ അവര്‍ക്ക് സഹിച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശേഷം അവര്‍ തിരിച്ചു വന്നു എന്നത് നിരോധനം പരിഹാരമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

പോപുലര്‍ ഫ്രണ്ട് നിരോധനം ഫാസിസ്റ്റ് അജണ്ടയാണെന്ന നിരീക്ഷണം ശരിയാണോ?
പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു പിറകില്‍ ഫാസിസ്റ്റ് അജണ്ടയുണ്ട്. ആ അജണ്ട ഏതാണെന്ന് കാലം തെളിയിക്കേണ്ടതാണ്. നിരോധനത്തിന് മൂന്ന് പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്, നിരോധനം സത്യസന്ധമാണെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ തീവ്രവാദ സംഘങ്ങളെയും ഒരേപോലെ നിരോധിക്കണമായിരുന്നു. അതുണ്ടായില്ല. രണ്ട്, ഘടനയെ നമുക്ക് നിരോധിക്കാം, പക്ഷേ, ഐഡിയോളജിയെ നിരോധിക്കാനാവില്ല എന്നതാണ് നിരോധനം പരാജയപ്പെടുന്നതിന്റെ ഒരു കാരണം. മൂന്നാമത്, നിരോധിക്കുന്നവരുടെ വിശ്വാസ്യത ഒരു പ്രശ്‌നമാണ്. ഒരു മതേതര സര്‍ക്കാറാണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത് എങ്കില്‍ അതിന് അര്‍ഥമുണ്ടാകുമായിരുന്നു. നിരോധിക്കുന്നവര്‍ അതിന് യോഗ്യരാണോ എന്നതാണ് ചോദ്യം. ആര്‍ എസ് എസിനെ നേരത്തെ നിരോധിച്ചതെല്ലാം മതേതര സര്‍ക്കാറുകളായിരുന്നു. എന്നാല്‍, ഇന്ന് നിരോധിക്കുന്നവര്‍ തീവ്രവാദ-ഭീകരവാദ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പിന്തുണ കൊണ്ട് അധികാരം കയ്യാളുകയും ചെയ്യുന്നവരാണ്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഒഡീഷയില്‍ രണ്ട് കലാപങ്ങളുണ്ടായി. നാനൂറോളം ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് ബജ്‌രംഗ്ദളും, ബി ജെ പിയും ആര്‍ എസ് എസുമാണ്. ഭീകരമായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇന്ത്യയിലെ തെരുവുകളിലുണ്ടായി. ഗുജറാത്ത് കലാപമുണ്ടായി. ഇതിലെല്ലാം പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ രാജ്യത്ത് വിഹരിക്കുമ്പോഴാണ് പോപുലര്‍ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നത്. ഈ അനീതിയെ രാജ്യത്തെ ന്യൂനപക്ഷ മനസ്സുകള്‍ സ്വാഭാവികമായും സംശയിച്ചു കൊണ്ടേയിരിക്കും. നിരോധനം സ്വാഭാവികമായും രാജ്യത്തെ ന്യൂനപക്ഷ മനസ്സുകളില്‍ തീ നിറയ്ക്കാനുള്ള ഫാസിസ്റ്റ് അജണ്ട കൂടിയാണ്. ഈ പ്രതിസന്ധി ഘട്ടത്തെ ബുദ്ധിപരമായല്ല രാജ്യത്തെ ന്യൂനപക്ഷ ജനത അഭിമുഖീകരിക്കുന്നതെങ്കില്‍ വീണ്ടും രാജ്യത്ത് ന്യൂനപക്ഷ തീവ്രവാദം ശക്തിപ്പെടും.
ന്യൂനപക്ഷ തീവ്രവാദത്തിന്റെ ഉപോത്പന്നമാണ് ഫാസിസത്തിന്റെ വളര്‍ച്ച. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വളമാണ് ന്യൂനപക്ഷ തീവ്രവാദം. ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ കുതിര കയറാനും അവരോട് അനീതി കാണിക്കാനും, ന്യൂനപക്ഷങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ കൊണ്ടുവരാനും ഫാസിസത്തിനുള്ള ന്യായീകരണമാണ് ന്യൂനപക്ഷ തീവ്രവാദം. അതിനാല്‍ തന്നെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ അജണ്ട എന്താണെന്ന് കാലം തെളിയിക്കണം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ടിനെ മാത്രം നിരോധിക്കേണ്ട സാഹചര്യം എന്താണെന്ന് ഭരണകൂടം വിശദീകരിക്കേണ്ടതുണ്ട്. പോപുലര്‍ ഫ്രണ്ട് നല്ലവരാണെന്നോ, അവരെ നിരോധിക്കാന്‍ പാടില്ലാത്തതാണെ ന്നോ ഉള്ള നിലപാട് നമുക്കില്ല.

ഫാസിസ്റ്റ് ആക്രമണങ്ങളില്‍ നിന്ന് മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നത് പോപുലര്‍ ഫ്രണ്ടാണ് എന്നാണവരുടെ അവകാശവാദം. പ്രത്യേകിച്ച് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍. പോപുലര്‍ ഫ്രണ്ട് ഇല്ലാതാകുന്നതോടെ രാജ്യത്ത് മുസ്‌ലിംകള്‍ക്കു നേരെ അക്രമങ്ങള്‍ നടത്താന്‍ ആര്‍ എസ് എസിന് സാധ്യതകള്‍ കൂടുന്നു എന്ന ആശങ്കക്ക് അടിസ്ഥാനമുണ്ടോ?
യഥാര്‍ഥത്തില്‍ ഇതൊരു തമാശയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒട്ടും ധാരണയില്ലാത്ത നാട്ടിന്‍പുറത്തെ ഒരാള്‍ക്കു മുന്നില്‍ അവതരിപ്പിക്കാവുന്ന ന്യായങ്ങള്‍. ആര്‍ എസ് എസ് ജനിച്ചിട്ട് 2025ലേക്ക് നൂറ് കൊല്ലം തികയുകയാണ്. ഇക്കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലാണ് രാജ്യത്ത് ആര്‍ എസ് എസ് ശക്തിപ്പെട്ടത്. അതിനുളള കാരണം മതേതര ബദലുകള്‍ ദുര്‍ബലമായതാണ്. രാജ്യത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതേതര ശക്തികള്‍ ദുര്‍ബലമായപ്പോഴാണ് രാജ്യത്ത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും ഗുജറാത്ത് കലാപം ഉണ്ടായതും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായതും ഒഡീഷ കലാപം ഉണ്ടായതും മതേതര ശക്തികള്‍ ദുര്‍ബലമാ യപ്പോഴാണ്. ഫാസിസത്തെ പ്രതിരോധിക്കേണ്ടത് മതേതര ബദലുകളാണ്.
ഇന്ത്യയില്‍ മൂന്ന് തവണ ആര്‍ എസ് എസിനെ നിരോധിച്ചതും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ഗവണ്‍മെന്റാണ്. രൂപീകരിക്കപ്പെട്ട് എട്ട് പതിറ്റാണ്ട് കാലം ആര്‍ എസ് എസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് രാജ്യത്തെ മതേതര ശക്തികളാണ്. ഇപ്പോഴും പണം കൊടുത്തു വാങ്ങിയതും കുതന്ത്രങ്ങളിലൂടെ കീഴ്‌പ്പെടുത്തിയതുമായ കാല്‍ഭാഗമേ ആര്‍ എസ് എസിന്റെ കയ്യിലുള്ളൂ. ഇപ്പോഴും രാജ്യത്തെ മുക്കാല്‍ പങ്ക് ജനങ്ങളും ആര്‍ എസ് എസിന് പുറത്താണ്. മതേതരത്വമല്ലാതെ ഫാസിസത്തിനും തീവ്രവാദത്തിനും ബദലില്ല. രാജ്യത്തെ കാല്‍ഭാഗം വരുന്ന ഫാസിസത്തിനെതിരെ മുക്കാല്‍ പങ്കിലേറെ വരുന്ന മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. ഫാസിസത്തെ ന്യൂനപക്ഷ തീവ്രവാദം കൊണ്ട് നേരിടുന്നത് അപ്രായോഗികമാണ്.

പോപുലര്‍ ഫ്രണ്ടിന്റെ രാജ്യത്തെ പരീക്ഷണങ്ങള്‍ പരാജയമാണോ?
പോപുലര്‍ ഫ്രണ്ട് തന്നെ പരാജയമാണ്. പിന്നെ അവരുടെ പരീക്ഷണങ്ങള്‍ പരാജയമാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതില്ല. രാജ്യത്ത് മുഖ്യധാരാ രാഷ്ട്രീയത്തെ സ്വീകരിക്കാതെ എങ്ങനെ വിജയിക്കാനാണ്? മുഖ്യധാരാ രാഷ്ട്രീയത്തിലൂടെയല്ലാതെ രാജ്യത്ത് ബദല്‍ സാധ്യമല്ല.

പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ താങ്കള്‍ മുസ്‌ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുകയുണ്ടായി. അതിന്റെ രാഷ്ട്രീയം എന്താണ്?
മുസ്‌ലിം ലീഗിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. ലീഗില്‍ അംഗത്വമെടുക്കാന്‍ മിനിമം മാനദണ്ഡങ്ങളുണ്ട്. മുസ്‌ലിം ലീഗിന് സുതാര്യമായ പ്രവര്‍ത്തന രീതിയുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ കുപ്രചാരണങ്ങളില്‍ പെട്ടുപോയവര്‍ മുസ്‌ലിം ലീഗിലേക്ക് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മുസ്‌ലിം ലീഗിലേക്ക് മാത്രമല്ല, മതേതര രാഷ്ട്രീയപാര്‍ട്ടികളിലേക്ക് അവര്‍ തിരിച്ചുപോകണം. ലീഗിലേക്ക് വരേണ്ടവര്‍ ലീഗിലേക്ക് വരണം. കണ്ണൂരിലും പാനൂരിലുമെല്ലാം സി പി എമ്മിനെ പ്രതിരോധിച്ചിരുന്ന ആര്‍ എസ് എസ് നേതാക്കള്‍ക്ക് സി പി എം അംഗത്വം കൊടുക്കുകയും, പദവികള്‍ നല്‍കുകയും ചെയ്യുകയുണ്ടായി. ഒ കെ വാസു മാഷ് ഒരു ഉദാഹരണമാണ്. എ ബി വി പി പ്രവര്‍ത്തകനായിരുന്ന ഒരാളെ ഇടതുപക്ഷം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കിയില്ലേ? അവരെയൊക്കെ വിശുദ്ധരാക്കാന്‍ എന്താണ് ചെയ്തത്?
പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ പ്രവര്‍ത്തകരെ തെരുവില്‍ ഉപേക്ഷിക്കുകയല്ല ഒരു ജനാധിപത്യ-മതേതര രാജ്യത്ത് സംഭവിക്കേണ്ടത്. അവരെ കൂടി രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗമാക്കുകയാണ് വേണ്ടത്. മികച്ച അര്‍പ്പണബോധവും സംഘാടന ശേഷിയുമുള്ള, ആത്മാര്‍ഥതയുള്ള നിരവധി പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ടിലുണ്ടായിരുന്നു. തീവ്രവാദചിന്തയും തെറ്റിദ്ധാരണയും ഉള്ളവര്‍ പോപുലര്‍ ഫ്രണ്ടിനകത്ത് ചെറുന്യൂനപക്ഷമാണ്. ബാക്കിയുള്ളവര്‍ പോപുലര്‍ ഫ്രണ്ടിന്റെ വഴിയാണ് ശരി എന്ന് തെറ്റിദ്ധരിച്ചു പോയവരാണ്. അവരെ ശരിയുടെ രാഷ്ട്രീയം ബോധ്യപ്പെടുത്തുകയും, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പന്ഥാവിലേക്ക് അവരെ കൂട്ടിപ്പിടിക്കുകയും വേണമെന്ന നിലപാട് തന്നെയാണുള്ളത്. ഒരു കൂട്ടം ചെറുപ്പക്കാരെ ആജീവനാന്തം തീവ്രവാദ മുദ്രകുത്തി, സ്ഥിരമായി പോലീസ് വേട്ടയ്ക്ക് എറിഞ്ഞുനല്‍കുന്നത് ഒരു ഫാസിസ്റ്റ് കാലത്ത് ജനതയോട് ചെയ്യുന്ന നീതിയല്ല.

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ മറവില്‍ രാജ്യത്ത് മുസ്‌ലിം വേട്ട നടക്കാനുള്ള സാധ്യതയുണ്ടോ?
മുസ്‌ലിംവേട്ട രാജ്യത്ത് നേരത്തെ തന്നെയുണ്ട്. ഒരു ഫാസിസ്റ്റ് പാര്‍ട്ടി രാജ്യം ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം വേട്ട നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ രാജ്യത്തെ ജനങ്ങളുടെ മതേതര കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയേ പരിഹാരമുള്ളൂ. പോപുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പിന്നില്‍ പോലും ഫാസിസ്റ്റ് അജണ്ടകള്‍ ഉണ്ടാകുമെന്നിരിക്കെ മുസ്‌ലിം വേട്ടയെ കുറിച്ചുള്ള ആശങ്കയില്‍ എന്ത് അതിശയമാണുള്ളത്?

കേരളത്തില്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ എന്‍ ഡി എഫ് രൂപപ്പെട്ടത് മുതല്‍ മുസ്‌ലിം ലീഗ് നിരവധി കാമ്പയിനുകള്‍ അവര്‍ക്കെതിരെ നടത്തി. എന്നിട്ടും ആയിരക്കണക്കിന് ആളുകള്‍ ആ പ്രസ്ഥാനങ്ങളിലേക്ക് പോയത് മുസ്‌ലിം ലീഗിന്റെ ആശയപരമായ ബലഹീനതയോ, സംഘടനാപരമായ ബലഹീനതയോ കാരണമാണോ?
മുസ്‌ലിംലീഗ് ശക്തമായി പ്രതിരോധിച്ചിട്ടും ആളുകള്‍ പോപുലര്‍ ഫ്രണ്ടിലേക്കും, അതിന്റെ ആദ്യരൂപമായ എന്‍ ഡി എഫിലേക്കും ആകര്‍ഷിക്കപ്പെട്ടുവെന്നാണ് ചിലരൊക്കെ പറയാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം ലീഗിന്റെ ആശയപ്രതിരോധം കാരണമാണ് പോപുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ചക്ക് തടയിട്ടത്. ലീഗിന്റെ പ്രതിരോധം ഇല്ലായിരുന്നുവെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ അത്തരം പ്രസ്ഥാനങ്ങളിലേക്ക് വഴിതെറ്റിപ്പോകുമായിരുന്നു. എന്‍ ഡി എഫ് രൂപീകരിക്കുന്നതിനു മുമ്പ് പല പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങളിലേക്ക് മുസ്‌ലിം ലീഗില്‍ നിന്ന് മാത്രമല്ല വിവിധ മുസ്‌ലിം സംഘടനകളില്‍ നിന്നും ആളുകള്‍ പോയിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനമെന്നു പോലും തെറ്റിദ്ധരിച്ച് ആളുകള്‍ അത്തരം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുത്ത കാലം മുതല്‍ മുസ്‌ലിം ലീഗ് അത് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഏതാനും പേര്‍ ആ പാതയിലേക്ക് വ്യതിചലിച്ചത് ഒരു സംഘടനയുടെ മാത്രം പിരടയില്‍ വെച്ചുകെട്ടേണ്ട.
തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കെതിരായ പോരാട്ടം മുസ്‌ലിം ലീഗിന് കേവല രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നില്ല. അത് വിശ്വാസപരമായ ബാധ്യത കൂടിയായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളത്തില്‍ വലിയൊരു ജനസഞ്ചയം അണി ചേര്‍ന്നതിനു പിന്നില്‍ വിശ്വാസം ഒരു പ്രധാന ഘടകമാണ്. നമ്മള്‍ ഒരു ജമാഅത്തായി നില്‍ക്കണമെന്നും, ജമാഅത്ത് അഥവാ സംഘമായി നില്‍ക്കുന്നതാണ് ഗുണപരമെന്നു ള്ള ബോധമാണ് ജനങ്ങള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുന്നതില്‍ ഒരു പ്രധാന ഘടകം. അതേ സംഘബോധമെന്ന ആശയത്തെ തീവ്രസ്വഭാവമുള്ള സംഘങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടിയിരുന്നത് മുസ്‌ലിം ലീഗിന്റെ മാത്രം ബാധ്യതയായിരുന്നില്ല, സമുദായത്തിന്റേതും പൊതുസമൂഹത്തിന്റേതും കൂടിയായിരുന്നു. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകേണ്ട, സമുദായത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട ഒരുകൂട്ടം ചെറുപ്പക്കാര്‍ വഴിമാറി സഞ്ചരിച്ചാല്‍ അതിന്റെ നഷ്ടം എല്ലാവര്‍ക്കുമുണ്ടാകും. വോട്ട് നഷ്ടപ്പെടുന്നത് മാത്രമല്ലല്ലോ പ്രശ്‌നം.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് ആത്മവിശ്വാസം നല്‍ കാനും, അവര്‍ക്ക് നിയമാവബോധം നല്‍കാനും പോപുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം ലീഗ് പോലെയുള്ള ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സജീവമല്ലാത്ത പ്രദേശങ്ങളില്‍. അത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ സാംഗത്യം എന്താണ്?
ബാബരി മസ്ജിദിന്റെ തകര്‍ച്ച, പി ഡി പിയുണ്ടാക്കിയ വൈകാരികാവസ്ഥ എന്നിവ കേരളത്തില്‍ എന്‍ ഡി എഫിന്റെ വളര്‍ച്ചക്ക് നിലമൊരുക്കി. കേരളത്തിനു പുറത്ത് വിവിധ തീവ്രവൈകാരിക സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു. അവയുടെ കോണ്‍ഫെഡറേഷന്‍ ആയാണ് പോപുലര്‍ ഫ്രണ്ട് വന്നത്. ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ അരക്ഷിതബോധം നിലനില്‍ക്കുന്നുണ്ട്. അത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കറുത്തവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന വെളുത്തവനും, വെളുത്തവര്‍ക്കിടയില്‍ ഒറ്റപ്പെടുന്ന കറുത്തവനും ഉണ്ടാകുന്ന അരക്ഷിതബോധമുണ്ട്. ഈ അരക്ഷിതബോധമാണ് പോപുലര്‍ ഫ്രണ്ടിന്റെ മൂലധനം.
ജനങ്ങളുടെ ഭയത്തെ ഉപയോഗപ്പെടുത്തി പോപുലര്‍ ഫ്രണ്ടിന് വളരാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ജനങ്ങളോട് ഭയപ്പെടരുത് എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ വളരാന്‍ ശ്രമിക്കുന്നത്. അത് പോപുലര്‍ ഫ്രണ്ട് വളരുന്നതിനെക്കാള്‍ ഇരട്ടി അധ്വാനമുള്ള പണിയാണ്. ജനങ്ങളുടെ ഭയത്തെ മുതലെടുക്കുന്നതു പോലെയല്ല, സുരക്ഷിതത്വം ഉറപ്പുകൊടുക്കുന്നത്. ഭയചകിതമായ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വിത്തിറക്കുകയാണ് പോപുലര്‍ ഫ്രണ്ട് ചെയ്തത്. എന്നാല്‍ പേടിച്ചിരിക്കുന്നവനോട് പേടിച്ചിരിക്കരുത് എന്നു പറയുന്നതാണ് മുസ്‌ലിംലീഗ് രാഷ്ട്രീയം. അത് നിലവിലുള്ള സാഹചര്യത്തിന് എതിരെ യുദ്ധം ചെയ്യുന്ന പണിയാണ്. എന്നാല്‍ പോപുലര്‍ ഫ്രണ്ട് നിലവിലുള്ള സാഹചര്യത്തിന് അനുഗുണമായാണ് നിന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച പരാജയങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് അനുകൂലമായിട്ടുണ്ടാവാം.
കേരളത്തിനു പുറത്ത് മുസ്‌ലിം സമുദായം അനുഭവിച്ച നേതൃദാരിദ്ര്യത്തെയും പോപുലര്‍ ഫ്രണ്ട് കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് വളരാനുള്ള പ്രധാന കാരണം മതേതര ശക്തികളുടെ ഭിന്നിപ്പും ദുര്‍ബലതയും തന്നെയാണ്. ഫാസിസം വളരുന്നതോടൊപ്പം ന്യൂനപക്ഷ മനസ്സുകളില്‍ ശക്തിപ്പെട്ട അരക്ഷിതബോധത്തെ തത്സമയം മുതലെടുത്തു എന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ച.

ആര്‍ എസ് എസിനോ ബി ജെ പിക്കോ രാജ്യത്തെ ന്യൂനപക്ഷ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്നും രാജ്യത്തെ മതേതരശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തിയാല്‍ മാത്രമേ രാജ്യത്ത് പൂര്‍ണമായ സമാധാനാന്തരീക്ഷം സാധ്യമാകൂ എന്നും പറയാനാകുമോ?
ഫാസിസവും തീവ്രവാദവും ഭായിഭായി ആണ്. ഇവര്‍ അപകടമാണെന്ന് അവരും അവര്‍ അപകടമാണെന്ന് ഇവരും പറയുന്നതാണ് ഫാസിസവും തീവ്രവാദവും. ഫാസിസത്തെയും തീവ്രവാദത്തെയും കയ്യൊഴിയുകയാണ് ഇന്ത്യക്ക് മുന്നിലേക്കുള്ള മാര്‍ഗം. ആര്‍ എസ് എസിനെ രാജ്യത്ത് പ്രതിരോധിക്കുന്നത് മതേതര ശക്തികള്‍ തന്നെയാണ്. നൂറു കൊല്ലം കാത്തിരുന്നിട്ടാണ് ആര്‍ എസ് എസിന് പത്ത് കൊല്ലത്തെ ഭരണം കിട്ടുന്നത്. അതൊരു പരാജയം കൂടിയാണ്. ഭരണത്തിലിരിക്കുമ്പോഴും രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളുടെയും വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ വൈകാരികതയുടെ മറകെട്ടിവെച്ച് മുതലെടുക്കുകയാണ് വര്‍ഗീയവാദികള്‍.
അരിയും തുണിയും തൊഴിലും തന്നെയാണ് ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍. തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമാണ് ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെന്ന് ആര്‍ എസ് എസിനു പോലും സമ്മതിക്കേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ ജീവിതാവസ്ഥ. വര്‍ഗീയവാദികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളിലേക്ക് ചര്‍ച്ചകളെ തിരികെ വിളിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രതിസന്ധിയെ മറികടക്കേണ്ടത്.

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x