അല്ലാഹുവിനെ മറക്കരുത്
ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി
നിങ്ങള്‍ അല്ലാഹുവിനെ മറന്നവരെ പോലെ ആകരുത്. അപ്പോള്‍ അല്ലാഹു അവര്‍ക്ക് അവരെക്കുറിച്ച് തന്നെ ഓര്‍മയില്ലാതാക്കി. അവര്‍ തന്നെയാകുന്നു അധര്‍മികള്‍. (ഹശ്ര്‍ 19)
അല്ലാഹുവിനെക്കുറിച്ചുള്ള ബോധ്യം കേവലം വിശ്വസത്തിന്റെ ഭാഗമല്ല. മുസ്ലിമിന്റെ മനസ്സിലും ചിന്തകളിലും പ്രവൃത്തികളിലും ആ ബോധ്യം നിറഞ്ഞുനില്‍ക്കണം. ഈമാന്‍ മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ പറ്റാത്ത യഖീന്‍ ആയിരിക്കണമെന്ന് നബി(സ) പറയുന്നുണ്ട്. ഈ അവസ്ഥയില്‍ അല്ലാഹു നമ്മുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കും. കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതുമെല്ലാം അവനിലേക്ക് ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയും. മനസ്സിന് ഏകാഗ്രത ലഭിക്കുന്നതും ഈ സന്ദര്‍ഭത്തിലാണ്.
അശ്രദ്ധയും അലസതയുമാണ് മറവിക്ക് കാരണം. പല വായനകളിലും കാര്യങ്ങള്‍ മനസ്സില്‍ നില്‍ക്കാത്തത് ഇതുകൊണ്ടാണ്. മനുഷ്യസഹജ കാരണങ്ങളാല്‍ ചിലപ്പോഴെങ്കിലും അതുണ്ടാകും. അത് കാരണമായി ഉണ്ടാകുന്ന മറവി ഗുരുതര കുറ്റമൊന്നുമല്ല. എന്നാല്‍ ഈമാനിന്റെയും തഖ്‌വയുടെയും അഭാവത്തില്‍ ഉണ്ടാകുന്ന മറവി ഗൗരവമേറിയതാണ്. ആ മറവി പിന്നീട് അല്ലാഹുവിനെ മറക്കാനും കാരണമാകും. ഈ ആയത്തില്‍ പറയുന്നതും അത്തരം മറവിയാണ്. ഗതകാല സമൂഹങ്ങള്‍ കെട്ട വഴിയില്‍ സഞ്ചരിച്ചതും അല്ലാഹുവിനെ മറന്നത് കൊണ്ടു തന്നെയാണ്. ദൈവധിക്കാരവും ധാര്‍ഷ്ഠ്യവും മനുഷ്യനെ ഭരിക്കുമ്പോള്‍ ശൈത്താന്‍ അവനെ വരുതിയിലാക്കുന്നു. ഇരുളടഞ്ഞ മനസ്സുമായി വഴിവിട്ട ചിന്തകളില്‍ ജീവിക്കുന്നവര്‍ക്ക് അല്ലാഹു എന്ന ചിന്ത എന്നെന്നേക്കുമായി നഷ്ടമാകുന്നു. ഇത്തരക്കാരെ ‘പിശാചിന്റെ പാര്‍ട്ടി’ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് (58:19).
അമിതമായ ഭൗതികഭ്രമവും അതുണ്ടാക്കുന്ന പ്രലോഭനങ്ങളും ആധുനികതയുടെ ഉല്‍പ്പന്നങ്ങളാണ്. ജീവിതത്തില്‍ പരാജയം സംഭവിച്ച വ്യക്തികളെ പഠിച്ചാല്‍ ഇത് നമുക്ക് ബോധ്യമാകും. ഭൗതികാസക്തിയില്‍ അല്ലാഹുവിനെപ്പറ്റിയുള്ള നല്ല ചിന്തകള്‍ അവരുടെ മനസ്സിന് നഷ്ടപ്പെടുന്നു. ദൈവസ്മരണയും (ദിക്‌റുല്ലാ) മരണവും മറക്കരുത് എന്ന് ചില നബിവചനങ്ങളില്‍ കാണാം. അല്ലാഹുവിനെ മറന്നാല്‍ ജീവിതം ഇരുണ്ടതാകും. മരണം മറന്നാല്‍ ജീവിതം ദുസ്സഹമാകും, മരണാനന്തര ലോകം അവര്‍ക്ക് ദുരന്തവുമായിരിക്കും.
ഈ മറവിയുടെ പരിണിതി എന്തായിരിക്കുമെന്നും മേല്‍വചനം വ്യക്തമാക്കുന്നു. സ്വന്തത്തെക്കുറിച്ച് തന്നെ അവര്‍ മറന്നുപോകുന്ന അവസ്ഥ അല്ലാഹു മനപ്പൂര്‍വം ഉണ്ടാക്കുന്നതല്ല. തെറ്റായ നടപ്പുരീതികള്‍ കാരണമായി ഉണ്ടാകുന്ന സ്വാഭാവിക പരിണാമമാണത്. ”അല്ലാഹുവിനെ അവര്‍ മറന്നു, അവന്‍ അവരെയും മറന്നിരിക്കുന്നു” (9:67) എന്ന വചനവും ഇതിലേക്ക് ചേര്‍ത്തു വായിക്കേണ്ടതാണ്. തൗഹീദ് തന്നെയാണ് അല്ലാഹുവിനെ മനസ്സില്‍ സ്വീകരിക്കാനുള്ള എളുപ്പവഴി. സഹായ അഭ്യര്‍ഥനയും പ്രാര്‍ഥനകളും അവനോട് മാത്രമാകുമ്പോള്‍ മനസ്സിന് കൂടുതല്‍ ഏകാഗ്രത ലഭിക്കും.
അല്ലാഹു നിശ്ചയിച്ച പോലെ മാത്രമേ തന്റെ ജീവിതത്തില്‍ ഏത് കാര്യവും സംഭവിക്കുകയുള്ളൂ എന്ന വിധിവിശ്വാസവും കൂടിയാകുമ്പോള്‍ ഈ ബോധം ഒന്ന് കൂടി ശക്തമാകുന്നു. നമ്മുടെ പതിവ് ശീലമായും ദൈവബോധം വളരേണ്ടതുണ്ട്. ശീലമാക്കാത്ത കാര്യങ്ങളാണ് നാം ജീവിതത്തില്‍ മറന്നുപോകുന്നത്. ഇസ്ലാം പഠിപ്പിക്കുന്ന ആരാധനകള്‍, പ്രാര്‍ഥനകള്‍, ഖുര്‍ആന്‍ പാരായണ പഠനങ്ങള്‍ തുടങ്ങിയവയാണ് നല്ല ശീലങ്ങള്‍ വളര്‍ത്തേണ്ടത്. രാത്രി നമസ്‌കാരം കൂടുതല്‍ ഹൃദയ സാന്നിധ്യം നല്‍കുന്നുവെന്നത് (73:6) ഇതാണ് വ്യക്തമാക്കുന്നത്. ദൈവ വിസ്മൃതിയിലാണ് എല്ലാ അധര്‍മവും ഉടലെടുക്കുന്നത്. ആയത്തില്‍ പരാമര്‍ശിക്കുന്ന ‘ഫാസിഖൂന്‍’ അധര്‍മത്തിന്റെയും ദുര്‍ഗുണങ്ങളുടെയുംമൂര്‍ത്തഭാവമാണ്.