ഇനിയും വൈകരുത്
മുസമ്മില്‍ തുപ്പക്കല്‍
പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയെങ്കിലും ഫലപ്രദമായ നിയമമെടുക്കാന്‍ കേരളം തയ്യാറായിട്ടില്ല. രാഷ്ട്രീയ പ്രക്ഷാഭങ്ങള്‍, തെരുവ് പ്രകടനങ്ങള്‍, ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയവ ഉണ്ടാകുമ്പോഴൊക്കെ പൊതുമുതല്‍ നശിപ്പിക്കപ്പെടുക എന്നത് സാധാരണ സംഭവമാണ്. അത്തരക്കാരെ നേരിടാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ജനങ്ങള്‍ക്ക് അനുകൂലമായ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്. കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പു കല്പിക്കാനായി നടപടി എടുക്കാന്‍ വ്യവസ്ഥ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഉറപ്പ് നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അക്രമങ്ങളില്‍ നഷ്ടമുണ്ടായ തുകയ്ക്ക് തുല്യമായ ബോണ്ട് കെട്ടിവച്ച് മാത്രമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതും സമഗ്രമായ നിയമനിര്‍മാണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നു. കേവല വൈകാരികോത്സുക്യത്തിന്റെ പുറത്ത് പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിര്‍മിക്കപ്പെട്ട പൊതുമുതലുകള്‍ നശിപ്പിക്കാന്‍ വെമ്പുന്ന സമരക്കാരെ ജനാധിപത്യപരമായി സമരം ചെയ്യാന്‍ പഠിപ്പിക്കണമെങ്കില്‍ ഇത്തരമൊരു നിയമം അത്യാവശ്യമാണ്. പൊതുമുതല്‍ തകര്‍ക്കാതെയും സമരം ചെയ്യാമെന്ന് രാഷ്ട്രീയ സംഘടനകള്‍ മനസിലാക്കേണ്ടതുണ്ട്.