നിരാശ ബാധിക്കരുത്
എം കെ ശാക്കിര്‍
മുന്‍കാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സമീപകാല സംഭവങ്ങള്‍. അക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നുവെന്നു മാത്രമല്ല അക്രമികള്‍ തന്നെ സംഭവങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നത് അക്രമങ്ങളിലെ പുതിയ രീതിയാണ്. ഇരയെ ഭയപ്പെടുത്തുന്നുവെന്ന് മാത്രമല്ല, തങ്ങള്‍ക്കെതിരായ എല്ലാവരെയും മാനസികമായി തളര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നതാണ് അത്തരം സംഭവങ്ങളിലെ മനഃശാസ്ത്രം.
പുതിയ കാലഘട്ടത്തില്‍ മനുഷ്യരില്‍ ഏറെ പേരും നിരാശയിലേക്ക് കൂപ്പുകുത്തുന്നുവെന്നത് വിസ്മരിക്കാവതല്ല. തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം വിദൂരമായി പോലും കാണാന്‍ അത്തരം ആളുകള്‍ക്ക് കഴിയുന്നില്ല. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയും എത്താന്‍ പോകുന്നില്ലെന്നും ഒരു മാറ്റത്തിനും സാധ്യതയില്ലെന്നും നമ്മെക്കൊണ്ട് പരിവര്‍ത്തനം ഉണ്ടാക്കാനാകില്ലെന്നും അത്തരക്കാര്‍ ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ്.
ഒരാള്‍ നിരാശനാകുന്നത് വിശ്വാസം ദുര്‍ബലമാകുമ്പോഴാണ്. പ്രതിസന്ധികളും പരാധീനതകളും കഷ്ടനഷ്ടങ്ങളും ഉണ്ടാകാമെങ്കിലും നിരാശ എന്ന ദൗര്‍ബല്യം വിശ്വാസികള്‍ക്ക് ഭൂഷണമല്ല. ”സത്യനിഷേധികളാണ് അല്ലാഹുവില്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശരാവുക” (വി.ഖു. 12:87).
മക്കയില്‍ നിന്ന് പലായനം ചെയ്യുന്ന പ്രവാചകനെ പിടികൂടാന്‍ പിന്നാലെ വന്ന് ഒടുവില്‍ പരാജിതനായ സുറാഖയോട് പ്രവാചകന്‍ ചോദിക്കുന്നുണ്ട്, ‘റോമും പേര്‍ഷ്യയുമൊക്കെ ഇസ്‌ലാം അതിജയിക്കുന്ന ഒരു ഘട്ടം വരുകയും അന്ന് കിസ്‌റയുടെ കിരീടവും വളകളും നിന്നെ അണിയിക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കു’മെന്ന്. രാജ്യം വിട്ടുപോകുമ്പോഴും വരാനിരിക്കുന്ന വിജയങ്ങളെപ്പറ്റി തെല്ലും നിരാശ പ്രവാചകനെ(സ) ബാധിച്ചിരുന്നില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘകാലം രോഗശയ്യയില്‍ കഴിയുമ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ലവലേശം നിരാശനായിരുന്നില്ല അയ്യൂബ്(അ) എന്നത് 21:83 നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രയാസത്തിനൊപ്പമാണ് ആശ്വാസമെന്ന് 94:5-6 വചനങ്ങള്‍ ആവര്‍ത്തിച്ച് തെര്യപ്പെടുത്തുന്നു. പ്രസ്തുത വചനത്തെ വിശദീകരിച്ച പ്രവാചകന്‍ ‘ഒരു പ്രയാസത്തിന് രണ്ട് എളുപ്പങ്ങളെ ഒരിക്കലും അതിജയിക്കാനാകില്ലെ’ന്ന് വിശദീകരിച്ചിട്ടുണ്ട്.
നിരാശനായ ഒരാള്‍ ദൈവത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കും. തനിക്കു വേണ്ടി ദൈവം ഒരുക്കിയ അനുഗ്രഹങ്ങളെയും തന്നോടുള്ള ദൈവിക നിലപാടുകളെയും കുറിച്ച് അത്തരം ആളുകള്‍ക്ക് മനസ്സിലാകാതെ പോകുന്നുണ്ട്. ‘വിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ’ എന്ന് വിശദീകരിക്കുന്ന ഒരു തിരുവചനം സ്വഹീഹ് മുസ്‌ലിമില്‍ കാണാം. ഏതൊരു അനുഗ്രഹത്തിനും ദൈവത്തോട് നന്ദിയും വിഷമകരമായ അവസ്ഥയില്‍ ക്ഷമയും അവലംബിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിവരിക്കുന്നുണ്ട്. നിരാശ പ്രതീക്ഷയെ കെടുത്തുക മാത്രമല്ല മോചനത്തിനായുള്ള ശ്രമങ്ങളെ നിരാകരിക്കുകയും ചെയ്യും. ദൈവിക കാരുണ്യത്തോട് നിരാശ തോന്നുന്നതുവഴി പിഴച്ചവനായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ 15:56ല്‍ വിവരിക്കുന്നു.
ഒരാള്‍ നാശമടയുന്നതിന്റെ പ്രഥമ ഘട്ടം ശുഭാപ്തി വിശ്വാസം നഷ്ടപ്പെടലാണ്. ഏതൊരു പ്രതിസന്ധിയിലും പ്രതീക്ഷാനിര്‍ഭരനായിരിക്കാന്‍ പ്രമാണങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഖുബൈബ്‌നു അദിയ്യ്(റ) ക്രൂശിക്കപ്പെടുന്നതിനു മുമ്പ് കവിത ചൊല്ലി മരണം വരിച്ചത് വരാനിരിക്കുന്ന മഹാവിജയത്തെപ്പറ്റി തെല്ലും ആശങ്കയില്ലാത്തതിനാലാണ്. ഭൗതികലോകത്തെപ്പറ്റിയുള്ള അമിത താല്‍പര്യവും പാരത്രിക ലോകത്തെപ്പറ്റി ശരിയായ കാഴ്ചപ്പാടില്ലാതെ പോകുന്നതുമാണ് പലരെയും നിരാശയില്‍ എത്തിക്കുന്നത്.
നമ്മുടെ തന്നെ നയവൈകല്യങ്ങളുടെയോ തെറ്റായ പ്രവര്‍ത്തനങ്ങളുടെയോ ഫലമായി എന്തെങ്കിലും കഷ്ടതകള്‍ ബാധിച്ചാല്‍ നിരാശപ്പെടുന്നതിനെതിരെ ഖുര്‍ആന്‍ 30:36ല്‍ താക്കീതു നല്‍കിയിട്ടുണ്ട്. എല്ലാം ദൈവനിശ്ചയമെന്ന് കരുതി ഉറപ്പിച്ച വിശ്വാസിക്ക് നിരാശപ്പെടാന്‍ യാതൊരു നിര്‍വാഹവുമില്ല. അതിനാല്‍ ഏത് സന്ദര്‍ഭത്തിലും പോസിറ്റീവായിരിക്കാന്‍ നമുക്ക്ശ്രമിക്കാം.