ദിവ്യവെളിച്ചം
അമീര്‍ മദനി പള്ളുരുത്തി
നീയെന്ന ദേഹി തന്‍
ദാഹം ശമിക്കാതെ…
നിനക്കറിയാം നിന്നെ
നിന്നുണ്മയെ,
സത്തയെ.
നിനക്കായ് നീയുതിര്‍ത്ത
തണലെത്ര ദുര്‍ബലം..!
വിറ കൊള്ളുന്നുവോ
നിന്‍ ധമനികളൊക്കെയും
ഉള്‍ക്കണ്ണ്, കാത്, വിരല്‍
തലപ്പുകളും രോമകൂപങ്ങളും.
ഹൃത്തും നഖാഗ്രവും ശ്വാസ
നിശ്വാസ തലങ്ങളും
കണ്‍പീലിപ്പിളര്‍പ്പുകളും…!
ഭീതി കറുത്തൊരു നിഴലായ്
നിന്നിലേക്കാഞ്ഞു പതിക്കുമോ;
സ്ഥല കാല
വിഭ്രമം…!
രുചിച്ചു തിമിര്‍ത്തു
ശ്വസിച്ചു ദാ തീര്‍ത്തു നീ;
ഹന്ത; എങ്ങൊളിപ്പിക്കും
ആകാശ ദൂതര്‍
നിനക്കായ്
സമര്‍പ്പിച്ച
ദിവ്യവെളിച്ചത്തിന്
പുറംനിന്നുവോ നീ!