13 Saturday
April 2024
2024 April 13
1445 Chawwâl 4

ഡിജിറ്റല്‍ മോഡിലേക്ക് പകര്‍ന്നാടുന്ന ആത്മീയ വാണിഭങ്ങള്‍

വി കെ ജാബിര്‍


വിഷാദരോഗം മാറ്റാന്‍ പൂജ നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് 44-കാരിയുടെ 1.8 കോടി രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നത് ഇക്കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ നിന്നായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ബംഗളൂരു ശേഷാദ്രിപുരം സ്വദേശിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ആത്മീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യു പി സ്വദേശികളായ സഹോദരങ്ങളാണ് പണം തട്ടിയത്.
വിഷാദരോഗം അലട്ടിയിരുന്ന ഇവര്‍ 2016-ലാണ് വെബ്സൈറ്റിലൂടെ ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകള്‍ നടത്താന്‍ ഇവര്‍ കൂടി സഹായിക്കാമെന്ന് ഏല്‍ക്കുകയും പൂജകള്‍ക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. 2016 ജനുവരി മുതല്‍ 2020 ആഗസ്ത് വരെയുള്ള കാലയളവില്‍ പലതവണകളായി 1.8 കോടി രൂപയാണ് ഇവര്‍ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തത്.
ആത്മീയചികിത്സയുടെ പേരില്‍ 40 പവന്‍ തട്ടിയെടുത്ത യുവാവ് വേങ്ങരയില്‍ പിടിയിലായ വാര്‍ത്ത വന്നതും സമീപ കാലത്താണ്. തിരൂര്‍ പുറത്തൂര്‍ പാലക്കാവളപ്പില്‍ ശിഹാബുദ്ദീന്‍ (38) ആണ് അറസ്റ്റിലായത്. വേങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. മൊബൈല്‍ വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലെ പ്രശ്‌നങ്ങള്‍ ആത്മീയ ചികിത്സ നടത്തുന്ന ഉപ്പാപ്പയെക്കൊണ്ട് പരിഹരിപ്പിക്കാമെന്ന് ബോധ്യപ്പെടുത്തിയാണ് പലപ്പോഴായി സ്വര്‍ണം തട്ടിയത്. ചികിത്സക്കായി ഉപ്പാപ്പയെ വിളിക്കുമ്പോള്‍ ശിഹാബുദ്ദീന്‍ തന്നെ ഉപ്പാപ്പ ചമഞ്ഞ് മൊബൈലിലൂടെ ആയത്തുകള്‍ ഓതിക്കൊടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാല്‍ ഉപ്പാപ്പക്ക് കൂടുതല്‍ സ്വര്‍ണം വേണമെന്നാവശ്യപ്പെട്ടാണ് പല തവണകളിലായി ആത്മീയ തട്ടിപ്പുകാരന്‍ നാല്പത് പവന്‍ കരസ്ഥമാക്കിയത്. സംഭവം നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്ത്രീപീഡനക്കേസില്‍ ശിഹാബുദ്ദീനെ പിടികൂടിയതറിഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വേങ്ങര പോലീസിനെ സമീപിച്ചത്. തിരൂര്‍, താനൂര്‍, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറയുന്നു.
പാലക്കാട് ചാലിശ്ശേരിയില്‍ പാരമ്പര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കറുകപുത്തൂര്‍ സ്വദേശി അറസ്റ്റിലായ വാര്‍ത്തയും മാസങ്ങള്‍ക്കു മുമ്പു വന്നതാണ്. ഇയാള്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌ന പരിഹാരത്തിനായി വീട്ടമ്മ ചാലിശ്ശേരിയിലെ കോയ തങ്ങളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ദുരനുഭവം. ആത്മീയ ചികിത്സയ്ക്കുള്ള പ്രത്യേക മുറിയില്‍ വച്ച് പരാതിക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട വീട്ടമ്മ ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മന്ത്രവാദത്തിന്റെ പേരില്‍ നിരവധിയാളുകള്‍ സെയ്ദ് ഹസ്സന്‍കോയ തങ്ങളുടെ വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും അനുവാചകരെയും നേടിയ സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ ജമലുല്ലൈലി എന്ന ആത്മീയ വ്യാപാരിയുടെ വിലാസങ്ങളാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്. നൂറെ ഹബീബ് യൂട്യൂബ് ചാനലിന് ലക്ഷക്കണക്കിന് വരിക്കാരും കേള്‍വിക്കാരുമുണ്ട്. ഫെയ്‌സ്ബുക്കിലും നിരവധി ഫോളോവേഴ്‌സ് ഉള്ള ഇദ്ദേഹത്തിന്റെ മദ്ഹുകള്‍ പറയാന്‍ ആയിരക്കണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉള്ളതായാണ് അറിയുന്നത്. സ്ത്രീകള്‍ ഗ്രൂപ്പ് അഡ്മിന്‍മാരായ കൂട്ടായ്മകളിലെ മെമ്പര്‍മാരിലേറെയും വനിതകള്‍ തന്നെ. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംഗമങ്ങളിലെ കേള്‍വിക്കാരില്‍ ബഹുഭൂരിഭാഗവും സ്ത്രീകള്‍ തന്നെ. സോഷ്യല്‍ മീഡിയ വഴിയുള്ള ആത്മീയ- അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമസ്ത ഇ കെ വിഭാഗത്തില്‍ നിന്ന് പല പ്രമുഖരും രംഗത്തെത്തിയിരിക്കുന്നു. മതമേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നല്‍കുന്നവരെ പിടിച്ചുകെട്ടേണ്ടിവരുമെന്നാണ് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റടിച്ചാല്‍ നരകത്തിലേക്കു പോകുമെന്നാണ് തങ്ങളുടെ മതം. അതുകേട്ട് കാല്‍ക്കല്‍ വീഴുന്ന അനുയായികള്‍.
ആത്മീയതയുടെ പേരില്‍ പൊട്ടിമുളയ്ക്കുന്ന ചൂഷകരുടെ കഥകള്‍ക്ക് ഒടുക്കമില്ല. സാക്ഷരതയും സംസ്‌കാരവും ഉണ്ടെന്നു വീമ്പു പറയുന്ന മലയാളികളില്‍ മതഭേദമെന്യേ അത്ഭുത വ്യാപാരികള്‍ക്ക് നല്ല ഡിമാന്റാണ് എന്നും. സോഷ്യല്‍ മീഡിയയിലൂടെ ആരെങ്കിലും എന്തെങ്കിലും ഷെയര്‍ ചെയ്താല്‍ അതിന്റെ സത്യാവസ്ഥ അറിയാനോ താന്‍ എന്തിനു ഷെയര്‍ ചെയ്യുന്നുവെന്ന് ആലോചിക്കാനോ ഉള്ള ശേഷി നല്ലൊരു വിഭാഗത്തിനുമില്ല. ഈ സന്ദേശം പത്ത് പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ ജീവിതത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവുമെന്നും കളിയാക്കിയാല്‍ പണനഷ്ടവും മാനഹാനിയും അപകടവും ഉണ്ടാകുമെന്നുമുള്ള മെസേജുകള്‍ പൊള്ളയാണെന്നു പലര്‍ക്കുമറിയാം. അപ്പോഴും, ‘ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ’ എന്ന മനോഭാവത്തില്‍ പിന്നാലെ ഓടുന്നവരായി നാം മാറിയിരിക്കുന്നു. അത് ഷെയര്‍ ചെയ്തതുകൊണ്ട് മാത്രം ലോട്ടറി അടിച്ച ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കാന്‍ കഴിയാത്ത വിധം ചിന്താശേഷി മരവിപ്പിലാണ്.
കോടിക്കണക്കിനു രൂപയുടെ ജപമാല വ്യാപാരമാണ് ഇന്ത്യയില്‍ നടന്നുവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏതു മതവിഭാഗത്തിനും ആവശ്യമായ ജപമാലകളും ദിവ്യോല്‍പന്നങ്ങളും കയറ്റി അയയ്ക്കുന്ന വന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശംഖ്, ഏലസ്സ്, ചരടുകള്‍, രുദ്രാക്ഷങ്ങള്‍, ഐക്കല്ലുകള്‍, ‘ദിവ്യ ശക്തിയുള്ള’ ലോക്കറ്റുകള്‍, മോതിരങ്ങള്‍, തകിടുകള്‍ തുടങ്ങിയവയുടെ കച്ചവടം തകൃതിയായി നടക്കുന്നു. എത്ര ലക്ഷം കോടിയുടെ തട്ടിപ്പാണ് ആത്മീയതയുടെ പേരില്‍ ഇവ്വിധം നടക്കുന്നതെന്നു കൃത്യമായി കണക്കാക്കാന്‍ പോലും കഴിയുന്നില്ല.
മാനസിക സംഘര്‍ഷങ്ങള്‍ക്കു മറുമരുന്ന്
ആഗോളവത്കരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ മനുഷ്യര്‍ തിരക്കിലാണ്. ഈ തിരക്കു സമ്മാനിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും ബന്ധങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരവുമായാണ് ആള്‍ദൈവങ്ങളും മന്ത്രവാദികളും സിദ്ധന്മാരും മറ്റും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെയും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ജനങ്ങളെ ആത്മീയക്കെണിയില്‍ വീഴ്ത്തുന്നത്. നല്ല ക്യാമറയുള്ള മൊബൈല്‍ ഫോണും ട്രൈപോഡും ആവശ്യത്തിന് ജി ബി ഡാറ്റയുമുണ്ടെങ്കില്‍ എത്ര വലിയ ആത്മീയ സദസ്സുകളും തയ്യാര്‍.
തൊഴില്‍ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, മക്കളുടെ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം, ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം, അവിഹിത ബന്ധം, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍, മാരകരോഗങ്ങള്‍ തുടങ്ങിയവ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ആത്മീയ കച്ചവടക്കാര്‍ ഒറ്റമൂലികള്‍ നിര്‍ദേശിക്കുന്നു. നിരവധി പ്രശ്‌നങ്ങള്‍ക്ക് വീടിന്റെ കിടപ്പു ശരിയല്ലാത്തതുകൊണ്ടാണ് എന്ന വാസ്തു വിദഗ്ധരുടെ വിധിയില്‍ ലക്ഷങ്ങള്‍ മുടക്കി പണിത വീടു പൊളിച്ചവര്‍ എത്രയാണ്! എന്നാല്‍ വീടു പൊളിച്ചു പണിതതു കൊണ്ടും സ്ഥാനം മാറ്റിയതുകൊണ്ടും എത്ര പേര്‍ക്ക് മനശ്ശാന്തി ലഭിച്ചു എന്നാരും അന്വേഷിക്കാറില്ല. ഭൗതിക ജീവിതം ആനന്ദപ്രദമാക്കുന്നതിനുള്ള ഉപായങ്ങളാണ് സിദ്ധന്മാരും ജ്യോതിഷികളും മന്ത്രവാദികളും ഉപദേശിക്കാറുള്ളത്. പാരത്രിക മോക്ഷം പറഞ്ഞ് തട്ടിപ്പു നടത്തുന്നവരും കുറവല്ല.
ചൂഷണങ്ങളുടെ
കളിത്തൊട്ടില്‍

ദിവ്യാത്ഭുതങ്ങളുടെ മറവില്‍ കടുത്ത സാമ്പത്തിക ചൂഷണത്തിനൊപ്പം ലൈംഗിക ചൂഷണവും നടന്നു വരുന്നു. സിദ്ധന്മാരുടെ ‘പരകായപ്രവേശം’ മൂലം കുടുംബ ബന്ധം തകര്‍ന്ന എത്ര കഥകള്‍ നിത്യവും സംഭവിക്കുന്നു. ആത്മീയ ചികിത്സയെ തുടര്‍ന്ന് ബോധം നഷ്ടപ്പെടുന്ന സ്ത്രീകള്‍ സ്വയമറിയാതെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന സംഭവങ്ങളും എത്രയാണ്.
സന്യാസി വേഷത്തിലുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരാണ് ശ്രീശ്രീ രവിശങ്കറും അമൃതാനന്ദമയീ ദേവീയും ആശാറാം ബാപ്പുവും രാംദേവും ഉള്‍പ്പെടെയുള്ളവര്‍ എന്ന് ‘വിമന്‍പോയിന്റി’ല്‍ ആര്‍ പാര്‍വതി ദേവി എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ പുരാതനകാലത്തെ ഋഷിമാര്‍ കാട്ടില്‍ തപസ്സു ചെയ്ത് ലൗകികവിരക്തി നേടിയവരാണെന്നാണല്ലോ സങ്കല്പം. പഴങ്ങളും ഇലകളും മറ്റും ഭക്ഷിച്ച് കഠിനതപസ്സ് അനുഷ്ഠിച്ച സന്യാസിമാരുടെ കഥകള്‍ നാം വായിച്ചിട്ടുണ്ട്. ശ്രീബുദ്ധനെ പോലെ രാജ്യാധികാരവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ആള്‍ ദൈവങ്ങള്‍ സുഖലോലുപതയിലും ആര്‍ഭാടത്തിലും ആഡംബരത്തിലും അഭിരമിക്കുന്നവരാണ്.
കോടികള്‍ വിലവരുന്ന എയര്‍കണ്ടീഷന്‍ ചെയ്ത ചലിക്കുന്ന കൊട്ടാരങ്ങളില്‍ വന്നിറങ്ങി ഭക്തരെ ഉദ്‌ബോധിപ്പിക്കുന്നവരാണീ ആള്‍ദൈവങ്ങള്‍. ടി വി ചാനലും ആശുപത്രികളും വിദ്യാലയങ്ങളും സ്ഥാപിച്ച് കോടികളുടെ ലാഭം ഉണ്ടാക്കുന്നവര്‍. റോള്‍സ് റോയ്‌സ് കാറുകള്‍ സ്വന്തമായുണ്ടായിരുന്ന ഓഷോ രജനീഷിനെയും നമുക്കറിയാം എന്നും അവര്‍ എഴുതിയിട്ടുണ്ട്.
ആത്മീയതയുടെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പുകളെയും വ്യാജന്മാരെയും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്. ആത്മീയ കമ്പോളത്തിലെ കുത്തക മുതലാളിമാരാണ് ഇത്തരക്കാര്‍ പലരും എന്നറിയുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണ്. സമ്പത്ത്, ലൈംഗികത, അധികാരം തുടങ്ങിയ യാതൊരു താല്പര്യങ്ങളുമില്ലാത്ത എത്ര ആത്മീയ നേതാക്കളെ കാണാന്‍ കഴിയുമെന്ന ലളിതമായ ചോദ്യത്തില്‍ ഈ പ്രശ്‌നത്തിന് ഉത്തരം ലഭിക്കും. ഐ ടി മേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണം ജീവനക്കാരെ കടുത്ത അസംതൃപ്തിയിലേക്കും നിരാശയിലേക്കും നയിക്കുമ്പോള്‍ കോര്‍പറേറ്റ് മുതലാളിമാര്‍ ഇത്തരക്കാരുടെ സുദര്‍ശനക്രിയകളാണ് നിര്‍ദേശിക്കുന്നത്. ഇത്തരം ശ്വസന വ്യായാമങ്ങള്‍ക്ക് ശരാശരി 5000 രൂപ ഫീസുണ്ടെന്നറിയുമ്പോള്‍ നല്ലൊരു കച്ചവടോല്പന്നമാകാതിരിക്കുന്നതെങ്ങനെ. കേരളത്തില്‍ കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചാണ് ഏറ്റവും അധികം വിദേശ പണം നേടുന്നത് എന്നാണ് കണക്ക്. 2003-04ല്‍ 2.06 കോടി രൂപയായിരുന്നു ചര്‍ച്ചിന്റെ വിദേശ വരവെങ്കില്‍ 2011-12ല്‍ ഇത് 190.05 കോടിയായി. അമൃതാനന്ദമയി മഠത്തിലേക്ക് വരുന്നത് 98.64 കോടി രൂപയാണ്. ഇതെല്ലാം ഔദ്യോഗിക കണക്കു മാത്രമാണ്.
ദിവ്യാത്ഭുത പ്രചാരകരാകുന്ന മാധ്യമങ്ങള്‍
ലാഭം മാത്രം കേന്ദ്രീകരിച്ചുള്ള പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനവും ആത്മീയ വ്യാപാരികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കി. ആത്മീയ ചാനലുകളും പ്രസിദ്ധീകരണങ്ങളും ഒരു ഭാഗത്തുണ്ട്. ഇതിനു പുറമെ ആത്മീയ കമ്പോളത്തിലെ ദിവ്യാത്ഭുത ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്തതായി തീര്‍ന്നിരിക്കുന്നു. ചെറുകിട മാധ്യമങ്ങള്‍ക്ക് പിടിച്ചുനില്‍ക്കുന്നതിന് ഇത്തരം ഏലസ്സുകളും ശംഖും ലോക്കറ്റും ചരടുകളും ഒഴിവാക്കാനാകാത്ത വിധത്തിലായിരിക്കുന്നു എന്നതും ആത്മീയ ചൂഷണങ്ങളുടെ വേഗം കൂട്ടുന്നു. കേരളത്തില്‍ പത്തു ശതമാനം പേര്‍ക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്ക്. തൊഴിലിടങ്ങളും ജീവിത വ്യവഹാരവും കൂടുതല്‍ സംഘര്‍ഷാത്മകമാകുമ്പോള്‍ ആത്മീയ ശാന്തിക്കായി ദാഹിക്കുന്ന മനുഷ്യരുടെ എണ്ണം കൂടും. മാനസികോല്ലാസത്തിനുള്ള മാര്‍ഗങ്ങള്‍ സ്വയമോ സാമൂഹികമായോ രൂപപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ ആത്മീയ സാമ്രാജ്യങ്ങള്‍ രൂപപ്പെടുകയേ ഉള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x