ഡിജിറ്റല്‍ ഭ്രമത്തില്‍ സ്വയം മറന്നുപോകരുത്
റുബീന ഇബ്രാഹിം, തിരൂര്‍
വികസിച്ചു കൊണ്ടിരിക്കുന്ന ടെക്‌നോളജിയുടെ ഒരു വലിയ പങ്ക് തന്നെ പ്രതിഫലിച്ചു കാണുന്നത് മൊബൈല്‍ ഫോണുകളിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. പുതിയ മോഡലുകളില്‍ ആകര്‍ഷണീയമായ തരത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലോകത്ത് ഇറക്കുമതി ചെയ്യപ്പെടുമ്പോള്‍ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളടക്കം വളര്‍ന്നു വരുന്ന ഒരു വലിയ വിദ്യാര്‍ഥി സമൂഹം തന്നെ അതില്‍ ഏറ്റവുമധികമായി ആകൃഷ്ടരാവുന്നു. കൊറോണയുടെ വരവോടെ കുട്ടികളെയും മൊബൈല്‍ ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍ പഠനം ഒരു ഹേതുവായി. പഠനത്തിന്റെ പേരില്‍ പുതിയ ഫോണ്‍ സ്വന്തമാക്കിയ പല മക്കളും വീട്ടുകാരെ കമ്പളിപ്പിച്ചു അത് ദുരുപയോഗം ചെയ്യുന്ന അവസ്ഥ, കഴിഞ്ഞ കാലയളവില്‍ നമ്മള്‍ കേള്‍ക്കാനിടയായ ചില വിദ്യാര്‍ഥി ആത്മഹത്യകള്‍ അതിന് തെളിവാണ്. മരണ കാരണമായി ഉയര്‍ന്നു വന്നത് ഈ അടുത്ത കാലങ്ങളായി വികസിപ്പിച്ചെടുത്ത ഗെയിമുകളാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കുട്ടികളെ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതില്‍ രക്ഷിതാക്കളുടെ ഭാഗത്തും തെറ്റുണ്ട്.
ടെക്‌നോളജിയെ പറ്റിയും സോഷ്യല്‍ മീഡിയ ചതിക്കുഴികളെ കുറിച്ചും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കാന്‍ സൈബര്‍ സെല്ലും സാമൂഹിക സംഘടനകളും തീര്‍ച്ചയായും രംഗത്തു വരണം. മാത്രമല്ല ഫാമിലി ആപ്പുകള്‍ പോലുള്ളവ വഴി കുട്ടികളുടെ ഫോണ്‍ ഉപയോഗം നിരീക്ഷിക്കാന്‍ രക്ഷിതാക്കളും ശ്രമിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതില്‍ മുതിര്‍ന്നവര്‍ കരുതല്‍ എടുത്തേ മതിയാവൂ.