ഭിന്നശേഷിക്കാരുടെ വിവാഹമൊരുക്കി എബിലിറ്റി
പുളിക്കല്‍: കൗതുകകരമായ ഒരു വിവാഹത്തിന് സാക്ഷിയായ സന്തോഷത്തിലാണ് എബിലിറ്റി ഫൗണ്ടേഷന്‍ കാമ്പസ്. പെരിന്തല്‍മണ്ണ സ്വദേശിനി തിരിയാലപ്പെറ്റ ജസീലയും മഞ്ചേരി സ്വദേശി പൂഴിക്കുത്ത് സഹദും തമ്മിലുള്ള വിവാഹമാണ് കാമ്പസിന് പുത്തന്‍ അനുഭവം സമ്മാനിച്ചത്. ഇരുവരും അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവരാണ്. രണ്ടാം വയസ്സില്‍ പോളിയോ ബാധിച്ചാണ് ജസീലക്കു ചലനശേഷി നഷ്ടമായത്. സഹദ് ശാരീരിക വൈകല്യങ്ങളോടു കൂടിയാണ് ജനിച്ചത്.
എബിലിറ്റി കാമ്പസില്‍ ഫാഷന്‍ ഡിസൈനിങ് പഠിച്ച ജസീല ഇപ്പോള്‍ എബിലിറ്റി പ്രൊഡക്ഷന്‍ സെന്ററില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്. ബാല്യത്തില്‍ തന്നെ ജസീലക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ബി എ വരെ പഠിച്ച സഹദ് ഇപ്പോള്‍ കമ്പ്യൂട്ടര്‍ പഠനത്തിനു ചേര്‍ന്നിരിക്കുകയാണ്.
എബിലിറ്റി ഫൗണ്ടേഷന്‍ തിരൂരില്‍ സംഘടിപ്പിച്ച പൊരുത്തം പരിപാടിയാണ് വിവാഹത്തിന് ഇരുവര്‍ക്കും പ്രചോദനമായത്. തന്റെ എല്ലാ പ്രയാസങ്ങളും അറിഞ്ഞ ഒരു ഇണയെ കിട്ടിയതില്‍ ജസീലയും തന്റെ എല്ലാ ശാരീരിക പോരായ്മകളും മനസ്സിലാക്കിയ ഒരു ഇണയെ ലഭിച്ചതില്‍ സഹദും അതീവ സംതൃപ്തരാണ്. ഭിന്നശേഷി പെണ്‍കുട്ടിയെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് നേരത്തെ ദൃഢനിശ്ചയമെടുത്ത വ്യക്തിയാണ് സഹദ്. സ്വയം പര്യാപ്തരായതിന് ശേഷം മാത്രമേ വിവാഹ ജീവിതം ആരംഭിക്കുകയുള്ളൂ എന്ന തീരുമാനഫലമായി വിവാഹം നീട്ടിവെക്കുകയായിരുന്നു ഇരുവരും.
എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡിന്റെയും നന്മ കെയര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിവാഹം നടത്തിയത്. ഇവര്‍ക്ക് സ്വന്തമായി വീടും സ്ഥലവും ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് എബിലിറ്റി. ഇപ്പോള്‍ ഇവരുടെ താമസം എബിലിറ്റി ഫൗണ്ടേഷന്‍ പുതുതായി നിര്‍മിച്ച ഗസ്റ്റ്ഹൗസിലാണ്.
രണ്ടാം തവണയാണ് എബിലിറ്റി കാമ്പസില്‍ ഭിന്നശേഷിക്കാരായ അന്തേവാസികളുടെ വിവാഹമൊരുക്കുന്നത്. ഇവിടുത്തെ പഠിതാവ് ശാരദയും വയനാട് സ്വദേശി മണികണ്ഠനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു.