1 Tuesday
July 2025
2025 July 1
1447 Mouharrem 5

ധ്രുവ് റാഠി എന്ന പ്രതീക്ഷ

യഹ്‌യ എന്‍ പി

ഇന്ത്യന്‍ സാമ്പത്തികരംഗം അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യ ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാതൃകയും നേതാവുമാണ്, ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു, ഇന്ത്യ വിശ്വഗുരുവായി മാറിയിരിക്കുന്നു എന്നിങ്ങനെയുള്ള വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റി തള്ളലുകള്‍ ഇന്ത്യന്‍ ജനതയിലെ സാധാരണക്കാര്‍ പൊതുവേ വിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു. ബിജെപി അഴിച്ചുവിടുന്ന പ്രചാരണ കൊടുങ്കാറ്റിനു മുമ്പില്‍ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തോറ്റുപോയിരിക്കുന്നു.
ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കേണ്ടത് ഇന്ത്യയിലെ അച്ചടി-ദൃശ്യമാധ്യമങ്ങളാണ്. എന്നാല്‍ 2013ഓടെ ഇന്ത്യയിലെ മുഖ്യധാരാ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ അംബാനിയും അദാനിയും വിലയ്ക്കു വാങ്ങാന്‍ തുടങ്ങി. വഴങ്ങാതെ പിടിച്ചുനിന്ന എന്‍ഡിടിവി വരെ ഇപ്പോള്‍ അവരുടെ കൈയിലായി. മുഖ്യധാരാ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ എല്ലാംതന്നെ മോദിമയം. എല്ലാം ബിജെപിക്ക് വിധേയപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദം കുഴിച്ചുമൂടുകയും ഹിന്ദുത്വയുടെ കുഴലൂത്തുകാരായി മാറുകയും ചെയ്തു മാധ്യമങ്ങള്‍. രാജ്യത്ത് വംശഹത്യകള്‍ക്കും കലാപങ്ങള്‍ക്കും അരങ്ങൊരുക്കുന്ന പണിയാണ് ഇപ്പോള്‍ അവ ചെയ്യുന്നത്.
സത്യത്തിന്റെ പടവാളാകേണ്ട മാധ്യമങ്ങള്‍ ഇവ്വിധം മുട്ടിലിഴയുമ്പോഴാണ് ധ്രുവ് റാഠി (ഉവൃൗ് ഞമവേലല) എന്ന യൂട്യൂബറുടെ വരവ്. ട്രാവല്‍ വ്‌ളോഗര്‍ എന്ന നിലയില്‍. പിന്നീട് ഫാക്ട് ചെക്കിങ് വീഡിയോകളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. ഗംഭീരമായ അവതരണം വളരെ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും സത്യസന്ധവും നിര്‍ഭയവുമായി വിലയിരുത്തുന്ന വീഡിയോകളിലേക്ക് ധ്രുവ് തിരിയുന്നത്. 1.68 കോടി സബ്‌സ്‌ക്രൈബര്‍മാരുള്ള ധ്രുവിന്റെ വീഡിയോകള്‍ക്ക് കോടിക്കണക്കിനു പ്രേക്ഷകരാണുള്ളത്. രാജ്യത്തെ പല മാധ്യമ ഭീമന്‍മാര്‍ക്കും ഇത്രയും റീച്ചില്ല. മോദിയുടെ ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമാകാന്‍ പോവുകയാണെന്നു വ്യക്തമാക്കുന്ന വീഡിയോ ദിവസങ്ങളോളം യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി. കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നിലെ കളികള്‍ വ്യക്തമാക്കുന്ന വീഡിയോയും ദിവസങ്ങളോളം ട്രെന്‍ഡിങ് ആയിരുന്നു.
ഐടി വിദഗ്ധരായ പ്രതീക് സിന്‍ഹയും ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറും ധ്രുവ് റാഠിയോടൊപ്പം സജീവവും ശക്തവുമായി നിലയുറപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ലോകപ്രശസ്തരായ ഫാക്ട് ചെക്കര്‍മാരാണ് ഇരുവരും. കുനാല്‍ കമ്രയെയും അവഗണിക്കാനാവില്ല. രാജ്യത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ദ ക്വിന്റ്, ദ വയര്‍ എന്നീ ചാനലുകളെയും ലോകം ശ്രദ്ധിക്കുന്നു.
രവീഷ് കുമാര്‍, ബര്‍ഖാ ദത്ത് എന്നിങ്ങനെ മുഖ്യധാരാ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ നിന്ന് ഇറങ്ങിവന്ന ഇന്ത്യയിലെ അതിപ്രശസ്തരായ ജേണലിസ്റ്റുകളെല്ലാം യൂട്യൂബ് ചാനലുകളിലേക്ക് കളം മാറുമ്പോഴേക്കും ലക്ഷക്കണക്കിനു സബ്‌സ്‌ക്രൈബര്‍മാരും കാഴ്ചക്കാരും ദിവസങ്ങള്‍ക്കകമാണ് പിന്തുണയുമായി ഇരച്ചെത്തുന്നത്. മുഖ്യധാരാ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ വാങ്ങിക്കൂട്ടി മോദിക്കു കാഴ്ചവെച്ച മുകേഷ് അംബാനിയാണ് ഇതിനും കാരണക്കാരനായത് എന്നതാണ് വലിയ തമാശ. അംബാനിയുടെ ജിയോ കൊണ്ടുവന്ന ഇന്റര്‍നെറ്റ് ഉദാരവത്കരണമില്ലെങ്കില്‍ യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം തീര്‍ക്കില്ലായിരുന്നു.
ജര്‍മനിയില്‍ പഠിച്ച്, അവിടെ എന്‍ജിനീയറായി ജോലി ചെയ്യുന്ന ധ്രുവ് റാഠി നല്ല തെളിഞ്ഞ ഹിന്ദിയിലാണ് ചാനലില്‍ സംസാരിക്കുന്നത്. ആഴമുള്ള വിഷയങ്ങള്‍ ലളിതമായും മനോഹരമായും പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ റോളാണ് അദ്ദേഹത്തിന്. അതാണ് ഇന്ത്യയിലെ യുവത്വം കാതോര്‍ക്കുന്ന വിശ്വപ്രസിദ്ധനായ ജേണലിസ്റ്റായി മാറാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഹിന്ദുത്വ സൈബര്‍ കടന്നല്‍ക്കൂട്ടം ധ്രുവിനു നേരെ തിരിഞ്ഞുകഴിഞ്ഞു.

Back to Top