29 Friday
November 2024
2024 November 29
1446 Joumada I 27

ധാര്‍മികതയും ജീവശാസ്ത്രവും


വിജ്ഞാനത്തിന്റെ ഉറവിടം സംബന്ധിച്ച് തത്വശാസ്ത്രപരമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന ആധുനിക ഫിലോസഫിയുടെ ഭാഗമാണ് എപിസ്റ്റമോളജി. എങ്ങനെയാണ് വിജ്ഞാനങ്ങള്‍ രൂപപ്പെടുന്നത് എന്നത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളുണ്ട്. മനുഷ്യബുദ്ധിയെ സ്വാധീനിക്കുന്ന പല തരത്തിലുള്ള അനുഭവങ്ങള്‍ എങ്ങനെയാണ് വിജ്ഞാനം എന്ന കാറ്റഗറിയിലേക്ക് മാറുന്നത് എന്നതും അങ്ങനെ മാറ്റപ്പെടാനുള്ള സവിശേഷതകള്‍ എന്തെല്ലാമാണെന്നും ഈ ശാഖ ചര്‍ച്ച ചെയ്യുന്നു. മതരഹിതരായ ആളുകള്‍ അവരുടേതായ ധാര്‍മികതക്ക് പിന്‍ബലമുണ്ടാക്കാന്‍ ഫിലോസഫിയെ കൂട്ടുപിടിക്കാറുണ്ട്. എന്നാല്‍, വൈജ്ഞാനിക ശാസ്ത്രം അനുസരിച്ച് ബുദ്ധിയോ ശാസ്ത്രമോ അനുഭവങ്ങളോ മാത്രമല്ല വിജ്ഞാനത്തിന്റെ ഉറവിടം. മനുഷ്യബുദ്ധിയോട് സംവദിക്കുന്ന ദൈവിക വെളിപാടുകള്‍ വിജ്ഞാനശാസ്ത്രത്തില്‍ പ്രധാനപ്പെട്ട സ്രോതസായി പരിഗണിക്കപ്പെടുന്നു. അറിവിന്റെയും യാഥാര്‍ഥ്യത്തിന്റെയും സ്വഭാവം കൈകാര്യം ചെയ്യുന്ന മറ്റൊരു ശാഖയാണ് ഓന്റോളജി. ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും സ്വഭാവത്തെയും പരിമിതികളെയും കുറിച്ചുള്ള ചോദ്യങ്ങളുമായി ജ്ഞാനശാസ്ത്രം മുന്നോട്ടു പോകുമ്പോള്‍, അസ്തിത്വത്തിന്റെയോ അതിന്റെ സ്വഭാവത്തെയോ കുറിച്ചുള്ള ചോദ്യങ്ങളുമായി ഓന്റോളജി ബന്ധപ്പെട്ടിരിക്കുന്നു.
ധാര്‍മികതയിലേക്കുള്ള പ്രധാന സമീപനമാണ് പ്രകൃതിവാദമെന്ന് യുക്തിവാദികള്‍ സമര്‍ഥിക്കാറുണ്ട്. അതുവഴി ധാര്‍മിക ഗുണങ്ങളും വസ്തുതകളും സ്വാഭാവിക ഗുണങ്ങളിലേക്കും വസ്തുതകളിലേക്കും ചുരുക്കുകയോ വിശദീകരിക്കുകയോ ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. മറ്റൊരു സിദ്ധാന്തം നോണ്‍-നാച്വറലിസ്റ്റ് സമീപനമാണ്. ഇത് ധാര്‍മിക ഗുണങ്ങളും വസ്തുതകളും അപ്രസക്തമാണ് അല്ലെങ്കില്‍ സ്വാഭാവിക ഗുണങ്ങളാലും വസ്തുതകളാലും വിശദീകരിക്കാനാവില്ല എന്നാണ് പറയുന്നത്. പ്രകൃതിവാദ സമീപനം അനുസരിച്ച് ജീവശാസ്ത്രം വഴി ധാര്‍മികതയുടെ പൊരുള്‍ കണ്ടെത്താനാവുമെന്നും അതനുസരിച്ച് ജീവിതത്തെ ധാര്‍മികമാക്കി മാറ്റാനാവും എന്നുമാണ് വാദിക്കുന്നത്. സഹവര്‍ത്തിത്തം, സഹാനുഭൂതി, പരോപകാരം തുടങ്ങിയ ചില ധാര്‍മിക സ്വഭാവങ്ങള്‍ പരിണാമത്തിലൂടെ ലഭിച്ചതാണെന്ന് ശാസ്ത്രവാദികള്‍ വിശ്വസിക്കുന്നു.
അതിനാല്‍ ശാസ്ത്രം ധാര്‍മികതയുടെ ഉറവിട കേന്ദ്രവും അവലംബവുമായി സ്വീകരിക്കാമെന്നാണ് ന്യായീകരിക്കുന്നത്. എന്നാല്‍, അടിസ്ഥാനപരമായി ശാസ്ത്രത്തിന്റെ സവിശേഷതകളിലോ ധര്‍മങ്ങളിലോ പെട്ടതല്ല ധാര്‍മികതയുമായി ബന്ധപ്പെട്ട ഓന്റോളജിക്കല്‍ ചോദ്യങ്ങള്‍. ജീവശാസ്ത്രമനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതെങ്കില്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ധാര്‍മികത ഒന്നായിത്തീരും. മനുഷ്യന്‍ കേവലം മൃഗമാണ് എന്നു കരുതുന്ന ലിബറല്‍ യുക്തിവാദികള്‍ ഉണ്ട്. എന്നാല്‍ അവര്‍ പോലും മൃഗങ്ങള്‍ പരസ്പരം ജീവനെടുക്കുന്നതുപോലെ മനുഷ്യന്‍ കൊല്ലപ്പെടുന്നതിനെ പിന്തുണക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതവസ്ഥയിലും മനുഷ്യജീവന് സംരക്ഷണം നല്‍കുന്ന ധാര്‍മികയുക്തി മൃഗങ്ങളില്‍ നിന്ന് പഠിക്കാനാവില്ല. തേനീച്ചകളെ പോലെയാണ് സമൂഹത്തിലെ പുരുഷന്മാര്‍ വളര്‍ത്തപ്പെട്ടതെങ്കില്‍ അവരുടെ സ്വഭാവമാണല്ലോ ജൈവികമായി ലഭിക്കുക. ജീവശാസ്ത്രമനുസരിച്ച് തേനീച്ചയുടെ സ്വഭാവമുള്ള പുരുഷന്‍ അവിവാഹിതരായ സ്ത്രീകളെ കൊല്ലുന്നത് പവിത്രമായ കാര്യമായി കരുതേണ്ടി വരും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇണയുമായി മല്‍പ്പിടിത്തം നടത്തുന്ന ചില ജീവികളുണ്ട്. അതിനെ ധാര്‍മികതയുടെ ഉത്ഭവകേന്ദ്രമായി മനസ്സിലാക്കിയാല്‍ ദാമ്പത്യത്തിലെ ലൈംഗികബന്ധം എന്നത് ബലാത്സംഗമായി മനസ്സിലാക്കേണ്ടി വരും. ജീവശാസ്ത്രമനുസരിച്ച് അതെല്ലാം ശരിയാണ്.
ജീവശാസ്ത്രത്തിന് ധാര്‍മികതയുടെ ഉത്ഭവം വിശദീകരിക്കാന്‍ കഴിയുമെന്ന യുക്തിവാദികളുടെ ധാരണ തെറ്റാണ്. ഇനി വാദത്തിന് അങ്ങനെ സമ്മതിച്ചാല്‍ തന്നെ, ധാര്‍മിക തീരുമാനങ്ങള്‍ എടുക്കുന്നതിനു പിന്നിലെ ധാര്‍മിക യുക്തിയും ന്യായീകരണവും വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. ഉദാഹരണത്തിന് പുനരുല്‍പാദനം, അതിജീവനം തുടങ്ങിയ ജീവശാസ്ത്ര ധര്‍മങ്ങള്‍ക്കപ്പുറം ധാര്‍മിക യുക്തി നിലകൊള്ളുന്നത് ന്യായം, അവകാശം, അന്തസ്സ്, നീതി തുടങ്ങിയ ആശയങ്ങളില്‍ കൂടിയാണ്. ഈ ആശയങ്ങളെ പരിഗണിക്കാന്‍ ശാസ്ത്രത്തിന്റെ മെത്തഡോളജിയില്‍ അറകളില്ല. അതിനാല്‍ തന്നെ, ധാര്‍മിക യുക്തി ജീവശാസ്ത്രത്താല്‍ മാത്രം വിശദീകരിക്കാന്‍ സാധിക്കില്ല എന്ന് നിസ്സംശയം പറയാം.

Back to Top