13 Saturday
December 2025
2025 December 13
1447 Joumada II 22

അതിജീവനം ധാര്‍മികതയിലൂടെ മാത്രം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


നാട്ടുകാര്‍ ധര്‍മ നിഷ്ഠയില്‍ നില കൊള്ളുന്നുവെങ്കില്‍ നിന്റെ രക്ഷിതാവ് അന്യായമായി ആ നാട് നശിപ്പിക്കുകയില്ല. (ഹൂദ് 117)

മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്യനിര്‍വഹണത്തിന്റെ പ്രധാന ഭാഗമാണ് ഈ വചനം. ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഏത് ദുരന്തങ്ങളുടെയും പിന്നില്‍ ഉണ്ടാകേണ്ട ദൈവിക വായന എങ്ങനെയായിരിക്കണമെന്നും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സൃഷ്ടികളില്‍ അത്യുല്‍കൃഷ്ട സ്ഥാനത്ത് നില്‍ക്കുന്ന മനുഷ്യന്റെ ജീവിതം ക്ഷേമകരമാകുന്നത് ദൈവിക നിശ്ചയങ്ങള്‍ക്കനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമാണ്. തന്റെ ജീവിതത്തില്‍ അല്ലാഹുവിന്റെ ഇടപെടല്‍ നിരന്തരമായി നടക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. അതിന് വിധേയമായി ജീവിക്കുവാന്‍ ആവശ്യമായ നിയമ നിര്‍ദേശങ്ങളും വിധി വിലക്കുകളുമാണ് ശരീഅത്തിന്റെ ഉള്ളടക്കം. അവ അവഗണിച്ച് നിഷേധിയും ധിക്കാരിയുമായി കഴിയുന്നത് മനുഷ്യ പ്രകൃതത്തിന് ചേര്‍ന്നതല്ല. ദൈവ നിശ്ചയങ്ങള്‍ക്ക് വിധേയമായി മാത്രമാണ് പ്രപഞ്ചത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. മനുഷ്യന്‍ അതിന് വിരുദ്ധം പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അവനിലേക്ക് തന്നെ തിരിച്ചു വരും.
ദൈവിക നീതിയുടെ ഭാഗമാണത്. മാറ്റമില്ലാതെ തുടരുന്ന പ്രപഞ്ച വ്യവസ്ഥയുമാണ്. മഹാമാരി, പ്രകൃതി ദുരന്തങ്ങള്‍, സാമ്പത്തിക തകര്‍ച്ച തുടങ്ങിയവക്ക് ഭൗതികവും ശാസ്ത്രീയവുമായ കാരണങ്ങളുണ്ടാവാം. മനുഷ്യന്റെ വഴിവിട്ട ജീവിതവും പ്രവര്‍ത്തന ദൂഷ്യവും ഇതിന് കാരണമാകാം എന്ന രൂപത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളെ വിലയിരുത്താനാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ശാസ്ത്രീയ നിഗമനങ്ങളിലെ കാര്യകാരണ ബന്ധം അവസാനിക്കുന്നിടത്ത് നിന്ന് ജീവിത പ്രതിസന്ധികളെ അപഗ്രഥിക്കാന്‍ ഈ സമീപനം ആവശ്യമാണ്. ദൈവനിരാസവും ധര്‍മ രഹിത ഉദാര ജീവിതവും ലൈംഗിക ആഭാസങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ ആശ്വാസവും സമാധാനവുമുള്ള സാഹചര്യം തിരിച്ചു വരികയുള്ളൂ. ആയത്തില്‍ സൂചിപ്പിച്ച ഇസ്‌ലാഹ് ആവശ്യപ്പെടുന്നതും അതാണ്.
ചരിത്രത്തില്‍ കഴിഞ്ഞു പോയ വന്‍ ദുരന്തങ്ങളില്‍ പലതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘അല്ലാഹു അവരോട് അനീതി കാണിച്ചിട്ടില്ല, മറിച്ച് അവര്‍ തന്നെ സ്വയം അതിക്രമം നടത്തുകയായിരുന്നു’ എന്നാണ് ആ സംഭവങ്ങളുടെ മൂലകാരണമായി വിലയിരുത്തുന്നത്. വിശ്വാസ ഭക്തിയില്‍ നിലകൊള്ളുന്ന കാലമത്രയും ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും ദൈവികാനുഗ്രഹങ്ങളുടെ കവാടം മനുഷ്യര്‍ക്ക് തുറക്കപ്പെടുമെന്നതും ഇതിന്റെ മറുഭാഗമാണ് (7:96)
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കേണ്ട മനുഷ്യന്റെ പക്കല്‍ വരുന്ന കുറേയേറെ വൈകല്യങ്ങള്‍ അവന്‍ കണ്ടില്ലെന്ന് വെക്കുന്നുണ്ട്. മറ്റു കുറേ തിന്മകള്‍, പിന്നീട് നടത്തുന്ന തൗബയിലൂടെയും മായ്ക്കപ്പെടും. അവിടെയും തീരാത്ത കുറ്റകൃത്യങ്ങളാണ് അല്ലാഹുവിന്റെ ശിക്ഷ ഈ ലോകത്ത് തന്നെ അനുഭവിക്കാന്‍ ഇടയാക്കുന്നത്.
മനുഷ്യ സ്‌നേഹവും മാനവിക മൂല്യങ്ങളും പരസ്പര ബഹുമാനവും സൂക്ഷിച്ച് അവകാശ നിഷേധങ്ങളില്ലാതെ ജീവിക്കുന്ന മുസ്ലിമേതര രാജ്യങ്ങളില്‍ മഹാമാരിക്ക് തീവ്രത കുറവായിരുന്നു എന്ന യാഥാര്‍ഥ്യം ഈ വചനത്തിന്റെ നേര്‍സാക്ഷ്യമാണോ എന്ന് ലോകം തന്നെ പറയട്ടെ. ധര്‍മാധിഷ്ഠിത ജീവിതത്തിലെ പ്രയാസങ്ങള്‍ താല്‍ക്കാലികമാണ്, അതുണ്ടാക്കുന്ന സുരക്ഷയും ആശ്വാസവും എന്നും അനുഭവിക്കാം. മറുഭാഗത്ത് മതവിരുദ്ധതയും ഉദാര ജീവിത സമീപനവും നല്‍കുന്ന ആനന്ദവും താല്‍കാലികമാണ്, പ്രത്യാഘാതങ്ങളാകട്ടെ അനന്തമായി നിലനില്‍ക്കും.

Back to Top