18 Monday
November 2024
2024 November 18
1446 Joumada I 16

ധാര്‍മിക ശിക്ഷണമാണ് ജീവിതത്തെ സ്വാധീനിക്കുന്നത്‌

അബ്ദുല്‍വഹാബ് നന്മണ്ട


മാനവ സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ ഫലങ്ങള്‍ വിതറിയത് വിദ്യാഭ്യാസ പ്രക്രിയയായിരുന്നു. അന്ധകാരങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെളിമയുടെയും തെളിമയുടെയും മാര്‍ഗങ്ങള്‍ തുറക്കപ്പെടുകയായിരുന്നു. ചരിത്രാതീതകാലത്തു നിന്നാരംഭിക്കുന്ന മാനവകുലത്തിന്റെ ചരിത്രത്തില്‍ വ്യത്യസ്തങ്ങളായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ നമുക്ക് പരിചയപ്പെടാന്‍ സാധിക്കും. കാലാന്തരങ്ങളില്‍ പരിവര്‍ത്തനത്തിന് വിധേയമായ വിദ്യാഭ്യാസ സമ്പ്രദായം നാടിന്റെ മുഴുവന്‍ പ്രജകളെയും വ്യക്തിഗത പുരോഗതിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും രാഷ്ട്രപരമായ പുരോഗതിയിലേക്കും വഴി നടത്തി എന്നത് യാഥാര്‍ഥ്യമാണ്.
പഠനത്തെയും പരിശീലനത്തെയും സംസ്‌കരണത്തെയും അടിസ്ഥാന ആശയമാക്കി സ്വീകരിച്ച മതമാണ് ഇസ്ലാം. പഠനത്തിന്റെ അടിസ്ഥാന സ്രോതസായ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന കല്‍പന കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ ആരംഭം കുറിക്കുന്നത് തന്നെ.
അജ്ഞതയുടെ അന്ധകാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തെ ഉത്തമ സമൂഹമെന്ന ഉപമയിലേക്ക് പരിവര്‍ത്തിപ്പിച്ചത് ദൈവികബോധനം ലഭിച്ച പ്രവാചകന്റെ പ്രവര്‍ത്തന ഫലമായിരുന്നു. നന്മയെയും തിന്മയെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ പരസ്പരം പോരടിക്കുകയും യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും കൊലകള്‍ നടത്തുകയും തിന്മകളില്‍ മുഴുകിയിരിക്കുകയും ചെയ്ത ഒരു സമൂഹത്തെ നന്മയുടെ മാതൃകകള്‍ ആക്കുന്നത് ആ വ്യക്തിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെയാണ്. സൂറ ആലു ഇംറാനില്‍ അല്ലാഹു ഈ യാഥാര്‍ഥ്യം സൂചിപ്പിക്കുന്നുണ്ട്.
ഒരു സമൂഹത്തിന്റെ അധ്യാപകന്‍ എന്ന നിലയില്‍ പ്രവാചകന്‍ നിര്‍വഹിച്ചിരുന്നത് ഏറ്റവും മാതൃകാപരമായ ഒരു ബോധന രീതിയായിരുന്നു. ജീവിതവുമായി ബന്ധപ്പെട്ട പഠന രീതിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. പ്രവാചകന്റെ ജീവിതത്തില്‍ കടന്നുവരുന്ന ഓരോ സംഭവങ്ങളെയും വിശദമാക്കുവാനും അതിന് അല്ലാഹുവിന്റെ ശിക്ഷണം എന്താണ് എന്ന് ബോധ്യപ്പെടുത്താനും അതാത് സമയങ്ങളില്‍ തന്നെ ശ്രമിക്കുകയുണ്ടായി. പ്രവാചകന്റെ നേരെ സമൂഹത്തില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്കും സാന്ദര്‍ഭികമായി സംഭവിക്കുന്ന കാര്യങ്ങള്‍ക്കും പ്രവാചകന്‍ തന്റെ അറിവില്‍ നിന്നോ അല്ലാഹുവിന്റെ വഹ്‌യ് മുഖേന ലഭിക്കുന്ന അറിവ് പ്രകാരമോ വിശദീകരണം നല്‍കുകയും ചെയ്തു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി പരിശുദ്ധ വചനങ്ങള്‍ ഇറങ്ങുമ്പോഴും വിശദീകരണങ്ങള്‍ ആവശ്യമുള്ളപ്പോഴും പ്രവാചകന്‍ തന്റെ അനുയായികള്‍ക്കു മുമ്പില്‍ എഴുന്നേറ്റുനിന്ന് അവ കൃത്യമായി വിശദീകരിച്ചു നല്‍കി.
വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പ്രവാചകന്‍ ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. വിജ്ഞാനം കൈമാറ്റം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സദസ്സുകള്‍ക്ക് പ്രതിഫലമുണ്ട്. ബദര്‍ യുദ്ധത്തില്‍ തടവിലാക്കപ്പെട്ട തടവുകാരെ മോചിതരാക്കുന്നതിനുള്ള മോചന ദ്രവ്യമായി പ്രവാചകന്‍ നിര്‍ദേശിച്ചത് അക്ഷരാഭ്യാസം ഇല്ലാത്ത 10 പ്രവാചക അനുചരന്മാര്‍ക്ക് അക്ഷരാഭ്യാസം നല്‍കുക എന്നതായിരുന്നു.
ദൈവിക ബോധനത്തിലൂടെ ലഭിച്ച ജ്ഞാനത്തെയും മനുഷ്യ പ്രയത്‌നത്താല്‍ വളര്‍ത്തിയെടുത്ത ജ്ഞാനത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള പഠനബോധന രീതിയാണ് പ്രവാചകന്‍ നിര്‍വഹിച്ചത്. തന്റെ ദൗത്യ നിര്‍വഹണത്തിന്റെ ഏറ്റവും പ്രധാന ഭാഗമായി പ്രവാചകന്‍ കണ്ടത് അയല്‍നാടുകളിലേക്കും അടുത്തുള്ള പ്രദേശങ്ങളിലേക്കും തന്റെ ആശയങ്ങള്‍ എത്തിച്ചു നല്‍കാന്‍ പറ്റുന്ന സന്ദേശവാഹകരെ പറഞ്ഞയക്കുക എന്നതായിരുന്നു. ഇത്തരം സന്ദേശവാഹകര്‍ ആ സമൂഹത്തിന് ആദ്യമായി കൈമാറിയത് ഏകദൈവ വിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ച ബോധനങ്ങളും സംസ്‌കൃതമായ ഒരു ജീവിതരീതിയെ കൈക്കൊള്ളണം എന്ന ദൈവിക മതത്തിന്റെ അടിസ്ഥാന തത്വങ്ങളും ആയിരുന്നു. സമൂഹത്തിന് ധാര്‍മിക അടിത്തറ പാകുക എന്ന ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ ലക്ഷ്യമായിരുന്നു അവര്‍ നിര്‍വഹിച്ചിരുന്നത്. ഇസ്ലാമിക വിദ്യാഭ്യാസ പ്രക്രിയയുടെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനമായി ഇതിനെ വിലയിരുത്താന്‍ സാധിക്കും
ഇസ്ലാം പല ദിക്കിലേക്കും വ്യാപിച്ചപ്പോള്‍ അതാത് നാടുകളിലേക്ക് ഇസ്ലാമിക അറിവ് നേടിയ ആളുകളെ അധ്യാപകരായി പറഞ്ഞയച്ചു. അവര്‍ അവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ഇസ്ലാമിക ആശയങ്ങള്‍ ആ സമൂഹത്തിലെ വ്യക്തികളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക വ്യാപനത്തിന് കാരണമായത്. പ്രവാചകാനന്തരം ഇസ്ലാമിക ലോകം വികസിക്കുകയും വിദ്യാഭ്യാസ പ്രക്രിയ ശക്തി പ്രാപിച്ച് അതിന്റെ ഏറ്റവും ഉന്നത സ്ഥാനത്തില്‍ എത്തുകയും ചെയ്തത് കാണുവാന്‍ സാധിക്കും. തുടര്‍ച്ചയായി അമവി ഖലീഫമാരും തുടര്‍ന്ന് വന്ന അബ്ബാസിയ ഭരണാധികാരവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മതപാഠശാലകള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചു.

ആത്മീയതയുടെ
പാഠങ്ങള്‍

ഇസ്ലാം വിദ്യാഭ്യാസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് യുക്തിപരവും ആത്മീയവും സാമൂഹികവുമായ മാനങ്ങള്‍ ഉള്‍പ്പെടുന്ന സമ്പൂര്‍ണ വ്യക്തിത്വ രൂപീകരണ പ്രക്രിയയാണ്. ഇസ്ലാമില്‍ അറിവ് നേടുന്നത് മാത്രമായ ഒരു ലക്ഷ്യമല്ല, മറിച്ച് വിശ്വാസത്തിലേക്കും നീതിയുക്തമായ ജീവിതത്തിലേക്കും നയിക്കുന്ന ധാര്‍മികവും ആത്മീയവുമായ ബോധം ഉണര്‍ത്തുന്നതിനുള്ള മാര്‍ഗമായാണ് ബോധനത്തെ വിവക്ഷിക്കുന്നത്
ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിശീലിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍വഹിക്കുന്ന ധാര്‍മിക പഠനത്തെ തര്‍ബിയത്ത് എന്നാണ് വിളിക്കുന്നത്. മനുഷ്യന്‍ ജീവിക്കുന്ന ലോകത്തെ തിരിച്ചറിയുവാനും ആ ലോകത്തിന്റെ സൃഷ്ടിപ്പിന് പിന്നില്‍ നിലനില്‍ക്കുന്ന ശക്തിയെ അറിയാനും അവനിലേക്ക് കീഴൊതുങ്ങുവാനും പ്രേരണ നല്‍കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ ഉത്തമമായ ജ്ഞാനം കൊണ്ട് മനുഷ്യന് മനസ്സമാധാനം നേടാനും ജീവിതത്തില്‍ തൃപ്തിയടയുവാനും അതുവഴി സന്തോഷകരമായ ഒരു ജീവിതം നയിക്കുവാനും സാധിക്കുന്നു.
ദേഹേച്ഛകളെ അവഗണിക്കുകയും യഥാര്‍ഥ സത്യത്തെ പുല്‍കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിക ബോധനത്തിന്റെ പ്രത്യേകതയാണ്. മനുഷ്യനില്‍ അന്തര്‍ലീനമായ സിദ്ധികളെ പ്രോത്സാഹിപ്പിച്ച് അവന്റെ സൃഷ്ടിപ്പിന് പിന്നിലെ ദൈവിക ശക്തിയെ തിരിച്ചറിയാനും ആ ശക്തിക്കു മുന്നില്‍ എളിമയോടെ പൂര്‍ണമായി കീഴൊതുങ്ങുവാനും പ്രാപ്തനാക്കുന്നു. അഥവാ പരിശുദ്ധ ഖുര്‍ആന്‍ 62ാം അധ്യായം രണ്ടാം വചനത്തില്‍ സൂചിപ്പിച്ചതുപോലെ മനുഷ്യനില്‍ തസ്‌കിയത് രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലയായി പ്രഖ്യാപിച്ചത്. വ്യക്തികളുടെ സ്വഭാവ സംസ്‌കരണത്തിനാണ് ഇവിടെ പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ ഇത് സ്വഭാവസംസ്‌കരണത്തില്‍ മാത്രം നിലനില്‍ക്കുന്നതും അല്ല. അതിനുപുറമെ വിശാലമായ ലോകത്തെ സകല കാര്യങ്ങളിലേക്കും മനുഷ്യനെ ഒരു ഉത്തമ വ്യക്തി എന്ന നിലയില്‍ തുടര്‍ നടത്തുന്നതിനും ഇടപെടുന്നതിനും ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആത്മാവിന്റെ സംസ്‌കരണം മനുഷ്യനെ ശുദ്ധനാക്കുന്നു. അതുകൊണ്ടുതന്നെ കാപട്യങ്ങളില്‍ നിന്നും അവിശ്വാസങ്ങളില്‍ നിന്നും വഴിമാറി സ്രഷ്ടാവിന്റെ നേരായ പാതയില്‍ നടക്കാനും അവന്റെ കല്‍പ്പനകളെ ജീവിതത്തിന്റെ ക്രമമായി ചിട്ടപ്പെടുത്തുവാനും സാധ്യമാകുന്നു. ഇത് മനുഷ്യന് നല്‍കുന്നത് ആത്മീയ വിശുദ്ധിയാണ്. ഭൗതികലോകത്തെ സുഖദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോഴും അവനെ മാനസികമായി പ്രയാസപ്പെടുത്താത്ത, തളരാന്‍ അനുവദിക്കാത്ത ആത്മശക്തി. നൈമിഷികമായ ഭൗതിക ലോകത്തെ പൊള്ളത്തരങ്ങളെ തള്ളിക്കളയാനും നാളെ വരാനിരിക്കുന്ന സന്തോഷത്തെ സ്വീകരിക്കാനുമുള്ള പ്രതീക്ഷയില്‍ ജീവിക്കാന്‍ ഇത് വ്യക്തിയെ പ്രാപ്തനാക്കുന്നു.
മദ്റസ പഠനത്തിന്റെ
ആവശ്യകത

മദ്റസ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ധാര്‍മികമായ മൂല്യബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നത് തന്നെയാണ്. അധര്‍മങ്ങള്‍ അതിര്‍വരമ്പ് ഇല്ലാത്ത വിധം മലീമസമാക്കിയ പുതിയ കാലത്ത് മദ്റസ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് കൂടുതല്‍ വിവരിക്കേണ്ടതില്ല എന്നാണ് മനസ്സിലാകുന്നത്. പുതുതലമുറയില്‍ സാംസ്‌കാരികമായ രൂപപ്പെടുത്തലുകള്‍ നിര്‍വഹിക്കുന്നതിന് മദ്റസയ്ക്കും ഏറെ പങ്കുവഹിക്കാനുണ്ട്. ചുറ്റുപാടുകളില്‍ നിന്ന് കുട്ടി അനുഭവിച്ചുകൊണ്ടിരിക്കുന്ന തിന്മകളെ തമസ്‌കരിക്കാനും നന്മയുടെ പാതയില്‍ മുന്നേറുവാനും അവനെ പ്രചോദിതനാക്കേണ്ടത് അവന്റെ ധാര്‍മിക ബോധമാണ്.
മത വിദ്യാഭ്യാസം നല്‍കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണെന്നാണ് ഖുര്‍ആനും പ്രവാചകനും ബോധ്യപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ 64:15 വചനത്തില്‍ നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു എന്ന് നമ്മെ പരിചയപ്പെടുത്തുന്നത് കാണാം. പതിനെട്ടാം അധ്യായം 46-ാം വചനത്തില്‍ സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാണ് എന്ന് പരിചയപ്പെടുത്തുന്നു. ഭൗതികലോകത്തെ അലങ്കാരമായ മക്കള്‍ മനുഷ്യന്റെ പരീക്ഷണത്തിന്റെ കൂടെ ഭാഗമായി തീരും എന്നാണ് അല്ലാഹു വിശദീകരിക്കുന്നത്.
അബൂ ഹുറൈറ നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ഭാഗമായി പ്രവാചകന്‍ ഇങ്ങനെ പറയുന്നതായി നമുക്ക് കാണാം. ”എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. അവന്റെ മാതാപിതാക്കള്‍ അവനെ ജൂതന്‍ ആക്കുന്നു അല്ലെങ്കില്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു അല്ലെങ്കില്‍ അവനെ അഗ്‌നി ആരാധകനാക്കുന്നു”(ബുഖാരി). മത വിദ്യാഭ്യാസത്തിന്റെ തുടക്കം രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമാണെന്നും തുടര്‍ന്ന് അവരില്‍ ആ ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിന് ബാധ്യത രക്ഷിതാക്കളില്‍ ആണെന്നും ഈ ഹദീസ് നമ്മെ പരിചയപ്പെടുത്തുന്നു.
ധാര്‍മിക ശിക്ഷണത്തില്‍ വളര്‍ത്തിയെടുത്ത മക്കളാണ് ഒരു വ്യക്തി ഈ ലോകത്ത് വിട്ടേച്ചു പോകുന്ന സമ്പത്തില്‍ ഏറ്റവും വലുത് എന്ന് പ്രവാചകന്‍ അറിയിച്ചു തന്നു. ധാര്‍മികമായ ശിക്ഷണം നല്‍കി ഇസ്ലാമികമായ രീതിയില്‍ അവരെ വളര്‍ത്തിയെടുക്കുമ്പോള്‍ മാതാപിതാക്കള്‍ അവരുടെ ധര്‍മം നിര്‍വഹിച്ചു എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ധാര്‍മിക പഠനകേന്ദ്രമായ മദ്റസ എന്നത് ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ് എന്നു പറയാം. ഭൗതിക വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുമ്പോഴും വ്യത്യസ്ത തൊഴില്‍ സംസ്‌കാരത്തില്‍ എത്തിച്ചേരുമ്പോഴും സംസ്‌കരണത്തിന്റെ പാത മനുഷ്യന്റെ മുന്നില്‍ തുറന്നു വയ്‌ക്കേണ്ടത് ധാര്‍മിക വിദ്യാഭ്യാസമാണ്.
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലമെന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് മദ്റസ സമ്പ്രദായം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ബാല്യത്തില്‍ മത വിദ്യാഭ്യാസം അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ നേടിയെടുത്ത അറിവുകളെ ജീവിതത്തിന്റെ പരിക്രമമാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെയാണ് ബാല്യത്തില്‍ തന്നെ ഓരോ വ്യക്തിയെയും അവനെ സൃഷ്ടിച്ച റബ്ബിനെ കുറിച്ചും അവന്റെ ചുറ്റുപാടിനെക്കുറിച്ചും റബ്ബിനോട് അവന്‍ നിര്‍വഹിക്കേണ്ട ബാധ്യതകളെ കുറിച്ചും ഓര്‍മപ്പെടുത്തുന്നത്. ബാല്യകാലത്തില്‍ കുട്ടി നേടിയെടുക്കുന്ന ഈ അറിവ് മരണം വരെ നീണ്ടുനില്‍ക്കുന്ന അവന്റെ ജീവിതത്തില്‍ വഴികാട്ടിയായി തീരണം എന്നുള്ളതാണ് ഇസ്ലാം വിവക്ഷിക്കുന്നത്.
ഭൗതികതയുടെ അതിപ്രസരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന പുതുതലമുറയില്‍ മദ്റസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നു എന്നത് നമുക്ക് കാണുവാന്‍ സാധിക്കും. കൃത്യമായ വ്യവസ്ഥയോടെ നടക്കുന്ന സ്ഥാപനങ്ങളില്‍ പോലും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ വളരെ കുറഞ്ഞ സമയമാണ് ചിലവഴിക്കപ്പെടുന്നത് എന്നത് യാഥാര്‍ഥ്യമാണ്. ഇത് പുതിയകാലത്ത് മദ്റസ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയെ ബാധിക്കുന്നു.
മദ്റസ വിദ്യാഭ്യാസത്തിനായി അവധി ദിനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാഠശാലകളും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പാഠശാലകളും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്, എങ്കിലും സമൂഹത്തിന്റെ നല്ല ഒരു ശതമാനം ആളുകള്‍ക്ക് ഇപ്പോഴും മദ്റസ പഠനം സാധ്യമാവുന്നില്ല. ഗുണപ്രദമായ പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്തു പുതിയ തലമുറക്ക് ദിശാബോധം നല്‍കുന്നതിന് സമൂഹം പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.

Back to Top