ധന വിനിമയത്തിലെ സുതാര്യത
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
വിശ്വാസികളേ, അന്യായമായ രീതിയില്‍ നിങ്ങളുടെ ധനം അന്യോന്യം എടുത്ത് ഉപയോഗിക്കരുത്, പരസ്പര സംതൃപ്തിയോട് കൂടി നടത്തുന്ന ഇടപാടുകള്‍ മുഖേനയല്ലാതെ. നിങ്ങള്‍ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്, അല്ലാഹു നിങ്ങളോട് കൂടുതല്‍ കാരുണ്യം കാണിക്കുന്നവനാകുന്നു. (നിസാഅ് 29)
മുസ്ലിംകള്‍ക്കുണ്ടായിരിക്കേണ്ട സാമ്പത്തിക സംസ്‌കാരത്തിന്റെ മൗലിക ഭാഗമാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാക്കുന്നത്. ഖുര്‍ആന്‍ 2:188 ഇതിന് സമാനമായ സൂക്തമാണ്. സമ്പത്തിന്റെ യഥാര്‍ഥ ഉടമ അല്ലാഹുവാണ്. അതില്‍ നിന്ന് അവന്‍ നല്‍കിയിരിക്കുന്നതിന്റെ താല്‍ക്കാലിക ഉടമസ്ഥന്‍ മാത്രമാണ് മനുഷ്യന്‍. നാം അനുഭവിക്കുന്ന മറ്റേത് ദൈവിക അനുഗ്രഹങ്ങളിലും ഉണ്ടായിരിക്കേണ്ട ജാഗ്രതാ ബോധം സാമ്പത്തിക രംഗത്തും അനിവാര്യമാണ്.
അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ച സമ്പത്ത് കൊണ്ട് പരീക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. നിങ്ങളുടെ സ്വന്തത്തിലും സമ്പത്തിലും പരീക്ഷിക്കപ്പെടും എന്ന മുന്നറിയിപ്പ് അത് വ്യക്തമാക്കുന്നു. (3:186) പരീക്ഷണ ഹേതുവാകാതെ അനുഗ്രഹമായി തന്നെ ധനം നിലനില്‍ക്കാന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സാമ്പത്തിക അച്ചടക്കത്തിന് മതം നിശ്ചയിച്ചിരിക്കുന്ന നിബന്ധനകളുടെ ആകത്തുകയാണ് ഈ സൂക്തം. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ ഈമാനും ഭക്തിയുമായിരിക്കണം നമ്മുടെ കൈകളിലുള്ള സമ്പത്തിനെ ക്രിയാത്മകവും രചനാത്മകവുമാക്കേണ്ടത്. ധനവിനിമയ രംഗത്ത് മോഷണം, വഞ്ചന, അഴിമതി എന്നിവയെല്ലാം തീക്കളിയാണ്. സ്വന്തത്തേയും സമൂഹത്തേയും അത് പരിക്കേല്‍പ്പിക്കും. നാശകരമായ ഈ അര്‍ഥ തലങ്ങളെയാണ് ഇവിടെ പറയുന്ന ബാത്വില്‍ സൂചിപ്പിക്കുന്നത്.
ധനം ഒരിക്കലും ഉപയോഗ ശൂന്യമാക്കരുത് (ഇദാഅത്തുല്‍ മാല്‍) എന്നത് മുഹമ്മദ് നബി(സ) യുടെ ഗൗരവമേറിയ വിലക്കാണ്. ചൂഷണ വിധേയമായ ഇടപാടുകളെല്ലാം ധനത്തിന്റെ യഥാര്‍ഥ മൂല്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. മുസ്ലിമിന്റെ വിശ്വാസവും ഭക്തിയും നിര്‍ണയിക്കുന്നതും ധനവിനിമയങ്ങളിലെ സുതാര്യതയാണ്. സാമ്പത്തിക രംഗത്ത് വേറെയും ചിലത് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇസ്‌റാഫ്, തബ്ദീര്‍ എന്നിവ ഒരിക്കലും പാടില്ല. ആവശ്യങ്ങള്‍ക്ക് വേണ്ടതിനെക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്നതാണ് ഇസ്‌റാഫ്. ഒരാവശ്യവുമില്ലാതെ പണം ദുര്‍വ്യയം ചെയ്യുന്നതാണ് തബ്ദീര്‍.
ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ കൂട്ടാളികളാണെന്ന് ഖുര്‍ആന്‍ പറയുന്നു. ആധുനിക ലോകക്രമം അടിച്ചേല്‍പിച്ചിരിക്കുന്ന ജീവിത സങ്കല്‍പത്തില്‍ ഇവ രണ്ടും വിശ്വാസികളുടെ വീടുകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇടപാടുകളില്‍ പരസ്പര സംതൃപ്തി (തറാദി) എന്നത് സാമ്പത്തിക വിശുദ്ധി നിലനിര്‍ത്താന്‍ വളരെ അനിവാര്യമാണ്. ഈ പദത്തിന്റെ ഭാഷാ ഘടന തന്നെ പ്രസക്തമാണ്.
ചൂഷണ വിധേയമായും തന്ത്രപരമായും വിനിമയം നടക്കുമ്പോള്‍ രണ്ട് കക്ഷികളില്‍ ഒരാള്‍ക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കും. എന്നാല്‍ ഇത് തറാദിയല്ല. താന്‍ ചൂഷണം ചെയ്യപ്പെട്ടിട്ടില്ല എന്നും അര്‍ഹമായ ലാഭം കിട്ടിയെന്നുമുള്ള ആശ്വാസം രണ്ട് പേര്‍ക്കും ഉണ്ടാകുക എന്നതാണ് പരസ്പര സംതൃപ്തി. ആധുനിക ലോകത്ത് വികസിച്ചു കൊണ്ടിരിക്കുന്ന ധന വാണിജ്യ പങ്കാളിത്ത സംരംഭങ്ങളില്‍ പലതിനും, അതിന്റെ ഉള്ളറകളിലേക്ക് പോയാല്‍, ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഈ സുതാര്യതയില്ല എന്ന് കാണാന്‍ കഴിയും. ചെറിയ മുടക്കുമുതലിന് വന്‍ ലാഭം വാഗ്ദാനം ചെയ്യുന്ന എല്ലാ വാണിജ്യ സംരംഭങ്ങളിലും ചൂഷണങ്ങള്‍ ഒളിഞ്ഞിരിക്കും. ഇടപാടുകളിലെ പങ്കാളിയെ കൊല്ലുന്നതിന് സമാനമാണ് അവനെ വഞ്ചിച്ച് പണം കൈക്കലാക്കുന്നത്. ധര്‍മ ബോധവും നിരന്തര ജാഗ്രതയും ഉണ്ടെങ്കില്‍ മാത്രമെ സാമ്പത്തിക വിശുദ്ധി നിലനിര്‍ത്താന്‍ കഴിയൂ.