14 Saturday
February 2026
2026 February 14
1447 Chabân 26

ആശയും നിരാശയും

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ


ഐ എ എസ് ഓഫീസര്‍ മുതല്‍ സാധാരണ കൂലിത്തൊഴിലാളി വരെ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ പ്രഭാത പത്രങ്ങള്‍ നമ്മുടെ മുന്നില്‍ നിരത്താറുണ്ട്. വിദ്യാര്‍ഥികളും കര്‍ഷകരും ആത്മഹത്യയുടെ കണക്കില്‍ പിന്നിലല്ല. ഇഷ്ടമുള്ള ചാനല്‍ കാണാനനുവദിക്കാത്തതിന്റെ പേരില്‍ പോലും ആത്മഹത്യ നടക്കുന്നു. ലോക പ്രശസ്തനായ ഒരു ചിത്രകാരന്റെ ആത്മഹത്യയുടെ കഥയിലേക്കു നമുക്കൊന്നു കണ്ണോടിക്കാം.
വാന്‍ഗോഗ്, പ്രശസ്തനായ ചിത്രകാരന്‍. മനോഹരങ്ങളായ ഒരുപാടു ചിത്രങ്ങള്‍ വരച്ചു. പക്ഷേ, ചിത്രങ്ങള്‍ ആരും വാങ്ങിയില്ല. സാമ്പത്തികമായി ഏറെ ഞെരുങ്ങുന്ന അദ്ദേഹത്തിന് കടലാസും പെയിന്റും വാങ്ങിക്കൊടുത്തത് സഹോദരനായിരുന്നു. 1890-ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചു. മരിച്ചു അന്‍പത് വര്‍ഷം കഴിഞ്ഞു. 1940, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലക്ഷക്കണക്കിനു ഡോളറിനാണ് വിറ്റുപോയത്.
എം ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ പാരീസിലെത്തിയ ഒരു അമേരിക്കന്‍ വിദ്യാര്‍ഥിയുടെ കഥ വിവരിക്കുന്നുണ്ട്. അന്ന് റോസന്‍ ബര്‍ഗ് ഗാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം കാണാന്‍ ഒരു ഫ്രഞ്ചു വിദ്യാര്‍ഥി അവനെ ക്ഷണിച്ചു. ചിത്രങ്ങളോ? ആയുഷ്‌ക്കാലത്തേക്ക് വേണ്ടതൊക്കെ ഞാന്‍ കണ്ടു കഴിഞ്ഞു. അതായിരുന്നു അമേരിക്കന്‍ വിദ്യാര്‍ഥിയുടെ മറുപടി. ഫ്രഞ്ചു വിദ്യാര്‍ഥി പറഞ്ഞു: ചിത്രം കണ്ട് ബോറടിക്കുകയാണെങ്കില്‍ നിനക്ക് വളരെ ഇഷ്ടപ്പെട്ട സാധനം ഞാന്‍ വാങ്ങിത്തരാം. അങ്ങനെ ഇര്‍വിങ്ങ്സ്റ്റോണ്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ഥി ഫ്രഞ്ചുകാരനായ കൂട്ടുകാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഗാലറിയില്‍ കയറി. ആ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഇര്‍വിങ്ങ് സ്റ്റോണ്‍ തന്റെ ഡയറിയില്‍ ഇങ്ങനെ എഴുതി: അപ്പോള്‍ എന്നിലെന്തോ സംഭവിച്ചു. അത്തരം ഒരനുഭവം മുമ്പുണ്ടായിട്ടില്ല. പിന്നീട് ഇളകാനോ ചിന്തിക്കാനോ ശ്വാസം വിടാനോ ആവാത്തത്ര സ്തബ്ധമായ അവസ്ഥയില്‍ ഞാന്‍ നിന്നു. എത്ര നേരമെന്നറിയില്ല. എന്നെ ഇത്രയേറെ ഇളക്കി മറിക്കാന്‍ കഴിഞ്ഞ ഈ മനുഷ്യന്‍ ആരാണ്? ജീവിതകാലം മുഴുവന്‍ ഞാന്‍ അന്ധനായിരുന്നു എന്നു മനസ്സിലാക്കിത്തന്ന ഈ മനുഷ്യന്‍ ആരാണ്?
ഓര്‍ക്കുക, തന്നെ ആരും അംഗീകരിക്കില്ലെന്നു കരുതി സ്വയം വെടിവെച്ചു മരിച്ച വാന്‍ഗോഗിന്റെ ചിത്രമാണ് ഇര്‍വിങ്ങ് സ്റ്റോണിനെ ഈ വരികള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. രാത്രി അല്പം ദീര്‍ഘിച്ചു പോയാല്‍ ഇനി നേരം പുലരില്ലെന്ന ധാരണ നമുക്ക് വേണോ? എത്രയോ കുന്നുകളും കയറ്റങ്ങളും നാം കണ്ടിട്ടുണ്ട്. കുന്നു കയറാന്‍ പ്രയാസമാണെങ്കില്‍ ഇറങ്ങുന്നത് ഏറെ എളുപ്പമാണ്. കയറ്റങ്ങളും ഇറക്കങ്ങളുമുള്ളതാണ് ജീവിതം. ഉണങ്ങിവരണ്ട ഭൂമിയില്‍ ഒരു മഴ പെയ്യുകയേ വേണ്ടൂ. അവിടെ അഴകുള്ള ചെടികള്‍ വളര്‍ന്നു പൊങ്ങുന്നതു കാണാം. മുറിച്ചുമാറ്റിയ മരങ്ങളുടെ കടയ്ക്കല്‍ നിന്ന് പുതിയ ഇലകള്‍ തളിര്‍ക്കുന്നതും നാം കണ്ടിട്ടുണ്ട്.
ഖുര്‍ആന്‍ ഇക്കാര്യം നമ്മുടെ ശ്രദ്ധയില്‍ പെടുത്തുന്നു. നിശ്ചയമായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. ഇബ്‌റാഹീം നബി(അ)യെ തീക്കുണ്ഡത്തിലിട്ടപ്പോള്‍ തീയെ തണുപ്പാക്കിയ നാഥന്റെ വാക്കുകളാണ്. മൂസാ(അ) നബിയെയും കൂട്ടരേയും ഫിര്‍ഔനും സംഘവും പിന്തുടര്‍ന്നപ്പോള്‍ അവരെ കടല്‍ പിളര്‍ത്തി രക്ഷിച്ച നാഥന്റെ വാക്കുകള്‍. നമ്മുടെ കണ്ഠനാഡിയെക്കാള്‍ അടുത്തുള്ള നമ്മുടെ റബ്ബിന്റെ വാക്കുകള്‍. ഇത് സത്യമാണെന്നതിനു നാം ഓരോരുത്തരുടെയും ജീവിതത്തില്‍ പരതിയാല്‍ ഏറെ ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. തടസ്സങ്ങള്‍ വരുമ്പോള്‍ പിന്തിരിഞ്ഞോടാതെ റബ്ബിന്റെ സഹായത്തോടെ അതിനെ മറികടക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം. മറ്റു ദൈവങ്ങളെപ്പോലെയുള്ളവനല്ല നമ്മുടെ റബ്ബ്. അവന്‍ ആരെയും ആശ്രയിക്കാത്തവന്‍, സര്‍വശക്തന്‍. സര്‍വ ശക്തനായ ഒരു തുണയുണ്ടായിരിക്കേ എന്തിനാണ് നാം നിരാശപ്പെടുന്നത്. പ്രതിസന്ധികള്‍ എത്ര വലുതാണെങ്കിലും നീങ്ങിപ്പോകുമെന്ന് ശ്രീ ബുദ്ധന്‍ തന്റെ ശിഷ്യനെ പഠിപ്പിച്ച കഥ നാം കേട്ടിട്ടുണ്ട്.
ശ്രീ ബുദ്ധന്‍ തന്റെ ശിഷ്യനോട് കാട്ടിലെ തടാകത്തില്‍ നിന്ന് കുടിക്കാന്‍ ഓരു പാത്രത്തില്‍ വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. ശിഷ്യന്‍ ചെന്നു നോക്കിയപ്പോള്‍ തടാകത്തിലെ വെള്ളം കലങ്ങി മറിഞ്ഞിരിക്കുന്നു. വെള്ളം എടുക്കാതെ തിരിച്ചു വന്ന ശിഷ്യന്‍ കാര്യങ്ങള്‍ ബുദ്ധനെ ബോധ്യപ്പെടുത്തുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വെള്ളമെടുക്കാന്‍ ആ ശിഷ്യനെ തന്നെ പറഞ്ഞയക്കുന്നു. തെളിഞ്ഞ വെള്ളം ശേഖരിച്ച് ശിഷ്യന്‍ തിരിച്ചുവരുന്നു. കലങ്ങി മറിയുന്ന ജീവിതവും ഇങ്ങനെ തന്നെ. അല്പം കാത്തിരുന്നാല്‍ അത് തെളിഞ്ഞ് ആശ്വാസത്തിന്റെ നീരും നല്‍കും. വാന്‍ഗോഗിനെപ്പോലെ പ്രതീക്ഷ കൈ വെടിയരുത്. നല്ല നാളെയെ സ്വപ്നം കാണാം. അതിന്നായി നമുക്ക് പ്രാര്‍ഥിക്കാം. അതോടൊപ്പം കഠിനമായ പ്രവര്‍ത്തനവും. അത് വിജയത്തിലേക്കുള്ള ഒരു കുതിപ്പായിരിക്കും; ഒട്ടും സംശയം വേണ്ട.

Back to Top