18 Thursday
April 2024
2024 April 18
1445 Chawwâl 9

മതവും ദേശീയതയും

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


പ്രഭാതത്തില്‍ കൂടു വിട്ടിറങ്ങുന്ന പറവകള്‍ പ്രദോഷമായാല്‍ ആ കൂട്ടിലേക്കു തന്നെ തിരികെ വരാറുണ്ട്. കന്നുകാലികള്‍ മേഞ്ഞുനടന്ന ശേഷം അന്തിയുറങ്ങാന്‍ ആല തന്നെ അഭയമായി കാണുന്നു. ലോകത്ത് എവിടെ പാറിനടന്നാലും ജനിച്ച മണ്ണിനോട് അടങ്ങാത്ത ആവേശം മനുഷ്യരെല്ലാവരും ഉള്ളിലേറ്റി നടക്കാറുണ്ട്. ദേശീയത പ്രകൃതിദത്തവും ജന്തുജന്യവുമായ വൈകാരിക ഭാവമാണെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു.
ഇത്തരം സഹജഭാവങ്ങളില്‍ അധിഷ്ഠിതമായ ദേശീയതയെ ഭൂമിയിലെ മനുഷ്യന്റെ നിലനില്‍പിന് ആവശ്യമായ ഘടകമായാണ് മതം കാണുന്നത്. നിര്‍ണായക ഘട്ടത്തില്‍ ആയുധമെടുത്തു പോരാടാനുള്ള അനുവാദം പ്രവാചകനും അനുയായികള്‍ക്കും ഇസ്‌ലാം നല്‍കുകയുണ്ടായി. അതിനുള്ള കാരണമായി പറഞ്ഞത് മുസ്‌ലിംകളെ ശത്രുക്കള്‍ സ്വന്തം ദേശത്തു നിന്ന് അന്യായമായി ആട്ടിയോടിച്ചു എന്നതാണ്. ”യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്നു പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രേ അവര്‍” (22:39, 40). ജനിച്ച മണ്ണില്‍ മരണം വരെ ജീവിക്കാനുള്ള അവസരം അവകാശമാണെന്നാണ് ഈ വചനം ബോധിപ്പിക്കുന്നത്. അതുതന്നെയാണ് ദേശീയതയുടെ അടിസ്ഥാനവും.
മക്ക വിട്ടുപോകാന്‍ നിര്‍ബന്ധിതനായ പ്രവാചകന്‍ മക്കയിലേക്ക് തിരിഞ്ഞുനിന്നുകൊണ്ട് ആത്മഗതം ചെയ്ത നൊമ്പരമുയര്‍ത്തുന്ന വാക്കുകളില്‍ ദേശസ്‌നേഹം തുളുമ്പുന്ന ദേശീയതയെ വായിച്ചെടുക്കാന്‍ കഴിയും. അദ്ദേഹം പറഞ്ഞു: ”മക്ക, നിന്നേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ദേശവുമില്ല. നിന്നേക്കാള്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായ മറ്റൊരു നാടുമില്ല. എന്റെ ജനത നിന്നില്‍ നിന്ന് എന്നെ ആട്ടിപ്പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു നാട്ടിലും ഞാന്‍ താമസിക്കില്ലായിരുന്നു.” സല്‍മാനുല്‍ ഫാരിസി ഇസ്‌ലാം സ്വീകരിച്ച് മദീനയില്‍ സ്ഥിരതാമസമാക്കിയതിനു ശേഷവും ഫാരിസി എന്ന പേരില്‍ തന്നെയാണ് മദീന അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ബിലാലിനെ ഹബ്ശക്കാരനായും സുഹൈബിനെ റോമക്കാരനുമായിട്ടു തന്നെയാണ് ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തിയത്. ദേശീയതയ്ക്ക് മതം എതിരല്ലെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.
മറ്റെല്ലാ വൈകാരിക ഭാവങ്ങള്‍ക്കുമെന്നപോലെ ദേശീയതയ്ക്കും രണ്ടു പുറങ്ങളുണ്ട്. മനുഷ്യകുലത്തിന്റെ സമാധാനജീവിതത്തിന് പരിക്കുകള്‍ ഏല്‍പിക്കാത്ത ശാന്തമായ ദേശീയതയും ഒരു നിശ്ചിത ഭൂപ്രദേശത്തിന്റെ അതിര്‍വരമ്പുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കണമെന്നു ശഠിക്കുന്ന കലഹിക്കുന്ന ദേശീയതയുമാണവ. കലഹിക്കുന്ന ദേശീയതയുടെ ആത്മാവ് വംശീയതയിലും കലാപങ്ങളിലും രക്തദാഹത്തിലുമാണ് കുടികൊള്ളുന്നത്. തങ്ങളുടെ രാഷ്ട്രത്തിനപ്പുറമുള്ളവരെല്ലാം അന്യരാണെന്നും അവരുടെ ശരികള്‍ തെറ്റുകളാണെന്നും കലഹിക്കുന്ന ദേശീയത പഠിപ്പിക്കും. സ്വന്തം നാടിന്റെ തെറ്റായ ചെയ്തികളെ ന്യായീകരിക്കാന്‍ അത് പ്രേരിപ്പിക്കുകയും ചെയ്യും.
ഇത്തരം ദേശീയത മനുഷ്യകുലത്തിന് അപകടകരമാണ്. അത് വംശീയതയ്ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് അതിനെ കടുത്ത ഭാഷയില്‍ ഇസ്‌ലാം വിമര്‍ശിക്കുന്നുണ്ട്: ”ജനങ്ങളേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാകുന്നു. അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും മാന്യന്‍ നിങ്ങളില്‍ സൂക്ഷ്മതാബോധം നിലനിര്‍ത്തുന്നവരാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (49:13). പ്രവാചകന്‍(സ) പ്രഖ്യാപിച്ചത് ഇങ്ങനെ വായിക്കാം: ”അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ദൈവഭക്തിയുടെ കാര്യത്തിലല്ലാതെ മറ്റൊരു ശ്രേഷ്ഠതയുമില്ല. നിങ്ങളെല്ലാവരും ആദമില്‍ നിന്നുള്ളവരാണ്, ആദം മണ്ണില്‍ നിന്നും” (ബൈഹഖി). ഖുര്‍ആനിന്റെയും പ്രവാചകന്റെയും പ്രഖ്യാപനങ്ങളില്‍ നിന്നും കലഹിക്കുന്ന ദേശീയതയോടുള്ള മതത്തിന്റെ നിലപാട് വായിച്ചെടുക്കാന്‍ കഴിയും.
പടിഞ്ഞാറന്‍ ദേശീയതയും ഇസ്‌ലാമും
19ാം നൂറ്റാണ്ടില്‍ പാശ്ചാത്യലോകത്ത് പിറവിയെടുത്ത ദേശീയതാവാദം ഇസ്‌ലാം വിഭാവന ചെയ്യുന്ന ദേശീയതയോട് കലഹിക്കുന്നുണ്ട്. വിശ്വമാനവിക കാഴ്ചപ്പാട് അവയ്ക്ക് നഷ്ടപ്പെട്ടുവെന്നതാണ് അതില്‍ പ്രധാനം. പാശ്ചാത്യ ദേശീയതയുടെ നിലനില്‍പിന് ഒരു ബാഹ്യശത്രുവിന്റെ സാന്നിധ്യം സദാ അനിവാര്യമായിരുന്നു. തങ്ങളുടെ ഭൂപ്രദേശമാണ് ലോകത്തെ അതിമഹത്തായ മണ്ണെന്നും അതിലെ ജന്മം പുണ്യജന്മമാണെന്നും അവര്‍ കരുതിയതുപോലെ, ലോകത്തെ മറ്റു ജനവിഭാഗങ്ങള്‍ തങ്ങളേക്കാള്‍ അധമന്മാരും നിന്ദ്യരുമാണെന്ന് അവര്‍ ഗണിക്കുകയും ചെയ്തു. ഇന്ത്യക്കാരെയും അറബികളെയുമെല്ലാം അവര്‍ സംസ്‌കാരശൂന്യരായി കണ്ടതിന്റെ കാരണം അതായിരുന്നു. പാശ്ചാത്യലോകത്തിനകത്തുപോലും പടിഞ്ഞാറന്‍ ദേശീയത ബാഹ്യശത്രുവിനെ സൃഷ്ടിക്കുകയുണ്ടായി. ഭാഷാകേന്ദ്രിതമായ ദേശീയതയായിരുന്നു അവരുടേത്. അതുകൊണ്ട് റഷ്യക്കാരന് യൂറോപ്പിനെയോ ജപ്പാന്‍കാര്‍ക്ക് ഇംഗ്ലണ്ടിനെയോ അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
മനുഷ്യവംശത്തെ അതിജയിക്കുകയും തങ്ങളുടെ രാഷ്ട്രത്തിന്റെ അതിര്‍വരമ്പുകളിലേക്ക് ചുരുക്കിക്കെട്ടുകയും ചെയ്യുന്ന പടിഞ്ഞാറന്‍ ദേശീയതയോട് ഇസ്‌ലാമിനു പൂര്‍ണമായി സമരസപ്പെടാന്‍ കഴിയുന്നില്ല. ജന്മനാടിനോടുള്ള മനുഷ്യസഹജമായ ദേശസ്‌നേഹത്തെ ഭൂമിയിലെ ഇതര ജനങ്ങളെ നിന്ദ്യരായും അധമന്മാരായും കാണാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ് അതിനുള്ള കാരണം. ”നിങ്ങളെല്ലാവരും ആദമില്‍ നിന്ന്, ആദം മണ്ണില്‍ നിന്നും” എന്ന പ്രവാചക പ്രഖ്യാപനം ഇസ്‌ലാമിലെ ദേശീയതാ സങ്കല്‍പത്തിന്റെ അടിസ്ഥാന ശിലയത്രേ.
മുഴുവന്‍ മനുഷ്യരെയും സാഹോദര്യത്തോടെ ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഇസ്‌ലാമിക ദേശീയതയുടെ സവിശേഷത. ലോകത്തെവിടെ മനുഷ്യന്‍ പീഡിപ്പിക്കപ്പെട്ടാലും അത് തങ്ങള്‍ക്കു നേരെയുള്ള പീഡനമായി കരുതാന്‍ ഈ സാഹോദര്യബോധം പഠിപ്പിക്കുന്നു. അറബിയെന്നോ ഇന്ത്യക്കാരനെന്നോ പാശ്ചാത്യനെന്നോ പൗരസ്ത്യനെന്നോ വിവേചനം അതിലില്ല. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്ക് പോരാടിയാലെന്താണ്? ഭൂമിയിലെ ദുര്‍ബലര്‍ക്കു വേണ്ടിയും” (4:75) എന്ന ഖുര്‍ആനിന്റെ ചോദ്യത്തിലെ ‘ഭൂമിയിലെ ദുര്‍ബലര്‍’ എന്ന പരാമര്‍ശം ഇസ്‌ലാമിക ദേശീയതയുടെ വൃത്തം സങ്കുചിതമല്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. എന്നു മാത്രമല്ല, ദേശീയതയെ സാമ്രാജ്യത്വ വികസനത്തിനുള്ള ആയുധമാക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
ദേശീയതയും ഫാസിസവും
സാമ്രാജ്യത്വ വികസനത്തിനും അധികാര ദുര്‍വിനിയോഗത്തിനും വേണ്ടി ദേശീയതയെ ഒരു ആയുധമായാണ് ഇന്ത്യന്‍ ഫാസിസം ഉപയോഗപ്പെടുത്തിയത്. ബ്രിട്ടനെതിരെ ഒരുമിച്ചുനിന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ സംഘബോധമായിരുന്നു ഇന്ത്യന്‍ ദേശീയതയായി പരിണമിച്ചത്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളി ബ്രാഹ്മണ്യത്തിലേക്ക് അതിനെ ചുരുക്കിക്കെട്ടാനുള്ള തീവ്രശ്രമമാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് മതമോ ഭാഷയോ വര്‍ണങ്ങളോ ഇല്ലായിരുന്നു. ദേശീയതയെ ഭാരതീയവത്കരിക്കുമ്പോള്‍ അതിനു കാവിവര്‍ണം മനഃപൂര്‍വം നല്‍കുന്നത് കാണാന്‍ കഴിയും.
ഭരണകൂടത്തെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും അവരുടെ ദേശീയതയെ മതത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. എന്നാല്‍ യഥാര്‍ഥ ഇന്ത്യന്‍ ദേശീയത ഭരണകൂട വൈകല്യങ്ങളെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തിയിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഭരണകൂടത്തിനെതിരെ നിരാഹാരം അനുഷ്ഠിച്ചത് രാഷ്ട്രപിതാവ് ഗാന്ധിജിയായിരുന്നു. വിഭജനകാലത്ത് ഇന്ത്യ പാകിസ്താനു നല്‍കാമെന്നു പറഞ്ഞ തുക നല്‍കുന്നതില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായപ്പോള്‍ അതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ നിരാഹാരം. അദ്ദേഹത്തെ രാജ്യദ്രോഹിയായി ആരും മുദ്രകുത്തിയില്ല. അദ്ദേഹത്തിന്റെ ദേശീയതയെ ആരും ചോദ്യം ചെയ്തതുമില്ല. പൗരത്വ ഭേദഗതിക്കെതിരെയും കര്‍ഷക നയങ്ങള്‍ക്കെതിരെയും പ്രതികരിച്ചവരെ ദേശവിരുദ്ധ മുദ്രകുത്തി തടവറയിലേക്ക് വലിച്ചിഴച്ചവര്‍ ദേശീയതയെ ഫാസിസ്റ്റുകള്‍ ആയുധമാക്കുന്നത് എങ്ങനെയെന്ന് വരച്ചുകാണിക്കുന്നുണ്ട്. ”ദേശീയത ഒരു ശല്യമാണ്. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടെയും അടിവേര് ദേശീയതയാണ്” എന്ന് ക്രാന്തദര്‍ശിയായ കവി ടാഗോര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പറഞ്ഞുവെച്ചത് പുലരുകയാണിന്ന്.
ബഹുസ്വരതയും
ദേശീയതയും

ഇസ്‌ലാമിനെ മതമായി അംഗീകരിക്കുന്നവര്‍ക്ക് മതേതര സമൂഹഘടനയുള്ള രാജ്യത്തെ ദേശീയത പുല്‍കാന്‍ പാടില്ലെന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. ”മുസ്‌ലിംകള്‍ക്ക് ഇസ്ലാമല്ലാത്ത ഒരു ദേശീയതയുമില്ല” എന്നാണ് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ഇറാന്‍ വിപ്ലവകാലത്ത് ഇന്ത്യക്കകത്തു പോലും ഈ മുദ്രാവാക്യം ഉയര്‍ന്നിട്ടുണ്ട്. ഖുമൈനിസത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇത്തരം വിപ്ലവ മുദ്രാവാക്യങ്ങള്‍ രൂപം കൊള്ളുന്നത്. പ്രവാചക ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം പ്രവാചകത്വത്തിന്റെ 13 വര്‍ഷക്കാലം കഴിച്ചുകൂട്ടിയത് മക്കയിലാണെന്ന് കാണാന്‍ കഴിയും. മക്കയില്‍ അന്ന് നിലനിന്നത് ഇസ്‌ലാംവിരുദ്ധ ഗോത്രഭരണമാണ്. എന്നിട്ടും പ്രവാചകന്‍(സ) ആ ദേശത്തോടുള്ള സ്‌നേഹം കാത്തുസൂക്ഷിച്ചു. അദ്ദേഹം ഖുറൈശികള്‍ക്കെതിരെ ദേശവിരുദ്ധ പോരാട്ടം നടത്തിയിട്ടില്ല. എന്നു മാത്രമല്ല, നിര്‍ബന്ധിത സാഹചര്യത്തില്‍ മക്ക വിട്ട് മദീനയില്‍ എത്തേണ്ടിവന്ന അദ്ദേഹം പ്രാര്‍ഥിച്ചത് ”അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ മക്കയോട് സ്‌നേഹം ഉണ്ടാക്കിയതുപോലെ മദീനയോടും സ്‌നേഹം വളര്‍ത്തേണമേ” എന്നായിരുന്നു. മക്കയോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ മനസ്സില്‍ മദീനയില്‍ എത്തിയിട്ടും അവശേഷിക്കുകയാണ്. ശത്രുദേശത്താണ് പിറന്നുവീണതെങ്കിലും ആ മണ്ണിനെ സ്‌നേഹിക്കുകയും ആ നാടിനു വേണ്ടി നന്മ ആഗ്രഹിക്കുകയും വേണമെന്നുമാണ് പ്രവാചക അധ്യാപനങ്ങള്‍ പഠിപ്പിക്കുന്നത്.
പ്രവാചകനു മുമ്പുള്ള പ്രവാചകന്‍മാരുടെ ചരിത്രത്തിലും നമുക്കിത് കാണാന്‍ കഴിയും. ഈജിപ്തിലെ അമുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ ഭക്ഷ്യമന്ത്രിയായിരുന്നു യൂസുഫ് നബി(അ). അമുസ്‌ലിം ഭരണപ്രദേശങ്ങളിലാണെങ്കില്‍ പോലും താന്‍ ജീവിക്കുന്ന ദേശത്തോട് കൂറു കാണിക്കണമെന്നും ആ രാഷ്ട്രത്തിന്റെ പുരോഗതിക്കു വേണ്ടി യത്‌നിക്കണമെന്നുമുള്ള ഇസ്‌ലാമിക പാഠമാണ് ഒരു പ്രവാചകനു മന്ത്രിപദം നല്‍കി ദൈവം പഠിപ്പിക്കുന്നത്. ഇസ്‌ലാമിലെ ദേശീയത മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാത്രം പുലര്‍ത്താനുള്ളതല്ലെന്നും ജന്മനാട് എത്ര വലിയ മതവിരുദ്ധ അധികാര കേന്ദ്രമാണെങ്കിലും ആ നാടിനും നാട്ടുകാര്‍ക്കും ഉപകരിക്കുന്ന തരത്തില്‍ ദേശീയബോധം നിലനിര്‍ത്തി രാഷ്ട്രപുരോഗതിക്കായി പ്രയത്‌നിക്കണം എന്നുമാണ് മതം പഠിപ്പിക്കുന്നത്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (60:8).
ഹുബ്ബുല്‍ വത്വന്‍

”ഹുബ്ബുല്‍ വത്വന്‍ മിനല്‍ ഈമാന്‍” (ദേശസ്‌നേഹം ഈമാനില്‍ പെട്ടതാണ്) എന്ന വചനം മുസ്‌ലിം ലോകത്ത് പ്രചുര പ്രചാരമുള്ളതാകുന്നു. നബിവചനം (ഹദീസ്) എന്ന തരത്തിലാണ് പലരും ഇത് ഉദ്ധരിക്കാറുള്ളത്. എന്നാല്‍ ഈമാനുമായി ബന്ധപ്പെടുത്തി ഇങ്ങനെ ഒരു പ്രസ്താവന പ്രവാചകന്‍ നടത്തിയിട്ടില്ലെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക ലോകത്തെ ഹദീസ് പണ്ഡിതനായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി ഈ വചനത്തെ ദുര്‍ബല ഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് (സില്‍സിലത്തു അഹാദീസു ള്വഈഫ). ഇബ്‌നു ഉസൈമിന്‍ പറയുന്നത് ഇങ്ങനെ വായിക്കാം: ”പ്രവാചകന്റെ പേരിലുള്ള കളവാണിത്. അത് സ്വഹീഹല്ല. ജനങ്ങളുടെ നാവില്‍ അത് പ്രസിദ്ധമാണെങ്കിലും അതിന് യാതൊരു അടിസ്ഥാനവുമില്ല.” ഇതുപോലെ സുയൂത്വി, സ്വഹാവി പോലുള്ള പൂര്‍വിക പണ്ഡിതന്മാരും ഈ വചനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x