സംവാദങ്ങളുടെ ജനാധിപത്യവും നവ സങ്കേതങ്ങളും
ബഷീര്‍ വള്ളിക്കുന്ന്
ക്രിയാത്മക സംവാദങ്ങളുടെ ഏറ്റവും ചടുലമായ ഭൂമിക ഇന്ന് നവമാധ്യമങ്ങളാണ്. ഓരോ വ്യക്തിക്കും ഒരു ഫോര്‍ത്ത് എസ്റ്റേറ്റ് ആകാന്‍ സാധ്യത നല്കുന്ന വിധം അതിവേഗത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയും അനന്തമായ സംവാദ സാധ്യതകളുടെ ചക്രവാളങ്ങള്‍ തുറന്നിടുകയുമാണ് നവമാധ്യമങ്ങള്‍ ചെയ്യുന്നത്. കാലത്തിന് ഒപ്പമോ കാലത്തിന് മുന്നിലോ സഞ്ചരിക്കുന്ന വിവര വിപ്ലവ പ്ലാറ്റ്‌ഫോമുകള്‍. നവ മാധ്യമങ്ങളുടെ ചടുലമായ പരിവര്‍ത്തിത രൂപങ്ങള്‍ നമ്മുടെ പൊതുമണ്ഡലത്തെ അങ്ങേയറ്റം സ്വാധീനിക്കുകയും നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയെ ഏറ്റവും ക്രിയാത്മകമായ സംവാദ ഇടം എന്നതിനപ്പുറം ഏറ്റവും അപ്‌ഡേറ്റഡ് ആയ സംവാദ ഭൂമിക എന്ന് വിളിക്കുന്നതാകും കൂടുതല്‍ ഉചിതമായത്. മാറ്റങ്ങളുടെ ഒരു പെരുമഴക്കാലമാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍.
ജനങ്ങളുടെ നാവായിരുന്ന പരമ്പരാഗത അച്ചടി – ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ അവരുടെ നാവായി മാറുന്നതിന് പകരം അധികാര കേന്ദ്രങ്ങളുടെ നാവായി മാറുന്ന വര്‍ത്തമാന കാലത്ത് നവമാധ്യമങ്ങളുടെ പുതിയ സങ്കേതങ്ങള്‍ നല്കുന്ന ആശ്വാസം ചെറുതല്ല. അവിടെ നിന്നാണ് ഇപ്പോള്‍ പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും കോട്ടകള്‍ ഉയരുന്നത്, അവിടെ നിന്ന് തന്നെയാണ് ജനങ്ങളുടെ വിഷയങ്ങള്‍ പൊതുമണ്ഡലത്തിലെ സംവാദങ്ങളായി രൂപം കൊള്ളുന്നത്. പത്രങ്ങളും ടെലിവിഷനുകളും അവരുടെ പ്രഖ്യാപിത ധര്‍മങ്ങളില്‍ നിന്ന് പിറകോട്ട് പോകുമ്പോള്‍ ആ ധര്‍മങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ട് പോകുന്ന പുത്തന്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് ഇന്ന് സോഷ്യല്‍ മീഡിയ. വ്യാജവാര്‍ത്തകളുടെ പ്രചാരകരും മുഖംമൂടികളും അവിടങ്ങളില്‍ ധാരാളമുണ്ടെങ്കിലും അവയെയൊക്കെ തിരുത്തി മുന്നോട്ട് പോകാനുള്ള ചലനാത്മകതയും ഇപ്പോള്‍ ആ പ്ലാറ്റുഫോമുകള്‍ക്കുണ്ട്.
നവമാധ്യമങ്ങളുടെ കൂട്ടത്തിലേക്ക് കടന്നു വന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ബ് ഹൗസ്. മലയാളികള്‍ക്കിടയില്‍ വളരെ വേഗത്തിലാണ് ഇതിന് പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നത്. 2020 മാര്‍ച്ചില്‍ അതിന്റെ ഐ ഒ എസ് വേര്‍ഷന്‍ വന്നിരുന്നെങ്കിലും ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2021 മെയ് അവസാന പാദത്തില്‍ വന്നതോടെയാണ് ഒരു വലിയ തരംഗമായി ക്ലബ്ബ് ഹൗസ് മാറിയത്. ഇതൊരു ഓഡിയോ പ്ലാറ്റ് ഫോമാണ്. ഒന്നുകില്‍ നിങ്ങള്‍ മറ്റാരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുക, അതല്ലെങ്കില്‍ ആരുടെയെങ്കിലും സംസാരം കേട്ട് കൊണ്ടിരിക്കുക. ക്ലബ്ബ് ഹൗസിനെ ഒറ്റ വാചകത്തില്‍ പരിചയപ്പെടുത്താന്‍ പറഞ്ഞാല്‍ അങ്ങിനെ പറയാം.
വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യൂ ടൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി വന്‍ പ്രചാരം നേടിയിട്ടുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലേക്കുള്ള ക്ലബ് ഹൗസിന്റെ വരവ് വലിയ പുതുമകളോടെയാണ്. വ്യക്തികളുടെ പ്രൈവസിയിലേക്ക് കടന്ന് കയറാതെ തന്നെ അവരുടെ സംഭാഷണ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ക്ലബ്ബ് ഹൗസ് ചെയ്യുന്നത്. ഫോട്ടോകളോ ദൃശ്യങ്ങളോ ഷെയര്‍ ചെയ്യപ്പെടാതെ ശബ്ദത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ അടുക്കളയിലോ കിടപ്പറയിലോ എവിടെ നിന്ന് കൊണ്ടും ക്ലബ്ബിലെ ചര്‍ച്ചകളോ സംവാദങ്ങളോ ശ്രവിക്കുവാനും അതില്‍ പങ്കെടുത്ത് സംസാരിക്കുവാനും സാധാരണക്കാര്‍ക്ക് അവസരം ലഭിക്കുന്നു. ടെലിവിഷന്‍ സംവാദങ്ങളും ചര്‍ച്ചകളും കാണുകയും കേള്‍ക്കുകയും ചെയ്യുക എന്നതിനപ്പുറം പ്രേക്ഷകര്‍ക്ക് അതില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല, എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും ഒരുവേള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മോഡറേറ്റര്‍മാര്‍മാരായി പ്രത്യക്ഷപ്പെടാനും സാധിക്കും. പൊതുമണ്ഡലത്തില്‍ ഏത് വിഷയം ചര്‍ച്ചക്കെടുക്കണം എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയില്‍ നിന്ന് ജനങ്ങള്‍ സംവാദ വിഷയങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കുള്ള പരിണാമം കൂടിയാണിത്.
ലക്ഷദ്വീപ് വിഷയം കത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ക്ലബ്ബ് ഹൗസിന്റെ വരവ്. ആദ്യമായി ഈ പ്ലാറ്റ്‌ഫോമിനെ സംസ്ഥാന തലത്തിലുള്ള ഒരു പരിപാടിക്ക് ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍ പെട്ടത് ഡിവൈഎഫ്‌ഐ നടത്തിയ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പരിപാടിയിലാണ്. അവരുടെ സംസ്ഥാന നേതാക്കളും സാമൂഹ്യ നിരീക്ഷകരുമൊക്കെ സംസാരിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഈ പ്ലാറ്റ്‌റ്‌ഫോം ജനകീയമാകുന്നതിന് മുമ്പ് തന്നെ ഇത്രയധികം പേര്‍, ലൈവായി നടക്കുന്ന ഒരു ഓഡിയോ പരിപാടി കേള്‍ക്കാന്‍ എത്തുന്നത് കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു. പിറ്റേ ദിവസം യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പല സംഘടനകളും ഈ വിഷയത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്തി. അവയിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഒരു ഗ്രൂപ്പില്‍ ഒരേ സമയം അയ്യായിരം ആളുകള്‍ക്ക് പ്രവേശിക്കാമെന്ന നിബന്ധന പിന്നീട് ക്ലബ്ബ് ഹൗസ് എണ്ണായിരമായി ഉയര്‍ത്തി. അതിനിയും ഘട്ടം ഘട്ടമായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ക്യൂ സംഘടിപ്പിച്ച ഒരു ചര്‍ച്ച ശ്രവിക്കുവാന്‍ ഈ ലേഖകന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതിന്റെ മാക്‌സിമം കപ്പാസിറ്റിയില്‍ നില്ക്കുകയാണ്. എണ്ണായിരം പേര്‍ അപ്പോള്‍ ആ റൂമിലുണ്ട്. ആരെങ്കിലും പുറത്ത് പോയാല്‍ നിങ്ങള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ക്ലബ് ഹൗസിന്റെ നോട്ടിഫിക്കേഷന്‍. ഈ പ്ലാറ്റ് ഫോമിനെ ആളുകള്‍ പരിചയപ്പെട്ടു തുടങ്ങുന്ന ആദ്യ നാളുകളിലെ അവസ്ഥയാണിത്. കൂടുതല്‍ ജനകീയമാകുന്നതിനനുസരിച്ച് കൂടുതല്‍ തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇന്ന് സംവാദങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ പൂഴ്ത്തിവെക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ പലതും സംവാദ ഭൂമികയിലേക്ക് കൊണ്ട് വരുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ സംവാദങ്ങളുടെ അജണ്ട നിശ്ചയിക്കുന്നതില്‍ പരമ്പരാഗത മാധ്യങ്ങള്‍ക്കുള്ള അപ്രമാദിത്വം ഇന്നില്ല. സര്‍ക്കാരും കോര്‍പ്പറേറ്റുകളും കുത്തക മുതലാളിമാരും നല്കുന്ന പരസ്യങ്ങളും അത് നല്കുന്ന വാണിജ്യ താത്പര്യങ്ങളും പലപ്പോഴും മാധ്യമങ്ങളെ അവരുടെ മുട്ടിലിഴയുന്ന ‘എസ്റ്റേറ്റ്’ ആക്കി മാറ്റുന്നുണ്ട്. വാര്‍ത്തകള്‍ മുക്കുന്നതും പൊക്കുന്നതും ഇത്തരം വാണിജ്യ താത്പര്യങ്ങളുടെ ഭാഗമായാണ്. നവമാധ്യമങ്ങളില്‍ ഇടപെടുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്തരം വാണിജ്യ താത്പര്യങ്ങളില്ല, അതുകൊണ്ട് തന്നെ അവര്‍ക്ക് പൂഴ്ത്തിവെക്കേണ്ട വര്‍ത്തകളുമില്ല. ഒരു വാര്‍ത്തയോ വിഷയമോ നവമാധ്യമങ്ങളില്‍ കത്തി നില്‍ക്കുമ്പോള്‍ അവയെ തൊടാതെ പോകാന്‍ വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് കഴിയില്ല, അത് കൊണ്ടാണ് പറയുന്നത് സംവാദങ്ങളുടെ ജനാധിപത്യം കാത്ത് സൂക്ഷിക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന്.
ഭരണകൂടങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ ആദ്യകാറ്റ് വീശുക സോഷ്യല്‍ മീഡിയയില്‍ ആയിരിക്കും. ജനഹിതങ്ങളുടെ ഒരു വാണിങ് സിഗ്‌നല്‍ അവിടെ നിന്നാണ് പുറപ്പെടുക. അതുകൊണ്ടു തന്നെ ഭരണകൂടങ്ങളുടെ ആദ്യ കണ്ണ് നവമാധ്യമങ്ങളിലാണ്. ഇന്ത്യയിലെ സംഘപരിവാര രാഷ്ട്രീയം ഏറെ ഭയപ്പെടുന്നത് നവമാധ്യങ്ങള്‍ വഴിയുള്ള മതേതര രാഷ്ട്രീയത്തിന്റെ ചെറുത്ത് നില്പ്പും ഫാസിസ്റ്റ് വിരുദ്ധ ചലനങ്ങളുമാണ്. കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളിലൂടെ നവമാധ്യമങ്ങളെ വരിഞ്ഞു മുറുക്കാനും എതിര്‍പ്പിന്റെ ശബ്ദങ്ങളെ കരിനിയമങ്ങളിലൂടെ ഇല്ലാതാക്കാനുമാണ് അവരുടെ ഇപ്പോഴത്തെ ശ്രമം. പരാതികളില്‍ തീര്‍പ്പ് കല്പിക്കാനും വാര്‍ത്തകളുടെ ആദ്യ ഉറവിടം കണ്ടെത്താനും സര്‍ക്കാരിന്റെ പ്രതിനിധികളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിബന്ധന സോഷ്യല്‍ മീഡിയയുടെ കഴുത്തിന് പിടിക്കുന്ന ഒന്നാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ കണ്ടന്റുകളും കൃത്യമായ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുവാനും പരാതികള്‍ ഉണ്ടാകുന്ന പക്ഷം അതില്‍ തീര്‍പ്പ് കല്പിക്കുവാനും അത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യുവാനുമുള്ള അവകാശം സര്‍ക്കാരില്‍ കൊണ്ട് വരുന്ന നിയമമാണ് പുതിയ ഐ ടി റെഗുലേഷന്റെ മറവില്‍ കേന്ദ്രം നടത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു റിപ്പോര്‍ട്ടോ ലേഖനമോ ചിത്രമോ വീഡിയോയോ ദേശവിരുദ്ധമെന്ന് മുദ്ര കുത്താനും അവ അപ്‌ലോഡ് ചെയ്ത വ്യക്തിയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കാനുമുള്ള അവകാശം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്ന പ്രൈവസി അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നത്.
ഉദാഹരണമായി വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന വിവരങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന ഉറപ്പാണ് അവര്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. അതൊരു തേര്‍ഡ് പാര്‍ട്ടിയിലേക്ക് ഒരിക്കലും നല്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത വാട്‌സ്ആപ്പിനുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമവ്യവസ്ഥകള്‍ പ്രകാരം അവ കരസ്ഥമാക്കാനും അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകളുടെ പ്രഭവ കേന്ദ്രം കണ്ടെത്താനും അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളില്‍ തീര്‍പ്പ് കല്പിക്കാനുമുള്ള അവകാശം അവരില്‍ വന്ന് ചേരുകയാണ്. സംഘപരിവാരത്തിനും കേന്ദ്ര സര്‍ക്കാരിനും എതിരെ ഉയരുന്ന ഏത് സന്ദേശത്തെയും ദേശവിരുദ്ധമെന്ന് മുദ്രകുത്താനും നടപടികള്‍ സ്വീകരിക്കാനും ഇതുവഴി അവര്‍ക്ക് സാധിക്കുന്നു. ട്വിറ്റര്‍, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയെങ്കിലും അവസാനം കേന്ദ്ര നിബന്ധനകള്‍ക്ക് കീഴടങ്ങുന്ന സമീപനം സ്വീകരിക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്.
ട്വിറ്ററില്‍ നിരന്തരം സംഘപരിവാര വിഷപ്രചാരണം നടത്തിയതിന്റെ ഫലമായി നടി കങ്കണ രണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു, കോണ്‍ഗ്രസിനെതിരെ വ്യാജ ടൂള്‍ കിറ്റ് ആരോപണം ഉന്നയിച്ച ബി ജെ പി വക്താവ് സംബിത് പാത്രയുടെ ട്വീറ്റ് ട്വിറ്റര്‍ വ്യാജമെന്ന് ഫ്‌ളാഗ് ചെയ്തിരുന്നു. ഇതൊക്കെ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഇത്തരം വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അവരില്‍ മാത്രം നിക്ഷിപ്തമായത് കൊണ്ടാണ്. എന്നാല്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കുന്നതും പരാതികളില്‍ വിധിതീര്‍പ്പ് കല്പിക്കുന്നതും കേന്ദ്രമാണെന്ന് വന്നാല്‍ സോഷ്യല്‍ മീഡിയയുടെ ജീവന്‍ നിലക്കുമെന്നര്‍ഥം.
അമേരിക്കന്‍ പ്രസിഡന്റിന്റെ അക്കൗണ്ട് പോലും നീക്കം ചെയ്ത് ഭരണകൂട ഇടപെടലുകള്‍ക്ക് കൃത്യമായ പ്രതിരോധം തീര്‍ത്ത ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ ഇന്ത്യയില്‍ സംഘപരിവാരത്തിന്റെ മുട്ടില്‍ ഇഴയുന്ന അവസ്ഥയുണ്ടാകുന്നത് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന സംവാദ ജനാധിപത്യത്തെ തീര്‍ത്തും ഇല്ലാതാക്കും. പുതിയ മാധ്യമ സങ്കേതങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ജനകീയ അവബോധം വളര്‍ത്തിക്കൊണ്ടു വരുന്നതോടൊപ്പം ഇത്തരം ഭരണകൂട ഇടപെടലുകള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സമാന്തരമായി നടക്കേണ്ടതുണ്ട്. ദേശീയ മാധ്യമങ്ങള്‍ ഏതാണ്ടെല്ലാം സംഘപരിവാരത്തിന്റെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞതിനാല്‍ നവമാധ്യങ്ങള്‍ വഴിയുള്ള ചെറുത്ത് നില്പ്പുകള്‍ കൂടി അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ചലനങ്ങള്‍ക്കുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടും.